വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 89 പന്തില്‍ 139 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ ഇന്നിംഗ്സാണ് കേരളത്തിന് തുണയായത്. ഒരു റണ്‍സ് നേടിയപ്പോളേക്കും രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം കേരളത്തെ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 79 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 19 റണ്‍സ് നേടിയ സച്ചിന്‍ ബേബി പുറത്തായെങ്കിലും വിഷ്ണു വിനോദ് തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് തുടര്‍ന്നു.

13 ബൗണ്ടറിയും 9 സിക്സും അടക്കമായിരുന്നു വിനോദിന്റെ 139 റണ്‍സ്. റോബിന്‍ ഉത്തപ്പ(1), സഞ്ജു സാംസണ്‍(0) എന്നിവര്‍ക്ക് പുറമെ വിഷ്ണുവിന്റെ വിക്കറ്റും നേടിയതും ഗിരിനാഥ് റെഡ്ഢിയായിരുന്നു. ജലജ് സക്സേന(46*)യ്ക്കൊപ്പം 110 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ശേഷമാണ് വിഷ്ണു പുറത്തായത്. പിന്നീട് സക്സേനയ്ക്ക് കൂട്ടായി 27 റണ്‍സുമായി രാഹുല്‍ പൊന്നന്‍ ക്രീസില്‍ വിജയ സമയത്തുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയ്ക്ക് വേണ്ടി 58 റണ്‍സുമായി റിക്കി ഭുയി ടോപ് സ്കോറര്‍ ആയപ്പോള്‍ കിരണ്‍ റാവു(38), സുമന്ത്(31), ധര്‍മ്മ നരേന്‍(30), അശ്വിന്‍ ഹെബ്ബാര്‍(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. കേരളത്തിനായി ബേസില്‍ തമ്പിയും മിഥുനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ആന്ധ്ര നേടിയത്.