വാർ, പെനാൽട്ടി മിസ്! ലീഡ്സ് വിറപ്പിച്ചിട്ടും സാകയുടെ ഗോളിൽ ജയിച്ചു കയറി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടർന്ന് ആഴ്‌സണൽ. ലീഡ്സ് യുണൈറ്റഡ് ഉയർത്തിയ വലിയ വെല്ലുവിളി അതിജീവിച്ച ആഴ്‌സണൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ജയം കണ്ടത്. സാങ്കേതിക പ്രശ്നം കാരണം മത്സരം തുടങ്ങിയ ഉടൻ തന്നെ മത്സരം നിർത്തി വെക്കുന്നത് ആണ് കാണാൻ ആയത്. വാർ, ഗോൾ ലൈൻ ടെക്‌നോളജി എന്നിവയും ആയുള്ള ബന്ധം റഫറിക്ക് നഷ്ടമായതിനെ തുടർന്ന് ആയിരുന്നു ഇത്. തുടർന്ന് അര മണിക്കൂറിൽ ഏറെ കഴിഞ്ഞ ശേഷമാണ് മത്സരം തുടർ ആരംഭിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയപ്പോൾ മത്സരം ആവേശകരമായി. ലീഡ്സ് ആക്രമണം അഴിച്ചു വിട്ടപ്പോൾ മറുപുറത്ത് ആഴ്‌സണലും ആക്രമണങ്ങൾ നടത്തി.

35 മത്തെ മിനിറ്റിൽ റോഡ്രിഗോ നൽകിയ ഒരു ബാക്ക് പാസ് അപകടരമായപ്പോൾ ഒഡഗാഡിന്റെ പാസിൽ നിന്നു ഉഗ്രൻ വലത് കാലൻ അടിയിലൂടെ ബുകയോ സാക ആഴ്‌സണലിനെ മുന്നിലെത്തിച്ചു. മൂന്നാം മത്സരത്തിൽ നാലാം ഗോൾ ആയിരുന്നു സാകക്ക് ഇത്. ആദ്യ പകുതിയിൽ നേരിയ ആധിപത്യം ആഴ്‌സണലിന് ഉണ്ടായിരുന്നു എങ്കിലും രണ്ടാം പകുതിയിൽ ലീഡ്സ് മത്സരം സ്വന്തം കയ്യിലാക്കി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ പകരക്കാരനായി അപ്പോൾ ഇറങ്ങിയ പാട്രിക് ബാംഫോർഡ് ലീഡ്സിന് ആയി ഗോൾ കണ്ടത്തി. എന്നാൽ ഇതിനു മുമ്പ് താരം ആഴ്‌സണലിന്റെ ഗബ്രിയേലിനെ ഫൗൾ ചെയ്തതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. തുടർന്ന് ആരോൺ റാംസ്ഡേൽ ആഴ്‌സണലിന്റെ രക്ഷക്ക് എത്തുന്നത് ആണ് കാണാൻ ആയത്. രണ്ടു തവണ ബാംഫോർഡിനെ ഇംഗ്ലീഷ് കീപ്പർ തടഞ്ഞു.

63 മത്തെ മിനിറ്റിൽ ലീഡ്സിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു. വില്യം സലിബയുടെ ഹാന്റ് ബോളിന് വാർ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. എന്നാൽ പെനാൽട്ടി എടുത്ത ബാംഫോർഡ് അത് പുറത്ത് അടിച്ചതോടെ ആഴ്‌സണലിന് ആശ്വാസം ആയി. തുടർന്നും ലീഡ്സ് നിരന്തരം ആഴ്‌സണൽ പ്രതിരോധത്തെ പരീക്ഷിച്ചു. പലപ്പോഴും ഭാഗ്യവും റാംസ്ഡേലും ആഴ്‌സണലിന്റെ രക്ഷക്ക് എത്തി. അവസാന നിമിഷങ്ങളിൽ ലീഡ്സിന് അനുകൂലമായി ഒരിക്കൽ കൂടി പെനാൽട്ടി വിളിച്ച റഫറി ബാംഫോർഡിനെ വീഴ്ത്തിയ ഗബ്രിയേലിന് ചുവപ്പ് കാർഡ് നൽകി. എന്നാൽ ഗബ്രിയേലിനെ ആദ്യം ബാംഫോർഡ് ആണ് ഫൗൾ ചെയ്തത് എന്നു വാർ കണ്ടത്തിയതോടെ പെനാൽട്ടി പിൻവലിച്ച റഫറി ഗബ്രിയേലിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചു മഞ്ഞ കാർഡ് നൽകി. ലീഡ്സിന് മുന്നിൽ വിയർത്തെങ്കിലും ജയം കാണാൻ ആയ ആഴ്‌സണൽ ഒന്നാമത് തുടരുമ്പോൾ ലീഡ്സ് 15 സ്ഥാനത്ത് ആണ്.

