ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ 8.3 ഓവറില്‍ 84/5 എന്ന നിലയില്‍ ഹോക്ക്സ് നില്‍ക്കുമ്പോളാണ് മഴ കളി മുടക്കി വീണ്ടും എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ 13 റണ്‍സിന്റെ വിജയം നൈറ്റ്സ് സ്വന്തമാക്കി.

26 പന്തില്‍ 45 റണ്‍സ് നേടിയ ചാഡ്‍വിക് വാള്‍ട്ടണ്‍ ആണ് കളിയിലെ താരം. ആന്‍ഡ്രേ റസ്സല്‍ 15 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. ടിം സൗത്തി മൂന്ന് പന്തില്‍ നിന്ന് 2 സിക്സ് സഹിതം 13 റണ്‍സ് നേടി റസ്സലുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മത്സരത്തില്‍ ആദ്യ തടസ്സം മഴ സൃഷ്ടിച്ചത്. ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഫിഡെല്‍ എഡ്വേര്‍ഡ്സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ടിം സൗത്തി ഡേവിഡ് വാര്‍ണറെ മടക്കിയയച്ചപ്പോള്‍ തന്നെ ഹോക്ക്സ് പ്രതിരോധത്തിലായി. 20 പന്തില്‍ 35 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ്, 17 റണ്‍സ് നേടി ഡേവിഡ് മില്ലര്‍, ഡാരെന്‍ ബ്രാവോ(14*) എന്നിവരും വേഗത്തില്‍ സ്കോറിംഗിനു ശ്രമിച്ചുവെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായതും ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നോട്ട് പോകുവാന്‍ ഹോക്ക്സിനെ ഇടയാക്കി.

നൈറ്റ്സിനു വേണ്ടി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, ടിം സൗത്തി, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോക്ക്സ് ജയം സ്വന്തമാക്കി. രണ്ടാം ക്വാളിഫയറില്‍ വാന്‍കോവര്‍ നൈറ്റ്സ് ആണ് വിന്നിപെഗ് ഹോക്ക്സിന്റെ എതിരാളികള്‍.

ഡേവിഡ് വാര്‍ണര്‍(55), ബെന്‍ മക്ഡര്‍മട്ട്(65*), ലെന്‍ഡല്‍ സിമ്മണ്‍സ്(33) എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്. ബെന്‍ മക്ഡര്‍മട്ട് ആണ് കളിയിലെ താരം. 39 പന്തില്‍ നിന്നാണ് താരത്തിന്റെ 65 റണ്‍സ്. 5 ബൗണ്ടറിയും 4 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനായി 44 റണ്‍സുമായി അഗ സല്‍മാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍ 41 റണ്‍സും ലൂക്ക് റോഞ്ചി 25 റണ്‍സും നേടി. റയാദ് എമ്രിറ്റ് നാല് വിക്കറ്റുമായി വിന്നിപെഗ് ഹോക്ക്സ് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റണ്ണടിച്ച് കൂട്ടി ഹോക്ക്സ്, തിരിച്ചടിച്ച് റോയല്‍സ്, ഓള്‍റൗണ്ട് പ്രകടനവുമായി അഗ സല്‍മാന്‍

400ലധികം റണ്‍സ് പിറന്ന ടി20 മത്സരത്തിനൊടുവില്‍ വിജയികളായി എഡ്മോണ്ടന്‍ റോയല്‍സ്. വിന്നിപെഗ് ഹോക്ക്സിന്റെ 203/5 എന്ന സ്കോറിനെയാണ് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍സ് 3 പന്ത് ശേഷിക്കെ മറികടന്നത്. ലെന്‍ഡല്‍ സിമ്മണ്‍സ്, മാര്‍ക്ക് ദെയാല്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വിന്നിപെഗ് ഹോക്ക്സിനെ മുന്നോട്ട് നയിച്ചത്.

