ആഴ്സണലിന് തിരിച്ചടി: സ്ലാവിയ പ്രാഗിനെതിരായ മത്സരത്തിൽ നിന്ന് ഗ്യോകെറസ് പുറത്ത്


ചാമ്പ്യൻസ് ലീഗിൽ പ്രാഗിൽ നടക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി ആഴ്സണൽ മാനേജർ മിക്കൽ ആർട്ടെറ്റയ്ക്ക് പുതിയ ആശങ്ക. ക്ലബ്ബിന്റെ പുതിയ സ്വീഡിഷ് സ്‌ട്രൈക്കറായ വിക്ടർ ഗ്യോകെറസ് വാരാന്ത്യത്തിൽ പേശിക്കുണ്ടായ പരിക്ക് കാരണം മത്സരത്തിൽ കളിക്കില്ല. സ്‌പോർട്ടിംഗ് ലിസ്ബണിൽ നിന്ന് €55 മില്യൺ യൂറോയ്ക്ക് ടീമിലെത്തിയ ശേഷം അതിവേഗം ആഴ്സണലിന്റെ പ്രധാന കളിക്കാരനായി മാറിയ ഗ്യോകെറസ്, കഴിഞ്ഞ ദിവസം ബേൺലിക്കെതിരെ ആഴ്സണലിന്റെ 2-0 വിജയത്തിൽ ആദ്യ ഗോൾ നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ താരം പുറത്തുപോയത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു, തിങ്കളാഴ്ച ആർട്ടെറ്റ അത് സ്ഥിരീകരിക്കുകയും ചെയ്തു.


ഗ്യോകെറസിന് മുമ്പ് പേശീപരമായ പരിക്കുകൾ ഉണ്ടായിട്ടില്ല എന്നതും അദ്ദേഹത്തിന്റെ ‘സ്‌ഫോടനാത്മകമായ’ കളി ശൈലിയും ചൂണ്ടിക്കാട്ടി ആർട്ടെറ്റ ഈ സാഹചര്യം ആശങ്കാജനകമാണ് എന്ന് അഭിപ്രായപ്പെട്ടു. ഈ സീസണിൽ 13 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യുകയും നാല് പ്രീമിയർ ലീഗ് ഗോളുകൾ നേടുകയും ചെയ്ത ഒരു മുന്നേറ്റനിരക്കാരന്റെ അഭാവം ആഴ്സണലിന്റെ ആക്രമണത്തിൽ പ്രകടമാകും.

ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ രണ്ട് ഗോളുകൾ നേടിയ പ്രകടനത്തിന് ശേഷം ഗ്യോകെറസ് തന്റെ ഗോൾ നേടുന്ന മികവ് തിരിച്ചുപിടിക്കുന്ന ഘട്ടത്തിലായിരുന്നു.


കൂടുതൽ പരിശോധനകൾ നടക്കാനുള്ളതിനാൽ, ആഴ്സണൽ ആരാധകരും സ്റ്റാഫും അദ്ദേഹത്തിന്റെ ആരോഗ്യ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ലീഡ്സിനെ നിലം തൊടീക്കാതെ ആഴ്സണൽ!! 5 ഗോൾ ജയം


ലീഡ്സ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് വിജയിച്ച് ആഴ്സണൽ ഒന്നാം സ്ഥാനത്ത് എത്തി. അവിശ്വസനീയമായ പ്രകടനത്തിലൂടെ ജൂറിയൻ ടിംബർ രണ്ട് ഗോളുകൾ നേടി. കൂടാതെ പുതിയ സ്ട്രൈക്കർ ഗ്യോക്കറസും 2 ഗോളുകൾ നേടി. ബുക്കായോ സാക്കയും ആഴ്സണലിനായി ഗോൾ നേടി.


