സെൽഫ് ഗോളുകൾ തിരിച്ചടിയായി, ഫ്രാങ്ക് ലാംപാർഡിന്റെ ഡെർബിക്കെതിരെ ചെൽസിക്ക് ജയം

കരബാവോ കപ്പിൽ ഡെർബിക്കെതിരെ ചെൽസിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ലാംപാർഡിന്റെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ ചെൽസിക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സെൽഫ് ഗോളുകൾ ഡെർബിക്ക് വിനയാവുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ചെൽസി മത്സരത്തിൽ ലീഡ് നേടി. ചെൽസിയിൽ നിന്ന് ഡെർബിയിൽ ലോണിലുള്ള ഫികയോ ടിമോറിയുടെ സെൽഫ് ഗോളാണ് ചെൽസിക്ക് ലീഡ് നേടി കൊടുത്തത്. എന്നാൽ സെൽഫ് ഗോൾ വഴങ്ങിയിട്ടും പതറാതെ കളിച്ച ഡെർബി അധികം താമസിയാതെ മാറിയറ്റിലൂടെ സമനില പിടിച്ചു. ചെൽസി താരം കാഹിലിന്റെ പിഴവ് മുതലെടുത്താണ് താരം ഗോൾ നേടിയത്.

തുടർന്നാണ് ഡെർബി വഴങ്ങിയ രണ്ടാമത്തെ സെൽഫ് ഗോളിൽ ചെൽസി വീണ്ടും ലീഡ് എടുത്തത്. ഇത്തവണ റിച്ചാർഡ് കീഗ് ആണ് സെൽഫ് ഗോൾ വഴങ്ങിയത്. എന്നാൽ ലംപാർഡിന് കീഴിൽ പൊരുതാനുറച്ച് ഇറങ്ങിയ ഡെർബി മത്സരത്തിൽ വീണ്ടും സമനില പിടിച്ചു. ഇത്തവണ വാഗോൺ ആണ് ഡെർബിയുടെ ഗോൾ നേടിയത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ചെൽസി വീണ്ടും മത്സരത്തിൽ ലീഡ് നേടി. ഇത്തവണ ഫാബ്രിഗാസ് ആണ് ഡെർബി വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചപ്പോൾ ആദ്യ പകുതിയിലെ പോലെ ഗോളുകൾ രണ്ടാം പകുതിയിൽ പിറന്നില്ല. രണ്ടാം പകുതിയിൽ ചെൽസിയെക്കാൾ ഡെർബിയാണ് ഗോളടിക്കുമെന്ന് തോന്നിച്ചതെകിലും ഭാഗ്യം അവരുടെ തുണക്കെത്തിയില്ല. ഡെർബിയുടെ ശ്രമങ്ങൾ കാബിയെരോ രക്ഷപ്പെടുത്തുകയും മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. ജയത്തോടെ ചെൽസി കരബാവോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

കാരബാവോ കപ്പിൽ ചെൽസിക്ക് എതിരാളികൾ ലംപാർഡിന്റെ ഡർബി

ലീഗ് കപ്പ് നാലാം റൗണ്ടിൽ ചെൽസിക്ക് എതിരാളികൾ ഫ്രാങ്ക് ലംപാർഡിന്റെ ഡർബി. പരിശീലകനായി ചെൽസി ഇതിഹാസ താരം ലംപാർഡ് എത്തുമ്പോൾ സ്റ്റാംഫോഡ് ബ്രിഡ്ജിൽ അത് പ്രത്യേകതകളുടെ മത്സരമാകും.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് മറികടന്നാണ് ഡർബി സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നത്. ചെൽസി ലിവർപൂളിനെതിരെ ജയിച്ചാണ് നാലാം റൌണ്ട് ഉറപ്പിച്ചത്.
മറ്റു പ്രധാന മത്സരങ്ങളിൽ സ്പർസ് വെസ്റ്റ് ഹാമിനെയും, ആഴ്സണൽ ബ്ളാക് പൂളിനെയും, മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെയും നേരിടും.

