46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

- Advertisement -

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ 46 റണ്‍സിന്റെ ലീഡ് മാത്രമേ ലങ്കയ്ക്ക് നേടാനായുള്ളു എന്നതില്‍ ഇംഗ്ലണ്ടിനും ആശ്വസിക്കാം.

റോഷെന്‍ സില്‍വയും വാലറ്റവും നടത്തിയ ചെറുത്ത് നില്പിനൊപ്പം ഓപ്പണര്‍ ദിമുത് കരുണാരത്നേ, ധനന്‍ജയ ഡിസില്‍വ എന്നിവരുടെ പ്രകടനങ്ങളുമാണ് ലങ്കയ്ക്ക് ലീഡ് നല്‍കിയത്. 85 റണ്‍സ് നേടിയ റോഷെന്‍ സില്‍വ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ലങ്ക 103 ഓവറില്‍ നിന്ന് 336 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ 165/6 എന്ന നിലയിലേക്ക് വീണ ശേഷമാണ് ശ്രീലങ്ക ലീഡ് നേടുന്ന രീതിയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ദിമുത് കരുണാരത്നേ 63 റണ്‍സ് നേടിയപ്പോള്‍ ധനന്‍ജയ ഡിസില്‍വ 59 റണ്‍സ് നേടി. അകില ധനന്‍ജയ പത്താമനായി ഇറങ്ങി 31 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ജാക്ക് ലീഷും 3 വിക്കറ്റ് വീതം നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ നേരിട്ട ഇംഗ്ലണ്ട് റണ്ണൊന്നും എടുക്കാതെ നില്‍ക്കുകയാണ്. ജാക്ക് ലീഷും റോറി ബേണ്‍സും ആണ് ക്രീസില്‍ നില്‍ക്കുന്നത്.

Advertisement