20220813 220353

ഒമ്പത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സതാമ്പ്ടൺ സമനില പിടിച്ചു

പ്രീമിയർ ലീഗ് രണ്ടാം വാരത്തിലെ ആവേശകരമായ മത്സരത്തിൽ സതാംപ്ടണും ലീഡ്‌സും സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോൾ ലീഡുമായി വിജയം ഉറപ്പിച്ച ലീഡ്സിനെ ഒൻപത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചു നേടി സതാംപ്ടൻ പിടിച്ചു കെട്ടി. ലീഡ്‌സിനായി ഇരു ഗോളുകളും റോഡ്രിഗോ നേടിയപ്പോൾ സതാംപ്ടനിന്റെ ഗോളുകൾ വാക്കർ പീറ്റഴ്സും ജോ അരിബോയും നേടി.

ലക്ഷ്യത്തിലേക്ക് ആദ്യം ഉന്നം വെച്ച് റോഡ്രിഗോ തന്നെയാണ് ലീഡ്സിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കം ഇട്ടത്. പരിക്ക് മൂലം ബംഫോർഡിനെ ഇരുപതിയെട്ടാം മിനിറ്റിൽ തന്നെ തിരിച്ചു വിളിക്കെണ്ടി വന്നത് ലീഡ്സിന് തിരിച്ചടി ആയി. സ്‌കോർ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതിക്ക് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്‌കോർ ബോർഡ് ചലിച്ചു. നാല്പത്തിയാറാം മിനിറ്റിൽ ഹാരിസൻ നൽകിയ പാസിൽ ഇടങ്കലൻ ഷോട്ടുമായി റോഡ്രിഗോ ഗോൾ നേടി. അറുപതാം മിനിറ്റിൽ രണ്ടാം ഗോളുമായി റോഡ്രിഗോ ലീഡ് ഉയർത്തിയതോടെ സതാംപ്ടൻ അപകടം മണത്തു. ആംസ്ട്രോങ്, അരിബോ, മാര എന്നിവരെ കളത്തിൽ ഇറക്കി. കളത്തിൽ എത്തി രണ്ടു മിനിറ്റിനുള്ളിൽ അരിബോ ടീമിന്റെ ആദ്യ ഗോൾ നേടി.

പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ സാന്നിധ്യം ഗോളിൽ നിർണായകമായി. സ്വന്തം ഗ്രൗണ്ടിൽ തോൽവി ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ച സതാംപ്ടനിന് ആശ്വാസമായി എണ്പത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. മാരയുടെ അസിസ്റ്റിൽ വാക്കർ പീറ്റേഴ്‌സ് ആണ് ഗോൾ നേടിയത്. തുടർന്ന് ലീഡ്‌സും മാറ്റങ്ങളുമായി മത്സരം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു പിരിഞ്ഞു.

Story Highlight: Southampton leeds united 2-2

Exit mobile version