ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് വനിത സിംഗിള്‍സില്‍ നിന്ന് വൈഷ്ണവി റെഡ്ഢി ജക്ക പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ 27 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്. ഡെന്മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ആണ് വൈഷ്ണവിയെ പരാജയപ്പെടുത്തിയത്.
ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ സഖ്യം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് കൂട്ടുകെട്ടായ നാന്‍ സാംഗ്-ചെംഗ് ലിയു സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങളായ മനു അട്രി-സുമീത് റെഡ്ഢീ കൂട്ടുകെട്ട് അടിയറവു പറഞ്ഞത്.
53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങളാണ് സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ചൈനീസ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോര്‍: 21-15, 15-21, 17-21.
34 മിനുട്ട് മാത്രം നീണ്ട മത്സരത്തിനൊടുവില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ സായി പ്രണീത് മത്സരം അടിയറവു പറയുകയായിരുന്നു. ഇരു ഗെയിമുകളില്‍ തായ്‍വാന്‍ താരത്തിനു ശക്തമായ ചെറുത്ത് നില്പ് നല്‍കുവാന്‍ പ്രണീതിനു സാധിച്ചില്ല. പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മയും എച്ച് എസ് പ്രണോയും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പ്രണീതിനു അതേ നേട്ടം കൈവരിക്കാനായില്ല.
സ്കോര്‍: 21-10, 21-13. ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തുള്ള തായ്‍വാന്‍ താരത്തോട് തന്നെയാണ് പ്രണീത് കഴിഞ്ഞാഴ്ച നടന്ന മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങിയത്. നിലവില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യന്‍ താരത്തിനു സ്വന്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല.
വീണ്ടുമൊരു വമ്പന്‍ താരത്തെ കീഴടക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ ജയന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പ്രണോയ് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് ഇതിഹാസ താരം ലിന്‍ ഡാനിനെയാണ് ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം പ്രണോയ് വിജയിച്ചപ്പോള്‍ രണ്ടാം ഗെയില്‍ ലിന്‍ ഡാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമും സ്വന്തമാക്കി പ്രണോയ് മത്സരം നേടിയപ്പോള്‍ 59 മിനുട്ടാണ് മത്സരം നീണ്ടത്.
സ്കോര്‍: 21-15, 9-21, 21-14. നേരത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മയും ജയം സ്വന്തമാക്കിയിരുന്നു.
ഇന്തോനേഷ്യ ഓപ്പണില്‍ റാസ്‍മസ് ഗെംകേയെ 21-9, 12-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തി സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടില്‍ കടന്നു. തീപ്പാറുന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ആദ്യ രണ്ട് ഗെയിമുകള്‍ ഇരു താരങ്ങളും അനായാസമായ രീതിയില്‍ എതിരാളികളെ മറികടന്നുവെങ്കിലും പിന്നീട് മൂന്നാം ഗെയിമില്‍ അവസാന നിമിഷം വരെ ഇരു താരങ്ങളും പൊരുതുന്നതാണ് കണ്ടത്.
22-20 എന്ന സ്കോറിനു മൂന്നാം ഗെയിമും സ്വന്തമാക്കി സമീര്‍ വര്‍മ്മ ഡെന്മാര്‍ക്ക് താരത്തെ പിന്തള്ളുകയായിരുന്നു.
നാളെ ആരംഭിക്കുന്ന ഇന്തോനേഷ്യ ഓപ്പണില്‍ നിലവിലെ ജേതാവ് ശ്രീകാന്ത് കിഡംബി തന്റെ കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. മലേഷ്യ ഓപ്പണ്‍ സെമിയില്‍ കഴിഞ്ഞ ശനിയാഴ്ച ശ്രീകാന്ത് പരാജയപ്പെട്ട ജപ്പാന്റെ കെന്റോ മോമോട്ടയാണ് താരത്തിന്റെ ആദ്യ റൗണ്ട് എതിരാളി. ബുധനാഴ്ചയാണ് ശ്രീകാന്തിന്റെ മത്സരം. കഴിഞ്ഞ ശനിയാഴ്ചത്തെതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം താന്‍ പുറത്തെടുത്താല്‍ മാത്രമേ കെന്റോയെ മറികടക്കാനാകൂ എന്ന് ശ്രീകാന്ത് വ്യക്തമാക്കി.
എച്ച് എസ് പ്രണോയ്, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവരാണ് പുരുഷ വിഭാഗത്തിലെ മറ്റു താരങ്ങള്‍. പ്രണോയയുടെ എതിരാളി ചൈനയുടെ ലിന്‍ ഡാന്‍ ആണ്. സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ റാസ്‍മസ് ഗെംകേയെ നേരിടും. തായ്‍വാന്റെ സു വെയി വാംഗ് ആണ് സായി പ്രണീതിന്റെ എതിരാളി.
