ദി കംബാക്ക്!!! മലേഷ്യ ഓപ്പണില്‍ ആവേശ വിജയവുമായി ഇന്ത്യന്‍ ജോഡി

ചൈനീസ് താരങ്ങളോട് തോൽവിയുടെ വക്കിൽ നിന്ന് കരകയറി മലേഷ്യ ഓപ്പൺ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 66 മിനുട്ട് നീണ്ട തീപാറും പോരാട്ടത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ആദ്യ ഗെയിം പരാജയപ്പെട്ട ശേഷം രണ്ടാം ഗെയിമിൽ 10-17ന് പിന്നിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ 22-20ന് വിജയം നേടി മൂന്നാം ഗെയിമിൽ എതിരാളികളെ നിഷ്പ്രഭമാക്കുകയായിരുന്നു

സ്കോര്‍: 17-21, 22-20, 21-9.

പൊരുതി വീണ് പ്രണോയ്, മലേഷ്യ ഓപ്പൺ ക്വാര്‍ട്ടറിൽ പുറത്ത്

മലേഷ്യ ഓപ്പണിൽ നിന്ന് പുറത്തായി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള കൊഡൈ നരോവാകയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയിയുടെ പരാജയം.

ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 16-21, 21-19, 10-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.

പൊരുതി നേടിയ വിജയവുമായി പ്രണോയ്!!! സാത്വിക് – ചിരാഗ് കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ

മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ എച്ച് പ്രണോയിയും പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക്സായിരാജും ചിരാഗ് ഷെട്ടിയും. 21-19, 15-21, 21-16 എന്ന സ്കോറിന് ലോക റാങ്കിംഗിൽ 19ാം സ്ഥാനത്തുള്ള ചികോ ഓറ വാര്‍ഡോയോയെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

അതേ സമയം സാത്വിക് – ചിരാഗ് കൂട്ടുകെട്ട് 11ാം റാങ്കുകാരായ ഇന്തോനേഷ്യന്‍ താരങ്ങളെ പരാജപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമിലായിരുന്നു വിജയം എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല ഇവര്‍ക്ക്. 21-19, 22-20 എന്ന സ്കോറിന് ആയിരുന്നു വിജയം.

അതേ സമയം ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയ്ക്ക് 13-21, 21-15, 17-21 എന്ന സ്കോറിന് രണ്ടാം റൗണ്ടിൽ പരാജയം നേരിട്ടു. 16ാം റാങ്കുകാരായ ജോഡി 14ാം റാങ്കുകാരോടാണ് പരാജയപ്പെട്ടത്.

കിഡംബിയ്ക്ക് ആദ്യ റൗണ്ടിൽ തോൽവി

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 13ാം നമ്പറായ ഇന്ത്യന്‍ താരം 19-21, 14-21 എന്ന സ്കോറിനാണ് ജപ്പാന്റെ കെന്റോ നിഷിമോട്ടോയോട് പരാജയം ഏറ്റുവാങ്ങിയത്.

ലോക റാങ്കിംഗിൽ പതിനേഴാം നമ്പര്‍ താരത്തോട് കഴിഞ്ഞ ആറ് മത്സരങ്ങളിൽ കിഡംബിയുടെ രണ്ടാം തോൽവിയാണ് ഇത്. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയും ലക്ഷ്യ സെന്നും ഏറ്റുമുട്ടും. വനിതകളിൽ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി.

മലേഷ്യ ഓപ്പൺ: ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരനെ വീഴ്ത്തി പ്രണോയ്, സിന്ധുവും ക്വാര്‍ട്ടറിൽ, കശ്യപിന് പരാജയം

മലഷ്യ ഓപ്പൺ 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് എച്ച്എസ് പ്രണോയിയും പിവി സിന്ധുവും. അതേ സമയം പാരുപ്പള്ളി കശ്യപിന് രണ്ടാം റൗണ്ടിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. പ്രണോയ് 21-15, 21-7 എന്ന സ്കോറിന് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനെ പരാജയപ്പെടുത്തുകയായിരുന്നു. സിന്ധു തായ്‍ലാന്‍ഡിന്റെ ഫിറ്റായപോൺ ചൈവാനിനോട് ആദ്യ ഗെയിമിൽ പിന്നിൽ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിജയം രചിക്കുകയായിരുന്നു. സ്കോര്‍ 19-21, 21-9, 21-14.