കളിയുടെ തുടക്കം മുതൽ തന്നെ ആഴ്സണലിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. സെറ്റ് പീസിൽ നിന്നാണ് ടീം ആദ്യ ഗോൾ നേടിയത്. ഡെക്ലാൻ റൈസിന്റെ കോർണറിൽ നിന്ന് ജൂറിയൻ ടിംബർ കൃത്യമായ ഹെഡറിലൂടെ ആദ്യ ഗോൾ നേടി. പിന്നാലെ സാക്ക മനോഹരമായ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ ലീഡ് ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്യോകെറസ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി. ടിംബർ തന്റെ രണ്ടാമത്തെ ഗോൾ കൂടി നേടിയതോടെ ആഴ്സണലിന്റെ വിജയം ഉറപ്പായി. അവസാനം പെനാൽറ്റിയിലൂടെ ഗ്യോകറസ് വിജയം പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം വിജയത്തോടെ ആറ് പോയിന്റുകളാണ് ആഴ്സണലിനുള്ളത്.


മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് തീർത്തും നിറം മങ്ങി. ഡാനിയൽ ഫാർക്കെയുടെ ടീമിന് ആഴ്സണലിന്റെ പ്രകടനത്തിനൊപ്പം എത്താൻ കഴിഞ്ഞില്ല. കൂടാതെ പ്രതിരോധത്തിലെ പിഴവുകളും അവർക്ക് തിരിച്ചടിയായി.

ഓൾഡ് ട്രാഫോർഡിൽ ഗ്യോക്കറസ് ആഴ്സണലിനായി അരങ്ങേറ്റം കുറിക്കും



ആഴ്സണൽ ക്ലബ്ബിന്റെ ഏറ്റവും പുതിയ സൈനിംഗ് വിക്ടർ ഗ്യോക്കറസ് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തന്റെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സീസണിൽ ഗ്യോക്കറസ് ടീമിന് വലിയ മുതൽക്കൂട്ടാവുമെന്നും കിരീടം നേടാൻ സഹായിക്കുമെന്നും മാനേജർ മൈക്കൽ ആർട്ടെറ്റ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.


സ്പോർട്ടിംഗിനൊപ്പം 54 ഗോളുകൾ നേടി ശ്രദ്ധേയമായ പ്രകടനത്തിന് ശേഷമാണ് ഗ്യോക്കറസ് ആഴ്സണലിൽ ചേരുന്നത്. ആറ് പുതിയ സൈനിംഗുകൾക്കായി ഏകദേശം 200 മില്യൺ പൗണ്ടാണ് ആഴ്സണൽ ഈ സീസണിൽ ചെലവഴിച്ചത്. പുതിയ മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡി ടീമുമായി നന്നായി ഇണങ്ങിയെന്നും കളിക്കാൻ തയ്യാറാണെന്നും ആർട്ടെറ്റ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ആഴ്സണലിന് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

ഗോളടി തുടങ്ങി വിക്ടർ ഗ്യോകെറസ്, പ്രീ സീസണിൽ ജയവുമായി ആഴ്‌സണൽ

തങ്ങളുടെ അവസാന പ്രീ സീസൺ മത്സരമായ എമിറേറ്റ്‌സ് കപ്പ് ഫൈനലിൽ അത്ലറ്റിക് ക്ലബിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 3-0 നു തോൽപ്പിച്ചു ആഴ്‌സണൽ. തങ്ങളുടെ മികവിലേക്ക് ആഴ്‌സണൽ ഉയർന്ന മത്സരത്തിൽ 34 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. മാർട്ടിൻ സുബിമെന്റിയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഒരു ഹെഡറിലൂടെ വിക്ടർ ഗ്യോകെറസ് ആണ് ആർട്ടെറ്റയുടെ ടീമിന് മുൻതൂക്കം നൽകിയത്. ടീമിൽ ചേർന്ന ശേഷം സ്വീഡിഷ് താരം ക്ലബിന് ആയി നേരിടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്.

2 മിനിറ്റിനുള്ളിൽ ഒരു വേഗതയേറിയ കൗണ്ടറിൽ നിന്നു ഗ്യോകെറസ് മറിച്ചു നൽകിയ പന്ത് മാർട്ടിനെല്ലി സാകക്ക് നൽകി തുടർന്ന് ഈ നീക്കം തടയാൻ ആയി കയറി വന്ന ഉനയ് സൈമണിനെ മറികടന്നു വലത് കാലൻ അടിയിലൂടെ ഗോളാക്കി മാറ്റിയ ബുകയോ സാക ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ ആണ് ആഴ്‌സണൽ തുറന്നത്. ഇടക്ക് മദുയെക്കയുടെ ക്രോസിൽ നിന്നു ഗ്യോകെറസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 82 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടറിൽ നിന്നു സാകയുടെ പാസിൽ നിന്നു ഗോൾ നേടിയ കായ് ഹാവർട്സ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു ഗോൾ വരെ പന്തുമായി ഓടിയ ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഹാവർട്സ് ഈ ഗോൾ നേടുക ആയിരുന്നു.

