ലീഡ്സ് യുണൈറ്റഡ് പരിശീലകനായി സ്കുബാല തുടരും

ലീഡ്സ് യുണൈറ്റഡ് തൽക്കാലം പുതിയ സ്ഥിര പരിശീലകനെ നിയമിക്കില്ല. ക്ലബിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കും മൈക്കൽ സ്കുബാല തന്നെ ടീമിനെ നയിക്കുമെന്ന് ലീഡ്സ് യുണൈറ്റഡ് അറിയിച്ചു. പാക്കോ ഗല്ലാർഡോയും ക്രിസ് അർമാസും മൈക്കിളിനൊപ്പം തുടരും. മാർഷ് ക്ലബ് വിട്ടതിനു പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും നല്ല പ്രകടനങ്ങൾ നടത്താൻ ലീഡ്സിനായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓൾഡ്ട്രാഫോർഡിൽ സമനില നേടിയ ലീഡ്സ് പിന്നാലെ എലൻ റോഡിലും മാഞ്ചസ്റ്ററിനെതിരെ നല്ല പ്രകടനം കാഴ്ചവെച്ചു. ഈ വാരാന്ത്യത്തിൽ ഗുഡിസൺ പാർക്കിൽ എവർട്ടനെതിരെ നടക്കുന്ന മത്സരം ആകും സ്കുബാലയുടെ അടുത്ത ദൗത്യം.

വീണ്ടും റാഷ്ഫോർഡ്, പിന്നെ ഗർനാചോയും ലീഡ്സിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

ഓൾഡ്ട്രാഫോർഡിൽ വഴങ്ങിയ സമനിലക്ക് ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. റാഷ്ഫോർഡും ഗർനാചോയും യുണൈറ്റഡിനായി ഗോൾ നേടി.

ഓൾഡ്ട്രാഫോർഡിൽ എന്ന പോലെ ലീഡ്സ് യുണൈറ്റഡിൽ നിന്ന് വലിയ പോരാട്ടം തന്നെയാണ് ഇന്ന് എലൻ റോഡിലും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്. നാലു ദിവസം കഴിഞ്ഞു ബാഴ്സലോണയെ നേരിടേണ്ടതുള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഇന്ന് വരുത്തി. സെന്റർ ബാക്കി ഹാരി മഗ്വയറും ലൂക് ഷോയും ആയിരുന്നു ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റർ ഡിഫൻസിൽ നിന്ന് ഒരുപാട് അബദ്ധങ്ങൾ പിറക്കുന്നതും അതുകൊണ്ട് കാണാൻ ആയി.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലഭിച്ച അവസരങ്ങൾ എതിർ ടീമിന്റെ അബദ്ധങ്ങളിൽ ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ഫെർണാണ്ടസിന് കിട്ടിയ അവസരം താരത്തിന് മുതലെടുക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ലീഡ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. അവർ ഹൈ പ്രസിങിലൂടെ യുണൈറ്റഡിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കി.

തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനസിനെയും ഗർനാചോയെയുൻ കളത്തിൽ ഇറക്കി. ഇത് യുണൈറ്റഡിന്റെ പ്രകടനം മെല്ലെ മെച്ചപ്പെടുത്തി. 80ആം മിനുട്ടിൽ മാർക്കസ് റാഷോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചുത്. കഴിഞ്ഞ മത്സരത്തിലും റാഷ്ഫോർഡ് ഒരു ഹെഡറിലൂടെ ആയിരുന്നു ലീഡ്സിന് എതിരെ ഗോൾ നേടിയത്. ഈ സീസണിലെ റാഷ്ഫോർഡിന്റെ 21ആം ഗോളാണിത്.

