Super League KeralaFeatured

ഇഞ്ചുറി ടൈം നാടകീയതയിൽ കാലിക്കറ്റ് എഫ് സിക്ക് ജയം

Resizedimage 2026 10 10 22 38 25 1

തൃശൂർ: തുടർച്ചയായ മൂന്നാം വിജയവുമായി കാലിക്കറ്റ്‌ എഫ് സി
വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. തൃശൂർ മാജിക്ക് എഫ് സിയെ 2-1 ന് തോൽപ്പിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് പിറന്ന സെൽഫ് ഗോളാണ് കാലിക്കറ്റിന് വിജയം നൽകിയത്. ഒന്നാം പകുതിയിൽ എമിൽ ബെന്നിയിലൂടെ മുന്നിലെത്തിയ കാലിക്കറ്റിനെ രണ്ടാം പകുതിയിൽ
സിലാജിത്ത് സന്ത്ര നേടിയ ഗോളിൽ തൃശൂർ സമനിലയിൽ പിടിച്ചിരുന്നു. എന്നാൽ സമദിന്റെ സെൽഫ് ഗോൾ മത്സരത്തിന്റെ വിധി എഴുതി. മൂന്ന് കളികളിൽ എട്ട് പോയന്റുമായി കാലിക്കറ്റ്‌ ഒന്നാമത് നിൽക്കുമ്പോൾ ഒരു പോയന്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ്.

കിക്കോഫ് വിസിൽ മുഴങ്ങി 50-ാം സെക്കൻഡിൽ തന്നെ കാലിക്കറ്റ് എഫ്‌സി വലകുലുക്കി. മൈതാനമധ്യത്തിൽ നിന്ന് മുന്നേറിയ മാക്സിമിലിയാനോ കൃത്യമായി പന്ത് വലതുവിങ്ങിലേക്ക് നൽകി. വേഗത്തിലെത്തിയ എമിൽ ബെന്നി പാസ് സ്വീകരിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ പന്ത് പോസ്റ്റിലേക്ക് പായിച്ചു (1-0). സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.

14-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം കാലിക്കറ്റ് ക്യാപ്റ്റൻ മാക്സിമിലിയാനോ നഷ്ടമാക്കി. ആദ്യപകുതിയിൽ മികച്ച മൂന്ന് അവസരങ്ങൾ കൂടി കാലിക്കറ്റ്‌ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ കൃത്യത യില്ലായ്മ തിരിച്ചടിയായി. മധ്യനിരയിൽ ക്യാപ്റ്റൻ ലെനി റോഡ്രിഗസ് ഫോമിലേക്ക് ഉയരാതിരുന്നതോടെ ആദ്യപകുതിയിൽ തൃശൂരിന് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇരുടീമുകളും പകരക്കാരെ ഇറക്കി കളിയുടെ ഗതി മാറ്റാനുള്ള നീക്കം നടത്തി. തൃശൂർ നൈജീരിയൻ താരം വാലന്റീനെയും മുഹമ്മദ് ബാസിത്തിനെയും കളത്തിലിറക്കിയപ്പോൾ, കാലിക്കറ്റ് ബ്രസീലുകാരൻ ലിയോയെ കൊണ്ടുവന്നു. 54-ാം മിനിറ്റിൽ തൃശൂരിന്റെ രണ്ട് താരങ്ങളെ വെട്ടിയൊഴിഞ്ഞ അർജന്റീനക്കാരൻ ഫെഡറിക്കോ ബുവാസോ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പാഞ്ഞു. 61-ാം മിനിറ്റിൽ തൃശൂർ സമനില നേടി. ബോക്സിന് പുറത്തുനിന്നുള്ള സെർജിയോ ഗിലിന്റെ ഷോട്ട് കാലിക്കറ്റ്‌ ഗോൾ കീപ്പർ മിർഷാദ് തടുത്തിട്ടപ്പോൾ ഓടിയെത്തിയ പകരക്കാരൻ സിലാജിത്ത് സന്ത്ര ഗോളാക്കി മാറ്റി. 68-ാം മിനിറ്റിൽ കാൽവിൻ തോമസ് തൃശൂർ പോസ്റ്റിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് പിറന്ന സെൽഫ് ഗോൾ കാലിക്കറ്റിന് 2-1 ന്റെ വിജയം നൽകി. ആൻഡ്രൂസിന്റെ ഷോട്ട് തടയാനുള്ള സമദിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ കയറു mകയായിരുന്നു.

ഞായറാഴ്ച (ഒക്ടോബർ 11) മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ് സി, മലപ്പുറം എഫ് സിയുമായി മത്സരിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.