ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെടുകള്‍ അനായാസ ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ അനായാസ വിജയവുമായി ഇന്ത്യന്‍ ടീമുകള്‍. ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വെറും 26 മിനുട്ടിലാണ് ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് വിജയം കരസ്ഥമാക്കിയത്. സ്കോര്‍ 21-13, 21-13. മറ്റൊരു മത്സരത്തില്‍ രാമചന്ദ്രന്‍ ശ്ലോക്-എംആര്‍ അര്‍ജ്ജുന്‍ കൂട്ടുകെട്ട് സ്വിറ്റ്സര്‍ലാണ്ട് താരങ്ങളെ 21-14, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു.

അതേ സമയം വനിത ഡബിള്‍സില്‍ പൂജ ഡാണ്ടു-സഞ്ജന സന്തോഷ് കൂട്ടുകെട്ട് 15-21, 14-21 എന്ന സ്കോറിന് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ജപ്പാന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടീമിന് ജയം, പുരുഷ ഡബിള്‍സിന് പരാജയം

ജപ്പാന്‍ ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കുറിച്ചപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ജര്‍മ്മന്‍ താരങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് 21-14, 21-19 എന്ന സ്കോറിന് വിജയം കൈവരിച്ചത്. 33 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോടെ നേരിട്ടുള്ള ഗെയിമില്‍ 12-21, 16-21 എന്ന സ്കോറിന് കീഴടങ്ങി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 27 മിനുട്ട് മാത്രമാണ് മത്സരം നടന്നത്.

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യയുടെ തന്നെ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ടിനെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ ഇവര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ടീമിന്റെ വിജയം.

സ്കോര്‍: 21-12, 21-16.

സ്വിസ് ഓപ്പണ്‍ പാരുപ്പള്ളി കശ്യപിനു ജയം, ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം

2019 സ്പിസ്സ് ഓപ്പണില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു ജയം. ആദ്യ റൗണ്ട് മത്സരത്തില്‍ സ്വീഡന്റെ ഫെലിക്സ് ബുര്‍സ്റ്റെഡ്റ്റിനെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 47 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഫെലിക്സ് പൊരുതിയെങ്കിലും കശ്യപ് ശക്തമായ സാന്നിധ്യം അറിയിച്ച് മത്സരം പോക്കറ്റിലാക്കി. സ്കോര്‍: 21-19, 21-17.

അതേ സമയം ഡബിള്‍സില്‍ അര്‍ജ്ജുന്‍ എംആര്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യവും മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ടീം ജര്‍മ്മനിയുടെ ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ 18-21, 20-22 എന്ന സ്കോറിനു കീഴടങ്ങിയപ്പോള്‍ മനു-സുമീത് സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോര്‍ 21-18, 17-21, 10-21.

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കൊയ്ത് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യന്‍ സഹതാരങ്ങളായ മനു അട്രി-സുമീത് റെഡ്ഢി സഖ്യത്തെയാണ് നേരിട്ടുള്ള ഗെയിമില്‍ സാത്വിക്-ചിരാഗ് ജോഡികള്‍ തകര്‍ത്തത്. 31 മിനുട്ടിലാണ് ഇവരുടെ ജയം.

സ്കോര്‍: 21-17, 21-11. ജയത്തോടെ ഇവര്‍ സെമിയില്‍ കടന്നിട്ടുണ്ട്.

ചൈന ഓപ്പണില്‍ അട്ടിമറിയുമായി ഇന്ത്യന്‍ ഡബിള്‍സ് കൂട്ടുകെട്ട്

ലോക റാങ്കില്‍ 13ാം നമ്പര്‍ ജോഡികളെ അട്ടിമറിച്ച് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ടീം വിജയം നേടുന്നത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം കൈമോശം വന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മികച്ച തിരിച്ചുവരവ് നടത്തിയത്.

സ്കോര്‍: 13-21, 21-13, 21-12

ഡബിള്‍സിലും വിജയത്തുടക്കം

ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനു അട്രി-സുമീത് റെഡ്ഢി സഖ്യം. തീപാറും പോരാട്ടത്തിനൊടുവിലാണ് മലേഷ്യന്‍ കൂട്ടുകെട്ടിനെതിരെ ഇന്ത്യന്‍ സഖ്യം പൊരുതി വിജയം നേടിയത്. ആദ്യ ഗെയിം 15-21നു ഇന്ത്യന്‍ സഖ്യം പിന്നോട്ട് പോയെങ്കിലും രണ്ടാം ഗെയിം 23-21നു ഒപ്പത്തിനൊപ്പം പൊരുതി നിന്ന ശേഷം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീങ്ങി. 21-19നു ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

55 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 23-21, 21-19 എന്ന സ്കോറിനായിരുന്നു മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിന്റെ ജയം. ഇന്നലെ മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര സഖ്യം അമേരിക്കന്‍ സഖ്യത്തെ 21-9, 21-6 എന്ന സ്കോറിനു ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു.

നിലവിലെ ലോക ചാമ്പ്യന്മാരോട് പരാജയം ഏറ്റുവാങ്ങി മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ട്

നിലവിലെ ലോക ചാമ്പ്യന്മാരായ ജുന്‍ഹുയി-യൂചെന്‍ കൂട്ടുകെട്ടിനോട് അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് മനു അട്രി-സുമിത് റെഡ്ഢി. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും മികവ് പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു. 23-25 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് മത്സരത്തിന്റെ മൂന്നാം ഗെയിമില്‍ പരാജയമേറ്റു വാങ്ങിയത്.

സ്കോര്‍: 13-21, 21-17, 23-25.

ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ സഖ്യം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് കൂട്ടുകെട്ടായ നാന്‍ സാംഗ്-ചെംഗ് ലിയു സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങളായ മനു അട്രി-സുമീത് റെഡ്ഢീ കൂട്ടുകെട്ട് അടിയറവു പറഞ്ഞത്.

53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങളാണ് സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ചൈനീസ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോര്‍: 21-15, 15-21, 17-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version