വെൽബെക്കിന്റെ ഇരട്ട ഗോളിൽ ആഴ്സണലിന് ജയം

കാർബാവോ കപ്പിന്റെ മൂന്നാം റൗണ്ടിൽ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് ബ്രെന്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുമായി വെൽബക്കാണ് ഇന്ന് ആഴ്സണലിന്റെ താരമായത്. ആദ്യ പകുതിയിലായിരുന്നു വെൽബക്കിന്റെ രണ്ടു ഗോളികളും പിറന്നത്. ഒബാമയങ്ങും ലകസെറ്റും ഒന്നും ആദ്യ ഇലവനിൽ ഇല്ലാതെ ആണ് ആഴ്സണൽ ഇന്ന് ഇറങ്ങിയത്.

അഞ്ചാം മിനുട്ടിൽ ആയിരുന്നു വെൽബക്കിന്റെ ആദ്യ ഗോൾ. 37ആം മിനുട്ടിൽ മോൺറിയലിന്റെ പാസിൽ നിന്ന് വെൽബക്ക് രണ്ടാം ഗോളും നേടി. സബ്ബായി ഇറങ്ങിയ ലകാസെറ്റ് ആണ് ആഴ്സണലിന്റെ മൂന്നാം ഗോൾ നേടിയത്. ബ്രെന്റ്ഫോർഡിന്റെ ഏകഗോൾ ജഡ്ജ് ആണ് സ്കോർ ചെയ്തത്. ആഴ്സണലിന്റെ തുടർച്ചയായ ആറാം ജയമാണിത്.

ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഈഡൻ ഹസാർഡും ചെൽസിയും

ലിവർപൂളിന്റെ അപരാജിത കുതിപ്പിന് ചെൽസി അന്ത്യം കുറിച്ചു. കാരബാവോ കപ്പിൽ 1-2 ന് ചെൽസി ജയത്തോടെ നാലാം റൌണ്ട് ഉറപ്പാക്കി. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈഡൻ ഹസാർഡ് നേടിയ മനോഹര ഗോളാണ് ചെൽസിയുടെ ജയം ഉറപ്പിച്ചത്.

ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയേൽ സ്റ്ററിഡ്ജിന് കിട്ടിയ സുവർണാവസരം താരം നഷ്ടമാക്കിയത് ചെൽസിക്ക് ഭാഗ്യമായി. പക്ഷെ 59 ആം മിനുട്ടിൽ സ്റ്ററിഡ്ജ് പ്രായശ്ചിത്തം ചെയ്തു. മികച്ച ഫിനിഷിലൂടെ താരം ലിവർപൂളിനെ മുന്നിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ സാറി കാന്റെ, ലൂയിസ് എന്നിവരെ കളത്തിൽ ഇറക്കി. ഹസാർഡ് 56 ആം മിനുട്ടിൽ തന്നെ വില്ലിയന്റെ പകരക്കാരനായി കളത്തിൽ ഉണ്ടായിരുന്നു. 79 ആം മിനുട്ടിലാണ് ചെൽസിയുടെ സമനില ഗോൾ പിറന്നത്. ചെൽസി ഫ്രീകിക്കിൽ നിന്ന് ബാർക്ലിയുടെ ഹെഡർ മിനോലെ തടുത്തെങ്കിലും റീ ബൗണ്ടിൽ എമേഴ്സൻ പന്ത് വലയിലാക്കി. എമേഴ്സന്റെ ആദ്യ ചെൽസി ഗോൾ. പിന്നീട് 85 ആം മിനുട്ടിലാണ് ഹസാർഡ് ചെൽസിയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ലിവർപൂൾ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ ഗോളിന് പിന്നീടുള്ള സമയംകൊണ്ട് മറുപടി നൽകാൻ ചുവപ്പ് പടക്കായില്ല.

ഈ സീസണിൽ ആദ്യമായാണ് ലിവർപൂൾ തോൽകുന്നത്. 2012 ന് ശേഷം ആൻഫീൽഡിൽ ഒരൊറ്റ തോൽവി പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോർഡും ചെൽസി നിലനിർത്തി.

ഫോഡന്റെ ആദ്യ ഗോൾ പിറന്നു, സിറ്റിക്ക് ജയം

ടീനേജ് താരം ഫിൽ ഫോഡൻ നേടിയ ഗോളിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാരബാവോ കപ്പിൽ ജയം. ഓക്സ്ഫോഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന അവർ കാരബാവോ കപ്പിന്റെ നാലാം റൗണ്ടിൽ കടന്നു.

