Premier League

സിറ്റിക്ക് അനായാസ ജയം, നിർണായക പോരാട്ടത്തിന് മുൻപ് ലിവർപൂളിന് സമ്മർദ്ദം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ആദ്യ പകുതിയിൽ നേടിയ 2 ഗോളുകളുടെ പിൻബലത്തിൽ ദുർബലരായ ഫുൾഹാമിനെയാണ് അവർ മറികടന്നത്. ജയത്തോടെ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാളെ ശക്തരായ ടോട്ടൻഹാമിനെ നേരിടാനിരിക്കുന്ന ലിവർപൂളിന് ഇതോടെ സമ്മർദ്ദം ഏറുമെന്ന് ഉറപ്പായി.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ സിറ്റി ലീഡ് നേടിയിരുന്നു. ഈ സീസണിൽ കിടിലൻ ഫോമിലുള്ള ബെർനാടോ സിൽവയാണ് ഗോൾ നേടിയത്. സെർജിയോ അഗ്യൂറോയുടെ പാസിൽ നിന്നാണ് ഗോൾ വന്നത്. പിന്നീട് 27 ആം മിനുട്ടിൽ ഇതേ സഖ്യം തന്നെ വീണ്ടും ഒന്നിച്ചപ്പോൾ സിറ്റിയുടെ ലീഡ് രണ്ടായി. ഇത്തവണ സിൽവയുടെ അസിസ്റ്റിൽ നിന്ന് അഗ്യൂറോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സിറ്റിയുടെ ആക്രമണത്തെ തടയാൻ ആയെങ്കിലും 2 ഗോൾ വിത്യാസം മറികടക്കാൻ ഫുൾഹാമിനായില്ല.