പാരുപ്പള്ളി കശ്യപ് തായ്‍ലാന്‍ഡിന്റെ കുന്‍ലാവട് വിടിഡ്സാര്‍നിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റു വാങ്ങിയത്. 19-21, 10-21 എന്ന സ്കോറിനാണ് താരം പരാജയപ്പെട്ടത്.

സിന്ധുവിനും പ്രണോയിയ്ക്കും കശ്യപിനും ആദ്യ റൗണ്ടിൽ വിജയം, സൈനയ്ക്ക് തോൽവി

മലേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് വിജയം നേടി പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പാരുപ്പള്ളി കശ്യപും. അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഡി കൂട്ടുകെട്ട് പരാജയപ്പെട്ടു. 15-21, 21-19, 17-21 എന്നായിരുന്നു സ്കോര്‍.

സിന്ധു തായ്‍ലാന്‍ഡിന്റെ പോൺപാവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമിൽ 21-13, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. പാരുപ്പള്ളി കശ്യപ് കൊറിയന്‍ താരത്തെ 21-12, 21-17 എന്ന സ്കോറിന് കീഴടക്കുകയായിരുന്നു.

എച്ച്എസ് പ്രണോയ് 21-14, 17-21, 21-18 എന്ന സ്കോറിന് മലേഷ്യയുടെ ഡാരന്‍ ലിയുവിനെ പരാജയപ്പെടുത്തി 1 മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലാണ് വിജയം കൈവരിച്ചത്.

സൈന നെഹ്‍വാലിനു പരാജയം ആയിരുന്നു ഫലം. സൈന യുഎസ്എയുടെ ഐറിസ് വാംഗിനോട് 11-21, 17-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി. പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-18, 21-11 എന്ന സ്കോറിന് മലേഷ്യന്‍ താരങ്ങളെ പരാജയപ്പെടുത്തി.

മലേഷ്യ ഓപ്പണിൽ ഇന്ത്യയ്ക്ക് മോശം തുടക്കം, സായി പ്രണീതും വനിത ഡബിള്‍സ് ടീമും പരാജയപ്പെട്ടു

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സിൽ സായി പ്രണീതും വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങി പുറത്താകുകയായിരുന്നു.

സായി പ്രണീത് ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോട് 15-21, 21-19, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ താരത്തിന് മികവ് പുലര്‍ത്താനാകാതെ പോയത് വലിയ തിരിച്ചടിയായി.

ജപപ്പാന്‍ താരങ്ങളോടാണ് അശ്വിനി – സിക്കി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെട്ടത്. 15-21, 11-21 എന്നായിരുന്നു സ്കോര്‍. മിക്സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ജൂഹി ദേവാന്‍ഗന്‍ – വെങ്കട് ഗൗരവ് പ്രസാദ് കൂട്ടുകെട്ടും നേരിട്ടുള്ള ഗെയിമിൽ 15-21, 9-21 എന്ന സ്കോറിന് കൊറിയന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു.

ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി സിന്ധു

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ അനായാസമായ ജയം സ്വന്തമാക്കി പിവി സിന്ധു. നേരിട്ടുള്ള ഗെയിമുകളിലാണ് താരത്തിന്റെ വിജയം. ആദ്യ ഗെയിമില്‍ സിന്ധുവിനെതിരെ മികച്ച പോരാട്ടം ഉയര്‍ത്തുവാന്‍ ജപ്പാന്റെ അയ ഒഹോരിയ്ക്ക് സാധിച്ചുവെങ്കിലും രണ്ടാം ഗെയിമില്‍ താരത്തെ നിഷ്പ്രഭമാക്കിയാണ് സിന്ധുവിന്റെ ജയം.

