പുതിയ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചു അത്ലറ്റികോ മാഡ്രിഡ്

ഡച്ച് ക്ലബ് ഫെയനൂർദിന്റെ സ്ലൊവാക്യൻ പ്രതിരോധ താരം ഡേവിഡ് ഹാങ്കോയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. നേരത്തെ സൗദി ക്ലബ് അൽ നസർ 27 കാരനായ താരത്തെ സ്വന്തമാക്കുന്നതിനു അടുത്ത് എത്തിയിരുന്നു. എന്നാൽ കരാർ ഒപ്പ് ഇടുന്നതിന് മുമ്പ് ഈ നീക്കം തകരുക ആയിരുന്നു. തുടർന്ന് ആണ് അത്ലറ്റികോ മാഡ്രിഡ് താരത്തെ ലക്ഷ്യം വെച്ചത്.

ചെൽസിയുടെ റെനാറ്റോ വെയിഗയെ ലക്ഷ്യം വെച്ച സ്പാനിഷ് ക്ലബ് അവസാനം ആണ് ഹാങ്കോയിൽ ശ്രദ്ധ തിരിച്ചത്. സൗദി ക്ലബിന്റെ ഓഫർ ഡച്ച് ക്ലബ് അവസാന നിമിഷം നിരസിച്ചതോടെ രംഗത്ത് വന്ന അത്ലറ്റികോ 30 മില്യൺ അധികം യൂറോ നൽകി ക്ലബും ആയി ധാരണയിൽ എത്തി. തുടർന്ന് താരവും സമ്മതം മൂളിയതോടെ സിമിയോണിക്ക് പുതിയ പ്രതിരോധ താരത്തെ ലഭിക്കുക ആയിരുന്നു.

ആഷ്‌ലി യങ് ഇപ്സ്വിച് ടൗണിൽ ചേർന്നു

40 കാരനായ മുൻ ഇംഗ്ലീഷ് താരം ആഷ്‌ലി യങ് ഇപ്സ്വിച് ടൗണിൽ ചേർന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് താരം ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ ചേരുന്നത്. എവർട്ടണിലെ കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റ് ആയാണ് താരം ഇപ്സ്വിച് ടൗണിൽ എത്തുന്നത്.

നിലവിൽ താരത്തിന്റെ മെഡിക്കൽ പൂർത്തിയായി. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, ആസ്റ്റൺ വില്ല, എവർട്ടൺ, വാട്ഫോർഡ് തുടങ്ങി നിരവധി ക്ലബുകൾക്ക് കളിച്ച യങിന്റെ കരിയറിലെ 23 മത്തെ സീസൺ ആണ് ഇത്.

എമേഴ്സൻ റോയൽ തുർക്കിയിലേക്ക്

ബ്രസീലിയൻ പ്രതിരോധ താരം എമേഴ്സൻ റോയൽ തുർക്കി ക്ലബ് ബെസ്കിറ്റാസിൽ ചേരും. താരത്തെ നിലവിൽ ലോൺ അടിസ്ഥാനത്തിൽ ആണ് ബെസ്കിറ്റാസ് ടീമിൽ എത്തിക്കുക. താരത്തെ അടുത്ത സീസണിൽ 10 മില്യൺ യൂറോ നൽകി സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

25 കാരനായ മുൻ ബാഴ്‌സലോണ, ടോട്ടനം റൈറ്റ് ബാക്ക് പലപ്പോഴും തന്റെ പ്രതിരോധത്തിലെ പിഴവുകൾ കാരണം വലിയ വിമർശനം നേരിട്ട താരമാണ്. മുന്നേറ്റത്തിൽ പലപ്പോഴും വലിയ സഹായകമാവുന്ന എമേഴ്സൻ പലപ്പോഴും പ്രതിരോധത്തിൽ വലിയ പിഴവുകൾ ആണ് വരുത്തുന്നത്. തുർക്കിയിൽ താരത്തിന് തിളങ്ങാൻ ആവുമോ എന്നു കാത്തിരുന്നു കാണാം.

