ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ട് ജയവുമായി ലിവർപൂൾ, ന്യൂകാസ്റ്റിൽ ടീമുകൾ മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയം കണ്ടു ലിവർപൂൾ നാലാം റൗണ്ടിലേക്ക് മുന്നേറി. ആൻഫീൽഡിൽ ലീഗ് 1 ക്ലബ് ആയ ഡെർബി കൗണ്ടിക്ക് എതിരെ യുവനിരയെ ആണ് ലിവർപൂൾ ഇറക്കിയത്. രണ്ടാം പകുതിയിൽ ഡാർവിൻ നുനിയസ് അടക്കമുള്ളവർ ഇറങ്ങിയെങ്കിലും മത്സരം ഗോൾ രഹിതമായി അവസാനിച്ചതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് ആവശ്യമായി. ഫർമീന അടക്കമുള്ള 2 താരങ്ങൾ പെനാൽട്ടി പാഴാക്കി എങ്കിലും മൂന്നു രക്ഷപ്പെടുത്തലുകൾ നടത്തിയ ഐറിഷ് ഗോൾ കീപ്പർ ഗെല്ലഹർ ലിവർപൂളിന്റെ രക്ഷകൻ ആയപ്പോൾ അവർ പെനാൽട്ടി ഷൂട്ട് ഔട്ട് 3-2 നു ജയിക്കുക ആയിരുന്നു.

അതേസമയം ക്രിസ്റ്റൽ പാലസിന് എതിരെ രണ്ടാം പകുതിയിൽ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ഗോൾ നേടാൻ ആവാത്ത ന്യൂകാസ്റ്റിൽ യുണൈറ്റഡും പെനാൽട്ടി ഷൂട്ട് ഔട്ടിൽ(3-2) ആണ് ജയം കണ്ടത്. മൂന്നു രക്ഷപ്പെടുത്തലുകളും ആയി ഗോൾ കീപ്പർ നിക് പോപ്പ് അവരുടെ ഹീറോ ആവുക ആയിരുന്നു. 1-1 നു അവസാനിച്ച മത്സരത്തിന് ഒടുവിൽ ഷെഫീൾഡ് വെനസ്ഡേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ(6-5) സൗതാപ്റ്റൺ മറികടന്നപ്പോൾ 2-2 നു അവസാനിച്ച മത്സരത്തിനു ഒടുവിൽ പെനാൽട്ടിയിൽ വെസ്റ്റ് ഹാം ബ്ലാക്ക്ബേണിനോട് പരാജയപ്പെട്ടു(10-9). അതേസമയം ലീഡ്സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു വോൾവ്സ് ലീഗ് കപ്പിൽ മുന്നേറി. ബൗബകർ ട്രയോറെ ആണ് വോൾവ്സിന്റെ വിജയഗോൾ നേടിയത്.

നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു ടോട്ടനം ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനെ മൂന്നാം റൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ്. ശക്തമായ ടീമും ആയി മത്സരത്തിനു എത്തിയ ടോട്ടനത്തിന് പരാജയം വലിയ തിരിച്ചടിയായി. ഹാരി കെയിൻ അടക്കം തങ്ങളുടെ പ്രമുഖ താരങ്ങളെ എല്ലാം ടോട്ടനം ഇന്ന് കളത്തിൽ ഇറക്കിയിരുന്നു. ചില അവസരങ്ങൾ പിറന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഫോറസ്റ്റിന്റെ വിജയഗോളുകൾ പിറന്നത്.