ടെക്നിക്കൽ പ്രശ്നം, ആഴ്‌സണൽ ലീഡ്സ് മത്സരം താൽക്കാലികമായി നിർത്തി വച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ, ലീഡ്സ് യുണൈറ്റഡ് മത്സരം തുടങ്ങിയതിനു ശേഷം നിർത്തി വച്ചു. മത്സരം തുടങ്ങി അൽപ്പ സമയത്തിനുള്ളിൽ മത്സരം നിർത്തി വക്കുക ആയിരുന്നു.

വാർ, ഗോൾ ലൈൻ ടെക്‌നോളജി എന്നിവയും ആയുള്ള ബന്ധം റഫറിമാർക്ക് നഷ്ടമായതിനെ തുടർന്ന് മത്സരം നിർത്തി. തുടർന്ന് റഫറിമാർ കാര്യങ്ങൾ പരിശീലകർക്ക് വിശദീകരിച്ചു നൽകുകയും ഒമ്പത് മിനിറ്റുകൾക്ക് ശേഷം താരങ്ങളോട് ടീം റൂമിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ആയിരുന്നു.

ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ലീഡ്സ് യുണൈറ്റഡിനു എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ജയം തേടി ആഴ്‌സണൽ ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ 5 മത്സരങ്ങളിൽ ജയിക്കാൻ ആയില്ലെങ്കിലും ലീഡ്സ് സ്വന്തം മൈതാനത്തിൽ അപകടകാരികൾ ആണ്. എന്നാൽ സമീപകാല റെക്കോർഡുകൾ ആഴ്‌സണലിന് അനുകൂലമാണ്. ഗബ്രിയേൽ ജീസുസ് ടീമിനൊപ്പം ഉള്ളത് ആഴ്‌സണലിന് ആശ്വാസ വാർത്തയാണ്, എങ്കിലും താരം ആദ്യ പതിനൊന്നിൽ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്.

മികവ് തുടരുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർക്ക് മുന്നിൽ ജീസുസ് ഇല്ലെങ്കിൽ എഡി എങ്കിതിയ ആവും അങ്ങനെയെങ്കിൽ ഇറങ്ങുക. മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക സഖ്യം ആഴ്‌സണലിന്റെ ജീവൻ ആണ്. അതേസമയം പ്രതിരോധത്തിൽ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ, വൈറ്റ് എന്നിവർ ആവും ഇറങ്ങുക. ലെഫ്റ്റ് ബാക്ക് ആയി സിഞ്ചെങ്കോക്ക് പകരം ടിയേർണിയെ കൊണ്ടു വരുമോ അതോ ലിവർപൂളിന് എതിരെ കളിപ്പിച്ച ടോമിയാസുവിനെ കൊണ്ടു വരുമോ എന്നു കണ്ടറിയാം.

സ്വന്തം മൈതാനത്ത് കളിച്ച നാലു കളികളിൽ ഇത് വരെ പരാജയം അറിഞ്ഞില്ല ലീഡ്സ് എങ്കിലും അവരുടെ ഫോം ഇപ്പോൾ അത്ര നന്നല്ല. നിലവിൽ 15 സ്ഥാനത്തുള്ള ലീഡ്സിന് റോഡ്രിഗോ, പരിക്ക് മാറി എത്തുന്ന ബാഫോർഡ് എന്നിവരെ ഉപയോഗിച്ച് ആഴ്‌സണലിനെ പരീക്ഷിക്കാൻ ആവും. എന്നാൽ അത്ര മികവ് കാട്ടാത്ത പ്രതിരോധവും പരിക്കുകളും അവർക്ക് വിനയാണ്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ആവും ആഴ്‌സണൽ ലക്ഷ്യം.