ഫിലിപ്പെ ലൂയിസിന് കീഴിൽ കളിക്കാൻ സോൾ ബ്രസീലിലേക്ക്

മുൻ അത്ലറ്റികോ മാഡ്രിഡ് നായകനും സ്പാനിഷ് താരവും ആയ സോൾ നിഗ്വസ് ബ്രസീലിലേക്ക്. 30 കാരനായ സ്പാനിഷ് മധ്യനിര താരം ബ്രസീലിയൻ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ഫ്ലെമെംഗോയിലേക്ക് ആണ് ചേക്കേറുന്നത്. സോളിന്റെ മുൻ അത്ലറ്റികോ മാഡ്രിഡ് സഹതാരം ഫിലിപ്പെ ലൂയിസ് ആണ് നിലവിൽ ഫ്ലെമെംഗോയുടെ പരിശീലകൻ.

മൂന്നര വർഷത്തേക്കുള്ള കരാറിൽ ആണ് സോൾ ബ്രസീലിയൻ ടീമിൽ എത്തുക. ഉടൻ തന്നെ താരം അവർക്ക് ഒപ്പം കരാറിൽ ഒപ്പ് വെക്കും. അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാന താരം ആയിരുന്ന സോൾ കഴിഞ്ഞ വർഷം സെവിയ്യയിൽ ലോണിൽ ആണ് കളിച്ചത്. അതിനു മുമ്പ് ചെൽസിയിലും താരം പന്ത് തട്ടിയിരുന്നു. ഇറ്റാലിയൻ താരം ജോർജീന്യോയെയും ആഴ്‌സണലിൽ നിന്നു ഫ്ലെമെംഗോ ഈ അടുത്ത് ടീമിൽ എത്തിച്ചിരുന്നു.

വിസക്ക് ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ നിരസിച്ചു ബ്രന്റ്ഫോർഡ്

ബ്രന്റ്ഫോർഡിന്റെ കോങ്കോ മുന്നേറ്റ നിര താരം യോൻ വിസക്ക് ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ നിരസിച്ചു ബ്രന്റ്ഫോർഡ്. 25 മില്യൺ പൗണ്ടിന്റെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ ആണ് അവർ നിരസിച്ചത്. നിലവിൽ 28 കാരനായ താരവും ആയി ഏതാണ്ട് വ്യക്തിഗത ധാരണയിൽ ന്യൂകാസ്റ്റിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഉഗ്രൻ പ്രകടനം ആണ് വിസ കാഴ്ചവെച്ചത്.

സൂപ്പർ താരം ബ്രയാൻ എംബ്യൂമോയെ മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ തോമസ് ഫ്രാങ്കിനെ ടോട്ടനത്തിനും ആയി നഷ്ടമായ ബ്രന്റ്ഫോർഡ് വിസയെ നിലനിർത്താൻ തന്നെയാണ് ശ്രമിക്കുന്നത്. എന്നാൽ ക്ലബ് വിടാൻ ആണ് വിസയുടെ താൽപ്പര്യം എന്നാണ് സൂചന. താരത്തെ സ്വന്തമാക്കാൻ വീണ്ടും പുതിയ ഓഫറുകളും ആയി ന്യൂകാസ്റ്റിൽ രംഗത്ത് ഉണ്ടാവും എന്നു തന്നെയാണ് റിപ്പാർട്ടുകൾ.

നീൽ എൽ ഐനാവി എഎസ് റോമയുടെ താരമായി




ഫ്രഞ്ച്-മൊറോക്കൻ മിഡ്‌ഫീൽഡറായ നീൽ എൽ ഐനാവിയെ ആർസി ലെൻസിൽ നിന്ന് എഎസ് റോമ സ്വന്തമാക്കി. 24-കാരനായ താരം രണ്ട് മികച്ച സീസണുകൾക്ക് ശേഷമാണ് ഇറ്റാലിയൻ തലസ്ഥാനത്ത് എത്തിയത്. ഈ സൈനിംഗ് പുതിയ സീസണിന് മുന്നോടിയായി റോമയുടെ മധ്യനിര ശക്തിപ്പെടുത്തും. 2001 ജൂലൈ 2-ന് ഫ്രാൻസിൽ ജനിച്ച എൽ ഐനാവി, നാൻസിയിലെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. അവിടെ 2021-ൽ അദ്ദേഹം സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് 2023-ൽ ലെൻസിലേക്ക് മാറിയ അദ്ദേഹം, മധ്യനിരയിൽ ഒരു പ്രധാന സാന്നിധ്യമായി മാറി. ഫ്രാൻസിൽ കളിച്ച കാലയളവിൽ, എല്ലാ മത്സരങ്ങളിലുമായി 130 തവണ കളിക്കുകയും 17 ഗോളുകൾ നേടുകയും ചെയ്തു. 8-ആം നമ്പർ ജേഴ്സിയായിരിക്കും എൽ ഐനാവി ധരിക്കുകയെന്ന് ക്ലബ് സ്ഥിരീകരിച്ചു.

