എവർട്ടൻ വീണ്ടും തോറ്റു, സമ്മർദത്തിലായി മാർക്കോസ് സിൽവ
മാർക്കോസ് സിൽവയുടെ ഏവർട്ടനിലെ ഭാവി വീണ്ടും അവതാളത്തിലാക്കി പുതിയ തോൽവി. പ്രീമിയർ ലീഗിൽ നോർവിച്ചിനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ സ്വന്തം മൈതാനത്ത് തോറ്റത്. നിലവിൽ 14 പോയിന്റുമായി 15 ആം സ്ഥാനത്താണ് അവർ. പത്ത് പോയിന്റുള്ള നോർവിച് 18 ആം സ്ഥാനത്താണ്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54 ആം മിനുട്ടിൽ ടോഡ് കാന്റ്വെൽ ആണ് നോർവിച്ചിനെ മുന്നിൽ എത്തിച്ചത്. ടീമു പുക്കിയാണ് ഗോളിന് അവസരം ഒരുക്കിയത്. ഗോൾ വഴങ്ങിയ എവർട്ടൻ സമനില ഗോളിനായി ശ്രമിച്ചെങ്കിലും നോർവിച് പ്രതിരോധം ഉറച്ചു തന്നെ നിന്നതോടെ അവർക്ക് ഒന്നും ചെയ്യാനായില്ല. ഇഞ്ചുറി ടൈമിൽ ഡെനിസ് സ്‌ബെന്നി നോർവിച്ചിന്റെ രണ്ടാം ഗോളും നേടി ജയം ഉറപ്പിച്ചു.