ഡേവിഡ് വാര്‍ണര്‍ വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ സിമ്മണ്‍സ്(66), മാര്‍ക്ക് ദെയാല്‍(64) എന്നിവരുടെ വെടിക്കെട്ടുകള്‍ക്ക് പുറമേ 28 പന്തില്‍ 60 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഒപ്പം കൂടിയപ്പോള്‍ ഹോക്ക്സ് 203 റണ്‍സ് എന്ന കൂറ്റന് ‍സ്കോറിലേക്ക് നീങ്ങി. മുഹമ്മദ് ഇര്‍ഫാന്‍, അഗ സല്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സൊഹൈല്‍ തന്‍വീറിനാണ് ഒരു വിക്കറ്റ്.

മറുപി ബാറ്റിംഗിനിറങ്ങിയ റോയല്‍സിനായി അഗ സല്‍മാന്‍ 73 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ചായി. ആന്‍ഡ്രേ ഫ്ലെച്ചര്‍(47), ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍(62) എന്നിവരും ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. 3 പന്തില്‍ നിന്ന് രണ്ട് സിക്സ് ഉള്‍പ്പെടെ 13 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയുടെ പ്രകടനവും നിര്‍ണ്ണായകമായി.

അഞ്ച് വിക്കറ്റ് നേടാനായ വിന്നിപെഗ് ബൗളര്‍മാരില്‍ ഫിഡെല്‍ എഡ്വേര്‍ഡ്സ് രണ്ടും കൈല്‍ ഫിലിപ്പ്, ജുനൈദ് സിദ്ധിക്കി, അലിഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാനഡ ടി20യില്‍ ജൈത്രയാത്ര തുടര്‍ന്ന് വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ ബോര്‍ഡ് ടീം സ്വന്തമാക്കിയത്. വിന്നിപെഗ് ഹോക്ക്സിനെതിരെ 9 വിക്കറ്റിന്റെ ജയമാണ് ടീം ഇന്നലെ സ്വന്തമാക്കിയത്. ക്യാപ്റ്റനായി മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലിറങ്ങിയ വിന്നിപെഗിനു 20 ഓവറില്‍ 151/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ലെന്‍ഡല്‍ സിമ്മണ്‍സ് 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെന്‍ മക്ഡര്‍മട്ട്(31), മാര്‍ക്ക് ദയാല്‍(24*) എന്നിവരുടെ സ്കോറുകളാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഒബേദ് മക്കോയോടൊപ്പം ദെര്‍വാല്‍ ഗ്രീന്‍, ഫാബിയന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് വിന്‍ഡീസ് ടീമിനു യാതൊരുവിധ അലോസരവുമുണ്ടാക്കുവാന്‍ വിന്നിപെഗ് ബൗളര്‍മാര്‍ക്കായില്ല. 58 പന്തില്‍ 89 റണ്‍സ് നേടി ജസ്റ്റിന്‍ ഗ്രീവ്സും 44 റണ്‍സ് നേടി ബ്രണ്ടന്‍ കിംഗും ചേര്‍ന്ന് ടീമിനെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രീവ്സ് തന്നെയാണ് കളിയിലെ താരം. ഫിഡല്‍ എഡ്വേര്‍ഡ്സിനാണ് ഇന്നിംഗ്സില്‍ വീണ് ഏക വിക്കറ്റ് നേടാനായത്.