അഞ്ചു മിനുട്ടുകൾക്ക് ശേഷം യുവതാരം ഗർനാചോയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോളായി ഇത് മാറി. റാഷ്ഫോർഡ് ഒരു തവണകൂടെ ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡായിരുന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തൽക്കാലം ആണെങ്കിലും 46 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് 19 പോയിന്റുനായി 17ആം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡ് പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്‌സ് യുണൈറ്റഡിനെതിരെ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങും. ഇന്ന് ലീഡ്‌സ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്, ഇന്ത്യൻ സമയം രാത്രി 7.30ന് ആണ് കിക്കോഫ്. ആരാധകർക്ക് എല്ലാ മത്സരം Starsports-ലും Hotstar-ലും തത്സമയം കാണാം.

മൂന്ന് ദിവസം മുമ്പ് ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2 എന്ന സമനിലയിൽ തളച്ചിരുന്നു‌. അന്ന് യുണൈറ്റഡ് 2-0ന് പിറകിൽ പോയ ശേഷം തിരികെ വരികയായിരുന്നു. ലീഡ്‌സ് യുണൈറ്റഡിന് അവരുടെ സ്വന്തം തട്ടകത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താനുള്ള ആത്മവിശ്വാസം കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ തങ്ങളുടെ അവസാന മത്സരത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആകും നോക്കുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്, ലീഡ്സ് യുണൈറ്റഡ് റിലഗേഷൻ പോരാട്ടത്തിലാണ് ഇപ്പോഴും. സസ്‌പെൻഷനിലായ കാസെമിറോ, പരിക്ക് മൂലം ആന്റണി, ആന്റണി മാർഷ്യൽ എന്നിവരുടെ സേവനം ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മത്സരത്തിന് എത്തുന്നത്‌.

ആദ്യം ലീഡ്സ് ഞെട്ടിച്ചു, പിന്നെ മാഞ്ചസ്റ്ററിന്റെ തിരിച്ചടി!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സ് യുണൈറ്റഡും തമ്മിൽ നടന്നത് ഒരു ക്ലാസിക് പോരാട്ടം ആയിരുന്നു. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ടെൻ ഹാഹിന്റെ ടീമിന്റെ ഒരു ക്ലാസിക് തിരിച്ചുവരവ് കാണാൻ ഓൾഡ്ട്രാഫോർഡിലെ ഫുട്ബോൾ പ്രേമികൾക്ക് ആയി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

രണ്ട് പകുതികളുടെ ആദ്യ മിനുട്ടുകളിൽ പ്രഹരിച്ചാണ് ലീഡ്സ് യുണൈറ്റഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വേദനിപ്പിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ വിൽഫ്രഡ് ഗ്നോന്റോയുടെ ഗോളിൽ ആണ് ലീഡ്സ് ലീഡ് എടുത്തത്. ഈ ഗോളിന് തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ പരമാവധി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ ലീഡ്സ് രണ്ടാം ഗോൾ കൂടെ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം മുന്നിൽ കണ്ടു.

ഉടനെ തന്നെ ടെൻ ഹാഗ് പെലിസ്ട്രിയെയും സാഞ്ചോയെയും കളത്തിൽ എത്തിച്ചു. പുതിയ താരങ്ങൾ വന്നത് ഫലം ഉണ്ടാക്കി. പെലെസ്ട്രി പ്രധാന പങ്കുവെച്ച നീക്കത്തിൽ ഡാലോട്ടിന്റെ ഒരു ക്രോസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന് ആയി ഒരു ഗോൾ മടക്കി. റാഷ്ഫോർഡിന്റെ ഓൾഡ്ട്രാഫോർഡ് ഗ്രൗണ്ടിൽ തുടർച്ചയായ ആറാം ലീഗ് മത്സരത്തിലെ ഗോളായിരുന്നു ഇത്.