ചർച്ചകൾക്ക് അന്ത്യം ഉണ്ടാവുന്നു, ഗ്യോകെറസിനെ സ്വന്തമാക്കുന്നതിനു അടുത്ത് ആഴ്‌സണൽ

വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്നതിനു അടുത്ത് എത്തി ആഴ്‌സണൽ. ശനിയാഴ്ച നടന്ന ചർച്ചകളിൽ താരത്തിന്റെ ട്രാൻസ്ഫർ തുകയിൽ സ്പോർട്ടിങ് ലിസ്ബണും ആയി ആഴ്‌സണൽ ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. 80 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ആഴ്‌സണൽ മുടക്കും എന്നാണ് സൂചന. 5 വർഷത്തെ കരാറിനു നേരത്തെ ആഴ്‌സണലും ആയി ഗ്യോകെറസ് ധാരണയിൽ ആയിരുന്നു.

ആഴ്‌സണൽ അല്ലാതെ വേറൊരു ക്ലബ്ബിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ച ഗ്യോകെറസ് ക്ലബ്ബിലേക്ക് വരാൻ തന്റെ ബാക്കിയുള്ള ശമ്പളത്തിൽ ഒരു വിഹിതം വേണ്ടെന്ന് വെച്ചിരുന്നു. തുടർന്ന് വാക്ക് പാലിക്കാത്ത സ്പോർട്ടിങ്ങിന് എതിരെ പ്രതിഷേധിച്ചു താരം പരിശീലനത്തിനും എത്തിയില്ല. ഉടൻ തന്നെ താരം ആഴ്‌സണൽ താരം ആവും എന്നാണ് നിലവിലെ സൂചനകൾ. ക്ലബുകൾ തമ്മിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ആണ് നിലവിൽ തീരുമാനം ഉണ്ടാവുന്നത്.

ഗിബ്സ്-വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം നീക്കത്തിന് എതിരെ നിയമനടപടിയും ആയി നോട്ടിങ്ഹാം ഫോറസ്റ്റ്

തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം മോർഗൻ ഗിബ്സ് വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്‌സ്പർ ശ്രമത്തിനു എതിരെ നിയമനടപടി സ്വീകരിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 60 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമിച്ചത്. താരവും ആയി ധാരണയിൽ എത്തിയ അവർ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കലും ബുക്ക് ചെയ്തിരുന്നു.

എന്നാൽ തങ്ങളെ അറിയിക്കാതെ താരത്തെ നേരിട്ട് സമീപിച്ചത് നിയമവിരുദ്ധം ആണെന്ന വാദം ആണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഉയർത്തിയത്. കഴിഞ്ഞ സീസണിൽ 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു ഏഴു ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഗിബ്സ് വൈറ്റ് അവർക്ക് കോൺഫറൻസ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്ക് ആണ് വഹിച്ചത്. അതേസമയം ടോട്ടനം ശരിയായ മാർഗ്ഗത്തിൽ ആണ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് എങ്കിൽ ഫോറസ്റ്റിന് ഒന്നും ചെയ്യാൻ ആവില്ല. നിലവിൽ ക്രിസ്റ്റൽ പാലസിന് പകരം യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത കിട്ടിയ ഫോറസ്റ്റിന് തങ്ങളുടെ പ്രധാനതാരത്തെ നിലനിർത്താൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.

ആഴ്‌സണലിലേക്ക് വരാൻ ബാക്കിയുള്ള ശമ്പളത്തിൽ 2 മില്യൺ വേണ്ടെന്ന് വച്ചു വിക്ടർ ഗ്യോകെറസ്!