ലീഡ്സിനെ വീഴ്ത്തി ക്രിസ്റ്റൽ പാലസ്

പൊരുതിക്കളിച്ച ലീഡ്സിനെ സ്വന്തം തട്ടകത്തിൽ വെച്ച് വീഴ്ത്തി ക്രിസ്റ്റൽ പാലസ്. സീസണിൽ എവെ മത്സരങ്ങളിൽ വിജയം നേടാനാവാത്ത ലീഡ്സിന് ആദ്യം ഗോൾ നേടാനായെങ്കിലും മത്സരം പാട്രിക് വിയേരയുടെ സംഘത്തിന് അടിയറ വെക്കാൻ ആയിരുന്നു വിധി. സീസണിൽ രണ്ടാം വിജയം നേടിയ ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ ലീഡ്സിന് തൊട്ടു താഴെ സ്ഥാനം ഉറപ്പിച്ചു. ഒൻപത് വീതം പോയിന്റുകൾ നേടി ലീഡ്സ് പതിനാലാമതും പാലസ് പതിനഞ്ചാമതും ആണ്.

സന്ദർശക ടീമിന്റെ ഗോളോടെയാണ് മത്സരം ഉണർന്നത്. മുന്നേറ്റതാരം ആരോൻസൻ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നടത്തിയ അതിമനോഹരമായ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്‌. ഡ്രിബിൾ ചെയ്തു കയറിയ താരം ലക്ഷ്യത്തിലേക് ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു. ഊഴം കാത്ത് നിന്ന സ്ട്രൂയിക്കിന് പന്ത് വലയിൽ എത്തിക്കാൻ സാധിച്ചു. ബംഫോർഡിന് ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ഇരുപത്തിനാലാം മിനിറ്റിൽ സമനില ഗോൾ എത്തി. ഓലിസെയുടെ ഫ്രീകികിൽ തലവെച്ച് എഡ്വാർഡ്സ് ആണ് ക്രിസ്റ്റൽ പാലസിന്റെ രക്ഷക്ക് എത്തിയത്. ഓഫ്‌സൈഡ് മണമുള്ള ഗോൾ വാർ റഫറി നീണ്ട അവലോകനത്തിന് ശേഷമാണ് അനുവദിച്ചത്. വിജയ ഗോളിന് വേണ്ടി സമ്മർദ്ദം തുടർന്ന പാലസിന് എഴുപതിയാറാം മിനിറ്റിൽ കാത്തിരുന്ന ഗോൾ ലഭിച്ചു. വിൽഫ്രെഡ് സാഹയുടെ അസിസ്റ്റിൽ എസെയാണ് വലകുലുക്കിയത്.

യുവ ഇറ്റാലിയൻ താരത്തെ അവസാന നിമിഷം ടീമിൽ എത്തിച്ചു ലീഡ്സ് യുണൈറ്റഡ്

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ ബാമ്പ ഡിയങിനെ മാഴ്സെയിൽ നിന്നു സ്വന്തമാക്കാൻ ആവാതെ തിരിച്ചടി നേരിട്ട ലീഡ്സ് യുണൈറ്റഡ് യുവ ഇറ്റാലിയൻ താരത്തെ ടീമിൽ എത്തിച്ചു. അവസാന മണിക്കൂറുകളിൽ രംഗത്ത് വന്ന ലീഡ്സ് 18 കാരനായ വില്ലി ഗനോറ്റയെ സ്വിസ് ക്ലബ് എഫ്.സി സൂറിച്ചിൽ നിന്നു സ്വന്തമാക്കുക ആയിരുന്നു.