യുണൈറ്റഡ് സമനില ഗോളിനായുള്ള പോരാട്ടം തുടങ്ങി. രണ്ടാം ഗോൾ ടെൻ ഹാഗിന്റെ സബ്സ്റ്റുട്യൂട്ടായ സാഞ്ചോയുടെ വക. 70ആം മിനുട്ടിൽ ഇടതു വശത്തു കൂടെ വന്ന നീക്കം സാഞ്ചോയുടെ ഷോട്ടിലൂടെ ഗോളായി മാറി. സ്കോർ 2-2. ഫിറ്റ്നസ് വീണ്ടെടുത്ത് വന്ന സാഞ്ചോയുടെ ആദ്യ ഗോൾ.

76ആം മിനുട്ടിൽ ബ്രൂണോയുടെ ക്രോസിൽ നിന്നുള്ള ഒരു ഹെഡറ്റ് ലീഡ്സ് കീപ്പർ സമർത്ഥമായി തടഞ്ഞിട്ടു. പിന്നീടും യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ മാത്രം വന്നില്ല. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

ലീഡ്സ് യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ജെസ്സി മാർഷിനെ പുറത്താക്കി. ക്ലബ് റിലഗേഷൻ ഭീഷണിയിൽ ആയതു കൊണ്ടാണ് ക്ലബ് ഇത്തരം ഒരു തീരുമാനം എടുത്തത്‌. മാർഷ് 2022 ഫെബ്രുവരിയിൽ ആയിരുന്നു ലീഡ്സിൽ എത്തിയത്. അന്ന് ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിച്ച് 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ലീഡ്സിന് ആയിരുന്നു.എന്നാലീ സീസണിൽ ഒരു പുതിയ ദിശ ലീഡ്സിന് നൽകാൻ അമേരിക്കൻ പരിശീലകനായില്ല. ഇന്നലെ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് തോറ്റതിനെത്തുടർന്ന് ലീഡ്സ് 17-ാം സ്ഥാനത്താണ് നിൽക്കുന്നത്. അവസാന സ്ഥാനത്തുള്ള സതാംപ്ടണേക്കാൾ മൂന്ന് പോയിന്റ് മാത്രം മുകളിൽ.

ലീഡ്‌സ് യുണൈറ്റഡിന് ഏറ്റവും നിർണായകമായ സമയത്താണ് മാർഷിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കുന്നത്. ഏറെ കാലത്തിന് ശേഷം ബിയെൽസ ആയിരുന്നു ലീഡ്സിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചത്. പുതിയ ഹെഡ് കോച്ചിനായുള്ള തിരയൽ ക്ലബ് ആരംഭിച്ചു കഴിഞ്ഞു. പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ലീഡ്സിനെ അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

Story Highlight: Jesse Marsch sacked as Leeds head coach

യുവന്റസിന്റെ മക്കെന്നി ഇനി പ്രീമിയർ ലീഗിൽ

യുവന്റസിന്റെ അമേരിക്കൻ താരം വെസ്റ്റൻ മക്കെന്നിയെ ലീഡ്സ് സ്വന്തമാക്കി. ആറ് മാസത്തെ ലോണിൽ ആകും മക്കെന്നി പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 1.2 മില്യൺ ആകും ലോൺ തുക. ഈ സീസൺ അവസാനം 33 മില്യൺ നൽകിയാൽ മക്കെന്നിയെ ലീഡ്സിന് സ്ഥിരമായി സ്വന്തമാക്കുകയും ചെയ്യാം. താരം നാളെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

ലീഗിൽ റിലെഗെഷൻ സോണിന് തൊട്ടു മുകളിൽ നിൽക്കുന്ന ലീഡ്സ് മധ്യനിരക്ക് കരുത്തേകുന്നതിന് വേണ്ടിയാണ് താരത്തെ എത്തിക്കുന്നത്‌. മക്കെന്നി യുവന്റസ് അവരുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ്. ഷാൽക്കെയിൽ നിന്ന് എത്തിയ ശേഷം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അമേരിക്കകാരൻ തന്നെയായ കോച്ച് ജെസ്സെ മാർഷിന്റെ ലീഡ്സിലെ സാന്നിധ്യം മക്കെന്നിയുടെ തീരുമാനത്തെ സ്വാധീനിച്ചു.