സ്കോര്‍: 22-20, 21-12. 38 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ ഓപ്പണില്‍ സിന്ധു സെമിയില്‍ പരാജയപ്പെട്ടിരുന്നു.

അനായാസ ജയത്തോടെ കിഡംബി പ്രീക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് ആശ്വാസമയി കിഡംബിയുടെ ജയം. നേരത്തെ പ്രണോയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 41ാം സ്ഥാനത്തുള്ള ഇഹ്സാന്‍ മൗലാന മുസ്തഫയോടാണ് ശ്രീകാന്തിന്റെ ജയം. 38 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 21-16 എന്ന സ്കോറിനായിരുന്നു ജയം.

അടുത്ത റൗണ്ടില്‍ ലോക റാങ്കിംഗില്‍ 18ാം നമ്പര്‍ താരത്തെയാണ് ശ്രീകാന്ത് നേരിടുന്നത്. അതേ സമയം പുരുഷ ഡബിള്‍സ് സഖ്യമായ മനു അട്രി, സുമീത് റെഡ്ഢി കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് പരാജയപ്പെട്ട് പുറത്തായി. 16-21, 6-21 എന്ന നിലയില്‍ വെറും 22 മിനുട്ടിനുള്ളിലാണ് ഇന്ത്യന്‍ ജോഡികള്‍ പുറത്തായത്.

പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്ത്

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്. ലോക റാങ്കിംഗില്‍ 34ാം നമ്പര്‍ താരമായ തായ്‍ലാണ്ടിന്റെ സിദ്ദിക്കോം തമ്മാസിനോടാണ് പ്രണോയ് പരാജയമേറ്റുവാങ്ങിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി. ആദ്യ ഗെയിം ജയിച്ച ശേഷമാണ് മത്സരത്തില്‍ പ്രണോയ് പിന്നോക്കം പോയത്.

21-16, 16-21, 14-21 എന്ന സ്കോറിനു 56 മിനുട്ടിലാണ് പ്രണോയ് കീഴടങ്ങിയത്.

വനിത ഡബിള്‍സ് സഖ്യത്തിനും ആദ്യ റൗണ്ടില്‍ തിരിച്ചടി

മലേഷ്യ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുടെ തോല്‍വിയ്ക്ക് പിന്നാലെ വനിത ഡബിള്‍സില്‍ ടീമിനും പരാജയം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മത്സരം കൈവിടേണ്ടി വന്നത്. ആദ്യ റൗണ്ട് മത്സരത്തില്‍ കൊറിയയുടെ കൂട്ടുകെട്ടിനോട് ഇരുവരുടെയും തോല്‍വി.
61 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ കൂട്ടുകെട്ട് നേടിയെങ്കിലും മൂന്നാം ഗെയിമില്‍ അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു.

സ്കോര്‍: 20-22, 21-17, 20-22.

മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സമീര്‍ വര്‍മ്മ

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ചൈനയുടെ ഷീ യൂഖിയോടാണ് താരം പരാജയപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിമുകളും ഒപ്പത്തിനൊപ്പം നിന്ന് ഇരുതാരങ്ങളും ഓരോ ഗെയിം നേടിയെങ്കിലും മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കി ചൈനീസ് താരം വിജയം കുറിച്ചു.

ആദ്യ ഗെയിം 20-22നു കൈവിട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ 23-21നു ജയം കുറിച്ച് സമീര്‍ മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം ഗെയിമില്‍ കാര്യമായ ചെറുത്ത്നില്പില്ലാതെ സമീര്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. സ്കോര്‍: 20-22, 23-21, 12-21.

Exit mobile version