കണ്ണൂരിന്റെ ആക്രമണത്തിലെ ‘മിന്നല്‍’ നിജോ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ കുതിപ്പിന് വേഗം പകരുകയാണ് നിജോ ഗില്‍ബേര്‍ട്ട് എന്ന ‘മിന്നല്‍’. കളിക്കളത്തില്‍ പന്തുമായി കുതിച്ചെത്തി എതിരാളികളുടെ പ്രതിരോധനിരയെ വിറപ്പിക്കുന്ന നിജോ, മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് അസിസ്റ്റുകളുമായി ടീമിന്റെ ആക്രമണത്തിലെ നിര്‍ണായക സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇതോടെ ഒരു സീസണില്‍ കണ്ണൂര്‍ വാരിയേഴ്സിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ സ്പാനിഷ് താരം അഡ്രിയാന്‍ സര്‍ദിനേറോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും നിജോയ്ക്ക് സാധിച്ചു. ഫോഴ്സ കൊച്ചിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് നേടിയ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് നിജോയായിരുന്നു. കൃത്യമായ പാസുകളും കളി വായിച്ചെടുക്കാനുള്ള മികവും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ മറികടന്ന താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
കേരള ഫുട്ബോളില്‍ ‘മിന്നല്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നിജോ ഗില്‍ബേര്‍ട്ട് തന്റെ പേരിനെ അന്വര്‍ഥമാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ഇടതുവിങ്ങില്‍ കളിക്കുന്ന നിജോയെ ഈ സീസണിലെ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹോം മത്സരങ്ങളില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളിലാണ് പരിശീലകസംഘം വിന്യസിച്ചത്. ഈ പൊസിഷനിലെ മാറ്റം താരത്തിന്റെ കളിയില്‍ പുതിയൊരു മാനം തുറന്നു. വിങ്ങിലൂടെ മുന്നേറി എതിരാളികളുടെ ബോക്സിലേക്ക് കയറുന്ന ശൈലിക്കൊപ്പം മധ്യനിരയില്‍നിന്നും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും നിജോയ്ക്ക് സാധിക്കുന്നു. പന്ത് കാലിലെത്തുമ്പോള്‍ തന്നെ എതിരാളികളുടെ പ്രതിരോധനിരയ്ക്ക് ജാഗ്രത വര്‍ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലാണ് താരത്തിന്റെ മുന്നേറ്റങ്ങള്‍.
ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല സ്വയം ഗോളുകള്‍ കണ്ടെത്തുന്നതിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നിജോ. ആക്രമണത്തിലെ വേഗവും കൃത്യതയും കളിക്കളത്തിലെ വ്യത്യസ്ത പൊസിഷനുകളില്‍ ഒരുപോലെ തിളങ്ങാനുള്ള കഴിവും കണ്ണൂര്‍ വാരിയേഴ്സിന് വലിയ മുതല്‍ക്കൂട്ടാണ്.
സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫോഴ്സ കൊച്ചിക്കായി ബൂട്ടുകെട്ടിയ നിജോ, മൂന്നാം സീസണിലാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ ഭാഗമായത്. പുതിയ ടീമിലെത്തിയ ആദ്യ മത്സരത്തില്‍തന്നെ തന്റെ മികവ് തെളിയിച്ച താരം, ഓരോ മത്സരത്തിലും ടീമിന്റെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച പകരുകയാണ്. സന്തോഷ് ട്രോഫി കിരീടം അടക്കം നേടിയ താരം നിലവില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആക്രമണത്തിലെ നിര്‍ണായക സാനിധ്യമാണ്.