മക്കെന്നിയെ നോട്ടമിട്ട് ലീഡ്സ്

യുവന്റസിന്റെ അമേരിക്കൻ താരം വെസ്റ്റൻ മക്കെന്നിയെ എത്തിക്കാൻ ലീഡ്സിന്റെ നീക്കം. ലീഗിൽ റിലെഗെഷൻ സോണിന് തൊട്ടു മുകളിൽ നിൽക്കുന്ന ലീഡ്സ് മധ്യനിരക്ക് കരുത്തേകുന്നതിന് വേണ്ടി താരത്തെ എത്തിക്കാൻ താൽപ്പര്യപ്പെടുന്നതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ടീമുകൾ ആദ്യ ഘട്ട ചർച്ച നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിച്ചു. ട്രാൻസ്ഫർ വിൻഡോ അവസാനത്തോട് അടുക്കാറായതോടെ നീക്കങ്ങൾ വേഗത്തിലായേക്കും.

അതേ സമയം മൊറോക്കോയുടെ ലോകക്കപ്പ് ടീമിലെ താരമായ അസദീൻ ഓനാഹിയെയും ലീഡ്സ് നോട്ടമിട്ടിട്ടുണ്ട്. താരത്തിന് വേണ്ടി നേരത്തെ ലീഡ്സ് ഓഫർ സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് നീക്കുപോക്കുകൾ ഒന്നും ആയിട്ടില്ല. മക്കെന്നി ആവട്ടെ യുവന്റസ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ്. ഷാൽക്കെയിൽ നിന്ന് എത്തിയ ശേഷം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അമേരിക്കകാരൻ തന്നെയായ കോച്ച് ജെസ്സെ മാർഷിന്റെ ലീഡ്സിലെ സാന്നിധ്യവും മക്കെന്നിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കും.

പോയിന്റ് പങ്കുവെച്ച് ലീഡ്സും ബ്രെന്റ്ഫോർഡും

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു ലീഡ്സ് യുണൈറ്റഡും ബ്രെന്റ്ഫോർഡും. ലീഡ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിതമായി പിരിയുകയായിരുന്നു. ഇതോടെ ബ്രെന്റ്ഫോർഡിന്റെ എട്ടാം സ്ഥാനം ഭീഷണിയിലായി. ലീഡ്സ് ആവട്ടെ റെലെഗെഷൻ സോണിൽ നിന്നും ഒരേയൊരു പോയിന്റ് മാത്രം അകലെ പതിനഞ്ചാം സ്ഥാനത്താണ്.

തുടക്കത്തിലെ കുറച്ചു നിമിഷങ്ങൾ ഒഴിച്ചു നിർത്തിയാൽ സ്വന്തം തട്ടകത്തിൽ ലീഡ്സിന് തന്നെ ആയിരുന്നു മേൽകൈ. ഇരു ടീമുകളും പ്രതിരോധം കടുപ്പിച്ചപ്പോൾ ബ്രെൻറ്ഫോർഡിന് ഒരിക്കൽ പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ആയില്ല. ലീഡ്സിന് ആവട്ടെ എതിർ ഗോളിയെ പരീക്ഷിക്കാൻ ആയെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പിഴച്ചു. എതിർ പ്രതിരോധത്തിന് കനത്ത സമ്മർദ്ദം ചെലുത്തി തന്നെയാണ് ലീഡ്സ് ആദ്യാവസാനം കളി മെനഞ്ഞത്. എന്നാൽ നീക്കങ്ങൾ ഒന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല. കൗണ്ടർ അറ്റാക്കിന് പതിയിരുന്ന ബ്രെന്റ്ഫോർഡിന് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ പോലും സാധിച്ചില്ല. അർധാവസരങ്ങൾ മുതലെടുക്കാനുള്ള ലീഡ്സിന്റെ ശ്രമങ്ങൾക്ക് മുന്നിൽ റയ വിലങ്ങു തടിയായി നിന്നു. രണ്ടാം പകുതിയിൽ ഗ്നോട്ടോയുടെയും റോഡ്രിഗോയുടെയും ഷോട്ടുകൾ താരം തടുത്തു.