ഇറ്റലി ദേശീയ ടീമിലും കളിച്ച യുവതാരത്തിന് അവസാന മിനിറ്റുകളിൽ ആണ് ലീഡ്സ് വർക്ക് പെർമിറ്റ് തയ്യാറാക്കിയത്. 18 കാരനായ ഭാവി പ്രതീക്ഷയായ താരത്തിനെ ഭാവി മുന്നിൽ കണ്ടു കൂടിയാണ് ഇംഗ്ലീഷ്‌ ക്ലബ് ടീമിൽ എത്തിച്ചത്. അതേസമയം ലീഡ്സിന്റെ ഡാനിയേൽ ജെയിംസ് ഔദ്യോഗികമായി ഫുൾഹാമിൽ ചേർന്നു.

ഗാക്പോയെ കിട്ടിയില്ല പകരം മാഴ്സെ താരത്തെ ടീമിൽ എത്തിക്കാൻ ലീഡ്സ്

പി.എസ്.വി താരം കോഡി ഗാക്പോക്കും വോൾവ്സ് താരം ഹാങിനും ആയുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ലീഡ്സ് യുണൈറ്റഡ് ബാമ്പ ഡിയങിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. നിലവിൽ താരത്തിന് ആയുള്ള 10 മില്യൺ യൂറോയുടെ കരാർ ഫ്രഞ്ച് ക്ലബ് സ്വീകരിച്ചു എന്നാണ് വാർത്തകൾ.

നേരത്തെ കോഡി ഗാക്പോക്ക് ആയി നിരന്തരം ലീഡ്സ് ശ്രമം നടത്തിയെങ്കിലും താരം ഡച്ച് ക്ലബിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നു. അതേസമയം ഹാങിനെ വിട്ടു കൊടുക്കാൻ വോൾവ്സും തയ്യാറായില്ല. ഇതോടെ ലീഡ്സ് താരം ഡാനിയേൽ ജെയിംസ് ക്ലബ് വിടും എന്നു ഏതാണ്ട് ഉറപ്പായി. താരത്തിന് ആയി ഫുൾഹാം ആണ് ശക്തമായി രംഗത്ത് ഉള്ളത്.

വീണ്ടും ജയിക്കാൻ ആവാതെ ലമ്പാർഡിന്റെ എവർട്ടൺ, ലീഡ്സിന് എതിരെ സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാമത്തെ മത്സരത്തിലും ജയിക്കാൻ ആവാതെ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. ആദ്യം മുന്നിലെത്തിയ ശേഷം ഇത്തവണ അവർ ലീഡ്സ് യുണൈറ്റഡിനോട് സമനില വഴങ്ങി. സ്വന്തം മൈതാനത്ത് ലീഡ്സ് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. 17 മത്തെ മിനിറ്റിൽ മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി അലക്‌സ് ഇയോബിയുടെ പാസിൽ നിന്നു ആന്റണി ഗോർഡൺ എവർട്ടണിനു ആദ്യ ഗോൾ സമ്മാനിച്ചു.

ലീഡ്സിന്റെ നിരന്തര ആക്രമണങ്ങൾ എവർട്ടൺ പ്രതിരോധം തടയുന്നത് ആണ് പിന്നീട് കാണാൻ ആയത്. എന്നാൽ രണ്ടാം പകുതിയിൽ ലീഡ്സ് അർഹിച്ച ഗോൾ കണ്ടത്തി. ബ്രണ്ടൻ ആരോൺസന്റെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ കൊളംബിയൻ താരം ലൂയിസ് സിനിസ്റ്റെറ ലീഡ്സിന് സമനില ഗോൾ കണ്ടത്തി. അവസാന നിമിഷങ്ങളിൽ മത്സരം കൂടുതൽ ചൂട് പിടിച്ചു എങ്കിലും വിജയഗോൾ മാത്രം പിറന്നില്ല. അഞ്ചു മത്സരങ്ങളിൽ ഒന്നിലും ജയിക്കാൻ ആവാത്തത് ലമ്പാർഡിനു മേൽ കനത്ത സമ്മർദ്ദം ആണ് നൽകുക.

ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിലിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു | Latest

ജാക് ഹാരിസണിനെ വിൽക്കാൻ ഇല്ലെന്ന നിലപാടിൽ ലീഡ്സ് യുണൈറ്റഡ്

ലീഡ്സ് യുണൈറ്റഡ് താരം ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഇംഗ്ലീഷ് താരത്തിന് ആയി 20 മില്യണു മുകളിലുള്ള കരാർ ആണ് ലീഡ്സ് മുന്നോട്ട് വച്ചത്. എന്നാൽ 35 മില്യൺ എങ്കിലും ലീഡ്സ് താരത്തിന് ആയി പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ ഈ തുക മുന്നോട്ട് വച്ചാലും താരത്തെ വിൽക്കാനില്ല എന്ന നിലപാട് ആണ് ലീഡ്സ് പരിശീലകൻ ജെസെ മാർഷിന് ഉള്ളത്. ഈ സീസൺ തുടക്കത്തിൽ മിന്നും ഫോമിൽ ആണ് ഹാരിസൺ. കളിച്ച മൂന്നു കളിയിലും അസിസ്റ്റ് നേടിയ താരം കഴിഞ്ഞ ചെൽസിക്ക് എതിരായ കളിയിൽ ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു. താരത്തിന് ആയി ഇനിയും ന്യൂകാസ്റ്റിൽ ശ്രമിക്കാൻ തന്നെയാണ് സാധ്യത.

മെൻഡിയുടെ അബദ്ധം, കൗലിബലിയുടെ ചുവപ്പ്, ലീഡ്സിന് മുന്നിൽ ചെൽസി തകർന്നു വീണു!! | Exclusive

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടൽ. ഇന്ന് എലൻഡ് റോഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് മുന്നിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തോൽവി വഴങ്ങി‌.

ഇന്ന് ലീഡ്സിൽ ചെൽസിയുടെ പ്രശ്നങ്ങൾ എല്ലാം തെളിഞ്ഞു കാണാൻ ഫുട്ബോൾ ലോകകത്തിനായി. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടില്ല എങ്കിലും അവരുടെ പ്രകടനങ്ങൾ അത്ര സുഖകരമായിരുന്നില്ല. ഇന്ന് ലീഡ്സ് യുണൈറ്റഡിന് മുന്നിൽ ചെൽസി ഏറെ കഷ്ടപ്പെട്ടു. 33ആം മിനുട്ടിൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ ഒരു വലിയ അബദ്ധം ചെൽസിയെ പിറകിലാക്കി.

പന്ത് ക്ലിയർ ചെയ്യാതെ മെൻഡിൽ കാലിൽ വെച്ചു നിൽക്കെ ലീഡ്സിന്റെ യുവ അറ്റാക്കിങ് താരം ആരൺസൺ പ്രസ് ചെയ്ത് മെൻഡിയുടെ കാലിൽ നിന്ന് പന്ത് കൈക്കലാക്കി ഗോളടിച്ചു. മെൻഡിയുടെ കരിയറിലെ തന്നെ വലിയ അബദ്ധങ്ങളിൽ ഒന്നായി ഇത് മാറി. ഈ ഗോളിന് തൊട്ടു പിറകെ 37ആം മിനുട്ടിൽ റോഡ്രിഗോ ലീഡ്സിന്റെ ലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ റോദ്രിഗോ ആണ് ലീഡ്സിന്റെ രണ്ടാം ഗോൾ നേടിയത്. റോഡ്രിഗോയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലും ലീഡ്സ് യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 69ആം മിനുട്ടിൽ ചെൽസി മൂന്നാം ഗോൾ വഴങ്ങി. ഇടതു വിങ്ങിൽ നിന്ന് ജെയിംസ് നൽകിയ ക്രോസ് റോഡ്രിഗോയിലേക്കും പിന്നെ ഹാരിസണിലേക്കും അവിടുന്ന് ഗോൾ വലയിലേക്കും സഞ്ചരിച്ചു. സ്കോർ 3-0.

ഇതിനു ശേഷം 84ആം മിനുട്ടിൽ കൗലിബലി ചുവപ്പ് കൂടെ കണ്ടതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. 2002 ശേഷം ചെൽസിക്ക് എതിരെ ലീഡ്സിന്റെ ആദ്യ ലീഗ് വിജയം ആണിത്.