ആഴ്‌സണലിലേക്ക് വരാൻ ആയി തനിക്ക് ആവുന്നത് എല്ലാം ചെയ്തു സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ്. നേരത്തെ ആഴ്‌സണൽ മാത്രം മതിയെന്ന് തീരുമാനിച്ച ഗ്യോകെറസ് സ്പോർട്ടിങ് തനിക്ക് തരാനുള്ള ശമ്പളത്തിൽ നിന്നു 2 മില്യൺ യൂറോ വേണ്ടെന്ന് വച്ചു എന്നാണ് റിപ്പോർട്ട്.

നിലവിൽ ആഴ്‌സണൽ താരത്തിന് നൽകാൻ തയ്യാറാവുന്നതിലും കൂടുതൽ തുക പോർച്ചുഗീസ് ക്ലബ് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ ആണ് ഇംഗ്ലീഷ് ക്ലബ്ബിൽ എത്താൻ തന്റെ ശമ്പളത്തിൽ നിന്നു ഒരംശം വിക്ടർ ഗ്യോകെറസ് വേണ്ടെന്നു വെക്കാൻ തയ്യാറായത്. നിലവിൽ താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ ആണെന്നും ഉടൻ താരത്തിന്റെ കാരുത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തും എന്നാണ് സൂചന.

വിക്ടർ ഗ്യോകെറസ് ആഴ്‌സണലിലേക്ക് അടുക്കുന്നു!

ഒരു സ്‌ട്രൈക്കറിന് ആയുള്ള ആഴ്‌സണലിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം ആവുന്നത് ആയി റിപ്പോർട്ട്. സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കാനുള്ള അവസാന ഘട്ട ചർച്ചയിൽ ആണ് ആഴ്‌സണൽ എന്നാണ് റിപ്പോർട്ട്. നേരത്തെ ആർ.ബി ലെപ്സിഗ് താരം ബെഞ്ചമിൻ സെസ്കോക്ക് ആയും ആഴ്സണൽ ശക്തമായി ശ്രമിച്ചിരുന്നു. മുൻ പരിശീലകൻ റൂബൻ അമോറിയത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം താരത്തിന് ആയി ശ്രമിച്ചെങ്കിലും ആഴ്സണലിനെ മാത്രം മതി എന്നു തീരുമാനിച്ച ഗ്യോകെറസും ആയി ആഴ്സണൽ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു.

നിലവിൽ താരവും ആയി 5 വർഷത്തേക്കുള്ള കരാർ ധാരണയിൽ ആഴ്‌സണൽ എത്തിയിട്ടുണ്ട്. എന്നാൽ മുമ്പ് താരത്തെ കൂടുതൽ വിലക്ക് വിൽക്കാനുള്ള സ്പോർട്ടിങ് ശ്രമങ്ങൾ ആണ് ട്രാൻസ്ഫറിന് തടസം ആയി നിന്നത്. തുടർന്ന് ക്ലബും ആയി തെറ്റിയ സ്വീഡിഷ് താരം സ്പോർട്ടിങിലേക്ക് മടങ്ങില്ല എന്ന തീരുമാനം എടുത്തിരുന്നു. അതിനു ഇടയിൽ സെസ്‌കോക്ക് ആയുള്ള ആഴ്‌സണൽ ശ്രമങ്ങളും വലിയ ട്രാൻസ്‌ഫർ തുക കാരണം മുടങ്ങിയിരുന്നു. തുടർന്ന് ആണ് സ്പോർട്ടിങ് താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ കടും പിടുത്തം ഒഴിവാക്കിയതും ആഴ്‌സണലും ആയി ചർച്ചകൾ കൂടുതൽ ശക്തമാക്കിയതും. നിലവിൽ ക്ലബുകൾ തമ്മിൽ ട്രാൻസ്ഫർ തുകയിൽ ഉടൻ ധാരണയിൽ എത്തും എന്നാണ് സൂചന. പോർച്ചുഗീസ് ക്ലബിന് ആയി 102 കളികളിൽ നിന്നു 97 ഗോളുകൾ നേടിയ ഗ്യോകെറസ് അവർക്ക് 2 ലീഗ് കിരീടങ്ങളും നേടി നൽകിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിൽ സ്വാൻസി, കോവൻഡ്രി, ബ്രൈറ്റൺ ടീമുകൾക്ക് ആയി കളിച്ച 27 കാരനായ സ്വീഡിഷ് സ്‌ട്രൈക്കർ ആഴ്‌സണലിൽ വിജയമാവുമോ എന്നു കാത്തിരുന്നു കാണാം.