50 മത്തെ മിനിറ്റിൽ ജെസ്സെ ലിംഗാർഡിന്റെ പാസിൽ നിന്നു മികച്ച കർലിംഗ് ഷോട്ടിലൂടെ ലെഫ്റ്റ് ബാക്ക് റെനൻ ലോദി ഫോൻസ്റ്റിന് മത്സരത്തിൽ മുൻതൂക്കം നൽകി. 8 മിനിറ്റിനു ശേഷം മികച്ച കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ ഹെഡറിലൂടെ ക്ലബിന് ആയി തന്റെ ആദ്യ ഗോൾ കണ്ടത്തിയ ജെസ്സെ ലിംഗാർഡ് ഫോറസ്റ്റിന് നിർണായക രണ്ടാം ഗോൾ സമ്മാനിച്ചു. 7 മിനിറ്റിനുള്ളിൽ 75 മത്തെ മിനിറ്റിൽ രണ്ടു മഞ്ഞ കാർഡ് കണ്ടു മഗാള പുറത്ത് പോയി 10 പേരായി ചുരുങ്ങിയ ഫോറസ്റ്റ് അവസാന നിമിഷങ്ങളിൽ നന്നായി പ്രതിരോധിച്ചു ജയം പിടിച്ചെടുക്കുക ആയിരുന്നു.

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് ചെൽസി പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ചെൽസി മൂന്നാം റൗണ്ടിൽ പുറത്തായി. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നു ചെൽസി നേരിടുന്ന മൂന്നാം തോൽവിയാണ് ഇത്. പരിക്കിൽ നിന്നു മുക്തി നേടി കൗലിബാലി ഇറങ്ങിയ മത്സരത്തിൽ താരതമ്യേന ശക്തമായ ടീമും ആയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് സിറ്റിയുടെ ഗോളുകൾ പിറന്നത്.

53 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു റിയാദ് മാഹ്രസും 5 മിനിറ്റുകൾക്ക് ശേഷം റീബൗണ്ടിൽ നിന്നു ജൂലിയൻ അൽവാരസും ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ ലഭിച്ച സുവർണ അവസരങ്ങൾ പാഴാക്കിയ ചെൽസി ജയം കൈവിടുക ആയിരുന്നു. ലൂയിസ് ഹാൾ, ക്രിസ്റ്റിയൻ പുലിസിച്ച്, മേസൻ മൗണ്ട്, റഹീം സ്റ്റെർലിങ് എന്നിവർ എല്ലാം തങ്ങളുടെ ലഭിച്ച മികച്ച അവസരങ്ങൾ പാഴാക്കി. സിറ്റിക്ക് ആയി അവരുടെ രണ്ടാം ഗോൾ കീപ്പർ ഓർട്ടെഗ മികച്ച പ്രകടനം ആണ് നടത്തിയത്. മറ്റൊരു ലീഗ് കപ്പ് കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന സിറ്റിക്ക് ഈ ജയം കരുത്ത് പകരും.

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ആഴ്‌സണൽ ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ നിന്നു ആഴ്‌സണൽ പുറത്ത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ലോകകപ്പിന് മുമ്പ് സ്വന്തം മൈതാനത്ത് തങ്ങളുടെ അവസാന മത്സരത്തിനു ഇറങ്ങിയ ആഴ്‌സണൽ 3-1 നു ബ്രൈറ്റണിനോട് പരാജയപ്പെടുക ആയിരുന്നു. ആഴ്‌സണലിന് ആയി യുവ ഗോൾ കീപ്പർ കാൾ ഹെയിൻ അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിലെ ആധിപത്യം പക്ഷെ ഗോൾ ആക്കി മാറ്റാൻ ആഴ്‌സണൽ പലപ്പോഴും പരാജയപ്പെട്ടു. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ റീസ് നെൽസന്റെ പാസിൽ നിന്നു എഡി എങ്കിതിയ ആണ് മികച്ച ഷോട്ടിലൂടെ ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചത്.

എന്നാൽ 7 മിനിറ്റിനുള്ളിൽ വെൽബെക്കിനെ ഫൗൾ ചെയ്ത ഹെയിൻ പെനാൽട്ടി വഴങ്ങി. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മുൻ ആഴ്‌സണൽ താരമായ ഡാനി വെൽബെക്ക് ബ്രൈറ്റണിനു സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ ജെറമി സാർമിയെന്റോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ മിറ്റോമ ബ്രൈറ്റണിനു മുൻതൂക്കം സമ്മാനിച്ചു. 71 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ ബില്ലി ഗിൽമോറിന്റെ പാസിൽ നിന്നു ഗോൾ നേടിയ തരീഖ് ലാമ്പ്‌റ്റി ബ്രൈറ്റൺ ജയം പൂർത്തിയാക്കി. ഗോളിന് മുന്നിൽ യുവ ഗോൾ കീപ്പർ ഹെയിനിന് മറക്കാൻ പറ്റുന്ന ദിനം ആയിരുന്നു ഇത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ പരാജയം ആയിരുന്നു ആഴ്സണലിന് ഇത്.