ചെൽസി 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റിലും ലീഡ്സ് മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്റിലും നിൽക്കുകയാണ്.

ഒമ്പത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സതാമ്പ്ടൺ സമനില പിടിച്ചു

പ്രീമിയർ ലീഗ് രണ്ടാം വാരത്തിലെ ആവേശകരമായ മത്സരത്തിൽ സതാംപ്ടണും ലീഡ്‌സും സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോൾ ലീഡുമായി വിജയം ഉറപ്പിച്ച ലീഡ്സിനെ ഒൻപത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചു നേടി സതാംപ്ടൻ പിടിച്ചു കെട്ടി. ലീഡ്‌സിനായി ഇരു ഗോളുകളും റോഡ്രിഗോ നേടിയപ്പോൾ സതാംപ്ടനിന്റെ ഗോളുകൾ വാക്കർ പീറ്റഴ്സും ജോ അരിബോയും നേടി.

ലക്ഷ്യത്തിലേക്ക് ആദ്യം ഉന്നം വെച്ച് റോഡ്രിഗോ തന്നെയാണ് ലീഡ്സിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കം ഇട്ടത്. പരിക്ക് മൂലം ബംഫോർഡിനെ ഇരുപതിയെട്ടാം മിനിറ്റിൽ തന്നെ തിരിച്ചു വിളിക്കെണ്ടി വന്നത് ലീഡ്സിന് തിരിച്ചടി ആയി. സ്‌കോർ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതിക്ക് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്‌കോർ ബോർഡ് ചലിച്ചു. നാല്പത്തിയാറാം മിനിറ്റിൽ ഹാരിസൻ നൽകിയ പാസിൽ ഇടങ്കലൻ ഷോട്ടുമായി റോഡ്രിഗോ ഗോൾ നേടി. അറുപതാം മിനിറ്റിൽ രണ്ടാം ഗോളുമായി റോഡ്രിഗോ ലീഡ് ഉയർത്തിയതോടെ സതാംപ്ടൻ അപകടം മണത്തു. ആംസ്ട്രോങ്, അരിബോ, മാര എന്നിവരെ കളത്തിൽ ഇറക്കി. കളത്തിൽ എത്തി രണ്ടു മിനിറ്റിനുള്ളിൽ അരിബോ ടീമിന്റെ ആദ്യ ഗോൾ നേടി.

പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ സാന്നിധ്യം ഗോളിൽ നിർണായകമായി. സ്വന്തം ഗ്രൗണ്ടിൽ തോൽവി ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ച സതാംപ്ടനിന് ആശ്വാസമായി എണ്പത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. മാരയുടെ അസിസ്റ്റിൽ വാക്കർ പീറ്റേഴ്‌സ് ആണ് ഗോൾ നേടിയത്. തുടർന്ന് ലീഡ്‌സും മാറ്റങ്ങളുമായി മത്സരം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു പിരിഞ്ഞു.

Story Highlight: Southampton leeds united 2-2

തിരിച്ചുവന്ന് ഒരു ജയം, 3 പോയിന്റുമായി സീസണിന് തുടക്കമിട്ട് ലീഡ്സ്

സീസണിലെ ആദ്യ മത്സരത്തിൽ വോൾവ്സിനെതിരെ വിജയം നേടി ലീഡ്സ് യുനൈറ്റഡ്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലീഡ്സ് വിജയം നേടിയത്. ലീഡ്സിന് വേണ്ടി റോഡ്രിഗോ സ്‌കോർ ചെയ്തപ്പോൾ രണ്ടാം ഗോൾ റയാൻ അറ്റ് നൂരിയുടെ പേരിൽ സെൽഫ് ഗോൾ ആയി കുറിച്ചു. വോൾവ്സിന്റെ ഗോൾ പോഡൻസ് ആണ് നേടിയത്.