ഓസ്ട്രിയൻ പ്രതിരോധ താരം വോബെർ ലീഡ്സിലേക്ക്

ഓസ്ട്രിയൻ താരം മാക്സിമിലിയൻ വോബെർ ലീഡ്സിലേക്ക് എത്തും. സാൽസ്ബർഗ് താരത്തെ എത്തിക്കാൻ ക്ലബ്ബുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. വോബറുമായും ലീഡ്സ് കരാറിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കൈമാറ്റ തുക പന്ത്രണ്ട് മില്യൺ യൂറോയോളമാണെന്നാണ് സൂചന.

നേരത്തെ സെവിയ്യ, അയാക്‌സ് എന്നീ ടീമുകൾക്കായി ബൂട്ട് കെട്ടിയ താരമാണ് വോബെർ. സെവിയ്യയിൽ നിന്നും റെക്കോർഡ് തുകക്കാണ് അന്ന് സാൽസ്ബർഗ് താരത്തെ എത്തിച്ചത്. ടീമിനോടൊപ്പം തുടർച്ചയായി ലീഗ് കിരീടം നേടി. ലീഡ്സ് കോച്ച് ജെസ്സെ മാർഷിന്റെ സാന്നിധ്യവും കൈമാറ്റത്തിൽ നിർണായകമായി. റെഡ് ബുൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ കൂടെ ഉണ്ടായിരുന്ന ടെയ്‌ലർ ആദംസ്, ക്രിസ്റ്റൻസൻ, ആരോൻസൻ എന്നിവരെയും ലീഡ്‌സിലേക്ക് എത്തിച്ചിരുന്നു. സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കുന്ന താരത്തിന് ലെഫ്റ്റ് ബാക്ക് സ്ഥാനത്തും തിളങ്ങാൻ വോബെറിനാവും.

മൂന്ന് തവണ പിറകിൽ പോയിട്ടും സ്പർസ് തിരിച്ചടിച്ചു ജയിച്ചു, എജ്ജാതി ത്രില്ലർ

ത്രില്ലർ പോരിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം

ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം. കൈവിട്ടു പോകുമായിരുന്ന മത്സരം ബെന്റാങ്കുറിന്റെ ഇരട്ട ഗോളുകളിലൂടെ തിരിച്ചു പിടിച്ച സ്പർസിന് താല്ക്കാലികമായി മൂന്നാം സ്ഥാനം ഉറപ്പിക്കാനും കഴിഞ്ഞു.

ഹാരി കെയ്നൊപ്പം കുലുസേവ്സ്കിയെയും റിച്ചാർലിസനേയും അണിനിരത്തിയാണ് ടോട്ടനം ഇറങ്ങിയത്. സ്വന്തം തട്ടകത്തിൽ പത്താം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങാനായിരുന്നു പക്ഷെ വിധി. സമ്മർവില്ലയാണ് ലീഡ്‌സിനായി വല കുലുക്കിയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഹാരി കെയിൻ സമനില ഗോൾ കണ്ടെത്തി. ഫ്രീകികിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുൻപ് റോഡ്രിഗോ വീണ്ടും ലീഡ്സിനെ മുൻപിൽ എത്തിച്ചു. കോർണറിലൂടെ വന്ന ബോൾ ക്ലിയർ ചെയ്തെങ്കിലും വീണ്ടും റോഡ്രിഗോയിലേക്ക് എത്തിയപ്പോൾ തടയാൻ ലോറിസിന് ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ടോട്ടനം സമനില പിടിച്ചു. അൻപതിയൊന്നാം മിനിറ്റിൽ. ബെൻ ഡേവിസ് ഇരുപത് വാര അകലെ നിന്നും തൊടുത്ത ഷോട്ട് ലീഡ്സിന്റെ പ്രതിരോധ താരങ്ങളെ കടന്ന് പോസ്റ്റിലേക്ക് ഉരുണ്ടു കയറി. എന്നാൽ ലീഡ്സ് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. റോഡ്രിഗോയുടെ മികച്ചൊരു ഫിനിഷിങ് വീണ്ടും തുണയായപ്പോൾ എഴുപതിയാറാം മിനിറ്റിൽ ഒരിക്കൽ കൂടി ലീഡ്സ് മുന്നിലെത്തി.