ലീഗ് കപ്പിലും മുന്നേറാൻ ആഴ്‌സണൽ,വെല്ലുവിളി ഉയർത്താൻ ബ്രൈറ്റൺ

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടും. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലുള്ള ഒരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകി തന്നെയാവും ആഴ്‌സണൽ കളിക്കാൻ ഇറങ്ങുക. എങ്കിലും ചിലപ്പോൾ നന്നായി കളിക്കുന്നു എങ്കിലും ഗോൾ അടിക്കാൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസിന് ചിലപ്പോൾ ആർട്ടെറ്റ അവസരം നൽകിയേക്കും. എഡി എങ്കിതിയ,ഫാബിയോ വിയേര, റീസ് നെൽസൺ എന്നിവർ ആവും മുന്നേറ്റത്തിൽ, ചിലപ്പോൾ മാർക്വീനോസിനും അവസരം ലഭിച്ചേക്കും.

മധ്യനിരയിൽ മുഹമ്മദ് എൽനെനി, സാമ്പി ലൊകോങോ എന്നിവർക്ക് അവസരം ലഭിക്കുമ്പോൾ ശാക്ക, പാർട്ടി അടക്കമുള്ളവർക്ക് വിശ്രമം ലഭിക്കും. പ്രതിരോധത്തിൽ ഗബ്രിയേൽ ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. ഒപ്പം ഹോൾഡിങ് എത്തുമ്പോൾ റൈറ്റ് ബാക്ക് ആയി സെഡറിക് സുവാരസിന് അവസരം ലഭിക്കും. നിലവിൽ ടോമിയാസുവിനു പരിക്കേറ്റതും ബെൻ വൈറ്റിനു വിശ്രമം ആവശ്യമുള്ളതും പോർച്ചുഗീസ് താരത്തിന് അവസരം തുറക്കും. ലെഫ്റ്റ് ബാക്ക് ആയി ടിയേർണി ഇറങ്ങുമ്പോൾ ഗോൾ പോസ്റ്റിനു മുന്നിൽ പരിക്കിൽ നിന്നു മുക്തനായ മാറ്റ് ടർണർ ആവും നിൽക്കുക. ജയം തുടർന്ന് ലീഗ് കപ്പിലും മുന്നേറാൻ ആവും ആഴ്‌സണലിന്റെ ശ്രമം.

മറുവശത്ത് പുതിയ പരിശീലകനു കീഴിൽ ആദ്യം താളം കണ്ടത്താൻ വിഷമിച്ച ബ്രൈറ്റൺ പിന്നീട് മികവിലേക്ക് ഉയരുന്നത് ആണ് കാണാൻ ആയത്. ചെൽസിയെയും വോൾവ്സിനെയും വീഴ്ത്തിയാണ് അവർ മത്സരത്തിന് എത്തുന്നത്. സമീപകാലത്ത് ലീഗിൽ ആഴ്‌സണലിന് എതിരെ മികച്ച റെക്കോർഡും അവർക്ക് ഉണ്ട്. എന്നാൽ ട്രോസാർഡ് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് അവർ ചിലപ്പോൾ വിശ്രമം നൽകിയേക്കും. മക് അലിസ്റ്റർ,ആദം ലല്ലാന, പാസ്‌കൽ ഗ്രോസ്, സോണി മാർച്ച്, കായിസെഡോ തുടങ്ങിയ മികച്ച താരങ്ങൾ തന്നെയാണ് ബ്രൈറ്റണിന്റെ കരുത്ത്. ലോകകപ്പിന് മുമ്പ് സ്വന്തം കാണികൾക്ക് മുന്നിൽ ഇത് അവസാന മത്സരം ആയതിനാൽ മികച്ച ജയം നേടാൻ ആവും ആഴ്‌സണൽ ശ്രമം.