മറ്റൊരു ചെൽസി താരവും ആയി വ്യക്തിഗത ധാരണയിൽ എത്തി ആഴ്‌സണൽ

ചെൽസിയുടെ 23 കാരനായ ഇംഗ്ലീഷ് വിങർ നോനി മധുവേക്കയും ആയി വ്യക്തിഗത ധാരണയിൽ എത്തി ആഴ്‌സണൽ. നിലവിൽ ബുകയോ സാകക്ക് പിന്തുണ നൽകാനാണ് ചെൽസി താരത്തെ ആഴ്‌സണൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് സൂചന. സമീപകാലത്ത് ചെൽസിയിൽ നിന്നു താരങ്ങളെ ടീമിൽ എത്തിക്കുന്നത് ശീലമാക്കിയ ആഴ്‌സണൽ രണ്ടാം ഗോൾ കീപ്പർ ആയി ഈ സീസണിൽ ചെൽസിയുടെ കെപയെയും ടീമിൽ എത്തിച്ചിരുന്നു.

നിലവിൽ ആഴ്‌സണൽ ചെൽസിയും ആയി ചർച്ചകൾ തുടങ്ങിയിട്ടില്ല. 2023 ൽ പി.എസ്.വിയിൽ നിന്നു 33 മില്യൺ യൂറോക്ക് ചെൽസിയിൽ ഏഴര വർഷത്തെ കരാറിൽ ചേർന്ന നോനി ചെൽസിക്ക് ആയി പ്രീമിയർ ലീഗിൽ 67 കളികളിൽ നിന്നു 13 ഗോളുകൾ നേടിയിട്ടുണ്ട്. ഇടക്ക് പരിക്ക് പറ്റിയ താരം കഴിഞ്ഞ സീസണിന്റെ അവസാനം കളത്തിനു പുറത്ത് ആയിരുന്നു. ക്രിസ്റ്റൽ പാലസിന്റെ എസെ റയൽ മാഡ്രിഡിന്റെ റോഡ്രിഗോ എന്നിവർക്ക് പിറകെയും നിലവിൽ ആഴ്‌സണൽ ഉണ്ടെന്നാണ് സൂചനകൾ. അതേസമയം ചെൽസി ആഴ്‌സണൽ യുവതാരം ഏഥൻ നവാനേരിയെ ലക്ഷ്യം വെക്കുന്നത് ആയി സൂചനയുണ്ട്.

വില്ലിയൻ ഫുൾഹാമിൽ തിരിച്ചെത്തി

ബ്രസീലിയൻ താരം വില്ലിയൻ ഇംഗ്ലീഷ് ക്ലബ് ഫുൾഹാമിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ട് വിട്ട താരം സൗദി ക്ലബും ആയി ചർച്ച നടത്തിയെങ്കിലും ഇത് നടന്നില്ല. തുടർന്ന് താരം ഡിസംബറിൽ ഫ്രീ ഏജന്റ് ആയി ഗ്രീക്ക് ക്ലബ് ഒളിമ്പ്യകോസിൽ ചേർന്നിരുന്നു.

36 കാരനായ വില്ലിയൻ ഫ്രീ ഏജന്റ് ആയാണ് മാർകോ സിൽവയുടെ ടീമിൽ ചേരുന്നത്. 2022 മുതൽ 2 സീസണുകൾ ഫുൾഹാമിൽ കളിച്ച താരം 9 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ചെൽസി, ആഴ്‌സണൽ ക്ലബുകൾക്ക് വേണ്ടി കളിച്ച താരത്തിന് 300 ൽ അധികം പ്രീമിയർ ലീഗ് മത്സരങ്ങളുടെ പരിചയം ഉണ്ട്.

Exit mobile version