ആദ്യ ജയം തേടി മലപ്പുറം എഫ്‌സി തലസ്ഥാനത്ത്

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ മൂന്നാം റൗണ്ട് പോരാട്ടത്തിനായി മലപ്പുറം എഫ്‌സി മൈതാനത്തിറങ്ങുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയാണ് മലപ്പുറത്തിന്റെ എതിരാളികൾ [ ഒക്ടോബർ 11 (11-10-2026) ഞായറാഴ്ച].
ആദ്യ മത്സരത്തിൽ ഫോർസ കൊച്ചിയോട് 1-0 നും രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ്‌സിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെട്ട മലപ്പുറം എഫ്‌സിക്ക് നിലവിൽ ഒരു പോയിന്റാണുള്ളത്. നാളെ നടക്കുന്ന പോരാട്ടത്തിൽ തലസ്ഥാനത്ത് ആദ്യ വിജയം തന്നെ സ്വന്തമാക്കുകയാണ് മലപ്പുറത്തിന്റെ ലക്ഷ്യം. അതേസമയം രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഷൂട്ടൗട്ട് വിജയവുമായി രണ്ട് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസും ആദ്യ പൂർണ്ണ വിജയത്തിനായി നാളെ പോരാടും.
മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ തന്ത്രങ്ങളിലാണ് മലപ്പുറം എഫ്‌സി നാളെ മൂന്നാം റൗണ്ടിനിറങ്ങുന്നത്. ആദ്യ മത്സരങ്ങളിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ വിജയപാതയിൽ തിരിച്ചെത്താനാണ് ടീമിന്റെ ശ്രമം. ഘാന സെന്റർ ബാക്ക് അബ്ദുൽ സമദ് അങ്കോ, യുവതാരം ബിലാൽ ,മൊറോക്കൻ താരം എൽഫോർസി,ഡാനിയേൽ ലാലിംപുയിയ തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനത്തിലാണ് മലപ്പുറത്തിന്റെ പ്രതീക്ഷകൾ. ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിംഗ് പോയിൻറ് എത്തുമ്പോൾ ഗോളടിക്കാൻ കഴിയാത്തതാണ് നിലവിൽ മലപ്പുറം എഫ്.സി നേരിടുന്ന പ്രധാന പ്രശ്നം. സ്ട്രൈക്കർമാരായ ഫ്രഞ്ച് താരം അമാദു സൊകൂനയും ബോസ്നിയൻ താരം നദീം ഹാദ്സിച്ചും ഗോളടിച്ചു തുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാവും. തലസ്ഥാനത്ത് വിജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറുകയാണ് മലപ്പുറം എഫ്‌സിയുടെ ലക്ഷ്യം.
മറുഭാഗത്ത് കഴിഞ്ഞ മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ ഷൂട്ടൗട്ടിൽ (3-0) പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരം കൊമ്പൻസ് നാളെ ഇറങ്ങുന്നത്. നിശ്ചിത സമയത്ത് (1-1) സമനിലയായ മത്സരത്തിൽ യുവതാരം മുഹമ്മദ് നിഷാം കൊമ്പൻസിനായി ഗോൾ നേടിയിരുന്നു. ഗോൾകീപ്പർ സത്യജിത്തിന്റെ പ്രകടനവും കൊമ്പൻസിന് കരുത്തായി. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ നാല് മൽസരങ്ങളിലും സമനിലയായിരുന്നു ഫലം. തലസ്ഥാനത്തെ സ്വന്തം തട്ടകത്തിൽ മലപ്പുറത്തിനെതിരെ വിജയം നേടാനാണ് അവരുടെ ശ്രമം.