ലീഗ് കപ്പ്- എവർട്ടണിനെ തകർത്തു ബോർൺമൗത്ത്,ജയം കണ്ടു ലെസ്റ്റർ,ബ്രന്റ്ഫോർഡ് പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ പ്രീമിയർ ലീഗ് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ബോർൺമൗത്ത്. ജമാൽ ലൊ, ജൂനിയർ സ്റ്റാനിസ്‌ലാസ് പകരക്കാരായി ഇറങ്ങിയ എമിലിയാനോ മാർകണ്ടോസ്, ജെയിഡൻ ആന്റണി എന്നിവർ ആണ് ബോർൺമൗത്ത് ഗോളുകൾ നേടിയത്. അതേസമയം ഡിമാറി ഗ്രെ എവർട്ടണിന്റെ ആശ്വാസ ഗോൾ കണ്ടത്തി.

അതേസമയം ലെസ്റ്റർ സിറ്റി ലീഗ് 2 ക്ലബ് ആയ ന്യൂപോർട്ടിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. ജെയ്മി വാർഡി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജെയിംസ് ജസ്റ്റിൻ ആണ് മൂന്നാം ഗോൾ നേടിയത്. അതേസമയം ലീഗ് 2 വിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഗില്ലിങ്ഹാമിനോട് തോറ്റ് ബ്രന്റ്ഫോർഡ് ലീഗ് കപ്പിൽ നിന്നു പുറത്തായി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ദാംസ്ഗാർഡ് പെനാൽട്ടി പാഴാക്കിയതോടെയാണ് അവർ പുറത്തായത്.

കാരബാവോ കപ്പ്; മൂന്നാം റൗണ്ടിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

കാരബാവോ കപ്പ് മൂന്നാം റൗണ്ടിനായുള്ള നറുക്കെടുപ്പ് കഴിഞ്ഞു. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരുന്നതാണ് ഏറ്റവും വലിയ പോരാട്ടം. ഇത്തിഹാസ് സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആസ്റ്റൺ വില്ലയാണ് എതിരാളികൾ. ലിവർപൂൾ ഡാർബി കൗണ്ടിയെയും ആഴ്സണൽ ബ്രൈറ്റണെയും സ്പർസ് നോട്ടിങ്ഹാം ഫോറസ്റ്റിനെയും നേരിടും.

ഫിക്സ്ചർ;

Leicester City vs. Newport County
West Ham vs. Blackburn Rovers
Wolves vs. Leeds United
Nottingham Forest vs. Spurs
Man Utd vs. Aston Villa
Bournemouth vs. Everton
Liverpool vs. Derby County
Burnley vs. Crawley
Bristol City vs. Lincoln City
Man City vs. Chelsea
Stevenage vs. Charlton
MK Dons vs. Morecambe
Newcastle vs. Crystal Palace
Arsenal vs. Brighton
Brentford vs. Gillingham
Southampton vs. Sheffield Wednesday

രക്ഷിക്കാൻ വന്ന കെപ വില്ലനായി, ലിവർപൂൾ ലീഗ് കപ്പ് ചാമ്പ്യന്മാർ!!

വെംബ്ലി ഫുട്ബോൾ സ്റ്റേഡിയത്തെ തീപിടിപ്പിച്ച ലീഗ് കപ്പ് ഫൈനൽ പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി ലിവർപൂൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. ഇരു ടീമുകളും 11 പെനാൽറ്റി കിക്കുകൾ എടുത്ത മത്സരത്തിൽ ചെൽസി ഗോൾ കീപ്പർ കെപയുടെ അവസാന കിക്ക്‌ ബാറിന് മുകളിലൂടെ പോയതോടെയാണ് ലിവർപൂൾ ജേതാക്കളായത്.