ഹോങ്കോങ്ങിൽ സ്പർസിനെതിരെ ഗ്യോക്കറസ് അരങ്ങേറ്റം കുറിച്ചേക്കും


ആഴ്സണലിന്റെ റെക്കോർഡ് തുക നൽകി സ്വന്തമാക്കിയ വിക്ടർ ഗ്യോക്കറസ്, നോർത്ത് ലണ്ടൻ ഡർബിയിൽ ടോട്ടൻഹാമിനെതിരെ ഹോങ്കോങ്ങിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് 67 ദശലക്ഷം ഡോളറിന് (അധിക ആനുകൂല്യങ്ങളോടെ 89 ദശലക്ഷം ഡോളർ വരെ ഉയരാം) ഗണ്ണേഴ്സ് സ്വന്തമാക്കിയ 27 വയസ്സുകാരനായ സ്വീഡിഷ് സ്ട്രൈക്കർക്ക് അർട്ടേറ്റയുടെ ടീമിനൊപ്പം പരിശീലിക്കാൻ അധികം സമയം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വ്യാഴാഴ്ച കൈ ടാക് സ്റ്റേഡിയത്തിൽ 50,000 കാണികൾക്ക് മുന്നിൽ അദ്ദേഹത്തെ കളത്തിലിറക്കാൻ സാധ്യതയുണ്ട്.


ഏഷ്യൻ പര്യടനത്തിൽ ചേർന്നതിന് ശേഷം ഗ്യോക്കറസ് രണ്ട് ചെറിയ പരിശീലIന സെഷനുകളിൽ മാത്രമാണ് പങ്കെടുത്തതെന്ന് അർട്ടേറ്റ സമ്മതിച്ചു. “ഞങ്ങൾ ഇന്ന് രാത്രി വിലയിരുത്തും… അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ സ്റ്റാഫ് തൃപ്തരാണെങ്കിൽ, അതൊരു സാധ്യതയാണ്,” അർട്ടേറ്റ പറഞ്ഞു.


പോർച്ചുഗലിൽ മികച്ച സീസണിന് ശേഷമാണ് ഗ്യോക്കറസ് ആഴ്സണലിലേക്ക് എത്തുന്നത്. അവിടെ 39 ഗോളുകൾ നേടുകയും സ്പോർട്ടിംഗിനെ കിരീടത്തിലേക്ക് നയിക്കുകയും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാട്രിക് നേടുകയും ചെയ്തു. ഈ പ്രകടനങ്ങളാണ് ആഴ്സണൽ അദ്ദേഹത്തിന് തിയറി ഹെൻറിയുടെ ഐക്കോണിക് നമ്പർ 14 ജേഴ്സി നൽകാൻ കാരണം.


നാളെ വൈകിട്ട 5 മണിക്കാണ് ഈ മത്സരം നടക്കുന്നത്.

ഗ്യോകെറസിന് ഗംഭീര വരവേൽപ്പ് നൽകി ആഴ്‌സണൽ ഫാൻസ് കേരള

തങ്ങളുടെ പുതിയ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിന് ഗംഭീര വരവേൽപ്പ് നൽകി ആഴ്‌സണൽ ഫാൻസ് കേരള. സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ടീമിൽ എത്തിയ താരത്തിനെ സോഷ്യൽ മീഡിയയിൽ ആണ് ആഴ്‌സണൽ ഫാൻസ് കേരള ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. ഗ്യോകെറസിന്റെ പ്രസിദ്ധമായ ഗോൾ ആഘോഷം നൂറുകണക്കിന് വരുന്ന ആഴ്‌സണൽ കേരള ഫാൻസ് അനുകരിക്കുന്ന വീഡിയോ ആണ് അവർ ആഴ്‌സണൽ ഫാൻസ് കേരള ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടത്.