അഞ്ച് മിനിറ്റുകൾക്ക് ശേഷം ബെന്റാങ്കുർ അവതരിച്ചു. ദോഹർടിയുടെ പാസ് സ്വീകരിച്ച താരം തൊടുത്ത ഷോട്ട് മത്സരത്തിൽ മൂന്നാം തവണ ടോട്ടനത്തിന് സമനില സമ്മാനിച്ചു. വെറും രണ്ടു മിനിറ്റുകൾക് ശേഷം കുലുസേവ്കിയുടെ പാസിൽ ഒരിക്കൽ കൂടി ഉറുഗ്വേയൻ താരം വല കുലുക്കിയതോടെ മത്സരത്തിൽ ആദ്യമായി ആതിഥേയർ മുന്നിലെത്തി. ആഡംസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ മത്സരം ലീഡ്സിനെ കയ്യിൽ നിന്നും പൂർണമായി വഴുതി.

മാറിമറിഞ്ഞു ലീഡ്; ഏഴു ഗോൾ ത്രില്ലറിൽ ലീഡ്സ്

ഏഴു ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ബേൺമൗത്തിനെ കീഴടക്കി ലീഡ്സ്. ലീഡ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയം കണ്ടെത്തിയത്. ലീഡുകൾ മാറി മറിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ഇടതടവില്ലാതെ ഗോൾ കണ്ടെത്തിയപ്പോൾ മികച്ചൊരു ത്രില്ലർ പോരാട്ടം തന്നെയാണ് ആരാധകർക്ക് ലഭിച്ചത്.

സ്വന്തം തട്ടകത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലീഡ്സിന്റെ ഗോളോടെയാണ് മത്സരത്തിന് അരങ്ങുണർന്നത്. എതിർ ബോക്സിലേക്ക് ഓടിക്കയറിയ സമ്മർവില്ലെയെ സെനെസി വീഴ്ത്തിയപ്പോൾ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത റോഡ്രിഗോക്ക് ഒട്ടും പിഴച്ചില്ല. എന്നാൽ ഗോളിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുൻപ് ബേൺമൗത് തിരിച്ചടിച്ചു. ഏഴാം മിനിറ്റിൽ ടെവെർനിയറിന്റെ വോളി എതിർ വല കുലുക്കി. പത്തൊൻപതാം മിനിറ്റിൽ ബില്ലിങ്ങിന്റെ ഇടംകാലൻ ഷോട്ട് ബേൺമൗത്തിന് ഗോൾ സമ്മാനിച്ചപ്പോൾ സന്ദർശകർ ആദ്യമായി മത്സരത്തിൽ മുന്നിലെത്തി. മത്സരം ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ ബേൺമൗത്ത് നിർത്തിയിടത്തും നിന്നും തുടങ്ങി. നാല്പത്തിയെട്ടാം മിനിറ്റിൽ തന്നെ അവർ ലീഡ് ഉയർത്തി. ലീഡ്സിന്റെ കോർണറിൽ നിന്നും പിറന്ന കൗണ്ടർ അറ്റാക്ക് സോളങ്കി വലയിൽ എത്തിച്ചു. എന്നാൽ തിരിച്ചു വരവിന് ലീഡ്സ് കോപ്പുകൂട്ടുന്നതെ ഉണ്ടായിരുന്നുള്ളൂ. അറുപതാം മിനിറ്റിൽ സബ്ബായി എത്തിയ ഗ്രീൻവൂഡിന്റെ ഗോളിലൂടെ തിരിച്ചടി തുടങ്ങിയ ലീഡ്സ് എട്ട് മിനിറ്റിന് ശേഷം സമനില ഗോളും കണ്ടെത്തി. ഗ്രീൻവുഡിന്റെ തന്നെ കോർണറിൽ തല വെച്ച് കൂപ്പർ ആണ് സമനില ഗോൾ സമ്മാനിച്ചത്. വീണ്ടും മുന്നിൽ എത്താനുള്ള ബേൺമൗത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് എൺപതിനാലാം മിനിറ്റിൽ ആതിഥേയർ മത്സരത്തിൽ ഒരിക്കൽ കൂടി ലീഡ് എടുത്തു. നോൻറ്റോയുടെ പാസിൽ സമ്മർവില്ലയാണ് നിർണായക ഗോൾ ടീമിന് സമ്മാനിച്ചത്. ഇതോടെ ലീഡ്സ് പന്ത്രണ്ടാമതും ബേൺമൗത് പതിനഞ്ചാമതും ആണ് ലീഗിൽ.

