20221016 212849

വാർ, പെനാൽട്ടി മിസ്! ലീഡ്സ് വിറപ്പിച്ചിട്ടും സാകയുടെ ഗോളിൽ ജയിച്ചു കയറി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടർന്ന് ആഴ്‌സണൽ. ലീഡ്സ് യുണൈറ്റഡ് ഉയർത്തിയ വലിയ വെല്ലുവിളി അതിജീവിച്ച ആഴ്‌സണൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ജയം കണ്ടത്. സാങ്കേതിക പ്രശ്നം കാരണം മത്സരം തുടങ്ങിയ ഉടൻ തന്നെ മത്സരം നിർത്തി വെക്കുന്നത് ആണ് കാണാൻ ആയത്. വാർ, ഗോൾ ലൈൻ ടെക്‌നോളജി എന്നിവയും ആയുള്ള ബന്ധം റഫറിക്ക് നഷ്ടമായതിനെ തുടർന്ന് ആയിരുന്നു ഇത്. തുടർന്ന് അര മണിക്കൂറിൽ ഏറെ കഴിഞ്ഞ ശേഷമാണ് മത്സരം തുടർ ആരംഭിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയപ്പോൾ മത്സരം ആവേശകരമായി. ലീഡ്സ് ആക്രമണം അഴിച്ചു വിട്ടപ്പോൾ മറുപുറത്ത് ആഴ്‌സണലും ആക്രമണങ്ങൾ നടത്തി.

35 മത്തെ മിനിറ്റിൽ റോഡ്രിഗോ നൽകിയ ഒരു ബാക്ക് പാസ് അപകടരമായപ്പോൾ ഒഡഗാഡിന്റെ പാസിൽ നിന്നു ഉഗ്രൻ വലത് കാലൻ അടിയിലൂടെ ബുകയോ സാക ആഴ്‌സണലിനെ മുന്നിലെത്തിച്ചു. മൂന്നാം മത്സരത്തിൽ നാലാം ഗോൾ ആയിരുന്നു സാകക്ക് ഇത്. ആദ്യ പകുതിയിൽ നേരിയ ആധിപത്യം ആഴ്‌സണലിന് ഉണ്ടായിരുന്നു എങ്കിലും രണ്ടാം പകുതിയിൽ ലീഡ്സ് മത്സരം സ്വന്തം കയ്യിലാക്കി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ പകരക്കാരനായി അപ്പോൾ ഇറങ്ങിയ പാട്രിക് ബാംഫോർഡ് ലീഡ്സിന് ആയി ഗോൾ കണ്ടത്തി. എന്നാൽ ഇതിനു മുമ്പ് താരം ആഴ്‌സണലിന്റെ ഗബ്രിയേലിനെ ഫൗൾ ചെയ്തതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. തുടർന്ന് ആരോൺ റാംസ്ഡേൽ ആഴ്‌സണലിന്റെ രക്ഷക്ക് എത്തുന്നത് ആണ് കാണാൻ ആയത്. രണ്ടു തവണ ബാംഫോർഡിനെ ഇംഗ്ലീഷ് കീപ്പർ തടഞ്ഞു.

63 മത്തെ മിനിറ്റിൽ ലീഡ്സിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു. വില്യം സലിബയുടെ ഹാന്റ് ബോളിന് വാർ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. എന്നാൽ പെനാൽട്ടി എടുത്ത ബാംഫോർഡ് അത് പുറത്ത് അടിച്ചതോടെ ആഴ്‌സണലിന് ആശ്വാസം ആയി. തുടർന്നും ലീഡ്സ് നിരന്തരം ആഴ്‌സണൽ പ്രതിരോധത്തെ പരീക്ഷിച്ചു. പലപ്പോഴും ഭാഗ്യവും റാംസ്ഡേലും ആഴ്‌സണലിന്റെ രക്ഷക്ക് എത്തി. അവസാന നിമിഷങ്ങളിൽ ലീഡ്സിന് അനുകൂലമായി ഒരിക്കൽ കൂടി പെനാൽട്ടി വിളിച്ച റഫറി ബാംഫോർഡിനെ വീഴ്ത്തിയ ഗബ്രിയേലിന് ചുവപ്പ് കാർഡ് നൽകി. എന്നാൽ ഗബ്രിയേലിനെ ആദ്യം ബാംഫോർഡ് ആണ് ഫൗൾ ചെയ്തത് എന്നു വാർ കണ്ടത്തിയതോടെ പെനാൽട്ടി പിൻവലിച്ച റഫറി ഗബ്രിയേലിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചു മഞ്ഞ കാർഡ് നൽകി. ലീഡ്സിന് മുന്നിൽ വിയർത്തെങ്കിലും ജയം കാണാൻ ആയ ആഴ്‌സണൽ ഒന്നാമത് തുടരുമ്പോൾ ലീഡ്സ് 15 സ്ഥാനത്ത് ആണ്.

Exit mobile version