ആഴ്സണൽ സൂപ്പർ താരം അലക്‌സി സാഞ്ചസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പണിയും. സിറ്റി സ്വന്തമാക്കും എന്നുറപ്പിച്ച താരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അസാധാരണ നീക്കത്തിലൂടെ യുണൈറ്റഡ് സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചസിനായി 60 മില്യൺ മുടക്കാൻ തയ്യാറായ സിറ്റി പക്ഷെ ഇത്തവണ അത് 20 മില്യൺ ആയി ചുരുക്കിയതോടെയാണ് അവസരം മുതലാക്കാൻ യുണൈറ്റഡ് രംഗത്ത് എത്തിയത്. സാഞ്ചസ് ആവശ്യപ്പെട്ട ശമ്പളം നൽകാൻ യുണൈറ്റഡ് തയ്യാറായതും കാര്യങ്ങൾ എളുപ്പമാക്കി. സഞ്ചസിന് പകരക്കാരനായി യൂണൈറ്റഡ് താരം മികിതാര്യൻ ആഴ്സണലിൽ ചേരും. മൗറീഞ്ഞോക്ക് കീഴിൽ നിരാശ സമ്മാനിച്ച മികിതാര്യന് ഇതോടെ വെങ്ങറുടെ കീഴിൽ പുതു തുടക്കം നേടാനാവും.
2014 ഇൽ ആഴ്സണലിൽ എത്തിയ സാഞ്ചസ് പക്ഷെ തന്റെ കരാർ പിന്നീട് പുതുക്കാൻ തയ്യാറായിരുന്നില്ല. അടുത്ത ജൂണിൽ കരാർ തീരുന്ന താരത്തെ വെറുതെ നഷ്ടമാവും എന്നറിയാവുന്ന ആഴ്സണൽ ജനുവരിയിൽ തന്നെ താരത്തെ വിൽക്കാൻ തയ്യാറാവുകയായിരുന്നു. നാല് വർഷത്തെ കരാറിലാണ് സാഞ്ചസും യൂണൈറ്റഡും ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം യുണൈറ്റഡ് നിരയിൽ ഏറ്റവും വലിയ ശമ്പളം പറ്റുന്ന താരം സാഞ്ചസാവും. 29 കാരനായ സാഞ്ചസ് ചിലിയൻ ക്ലബ്ബായ കോബ്രലോയിലൂടെയാണെന് തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ ഉദിനെസെയിൽ എത്തിയ താരം 2011 ബാഴ്സലോണയിൽ എത്തുകയായിരുന്നു. ബാഴ്സക്കായി 88 മത്സരങ്ങളിൽ കളിച്ച താരം 39 ഗോളുകൾ നേടി. 2014 ഇൽ ലണ്ടനിൽ എത്തിയ താരം ഇതുവരെ 122 മത്സരങ്ങളിൽ ആഴ്സണലിനായി 60 ഗോളുകൾ നേടിയിട്ടുണ്ട്. 2006 മുതൽ ചിലി ദേശീയ ടീമിലും അംഗമാണ് സാഞ്ചസ്.
2016 ഇൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ ഹെൻറിക് മികിതാര്യന്റെ ഇംഗ്ലണ്ടിലെ പ്രകടനം പക്ഷെ പ്രതീക്ഷക്ക് ഒപ്പം നിൽകുന്നതായിരുന്നില്ല. മൗറീഞ്ഞോയുടെ പരസ്യ വിമർശനം അടക്കം നേരിട്ട താരം ഈ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച പ്രതിഭയുള്ള താരത്തിന് മൗറീഞ്ഞോയുടെ ഫുട്‌ബോൾ ശൈലിയിൽ വേണ്ടത്ര സംഭാവന നൽകാൻ ആയില്ല. പക്ഷെ വെങ്ങറുടെ കീഴിൽ കളിക്കാൻ അർഹനായ താരത്തെ യുണൈറ്റഡ് വാഗ്ദാനം ചെയ്തതോടെ ആഴ്സണൽ സഞ്ചസിന് പകരക്കാരനായി മികിതാര്യനെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. 29 വയസുകാരനായ മികിതാര്യൻ യുണൈറ്റഡിനായി 39 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