കഴിഞ്ഞ 3 പ്രാവശ്യവും കൈവിട്ട പ്രീമിയർ ലീഗ് കിരീടം ഗ്യോകെറസിന്റെ ഗോൾ അടി മികവിൽ നേടാൻ ആവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. വർഷങ്ങൾക്ക് ശേഷമാണ് ആഴ്‌സണൽ ഒരു സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുന്നത് എന്നതിനാൽ തന്നെ ഇത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വിക്ടർ ഗ്യോകെറസിനു ആരാധകർ നൽകിയ വരവേൽപ്പ് താഴെത്തെ ലിങ്കിൽ കാണാം.

ഔദ്യോഗിക പ്രഖ്യാപനം എത്തി വിക്ടർ ഗ്യോകെറസ് ഇനി ആഴ്‌സണൽ താരം

സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ് ഇനി ആഴ്‌സണൽ താരം. താരത്തിന്റെ വരവ് അൽപ്പം മുമ്പ് ആഴ്‌സണൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണും ആയി നടത്തിയ ദീർഘകാലത്തെ ചർച്ചകൾക്ക് ഒടുവിൽ ആണ് ഏതാണ്ട് 64 മില്യൺ യൂറോ നൽകി താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ദീർഘകാല കരാർ ആണ് താരം ആഴ്‌സണലിൽ ഒപ്പ് വെച്ചത്.

തിയറി ഒൻറി അണിഞ്ഞ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആണ് ഗ്യോകെറസ് ആഴ്‌സണലിൽ അണിയുക. താരത്തിന്റെ വരവിൽ ക്ലബിന്റെ സന്തോഷം സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ വ്യക്തമാക്കി. അതേസമയം എപ്പോഴും ഗോൾ അടിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നു പറഞ്ഞ ഗ്യോകെറസ് ആഴ്‌സണൽ ജേഴ്‌സി അണിഞ്ഞു ഗോൾ അടിക്കുന്നത് അവിസ്മരണീയ അനുഭവം ആവും എന്നും വ്യക്തമാക്കി. തനിക്ക് യോജിച്ച ക്ലബ് ഇതാണെന്നും താരം വ്യക്തമാക്കി. നാളെ താരം സിംഗപ്പൂരിൽ ആഴ്‌സണൽ ടീമിന് ഒപ്പം പ്രീ സീസൺ ടൂറിൽ ചേരും എന്നാണ് റിപ്പോർട്ട്.

വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ തിയറി ഒൻറിയുടെ 14 നമ്പർ ജേഴ്‌സി ധരിക്കും

സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്ന കാര്യത്തിൽ പൂർണ ധാരണയിൽ എത്തി ആഴ്‌സണൽ. ഏതാണ്ട് 64 മില്യൺ യൂറോ ആണ് ആഴ്‌സണൽ 27 കാരനായ താരത്തിന് മുടക്കുന്നത് എന്നാണ് സൂചന. താരത്തിന് മെഡിക്കലിൽ പങ്കെടുക്കാനുള്ള അനുമതി സ്പോർട്ടിങ് നൽകി. നാളെ താരം മെഡിക്കൽ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്.

ഇതിനു ശേഷം താരം 5 വർഷത്തെ കരാറിൽ ആഴ്‌സണലിൽ ഒപ്പ് വെക്കും. ഇതിഹാസ ആഴ്‌സണൽ താരം തിയറി ഒൻറിയുടെ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആവും വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ ധരിക്കുക എന്നാണ് റിപ്പോർട്ട്. 1999 ൽ ആഴ്‌സണലിൽ എത്തിയ ഒൻറി 14 നമ്പർ അണിഞ്ഞതോടെ ആഴ്‌സണൽ ചരിത്രത്തിൽ വലിയ സ്ഥാനം ആണ് ഈ ജേഴ്‌സി നമ്പറിന് ലഭിച്ചത്. തുടർന്ന് വന്നവരിൽ ഒബമയാങ്, തിയോ വാൽകോട്ട് എന്നിവരും ഈ ജേഴ്‌സി നമ്പർ അണിഞ്ഞു. ഒൻറി ആഴ്‌സണലിൽ കാണിച്ച മാജിക് ഗ്യോകെറസിന് ആവർത്തിക്കാൻ ആവുമോ എന്നു കാത്തിരുന്നു കാണാം.