വനിത വിഭാഗം സിംഗിള്‍സില്‍ വൈഷണവി റെഡ്ഢി ജാക്ക, പി വി സിന്ധു, സൈന നെഹ്‍വാല്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
യോഗ്യത നേടിയിട്ടും ടീമിൽ നിന്നും ഒഴിവാക്കി എന്ന് ആരോപിച്ച് മലയാളികളായ വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയിലേക്ക്. ഗോപിചന്ദിന്റെ മകള്‍ക്കു വേണ്ടി ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ടീമിൽ നിന്നും മലയാളി താരങ്ങളായ അപര്‍ണ ബാലനേയും കെ.പി.ശ്രുതിയെയും ഒഴിവാക്കിയെന്നു പറഞ്ഞാണ് ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഗോപിചന്ദ് സെലക്ഷൻ കമ്മറ്റിയുടെ ഭാഗമായി സെലെക്ഷൻ തീരുമാനങ്ങൾ അട്ടിമറിച്ചെന്നും മകളെ ടീമിലെടുക്കാൻ അർഹരായവരെ തഴഞ്ഞുമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കോടതിക്ക് മുൻപിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറിനും ഹർജിക്കാർ പരാതി നൽകിയിരുന്നു.
മലേഷ്യ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി മലേഷ്യയുടെ ചോംഗ് വീ ലീ. ജപ്പാന്റെ കെന്റോ മോമോട്ടയെ നേരിട്ടുള്ള ഗെയിമുകളിലാണ് ലീ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-17നു നേടിയ ലീയ്ക്കെതിരെ രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതുവാന്‍ ജപ്പാന്‍ താരത്തിനു കഴിഞ്ഞുവെങ്കിലും ആ ഗെയിമും ലീ 23-21 എന്ന സ്കോറിനു സ്വന്തമാക്കി.
71 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലീയുടെ കിരീടധാരണം. കഴിഞ്ഞ 21 മത്സരങ്ങളായി പരാജയമറിയാതെ നില്‍ക്കുകയായിരുന്ന കെന്റോയെയാണ് ഇന്ന് ലീ പരാജയപ്പെടുത്തിയത്.
2018 മലേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായ്‍വാന്റെ തായി സു യിംഗ്. നേരിട്ടുള്ള ഗെയിമുകളില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയിനെയാണ് യിംഗ് പരാജയപ്പെടുത്തിയത്. നിലവിലെ ജേതാവായ യിംഗ് സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. സെമി മത്സരം മൂന്ന് ഗെയിം നീണ്ടുവെങ്കില്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് യിംഗ് ജയം സ്വന്തമാക്കിയത്.
ആദ്യ ഗെയിമില്‍ ചൈനീസ് താരത്തില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് യിംഗ് നേടിയത്. മൂന്ന് ഗെയിം പോയിന്റുകള്‍ രക്ഷിച്ച് 22-20നു ആദ്യ ഗെയിം സ്വന്തമാക്കിയ യിംഗ് രണ്ടാം പകുതിയില്‍ ഇടവേള സമയത്ത് 11-1നു മുന്നിലായിരുന്നു.
ചൈനയോട് പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷന്മാരും ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്. ഇന്ത്യന്‍ നിരയില്‍ ശ്രീകാന്ത് കിഡംബി മാത്രമാണ് വിജയം നേടിയത്. 14-21, 21-16, 21-7 എന്ന സ്കോറിനാണ് കിഡംബി ജയം നേടിയത്. എന്നാല്‍ രണ്ട് ഡബിള്‍സ് ജോഡികളും സായി പ്രണീതും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടൂര്‍ണ്ണമെന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകകയായിരുന്നു. 21-9 പ്രണീത് ആദ്യ ഗെയിം നേടിയെങ്കിലും ബിന്‍ ക്വിയാവോ മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി.
ഡബിള്‍സിലെ രണ്ട് ജോഡികളും നേരിട്ടുള്ള ഗെയിമില്‍ അടിയറവ് പറയുകയായിരുന്നു.
പുരുഷ ടീമിനു പിന്നാലെ ഇന്തോനേഷ്യയോട് പരാജയം ഏറ്റുവാങ്ങി വനിത ടീമും. പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിലാണ് പരാജയപ്പെട്ടതെങ്കിലും വനിത ടീമിന്റെ തോല്‍വി ക്വാര്‍ട്ടറില്‍ ആണെന്നത് ടീമിന്റെ ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. 3-1 എന്ന സ്കോറിനാണ് ഇന്തോനേഷ്യ ഇന്ത്യയെ അടിയറവ് പറഞ്ഞത്. പിവി സിന്ധു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ വിജയം കൊയ്തത്. പരാജയപ്പെട്ടുവെങ്കിലും ക്വാര്‍ട്ടറില്‍ കടന്നതിനാല്‍ ഇന്ത്യയ്ക്ക് ഊബര്‍ കപ്പില്‍ യോഗ്യത ലഭിച്ചിട്ടുണ്ട്.
A quarterfinal appearance in #BATC2018 ensured the qualification of the Indian eves in Uber Cup 2018. Congratulations, girls! 🙌 pic.twitter.com/6Ynr5rDDdM
21-13, 24-22 എന്ന സ്കോറിനാണ് സിന്ധു തന്റെ മത്സരം ജയിച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് വനിത ഡബിള്‍സ് മത്സരങ്ങളും ഒരു സിംഗിള്‍സ് മത്സരവും ഇന്ത്യ തോറ്റതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇന്ത്യ പുറത്തായി.