ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാരും തുടര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മോയിന്‍ അലിയാണ് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. 36 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് മോയിന്‍ ആദ്യം പുറത്താക്കിയത്. അധികം വൈകാതെ മോയിന്‍ തന്നെ ഇമാം ഉള്‍ ഹക്കിനെയും(44) മടക്കി.

രണ്ടാം വിക്കറ്റില്‍ 29 റണ്‍സാണ് ബാബര്‍ അസവുമായി ഇമാം നേടിയത്. പിന്നീട് മത്സരത്തിലെ തന്നെ മികച്ച രണ്ട് കൂട്ടുകെട്ടുകളാണ് മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് ബാബര്‍ അസവും സര്‍ഫ്രാസ് അഹമ്മദും നേടിയത്. മൂന്നാം വിക്കറ്റില്‍ 88 റണ്‍സ് നേടി പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ബാബര്‍ അസം തോന്നിപ്പിച്ച നിമിഷത്തില്‍ 63 റണ്‍സ് നേടിയ താരത്തെ മോയിന്‍ അലി പുറത്താക്കി.

മുഹമ്മദ് ഹഫീസ് അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് ഹഫീസിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹഫീസിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്. സര്‍ഫ്രാസ് 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ക്രിസ് വോക്സും 3 വീതം വിക്കറ്റും മാര്‍ക്ക് വുഡ് 2 വിക്കറ്റും നേടി.