6 പോയിന്റുമായി വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡ്വെയിന്‍ ബ്രാവോ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി, ഹോക്ക്സിനെ വാര്‍ണര്‍ നയിക്കും

വിന്നിപെഗ് ഹോക്ക്സ് നായകന്‍ ഡ്വെയിന്‍ ബ്രാവോ പിന്മാറിയതിനാല്‍ ഇനി ടീമിനെ നയിക്കുക ഡേവിഡ് വാര്‍ണര്‍. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പിന്മാറിയതിനു കാരണം വ്യക്തമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍ പാക് താരവും ഹോക്ക്സിന്റെ കോച്ച് വഖാര്‍ യൂനിസ് ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ വാര്‍ണര്‍ക്കാവുമെന്ന് പറഞ്ഞു. ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി താരം അത് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വാര്‍ണര്‍ പോകുന്നതെങ്കിലും വാര്‍ണറുടെ ഉള്ളിലെ നായകന്‍ ഒരിക്കലും മരിക്കില്ലെന്ന് വഖാര്‍ പറഞ്ഞു. ഇതുവരെ ടൂര്‍ണ്ണമെന്റില്‍ മോശം ഫോമിലാണ് വാര്‍ണര്‍ കളിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയത്.

ഡ്വെയിന്‍ ബ്രാവോയ്ക്ക് പകരം പാക്കിസ്ഥാന്‍ താരം ഇമാദ് വസീമിനെ വിന്നിപെഗ് ഹോക്ക്സ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഡെല്‍ എഡ്വേര്‍ഡ്സ് കളിയിലെ താരം, ജയം നേടി ഹോക്ക്സ്

ഗ്ലോബല്‍ ടി20 ലീഗ് കാനഡയിലെ ഇന്നലെ നടന്ന മത്സരത്തില്‍ ജയം നേടി വിന്നിപെഗ് ഹോക്ക്സ്. ടൊറോണ്ടോ നാഷണല്‍സിനെതിരെയാണ് ടീമിന്റെ വിജയം. 164 റണ്‍സ് നേടിയ വിന്നിപെഗ് ഹോക്ക്സിന്റെ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ നാഷണല്‍സ് 108 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഫിഡെല്‍ എഡ്വേര്‍ഡ് തന്റെ നാലോവറില്‍ വെറും 8 റണ്‍സ് വിട്ടു നല്‍കി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുകയായിരുന്നു.

ടിയോണ്‍ വെബ്സ്റ്റര്‍ നാലും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 34 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് ടൊറോണ്ടോ നിരയിലെ ടോപ് സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലെന്‍ഡല്‍ സിമ്മണ്‍സ്(44), ഡ്വെയിന്‍ ബ്രാവോ(41) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് വിന്നിപെഗ് ഹോക്ക്സ് 20 ഓവറില്‍ നിന്ന് 164 റണ്‍സ് നേടിയത്. 5 വിക്കറ്റാണ് ഹോക്ക്സിനു നഷ്ടമായത്. വാര്‍ണര്‍ റണ്ണൗട്ടായപ്പോള്‍ കെസ്രിക് വില്യംസും മുഹമ്മദ് നവീദും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രെലും ഫവദ് അഹമ്മദും മൂന്ന് വീതം വിക്കറ്റുമായി വിജയികള്‍ക്കായി തിളങ്ങിയപ്പോള്‍ ടിം സൗത്തി ആന്‍ഡ്രേ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

ഹോക്ക്സിനു വേണ്ടി രണ്ടാം മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ പരാജയപ്പെട്ടപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(49*), ഡ്വെയിന്‍ ബ്രാവോ(30), ലെന്‍ഡല്‍ സിമ്മണ്‍സ്(24) എന്നിവര്‍ക്ക് പുറമേ 5 പന്തില്‍ 17 റണ്‍സ് നേടിയ മാര്‍ക്ക് ഡെയാല്‍ എന്നിവരാണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സ് ബാബര്‍ ഹയാത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 17.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 5 സിക്സ് അടക്കം 33 പന്തില്‍ നിന്ന് 65 റണ്‍സാണ് ഹയാത്ത് നേടിയത്. റാസി വാന്‍ ഡെര്‍ ഡൂസെന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍ഡ്രേ റസ്സല്‍ 7 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. 3 സിക്സാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഡ്വെയന്‍ ബ്രാവോ കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാബര്‍ ഹയാത്ത് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version