പ്രധാന തരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ഗാർഡിയോള ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗബ്രിയേൽ ജിസൂസിലൂടെ മുന്നിലെത്തിയ അവർ രണ്ടാം പകുതിയിൽ 78 ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിലാണ് സിറ്റി ടീനേജർ ഫോഡന്റെ ആദ്യ സിറ്റി ഗോൾ പിറന്നത്. ഇതോടെ സിറ്റി അനായാസ ജയം പൂർത്തിയാക്കി.

ഓൾഡ്ട്രാഫോർഡിൽ വീണ്ടും ദുരന്തം, കാർബാവോ കപ്പിൽ യുണൈറ്റഡ് പുറത്ത്!!

ഓൾഡ്ട്രാഫോർഡ് സ്വപ്നങ്ങളുടെ തീയേറ്ററല്ല ദുരന്തങ്ങളുടെ തീയേറ്ററായി മാറുകയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഓൾഡ്ട്രാഫോർഡിൽ നിന്ന് തലകുനിച്ചു കൊണ്ട് ഗ്രൗണ്ട് വിടേണ്ട ഗതി വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. ഇന്ന് കാർബാവോ കപ്പിന്റെ മൂന്നാം റൗണ്ടിൽ ചാമ്പ്യൻഷിപ്പ് ടീമായ ഡെർബി കൗണ്ടി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികൾ. എളുപ്പം തന്നെ യുണൈറ്റഡ് മറികടക്കുമെന്ന് കരുതിയ ലാമ്പാർഡിന്റെ ഡെർബി പക്ഷെ യുണൈറ്റഡിനെ തോൽപ്പിച്ചാണ് ഓൾഡ്ട്രാഫോർഡിൽ നിന്ന് മടങ്ങിയത്.

പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഡെർബിയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുണൈറ്റഡ് രണ്ടാം പകുതിയിൽ തകർന്നടിയുകയും പിന്നീട് ഇഞ്ച്വറി ടൈമിൽ ജീവശ്വാസം നേടുകയുമായിരുന്നു. ആദ്യ പകുതിയിൽ ഒരു സുന്ദര നീക്കത്തിന് ഒടുവിൽ മാറ്റയായിരുന്നു യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്. മൂന്നാം മിനുട്ടിലായിരുന്നു ഗോൾ. പിന്നീട് ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചു എങ്കിലും ലുകാകുവിന്റെ മോശം ഫോം സ്കോർ 1-0 എന്നതിൽ തന്നെ നിർത്തി.

രണ്ടാം പകുതിയിൽ ടാക്ടികൽ മാറ്റങ്ങളുമായി ലാമ്പാർഡിന്റെ ഡെർബി ഇറങ്ങിയപ്പോൾ കളി മാറി. 59ആം മിനുട്ടിൽ വിൽസൺ ഒരു ലോക നിലവാരമുള്ള ഫ്രീകിക്കിലൂടെ ഡെർബിക്ക് സമനില നേടിക്കൊടുത്തു. യുണൈറ്റഡ് നില പരുങ്ങലിലായി കൊണ്ടിരിക്കെ ഗോൾകീപ്പർ റൊമേരോ ചുവപ്പ് കൂടി കണ്ടു. 67ആം മിനുറ്റിൽ ബോക്സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റൊമേരോയുടെ ചുവപ്പ്.

10 പേരായി ചുരുങ്ങിയ യുണൈറ്റഡിനെ 85ആം മിനുട്ടിൽ ഡെർബി പിറകിലാക്കി. മാരിയോട്ടായിരുന്നു ഡെർബിയുടെ രണ്ടാം ഗോൾ നേടിയത്. മത്സരം കൈവിട്ടെന്ന് യുണൈറ്റഡ് കരുതിയ കളിയിൽ 95ആം മിനുട്ടിൽ രക്ഷകനായത് ബെൽജിയൻ മിഡ്ഫീൽഡർ ഫെല്ലൈനി ആയിരുന്നു. 95ആം മിനുട്ടിൽ ഡാലോട്ടിന്റെ ക്രോസിൽ നിന്നായിരുന്നു ഫെല്ലൈനിയുടെ സമനില ഗോൾ.