മത്സരം ഗോൾ രഹിതമായിരുന്നെങ്കിലും ഒരു മിനിറ്റ് പോലും ആവേശം ചോരാത്ത പ്രകടനമാണ് ഇരു ടീമുകളും നടത്തിയത്. ഇരു ടീമുകളുടെയും ഗോള കീപ്പർമാരുടെയും വാറിന്റെയും ഇടപെടൽ ആണ് മത്സരം ഗോൾ പിറക്കാതെ പോയത്. ലിവർപൂളും ചെൽസിയും മത്സരത്തിൽ ഗോളുകൾ നേടിയെങ്കിലും വാർ ഇടപെട്ട് തടഞ്ഞത് ഇരു ടീമുകൾക്കും തിരിച്ചടിയായി. തുടർന്ന് എക്സ്ട്രാ ടൈമിലും മത്സരം ആവേശകരമായെങ്കിലും ഗോൾ പിറക്കാതെ പോവുകയായിരുന്നു. തുടർന്നാണ് അവസാന കിക്ക്‌ എടുത്ത ചെൽസി ഗോൾ കീപ്പർ കെപയുടെ കിക്ക്‌ ബാറിന് മുകളിലൂടെ പുറത്ത് പോയത്.

ലീഗ് കപ്പ് ഫൈനലിൽ ചെൽസി – ലിവർപൂൾ പോരാട്ടം

കാരബാവോ കപ്പ് ഫൈനലിൽ ചെൽസി ഇന്ന് ലിവർപൂളിനെ നേരിടും. വെംബ്ലിയിൽ വെച്ചാണ് ഇന്നത്തെ ഫൈനൽ മത്സരം നടക്കുക. സീസൺ അവസാനിക്കാൻ മാസങ്ങൾ അവശേഷിക്കെ അതെ ആഭ്യന്തര കിരീടം സ്വന്തമാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. അതെ സമയം ചെൽസി ഈ സീസണിൽ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് കിരീടങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

രണ്ട് പാദങ്ങളിലുമായി ടോട്ടൻഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി ലീഗ് കപ്പ് ഫൈനൽ ഉറപ്പിച്ചത്. കൂടാതെ തുടർച്ചയായ 6 മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസവും ലിവർപൂളിനെ നേരിടുമ്പോൾ ചെൽസിക്ക് തുണയാകും. ചെൽസി നിരയിൽ പരിക്ക് മാറി മേസൺ മൗണ്ടും റീസ് ജെയിംസും ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ലീഗ് കപ്പ് ഫൈനലിൽ ആഴ്‌സണലിനെ മറികടന്നാണ് ലിവർപൂൾ ലീഗ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെതിരെ 6 ഗോളുകൾ നേടിയ ലിവർപൂൾ മികച്ച ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. റെക്കോർഡ് ലീഗ് കപ്പ് കിരീടം നേടാനുറച്ച് തന്നെയാവും ലിവർപൂൾ ചെൽസിയെ നേരിടാൻ ഇറങ്ങുക. 2012ലാണ് ലിവർപൂൾ അവസാനമായി ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയത്. ലിവർപൂൾ നിരയിൽ പരിക്കേറ്റ ജോട്ട കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

ലിവർപൂൾ കൂടുതൽ കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് ക്ലോപ്പ്

നാളെ ലീഗ് കപ്പ് ഫൈനലിൽ ചെൽസിയെ നേരിടുന്ന ലിവർപൂൾ കിരീടം ഉറപ്പിക്കേണ്ടതുണ്ട് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്.

“ഈ നിമിഷത്തിൽ ലിവർപൂളിൽ എല്ലാവരും ശരിക്കും സന്തുഷ്ടരാണെന്ന് നമുക്കെല്ലാവർക്കും അറിയാം,” ക്ലോപ്പ് പറഞ്ഞു. “എന്നാൽ 20 വർഷത്തിനുള്ളിൽ ഈ ടീമിനെക്കുറിച്ച് നിങ്ങൾ സംസാരിക്കണമെങ്കിൽ, കിരീടങ്ങൾ നേടേണ്ടതുണ്ട്. നമ്മൾ കിരീടങ്ങൾ നേടിയില്ലെങ്കിൽ, ‘അതെ അവർ നല്ലവരായിരുന്നു, പക്ഷേ അവർ കൂടുതൽ കിരീടങ്ങൾ വിജയിക്കണമായിരുന്നു’ എന്ന് ആളുകൾ പറഞ്ഞാൽ അത്ഭുതപ്പെടാനില്ല.” ക്ലോപ്പ പറയുന്നു.