ആൻഫീൽഡ് ലീഡ്സിന്റേതായി, പ്രീമിയർ ലീഗിൽ ലിവർപൂൾ വീണ്ടും പതറി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ ലിവർപൂൽ എഫ് സിക്ക് കാലിടറി. ഇന്ന് ആൻഫീൽഡിൽ ലീഡ്സ് യുണൈറ്റഡ് അവസാന നിമിഷം നേടിയ ഗോളിൽ ക്ലോപ്പിന്റെ ടീമിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളികൾക്കാണ് ലീഡ്സ് ഇന്ന് വിജയിച്ചത്. സമ്മർവിലെയുടെ ഗോളാണ് ലീഡ്സിന് ജയം നൽകിയത്. ലിവർപൂൾ ഈ സീസൺ ലീഗിൽ ഇതാദ്യമായാണ് ആൻഫീൽഡിൽ ഒരു കളി പരാജയപ്പെടുന്നത്.

ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ലിവർപൂൾ ഡിഫൻഡർ വരുത്ത പിഴവ് 3ആം മിനുട്ടിൽ തന്നെ ലീഡ്സിന് ലീഡ് നൽകി. ഗോമസിന്റെ ഒരു ബാക്ക് പാസ് കൈക്കലാക്കി റോഡ്രിഗോ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു. ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ പകരം ഗോളടിച്ചു. 14ആം മിനുട്ടിൽ റൊബേർട്സന്റെ ഒരു ക്രോസിൽ നിന്ന് സലാ ആണ് ലിവർപൂളിന് സമനില നൽകിയത്.

ഇതിനു ശേഷം ലിവർപൂൾ ഏറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ എല്ലാ ശ്രമങ്ങളെയും തടയാൻ ലീഡ്സ് കീപ്പർ മെസ്ലിയർക്ക് ആയി. നൂനിയസിന്റെ തന്നെ രണ്ട് ഗംഭീര ഷോട്ടുകൾ ലീഡ്സ് കീപ്പർ തടഞ്ഞു.

അവസാനം 89ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ വെച്ച് ബ്രാംഫോർഡിൽ നിന്ന് പാസ് സ്വീകരിച്ച് ആയിരുന്നു സമ്മർവിൽ വിജയ ഗോൾ നേടിയത്.

റിലഗേഷൻ സോണിൽ ആയിരുന്ന ലീഡ്സിനെ ഈ വിജയം പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. ലിവർപൂൾ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version