FIFA World Cup

വിജയം തുടർന്ന് ജർമ്മനി

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ജർമ്മനിക്ക് വിജയം. ഗ്രൂപ്പ് ജെയിൽ ഇന്നലെ നടന്ന മത്സരത്തിൽ റൊമാനിയയെ നേരിട്ട ജർമ്മനി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളി ആരംഭിച്ച് പതിനാറാം മിനുട്ടിൽ തന്നെ ജർമ്മനി ഇന്നലെ ലീഡ് എടുത്തു. ഗ്നാബറി ആണ് വിജയ ഗോളായി മാറിയ ഈ ഗോൾ നേടിയത്. ഐസ്‌ലാന്റിന് എതിരായ കഴിഞ്ഞ മത്സരത്തിലും ഗ്നാബറി ആയിരുന്നു വിജയ ശില്പി. അന്ന് രണ്ട് അസിസ്റ്റ് താരം സംഭാവന ചെയ്തിരുന്നു.

ഗ്നാബറി ഇതുവരെ ജർമ്മനിക്കായി കളിച്ച 19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്. ഒപ്പം ആറ് അസിസ്റ്റും താരം ഒരുക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ജെയിൽ ജർമ്മനി ആണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.