എക്സ്ട്രാ ടൈം ഇല്ലാത്ത കളി നേരെ പെനാൾട്ടിയിൽ എത്തി. പെനാൾട്ടിയിൽ 8-7 എന്ന സ്കോറിനാണ് ഡെർബി ജയിച്ചത്. ആകെ പെനാൾട്ടി മിസ്സാക്കിയത് ഫിൽ ജോൺസ് മാത്രമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാം പെനാൾട്ടി ഷൂട്ടൗട്ട് പരാജയം കൂടിയാണിത്.

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് ഇന്ന് മുതൽ, യുണൈറ്റഡും സിറ്റിയും ഇന്ന് ഇറങ്ങും

ഇംഗ്ലീഷ് ലീഗ് കപ്പായ കാർബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. പ്രീമിയർ ലീഗ് ക്ലബുകൾ മൂന്നാം റൗണ്ട് മുതലാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെ മത്സരം ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ലീഗ് കപ്പ് ചാമ്പ്യന്മാർ. ഇന്ന് ഓക്സ്ഫോർഡ് യുണൈറ്റഡുമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻഷിപ്പ് ക്ലബായ ഡെർബി കൗണ്ടിയാണ് ഇന്ന് എതിരാളികൾ. ഈ മത്സരത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. മൗറീനോയും മൗറീനോയുടെ കീഴിൽ ചെൽസിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷ് താരം ലാമ്പാർഡും മാനേജർ എന്ന നിലയിൽ നേർക്കുനേർ വരുന്നു എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. അവസാന രണ്ട് ഹോം മത്സരങ്ങളും ജയിക്കാൻ കഴിയാതിരുന്ന യുണൈറ്റഡിന് ഇന്ന് ജയിച്ചെ മതിയാകു. എന്നാലും യുവനിരയെ ഇറക്കാനാകും ഇന്ന് മൗറീനോ ശ്രദ്ധിക്കുക.

ഇന്നത്തെ ഫിക്സ്ചറുകൾ (എല്ലാ മത്സരവും രാത്രി 12.15 മുതൽ)

Blackpool vs. QPR
Bournemouth vs. Blackburn
Burton vs. Burnley
Oxford vs. Man City
Preston vs. Middlesbrough
Wolves vs. Leicester
Wycombe vs. Norwich
Man Utd vs. Derby
West Brom vs. Crystal Palace

ചെൽസിയെ വീഴ്ത്തി ആഴ്സണൽ കാരബാവോ കപ്പ് ഫൈനലിൽ

ചെൽസിയെ മറികടന്ന് ആഴ്സണൽ കാരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു. ലീഡ് നേടിയിയിട്ടും രണ്ടു ഗോളുകൾ വഴങ്ങിയതാണ് ചെൽസിക്ക് തിരിച്ചടിയായത്.   ഫൈനലിൽ ആഴ്സണൽ വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ഗോൾ നേടി ആഴ്സണലിനെ ഞെട്ടിച്ചു. 7 ആം മിനുട്ടിൽ പെഡ്രോയുടെ പാസ്സിൽ ഹസാർഡാണ് ഗോൾ നേടിയത്. പക്ഷെ ഏറെ വൈകാതെ ആഴ്സണൽ സമനില ഗോൾ കണ്ടെത്തി. 12 ആം മിനുട്ടിൽ നാച്ചോ മോൻറിയാലിന്റെ ഷോട്ട് ചെൽസി ഡിഫെണ്ടർ ടോണി റൂഡിഗറിന്റെ തലയിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. ഇതിനിടെ വില്ലിയൻ പരിക്കേറ്റ് പുറത്തായത് ചെൽസിക്ക് കനത്ത തിരിച്ചടിയായി. പകരക്കാരനായി റോസ് ബാർക്ലി ഇറങ്ങിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല.

