മൂന്നാം സെഷനില്‍ ഒപ്പത്തിനൊപ്പം ഇന്ത്യയും ഓസ്ട്രേലിയയും

പെര്‍ത്തില്‍ ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ മേധാവിത്വത്തിനു ശേഷം രണ്ടാം സെഷനില്‍ ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 145/3 എന്ന നിലയില്‍ മൂന്നാം സെഷന്‍ പുനരാരംഭിച്ച ഓസ്ട്രേലിയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ വേഗത്തില്‍ നഷ്ടമായെങ്കിലും ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 78 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് മാറ്റുകയാണെന്ന് കരുതിയെങ്കിലും ഹനുമ വിഹാരി മാര്‍ഷിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏറെ വൈകാതെ ട്രാവിസ് ഹെഡിനെ ഇഷാന്ത് പുറത്താക്കിയപ്പോള്‍ മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 277/6 എന്ന നിലയിലാണ്. മാര്‍ക്കസ് ഹാരിസ് 70 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ്(58), ആരോണ്‍ ഫിഞ്ച്(50) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. അതേ സമയം ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടിം പെയിന്‍(16*), പാറ്റ് കമ്മിന്‍സ്(11*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

132 റണ്‍സാണ് അവസാന സെഷനില്‍ ഓസ്ട്രേലിയ നേടിയത്. ട്രാവിസ് ഹെഡിനെയും ഷോണ്‍ മാര്‍ഷിനെയും പുറത്താക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം നിന്നത്. ഇല്ലായിരുന്നുവെങ്കില്‍ ആദ്യ സെഷനിലേത് പോലെ ഓസ്ട്രേലിയയ്ക്ക് സ്വന്തമാകുമായിരുന്നു മൂന്നാം സെഷനും.

ഇന്ത്യയ്ക്കായി ഹനുമ വിഹാരിയും ഇഷാന്ത് ശര്‍മ്മയും 2 വീതം വിക്കറ്റും ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ തിരിച്ചുവരവ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് അര്‍ദ്ധ ശതകം തികച്ച ഉടനെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. 50 റണ്‍സ് നേടിയ ഫിഞ്ചിനെ ബുംറയാണ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉമേഷ് യാദവ് ഉസ്മാന്‍ ഖവാജയെയും പുറത്താക്കി സെഷനില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പാക്കി.

തന്റെ കന്നി അര്‍ദ്ധ ശതകം തികച്ച മാര്‍ക്കസ് ഹാരിസാണ് സെഷനില്‍ വീണ അവസാന വിക്കറ്റ്. 70 റണ്‍സ് നേടിയ ഹാരിസിനെ ഹനുമ വിഹാരിയാണ് പുറത്താക്കിയത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ്(8*), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒന്നാം സെഷന്‍ ഓസ്ട്രേലിയയ്ക്ക് സ്വന്തം

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പതറാതെ ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍. പേസ് ബൗളിംഗിനു പിന്തുണ നല്‍കുന്ന പിച്ചില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ ലഞ്ചിനു പിരിയുമ്പോള്‍ 66 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നാല് പേസ് ബൗളര്‍മാരുമായാണ് മത്സരത്തിനിറങ്ങിയത്. പരിക്ക് മൂലം മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയു അശ്വിനു പകരം ഉമേഷ് യാദവും ടീമിലെത്തി.

ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് ഹാരിസും(36) ആരോണ്‍ ഫിഞ്ചുമാണ്(28) ക്രീസില്‍ നില്‍ക്കുന്നത്.

ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്‍

രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിലും ഓസ്ട്രേലിയ തകര്‍ച്ച നേരിടുകയായിരുന്നു. ഷമിയെ(6) ഹാസല്‍വുഡ് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ പതനം പൂര്‍ത്തിയായത്.

ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ച് ഇഷാന്ത് ശര്‍മ്മ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയും ഇന്ത്യന്‍ പേസ് ബൗളര്‍മാരെ സധൈര്യം നേരിട്ടപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഓസ്ട്രേലിയ 45 റണ്‍സ് നേടി. എന്നാല്‍ ഹാരിസിനെയും(26) ഷോണ്‍ മാര്‍ഷിനെയും(2) ഖവാജയെയും(28) പുറത്താക്കി അശ്വിന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

അവിടെ നിന്ന് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും(22*) ട്രാവിസ് ഹെഡും(9*) ചേര്‍ന്ന് ഓസ്ട്രേലിയയെ 97/4 എന്ന നിലയിലേക്ക് 45 ഓവറുകള്‍ പിന്നിടുമ്പോള്‍ എത്തിയ്ക്കുകയായിരുന്നു.

ഉപനായകനില്ലാതെ ഓസ്ട്രേലിയ, മാര്‍ക്കസ് ഹാരിസ് അരങ്ങേറ്റം നടത്തും

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. വിക്ടോറിയയുടെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നാളെ നടത്തും. അതേ സമയം ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെ ഒഴിവാക്കി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു അവസരം ടീം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെയും പാക്കിസ്ഥാനിലെയും മോശം ഫോമാണ് മാര്‍ഷിനു തിരിച്ചടിയായത്.

ഓപ്പണിംഗില്‍ മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചുമാവും എത്തുക. ഇതോടെ ഉസ്മാന്‍ ഖ‍വാജ മൂന്നാം നമ്പറിലേക്ക് മാറും. ഷോണ്‍ മാര്‍ഷ്, ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, എന്നിവര്‍ക്കൊപ്പം ടിം പെയിന്‍ മധ്യനിരയെ ശക്തിപ്പെടുത്തും. ഓള്‍റൗണ്ടറില്ലാതെ എത്തുന്ന ഓസ്ട്രേലിയയ്ക്ക് നാല് ബൗളിംഗ് ഓപ്ഷനുകള്‍ മാത്രമാണുള്ളത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ക്കൊപ്പം ഏക സ്പിന്നറായി നഥാന്‍ ലയണും എത്തുന്നും

ഓസ്ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍

ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, മാര്‍ക്കസ് ഹാരിസ് ടീമില്‍

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പുതുമുഖ താരമായ വിക്ടോറിയയുടെ ബാറ്റ്സ്മാന്‍ മാര്‍ക്കസ് ഹാരിസിനെ ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായ്ക്ക് അവസരം നഷ്ടമായി.

ഓസ്ട്രേലിയ: പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, നഥാന്‍ ലയണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ടിം പെയിന്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രെമൈന്‍

ജയം ഒരു റണ്‍സിനു, ഫൈനല്‍ ഉറപ്പിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ജയത്തോടെ ഫൈനലില്‍ യോഗ്യത നേടിയ സ്ട്രൈക്കേഴ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിനെ നേരിടും. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 178 റണ്‍സ് നേടിയപ്പോള്‍ മെല്‍ബേണിനു 177 റണ്‍സാണ് 20 ഓവറില്‍ നേടാനായത്. അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മെല്‍ബേണ്‍ അത് അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കൊണ്ടെത്തിച്ചുവെങ്കിലും ഒരു റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി നായകന്‍ ട്രാവിസ് ഹെഡ് 57 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം ജേക്ക് വെത്തറാള്‍ഡ് 57 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി മാര്‍ക്കസ് ഹാരിസ് 45 റണ്‍സോടെ ടോപ് സ്കോററായപ്പോള്‍ ടോം കൂപ്പര്‍(36*)-കീറണ്‍ പൊള്ളാര്‍‍ഡ്(29*) എന്നിവര്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

85 റണ്‍സ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിന്നും പ്രകടനവുമായി കെയിന്‍ റിച്ചാര്‍ഡ്സണ്‍, മെല്‍ബേണ്‍ റെനഗേഡ്സിനു 9 റണ്‍സ് ജയം

ആവേശകരമായ മത്സരത്തില്‍ സിഡ്നി തണ്ടറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ സിഡ്നി തണ്ടര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് നേടിയ 64 റണ്‍സിന്റെ മികവില്‍ 189/6 എന്ന നിലയില്‍ മെല്‍ബേണ്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ചേസിംഗിനിറങ്ങിയ സിഡ്നി 20ാം ഓവറില്‍ 180നു ഓള്‍ഔട്ട് ആയി. കെയിന്‍ വില്യംസണ്‍ നാല് വിക്കറ്റുമായി മെല്‍ബേണിനു ജയവും സ്വന്തമായി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി.