സീസണിലെ ആദ്യ മത്സരത്തിലിറങ്ങിയ ടീമുകൾ അക്രമണത്തിൽ ഊന്നി തന്നെയാണ് കളിച്ചത്‌. ആറാം മിനിറ്റിൽ തന്നെ പോഡൻസ് നേടിയ ഗോളിൽ വോൾവ്സ് മുന്നിലെത്തി. ഇടത് വിങ്ങിലേക്ക് റൂബെൻ നവാസ് നൽകിയ ബോൾ നെറ്റോ ബോസിലേക്ക് നീട്ടി നൽകി. ഹ്വാങ് ഹെഡ് ചെയ്തു ഇട്ട ബോൾ പോസ്റ്റിന് നേരെ മുന്നിൽ നിന്ന പോഡൻസ് ഫിനിഷ് ചെയ്തു. ഇരുപത്തിനാലാം മിനിറ്റിൽ ലീഡ്സിന്റെ സമനില ഗോൾ എത്തി. ബോക്സിന്റെ വലത് ഭാഗത്തും നിന്നും പ്രതിരോധ താരങ്ങളെ വെട്ടിച്ചു റോഡ്രിഗോ നേടിയ ഷോട്ട് ഗോളിയെയും കടന്ന് വലയിലെത്തി. എഴുപത്തി നാലാം മിനിറ്റിൽ ആണ് ലീഡ്സ് കാത്തിരുന്ന വിജയ ഗോൾ എത്തിയത്. കൗണ്ടർ വഴി എത്തിയ ബോൾ ഇടത് വിങ് വഴി ബംഫോർഡ് നിലം പറ്റെ ക്രോസ് നൽകിയപ്പോൾ ഓടിയെത്തിയ ആരോൺസൻ വളയിലെത്തിക്കാൻ കാല് നീട്ടി. പക്ഷെ താരത്തെ മാർക്ക് ചെയ്യാൻ ഒപ്പം നിന്ന വോൾവ്സ് പ്രതിരോധ താരം റയാന്റെ കാലുകളിൽ തട്ടി പന്ത് വലയിൽ തന്നെ എത്തി. ആദ്യം ആരോൺസനിന്റെ പേരിൽ കുറിച്ച ഗോൾ പിന്നീട് സെല്ഫ് ഗോൾ ആയി രേഖപ്പെടുത്തി.

ഇതോടെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടി പുതിയ സീസണിന് തുടക്കം കുറിക്കാൻ ലീഡ്സിനായി. കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും വോൾവ്സിന് തോൽവിയോടെ സീസൺ ആരംഭിക്കേണ്ടിയും വന്നു.

Story Highlight: FULL-TIME Leeds 2-1 Wolves

Leeds start the season with victory after fighting back from a goal down

#LEEWOL

റഫീഞ്ഞക്കായി വീണ്ടും ബാഴ്‌സലോണ, താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തി

ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞക്കായി ബാഴ്‌സലോണ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡ് താരത്തിനായുള്ള ചെൽസിയുടെ ഓഫർ അംഗീകരിച്ചതിന് ശേഷവും താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണയുടെ ശ്രമം. താരത്തിന്റെ ഏജന്റായ ഡെക്കോയും ബാഴ്‌സലോണയും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തി.

ലീഡ്സ് യൂണൈറ്റഡുമായി ചെൽസി ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയെങ്കിലും താരവുമായി വ്യക്തിഗത കരാറിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയിരുന്നില്ല. തുടർന്നാണ് താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും തമ്മിൽ ചർച്ചകൾ നടത്തിയത്.

കഴിഞ്ഞ മാർച്ചിൽ തന്നെ റഫീഞ്ഞയും ബാഴ്‌സലോണയും വ്യക്തിഗത കരാറിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയിരുന്നു. എന്നാൽ നിലവിലെ ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ തുക നൽകി താരത്തെ സ്വന്തമാക്കാൻ അവർക്കായിരുന്നില്ല. കഴിഞ്ഞ ദിവസം 55 മില്യൺ പൗണ്ടിന്റെ ചെൽസിയുടെ ഓഫർ ആണ് ലീഡ്സ് യുണൈറ്റഡ് അംഗീകരിച്ചത്. നേരത്തെ താരത്തെ സ്വന്തമാക്കാനുള്ള ആഴ്സണലിന്റെ ഓഫർ ലീഡ്സ് യുണൈറ്റഡ് നിരസിച്ചിരുന്നു.

Exit mobile version