രണ്ടാം പകുതിയിൽ തീർത്തും വിത്യസ്തമായ ആഴ്സണലിനെയാണ് കണ്ടത്. ചെൽസിയാവട്ടെ ആക്രമണത്തിലെ മൂർച്ച നഷ്ടപ്പെട്ട് പതറുകയും ചെയ്തു. 60 ആം മിനുട്ടിൽ ചാക്കയുടെ ഗോളിൽ ആഴ്സണൽ ലീഡ് നേടി. ഇത്തവണ ലകസറ്റിന്റെ പാസ്സ് തടുക്കാൻ ശ്രമിച്ച റൂഡിഗറിന്റെ കാലിൽ തട്ടിയ പന്ത് ചാക്ക ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോൾ വഴങ്ങിയിട്ടും കാര്യമായി ചെൽസി ആക്രമണം നടത്താതായതോടെ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമായി. കോണ്ടേ ബാത്ശുവായിയെ ഇറക്കിയെങ്കിലും അതും ഫലം കാണാതായതോടെ വെങ്ങറും സംഘവും വെംബ്ലിയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് ഫൈനലിൽ

ബ്രിസ്റ്റൽ സിറ്റിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു. ബ്രിസ്റ്റലിനെ അവരുടെ മൈതാനത്ത് 2-3 ന് ആണ് സിറ്റി തോൽപിച്ചത്. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ 5 ഗോളുകൾക്ക് ജയിച്ച സിറ്റി പെപ് ഗാർഡിയോള പരിശീലകനായ ശേഷം ആദ്യമായാണ് ഒരു കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇന്നത്തെ ആഴ്സണൽ- ചെൽസി മത്സരത്തിലെ വിജയികളെയാണ് സിറ്റി ഫൈനലിൽ നേരിടുക.

43 ആം മിനുട്ടിൽ അൽപം ഭാഗ്യത്തിന്റെ അകമ്പടിയോടെ സാനെയുടെ ഗോളിലാണ് സിറ്റി ലീഡ് നേടിയത്. രണ്ടാം പകുതിയിൽ അഗ്യൂറോയുടെ ഗോളിൽ സിറ്റി ലീഡ് രണ്ടാക്കി. കെവിൻ ഡു ബ്രെയ്‌നയുടെ പാസ്സിൽ നിന്നാണ് സെർജിയോ അഗ്യൂറോ ഗോൾ കണ്ടെത്തിയത്. മർലിൻ പാക് ബ്രിസ്റ്റലിന് വേണ്ടി ഒരു ഗോൾ ഹെഡറിലൂടെ മടക്കിയതോടെ സ്റ്റേഡിയം ഉണർന്നു. മത്സരം അവസാനിക്കാനിരിക്കെ ബ്രിസ്റ്റൽ വീണ്ടും അഡ്രിയാൻ ഫ്ലിൻറ് ഗോൾ നേടി മത്സരം സമനിലയിലാക്കി. അപ്പോഴും ആദ്യ പാദത്തിലെ രണ്ടു ഗോളിന്റെ പിൻബലത്തിൽ സിറ്റി ഫൈനൽ ഉറപ്പിച്ചിരുന്നെങ്കിലും മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ സിറ്റി മത്സരം സ്വന്തമാകുകയായിരുന്നു. കെവിൻ ഡു ബ്രെയ്‌നയാണ് ഇത്തവണ ഗോൾ നേടിയത്. തോറ്റെങ്കിലും പ്രമുഖരെ മറികടന്ന് സെമി ഫൈനൽ വരെ കളിച്ച ബ്രിസ്റ്റൽ തല ഉയർത്തി തന്നെയാണ് ടൂർണമെന്റിൽ നിന്ന് വിട വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാരബാവോ കപ്പ് : ചെൽസിയെ സമനിലയിൽ തളച്ച് ആഴ്സണൽ

കാരബാവോ കപ്പ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ചെൽസിയും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ആഴ്സണലിന് ഇനി രണ്ടാം പാദ സെമിയിൽ എമിറേറ്റ്‌സിൽ ആശ്വാസത്തോടെ ഇറങ്ങാനാവും.