“അതുകൊണ്ടാണ് കുറച്ച് കാര്യങ്ങൾ വിജയിക്കാൻ നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്. അടുത്ത അവസരം, ഈ വാരാന്ത്യത്തിൽ ചെൽസിക്ക് എതിരെയുള്ളതാണ് ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരം, അത് ശരിക്കും പ്രയാസകരമായിരിക്കും” ക്ലോപ്പ് പറഞ്ഞു. 2016ന് ശേഷം ആദ്യമായാണ് ലിവർപൂൾ ഒരു പ്രാദേശിക ടൂർണമെന്റ്ഫൈനലിലെത്തുന്നത്.

എമിറേറ്റ്സിൽ വീണ്ടും ജോടാരാജ്! ആഴ്സണലിനെ വീഴ്ത്തി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ

ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ലിവർപൂൾ ആഴ്സണലിനെ തകർത്തു. ആദ്യ പാദത്തിലെ ഗോൾ രഹിത സമനിലക്ക് ശേഷം ആഴ്സണലിന്റെ ഗ്രൗണ്ടായ എമിറേറ്റ്സിൽ ഇറങ്ങിയ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സലായുടെയും മാനെയുടെയും അഭാവത്തിൽ അറ്റാക്കിംഗ് ദൗത്യം ഏറ്റെടുത്ത ഡിയോഗോ ജോടയാണ് രണ്ട് ഗോളുകളും നേടിയത്.

തുടക്കത്തിൽ 19ആം മിനുട്ടിൽ ഒറ്റയ്ക്ക് ആഴ്സണൽ ഡിഫൻസിനെ മറികടന്ന് കുതിച്ച് ഒരു ചീകി ഷോട്ടിലൂടെ ആയിരുന്നു ജോട ആദ്യ ഗോൾ നേടിയത്‌. 79ആം മിനുട്ടിൽ ട്രെന്റ് അർനോൾഡിന്റെ ഒരു ലോങ് ബോൾ സ്വീകരിച്ച് റാംസ്ഡൈലിന് മുകളിലൂടെ പന്ത് തൊടുത്ത് ജോട രണ്ടാം ഗോളും നേടി. ആഴ്സണലിന് എതിരെ അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ ജോട നേടി‌. കളിയിലെ രണ്ട് ഗോളുകളുടെയുൻ അസിസ്റ്റ് അലക്സാണ്ടർ അർനോൾഡ് ആയിരുന്നു‌.

ആഴ്സണൽ താരം തോമസ് പാർട്ടെ കളിയുടെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കണ്ട് പുറത്തായി‌. ഫൈനലിൽ ചെൽസിയെ ആകും ലിവർപൂൾ നേരിടുക.

സ്പർസിനോട് ‘നോ’ പറഞ്ഞ് ‘വാർ’, ചെൽസി കാരബാവോ കപ്പ് ഫൈനലിൽ

കാരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിലും ജയിച്ച് ചെൽസി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി കാരബാവോ കപ്പ് ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ ലിവർപൂൾ – ആഴ്‌സണൽ മത്സരത്തിലെ വിജയികളാണ് ചെൽസിയുടെ എതിരാളികൾ. നേരത്തെ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി സ്പർസിനെ തോൽപ്പിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 3-0ന്റെ ജയമാണ് ചെൽസി സ്വന്തമാക്കിയത്.

ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് അന്റോണിയോ റുഡിഗറാണ് ചെൽസിയുടെ ഗോൾ നേടിയത്. തുടർന്ന് സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.

Exit mobile version