Super League Kerala

കേരളത്തിലെ പ്രതിഭകളെ കണ്ടെത്താൻ സൂപ്പർ ലീഗ് കേരളയുടെ ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചർ’; ട്രയൽസ് ജൂലൈ 22 മുതൽ ആറ് നഗരങ്ങളിൽ, കായിക മന്ത്രി ഒ. ജനീഷ് ഉദ്ഘാടനം ചെയ്തു

Resizedimage 2026 07 15 17 43 56 1

കൊച്ചി: കേരളത്തിലെ പ്രാദേശിക ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് പ്രൊഫഷണൽ കരിയർ കെട്ടിപ്പടുക്കാൻ മികച്ച വേദി ഒരുക്കുന്നതിനുമായി സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്ന ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചർ’ (Project Game Changer) പുതിയ പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കായിക വകുപ്പ് മന്ത്രി ഒ. ജനീഷ് നിർവ്വഹിച്ചു. സംസ്ഥാനത്തെ അണ്ടർ-23 (U-23) കളിക്കാർക്കായി നടത്തുന്ന ഓപ്പൺ സെലക്ഷൻ ട്രയൽസാണിത്. ഈ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യുവപ്രതിഭകൾക്ക് സൂപ്പർ ലീഗ് കേരളയുടെ വിവിധ ക്ലബ്ബുകളുടെ ഭാഗമാകാൻ സുവർണ്ണാവസരം ലഭിക്കും.

“കേരളത്തിലെ പ്രാദേശിക കായിക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ തെളിയിക്കാനും, പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം കളിച്ച് വളരാനും സൂപ്പർ ലീഗ് കേരള ഒരുക്കുന്ന മികച്ചൊരു സംരംഭമാണ് പ്രൊജക്റ്റ് ഗെയിം ചേഞ്ചർ,” എന്ന് ഉദ്ഘാടന വേളയിൽ കായിക മന്ത്രി ഒ. ജനീഷ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ വൻ വിജയമായിരുന്ന ഈ പദ്ധതിയിൽ 2500-ലധികം യുവ കളിക്കാർ പങ്കെടുത്തിരുന്നു. അതിൽ മികവ് തെളിയിച്ച 6 പ്രതിഭകൾ സൂപ്പർ ലീഗ് കേരളയുടെ വിവിധ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കഴിഞ്ഞ സീസണിലെ മത്സരങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. സംസ്ഥാനത്തെ പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് മുന്നോടിയായ് ഈ പദ്ധതി ഈ വർഷവും വിപുലമായി തുടരുന്നത്.

സൂപ്പർ ലീഗ് കേരള സി.ഇ.ഓ-യും ഡയറക്ടറുമായ മാത്യു ജോസഫ് ചടങ്ങിൽ വ്യക്തമാക്കി: “കഴിഞ്ഞ സീസണിൽ പ്രൊജക്റ്റ് ഗെയിം ചേഞ്ചറിലൂടെ ലീഗിലെത്തിയ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷവും ഈ പ്രൊജക്ടിലൂടെ ഒരുപിടി മികച്ച ഫുട്ബോൾ പ്രതിഭകളെ ലീഗിലേക്ക് കണ്ടെത്താൻ സാധിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.”

വരുന്ന സീസണിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജൂലൈ 22 മുതൽ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തെ 6 പ്രധാന നഗരങ്ങളിലായി നടക്കും. സൂപ്പർ ലീഗ് കേരളയിലെ ഓരോ ക്ലബ്ബിന്റെയും ഔദ്യോഗിക സെലക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ട്രയൽസ് നടക്കുക. കൂടാതെ, ഓപ്പൺ കാറ്റഗറി സ്കൗട്ടിംഗ് ഓഗസ്റ്റ് 6-ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

U-23 സ്കൗട്ടിംഗ് വിവരങ്ങൾ താഴെ നൽകുന്നു:
കണ്ണൂർ: ജവഹർ മുൻസിപ്പൽ സ്റ്റേഡിയം — ജൂലൈ 22, 23
കോഴിക്കോട്: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം — ജൂലൈ 25, 26
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയം — ജൂലൈ 28, 29
എറണാകുളം: മഹാരാജാസ് കോളേജ് ഗ്രൗണ്ട് — ഓഗസ്റ്റ് 1, 2
തൃശൂർ: കോർപ്പറേഷൻ സ്റ്റേഡിയം — ഓഗസ്റ്റ് 4 & 5 (ഓപ്പൺ കാറ്റഗറി സ്കൗട്ടിംഗ്: ഓഗസ്റ്റ് 6)
തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം — ഓഗസ്റ്റ് 8, 9

കൂടുതൽ വിവരങ്ങൾക്ക്: https://gamechanger.superleaguekerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.