ശക്തമായ ടീമിനെയാണ് കോണ്ടേ ഇത്തവണ ഇറക്കിയത്. ലീഗിൽ കളിക്കുന്ന പ്രധാന താരങ്ങളെല്ലാം ഇറങ്ങിയപ്പോൾ ബകയോകോക്ക് പകരം ഡാനി ഡ്രിങ്ക് വാട്ടർ ഇടം നേടി. ഓസിലും സാഞ്ചസും ഇല്ലാതെയാണ് വെങ്ങർ ടീമിനെ ഇറക്കിയത്. സാഞ്ചസ് പക്ഷെ ബെഞ്ചിൽ ഇടം നേടി. ആദ്യ പകുതിയിൽ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയായി. ആഴ്സണലിന് ലകസറ്റിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാകാനായില്ല. രണ്ടാം പകുതിയിൽ ക്രിസ്റ്റിയൻസന് ലഭിച്ച രണ്ട് അവസരങ്ങളൊഴിച്ചാൽ ചെൽസിക്ക് കാര്യമായി ഒന്നും ചെയാനായില്ല. ആഴ്സണലിനും രണ്ടാം പകുതിയിൽ കാര്യമായി ഒന്നും ചെയാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഈ മാസം 24 ആം തിയതിയാണ് രണ്ടാം പാദ സെമി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാരബാവോ കപ്പ് :  അഗ്യൂറോയുടെ ഗോളിൽ സിറ്റിക്ക് ജയം

കാരബാവോ കപ്പ്‌ സെമി ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രിസ്റ്റാൽ സിറ്റിക്കെതിരെ 2-1 ന്റെ ജയം. ഇഞ്ചുറി ടൈമിൽ അഗ്യൂറോ നേടിയ ഗോളിനാണ് സിറ്റി ജയം കണ്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മികച പ്രകടനം നടത്തിയ ബ്രിസ്റ്റൽ താരങ്ങൾക്ക് രണ്ടാം പാദ സെമി ഫൈനലിൽ ഈ മത്സരത്തിലെ പ്രകടനം പ്രചോദനമാവും എന്ന് ഉറപ്പാണ്.

സിറ്റിയുടെ മികച്ച നിരക്കെതിരെ ആക്രമണ ഫുട്‌ബോൾ നടത്തിയ ബ്രിസ്റ്റൽ സിറ്റി പലപ്പോഴും സിറ്റി ഗോൾ മുഖത്ത് ആക്രമണം നടത്തി. സിറ്റിയും ആദ്യ പകുതിയിൽ മികച്ച ആക്രമണം നടത്തിയെങ്കിലും ബ്രിസ്റ്റലിന്റെ മികച്ച പ്രതിരോധം അവർക്ക് തടസമായി. 44 ആം മിനുട്ടിൽ ഇത്തിഹാദ് സ്റേഡിയത്തെ നിശ്ശബ്ദമാക്കി ബ്രിസ്റ്റൽ ലീഡ് സ്വന്തമാക്കി. ജോണ് സ്റ്റോൻസ് വരുത്തിയ അനാവശ്യ ഫൗളിന് മുതിർന്നപ്പോൾ റഫറി ബ്രിസ്റ്റലിന് പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബോബി റെയ്ഡ് ഗോളാക്കിയതോടെ ആദ്യ പകുതി പിരിയുമ്പോൾ സന്ദർശകർ ഒരു ഗോളിന് മുന്നിൽ.

രണ്ടാം പകുതിയിൽ പക്ഷെ സിറ്റി ആക്രമണം കൂടിയതോടെ ബ്രിസ്റ്റലിന് പ്രതിരോധം മാത്രമായി ജോലി. 55 ആം മിനുട്ടിൽ സിറ്റിയുടെ മികച്ച കൗണ്ടർ അറ്റാക്കിനൊടുവിൽ സിറ്റി കെവിൻ ഡു ബ്രെയ്‌നയുടെ ഗോളിൽ സിറ്റി സമനില കണ്ടെത്തി. വിജയ ഗോളിനായി ശ്രമിച്ച പെപ് അഗ്യൂറോയെ കളത്തിലിറകിയത്തിന് വൈകിയാണെങ്കിലും ഫലം കണ്ടു. 93 ആം മിനുട്ടിൽ അഗ്യൂറോ ഹെഡറിലൂടെ സിറ്റിയുടെ വിജയ ഗോൾ നേടി. ഈ മാസം 23 നാണ് രണ്ടാം പാദ സെമിയിൽ ഇരു ടീമുകളും ഏറ്റു മുട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version