FIFA World CupFeatured

കേപ് വെർദെയുടെ കുതിപ്പ് അവിചാരിതമല്ല; അർജന്റീനയെ ഓർമ്മിപ്പിച്ച് ലയണൽ സ്കലോണി

Resizedimage 2026 07 03 04 59 18 0726[1]

ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കേപ് വെർദെയെ നേരിടാനൊരുങ്ങുന്ന അർജന്റീനയ്ക്ക് ജാഗ്രതാ നിർദ്ദേശവുമായി പരിശീലകൻ ലയണൽ സ്കലോണി. മിയാമിയിൽ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കവേ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എതിരാളികളെ ബഹുമാനിക്കണമെന്നും കേപ് വെർദെയുടെ നോക്കൗട്ട് പ്രവേശം “ഒരിക്കലും ഒരു അവിചാരിതമല്ല” എന്നും സ്കലോണി ഓർമ്മിപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ അടിച്ചുകൂട്ടിയ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിന്റെ കരുത്തിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാമന്മാരായാണ് അർജന്റീന വരുന്നത്. എങ്കിലും കേപ് വെർദെയെ കുറച്ചുകാണാൻ സ്കലോണി തയ്യാറല്ല. ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനെപ്പോലെയുള്ള വമ്പന്മാരെ സമനിലയിൽ തളയ്ക്കുകയും, ഉറുഗ്വായെ മറികടന്ന് പരാജയമറിയാതെ നോക്കൗട്ടിൽ എത്തുകയും ചെയ്ത ടീമാണ് ‘ബ്ലൂ ഷാർക്സ്ല് എന്നറിയപ്പെടുന്ന കേപ് വെർദെ. അർജന്റീനയുടെ പരിശീലകനെന്ന നിലയിൽ തന്റെ 100-ാം മത്സരത്തിനാണ് സ്കലോണി മിയാമിയിൽ ഇറങ്ങുന്നത്.

“ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ടീമാണിത്. അവർ ഇവിടെ എത്തിപ്പെട്ടത് യാദൃശ്ചികമല്ല. നമ്മൾ അവരെ പൂർണ്ണമായി ബഹുമാനിക്കണം, ഞങ്ങൾ അത് ചെയ്യും,” സ്കലോണി പറഞ്ഞു.

39-ാം വയസ്സിലും ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് മെസ്സി തന്നെയാണ്. ടീം ടൂർണമെന്റിൽ നേടിയ എട്ട് ഗോളുകളിൽ ആറും മെസ്സിയുടെ വകയായിരുന്നു. ജോർദാനെതിരെ ജിയോവാനി ലോ സെൽസോ നേടിയ ഫ്രീ-കിക്ക് ഗോളും, ലൗട്ടാരോ മാർട്ടീനസിന്റെ പെനാൽറ്റി ഗോളുമാണ് മറ്റുള്ളവ. ടീം പൂർണ്ണമായും മെസ്സിയെ മാത്രം ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത് എന്ന വാദങ്ങൾ തള്ളിക്കളഞ്ഞ സ്കലോണി, വരും മത്സരങ്ങളിൽ മറ്റ് കളിക്കാരും ഗോളുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.


മുന്നോട്ടുള്ള പാത കഠിനമാണെന്ന് വിലയിരുത്തിയ സ്കലോണി, കേപ് വെർദെയെ മറികടന്നാൽ പ്രീ-ക്വാർട്ടറിൽ ഓസ്‌ട്രേലിയയോ ഈജിപ്തോ ആകാം അർജന്റീനയുടെ എതിരാളികളെന്നും, ക്വാർട്ടറിലേക്ക് എത്തിയാൽ സ്വിറ്റ്സർലൻഡോ കൊളംബിയയോ കാത്തിരിപ്പുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.