വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച, പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്

ന്യൂസിലാണ്ടിനെതിരെ ഈഡന്‍ പാര്‍ക്കിലെ ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ആന്‍ഡ്രേ ഫ്ലെച്ചര്‍ നല്‍കിയ തട്ടുപൊളിപ്പന്‍ തുടക്കത്തിന് ശേഷം വിന്‍ഡീസ് നാല് വിക്കറ്റുകള്‍ വിക്കറ്റുകള്‍ കൈമോശപ്പെടുത്തിയെങ്കിലും കൈറണ്‍ പൊള്ളാര്‍ഡ് ഇന്നിംഗ്സിന്റെ അവസാനത്തോടെ പുറത്തെടുത്ത ബാറ്റിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടുകയായിരുന്നു.

Windies

മത്സരം തുടങ്ങി ആദ്യ ഓവറിലും പിന്നീട് രണ്ടാം ഓവറിലും അടക്കം മൂന്ന് തവണ മഴ തടസ്സം സൃഷ്ടിച്ചതോടെ മത്സരം 16 ഓവറായി ചുരുക്കുകയായിരുന്നു. 3.2 ഓവറില്‍ 58 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടി നില്‍ക്കുമ്പോളാണ് ലോക്കി ഫെര്‍ഗൂസണ്‍ ഫ്ലെച്ചറിനെ പുറത്താക്കിയത്. 14 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം നേടിയത്. അതേ ഓവറില്‍ ഹെറ്റ്മ്യറെയും ഫെര്‍ഗൂസണ്‍ വീഴ്ത്തി.

അടുത്ത ഓവറില്‍ ടിം സൗത്തി ബ്രണ്ടന്‍ കിംഗിനെയും റോവ്മന്‍ പവലിനെയും വീഴ്ത്തിയപ്പോള്‍ 58/0 എന്ന നിലയില്‍ നിന്ന് 58/4 എന്ന നിലയിലേക്ക് വീണു. ഫെര്‍ഗൂസണ്‍ നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ 59/5 എന്ന സങ്കടകരമായ അവസ്ഥയിലേക്ക് വിന്‍ഡീസ് വീണു.

Pollard

അവിടെ നിന്ന് കൈറണ്‍ പൊള്ളാര്‍ഡും ഫാബിയന്‍ അല്ലെനും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. 30 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെനെയും കീമോ പോളിനെയും ഒരേ ഓവറില്‍ പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആറാം വിക്കറ്റില്‍ പൊള്ളാര്‍ഡും അല്ലെനും ചേര്‍ന്ന് 84 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്.

Ferguson

21 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഫെര്‍ഗൂസണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. കൈറണ്‍ പൊള്ളാര്‍ഡ് 37 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. 4 ഫോറും 8 സിക്സും അടങ്ങിയതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്.