ഹാരിസിനു പുറമേ മാത്യു ഷോര്‍ട്ട്(28), കീറണ്‍ പൊള്ളാര്‍ഡ്(23), ബ്യൂ വെബ്സ്റ്റര്‍ നാല് പന്തില്‍ നിന്ന് സ്വന്തമാക്കി 18 റണ്‍സും നേടി മെല്‍ബേണിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗുരീന്ദര്‍ സന്ധു രണ്ടും മിച്ചല്‍ മക്ലെനാഗന്‍, ക്രിസ് ഗ്രീന്‍, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മലയാളിയായ അര്‍ജ്ജുന്‍ നായരും ബെന്‍ റോഹ്ററും ചേര്‍ന്ന് വീണ്ടും തണ്ടറിനു പ്രതീക്ഷ നല്‍കുകയായിരുന്നു. അര്‍ജ്ജുന്‍ നായര്‍ 25 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 48 റണ്‍സുമായി ബെന്‍ റോഹ്‍റും മികവ് പുലര്‍ത്തി. എന്നാല്‍ ഇരുവരെയും പുറത്താക്കി കെയിന്‍ റിച്ചാര്‍ഡ്സണ്‍ തിരികെ റെനഗേഡ്സിനെ മത്സരത്തിലേക്ക് എത്തിച്ചു. വാലറ്റത്തിലും രണ്ട് വിക്കറ്റ് കെയിന്‍ വീഴ്ത്തിയതോടെ 20 ഓവറില്‍ തണ്ടര്‍ 180നു ഓള്‍ഔട്ട് ആയി.

4 ഓവറില്‍ 4 വിക്കറ്റ് വീഴ്ത്തിയ കെയിന്‍ റിച്ചാര്‍ഡ്സണ്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. റിച്ചാര്‍ഡ്സണ് പിന്തുണയുമായി കീറണ്‍ പൊള്ളാര്‍ഡും 2 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് ബിഗ് ബാഷിലെ രണ്ടാം മത്സരത്തില്‍ ആദ്ം ബാറ്റ് ചെയ്ത റെനഗേഡ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു. മാര്‍ക്കസ് ഹാരിസ്(28 പന്തില്‍ 48 റണ്‍സ്), കാമറൂണ്‍ വൈറ്റ്(68*), ടോം കൂപ്പര്‍(34 പന്തില്‍ 57) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മിച്ചല്‍ ജോണ്‍സണിനു ഒരു വിക്കറ്റും ലഭിച്ചു.

ആഷ്ടണ്‍ ടര്‍ണര്‍ 32 പന്തില്‍ നേടിയ 70 റണ്‍സും ഡേവിഡ് വില്ലിയുടെ(55) അര്‍ദ്ധ ശതകവുമാണ് മത്സരം അവസാന ഓവറില്‍ സ്വന്തമാക്കുവാന്‍ പെര്‍ത്തിനെ സഹായിച്ചത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ഇരുവരെയും നഷ്ടമായപ്പോള്‍ പെര്‍ത്തിന്റെ വിജയം സംശയത്തിലാകുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ ആഷ്ടണ്‍ അഗര്‍ മികവാര്‍ന്ന പ്രകടനവുമായി(26*) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടര്‍ണര്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതമാണ് 70 റണ്‍സ് നേടിയത്. ഒരു പന്ത് ശേഷിക്കെയാണ് 5 വിക്കറ്റ് വിജയം പെര്‍ത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version