Here we go! നാടകീയ ദിനങ്ങൾക്ക് അന്ത്യം, വിക്ടർ ഗ്യോകെറസ് ആഴ്‌സണൽ താരമാവും

ആഴ്ചകൾ നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷം സ്പോർട്ടിങ് ലിസ്ബണും ആയി സ്വീഡിഷ് മുന്നേറ്റനിര താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ ധാരണയിൽ എത്തി ആഴ്‌സണൽ. താരത്തിന്റെ വിലയുടെ കാര്യത്തിൽ പോർച്ചുഗീസ് ക്ലബ് നടത്തിയ വിട്ടു വീഴ്ച ഇല്ലാത്ത നയങ്ങൾ ആണ് കാര്യങ്ങൾ ഇത്രത്തോളം നീട്ടിയത്. നിലവിൽ താരത്തെ 63.5 മില്യൺ യൂറോക്ക് ഒപ്പം 10 മില്യൺ യൂറോ ആഡ് ഓണിനു ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കുക. നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ദ അത്‌ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു.

അതേസമയം താരത്തിന്റെ ആഴ്‌സണൽ സ്വന്തമാക്കുന്ന കാര്യത്തിൽ ഉറപ്പ് പറഞ്ഞ ഫബ്രീസിയോ റൊമാനോ ആഴ്‌സണലിന്റെ അവസാന ഓഫർ സ്പോർട്ടിങ് സ്വീകരിച്ചത് ആയി റിപ്പോർട്ട് ചെയ്തു. ഡീൽ നടക്കാൻ ആയി ഗ്യോകെറസിന്റെ ഏജന്റ് കമ്മീഷൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്പോർട്ടിങ് നൽകാനുള്ള വേതനത്തിൽ ഒരു വിഹിതം സ്വീഡിഷ് താരവും വേണ്ടെന്ന് വെച്ചിരുന്നു. മുൻ സ്പോർട്ടിങ് പരിശീലകൻ റൂബൻ അമോറിനിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ക്ലബുകൾ താൽപ്പര്യം കാണിച്ചിരുന്നു എങ്കിലും ആഴ്‌സണലിൽ മാത്രമെ ചേരുകയുള്ളു എന്ന നിലപാട് ഗ്യോകെറസ് എടുക്കുക ആയിരുന്നു. 5 വർഷത്തെ കരാർ ആവും ആഴ്‌സണലിൽ സ്വീഡിഷ് താരം ഒപ്പ് വെക്കുക.

ചർച്ചകൾക്ക് അന്ത്യം ഉണ്ടാവുന്നു, ഗ്യോകെറസിനെ സ്വന്തമാക്കുന്നതിനു അടുത്ത് ആഴ്‌സണൽ

വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്നതിനു അടുത്ത് എത്തി ആഴ്‌സണൽ. ശനിയാഴ്ച നടന്ന ചർച്ചകളിൽ താരത്തിന്റെ ട്രാൻസ്ഫർ തുകയിൽ സ്പോർട്ടിങ് ലിസ്ബണും ആയി ആഴ്‌സണൽ ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. 80 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ആഴ്‌സണൽ മുടക്കും എന്നാണ് സൂചന. 5 വർഷത്തെ കരാറിനു നേരത്തെ ആഴ്‌സണലും ആയി ഗ്യോകെറസ് ധാരണയിൽ ആയിരുന്നു.

ആഴ്‌സണൽ അല്ലാതെ വേറൊരു ക്ലബ്ബിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ച ഗ്യോകെറസ് ക്ലബ്ബിലേക്ക് വരാൻ തന്റെ ബാക്കിയുള്ള ശമ്പളത്തിൽ ഒരു വിഹിതം വേണ്ടെന്ന് വെച്ചിരുന്നു. തുടർന്ന് വാക്ക് പാലിക്കാത്ത സ്പോർട്ടിങ്ങിന് എതിരെ പ്രതിഷേധിച്ചു താരം പരിശീലനത്തിനും എത്തിയില്ല. ഉടൻ തന്നെ താരം ആഴ്‌സണൽ താരം ആവും എന്നാണ് നിലവിലെ സൂചനകൾ. ക്ലബുകൾ തമ്മിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ആണ് നിലവിൽ തീരുമാനം ഉണ്ടാവുന്നത്.

വിക്ടർ ഗ്യോകെരെസ് പരിശീലനത്തിന് ഇറങ്ങാൻ വിസമ്മതിച്ചു


സ്പോർട്ടിംഗ് സിപി സ്ട്രൈക്കർ വിക്ടർ ഗ്യോകെരെസ് ആർസനലിലേക്കുള്ള കൈമാറ്റത്തിനായി സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പ്രീ-സീസൺ പരിശീലനത്തിന് ഹാജരാകാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. അധിക അവധി അനുവദിച്ചിരുന്ന സ്വീഡിഷ് താരം വെള്ളിയാഴ്ച മടങ്ങിയെത്തിയില്ല, കൂടാതെ സ്പോർട്ടിംഗ് പ്രസിഡന്റ് ഫ്രെഡറിക്കോ വരാൻഡസിനെ ക്ലബ്ബിനായി ഇനി കളിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.


ഗ്യോകെരെസിന്റെ റിലീസ് തുകയായി മുമ്പ് സമ്മതിച്ച €60 മില്യൺ + €10 മില്യൺ യൂറോ ആർസനൽ ഇതിനകം മറികടന്നിട്ടുണ്ട്, എന്നാൽ ഇരു ക്ലബ്ബുകളും ഇതുവരെ കൈമാറ്റത്തിന് ധാരണ ആയിട്ടില്ല. 27 വയസ്സുകാരനായ ഗ്യോകെരെസ് നോർത്ത് ലണ്ടൻ ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും, മറ്റ് ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യമുണ്ടായിട്ടും എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്കുള്ള നീക്കത്തിന് മുൻഗണന നൽകുന്നുവെന്നും പറയപ്പെടുന്നു.


2023-ൽ കോവെൻട്രി സിറ്റിയിൽ നിന്ന് സ്പോർട്ടിംഗ് സിപിയിൽ ചേർന്നതിന് ശേഷം, ഗ്യോകെരെസ് യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായി മാറി. 102 മത്സരങ്ങളിൽ നിന്ന് 97 ഗോളുകൾ നേടി, കഴിഞ്ഞ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് റെക്കോർഡ് 54 ഗോളുകൾ നേടി സ്പോർട്ടിംഗ് ആഭ്യന്തര ഡബിൾ നേടിയിരുന്നു.

ആഴ്‌സണലിലേക്ക് വരാൻ ബാക്കിയുള്ള ശമ്പളത്തിൽ 2 മില്യൺ വേണ്ടെന്ന് വച്ചു വിക്ടർ ഗ്യോകെറസ്!

ആഴ്‌സണലിലേക്ക് വരാൻ ആയി തനിക്ക് ആവുന്നത് എല്ലാം ചെയ്തു സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ്. നേരത്തെ ആഴ്‌സണൽ മാത്രം മതിയെന്ന് തീരുമാനിച്ച ഗ്യോകെറസ് സ്പോർട്ടിങ് തനിക്ക് തരാനുള്ള ശമ്പളത്തിൽ നിന്നു 2 മില്യൺ യൂറോ വേണ്ടെന്ന് വച്ചു എന്നാണ് റിപ്പോർട്ട്.

നിലവിൽ ആഴ്‌സണൽ താരത്തിന് നൽകാൻ തയ്യാറാവുന്നതിലും കൂടുതൽ തുക പോർച്ചുഗീസ് ക്ലബ് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ ആണ് ഇംഗ്ലീഷ് ക്ലബ്ബിൽ എത്താൻ തന്റെ ശമ്പളത്തിൽ നിന്നു ഒരംശം വിക്ടർ ഗ്യോകെറസ് വേണ്ടെന്നു വെക്കാൻ തയ്യാറായത്. നിലവിൽ താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ ആണെന്നും ഉടൻ താരത്തിന്റെ കാരുത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തും എന്നാണ് സൂചന.

Exit mobile version