ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

Aaronfinch

ഒന്നാം വിക്കറ്റില്‍ വാര്‍ണറും ചേര്‍ന്ന് 156 റണ്‍സാണ് നേടിയത്. 76 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. സ്മിത്തിനൊപ്പം 108 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഫിഞ്ച് പുറത്തായത്. ബുംറയ്ക്കായിരുന്നു 114 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകന്റെ വിക്കറ്റ്.

Warner

താന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി മാര്‍ക്കസ് സ്റ്റോയിനിസും മടങ്ങിയപ്പോള്‍ ഓസ്ട്രേലിയ 264/1 എന്ന നിലയില്‍ നിന്ന് 271/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചഹാലിനാണ് സ്റ്റോയിനിസിന്റെ വിക്കറ്റ്.

Maxwell

19 പന്തില്‍ നിന്ന് 45 റണ്‍സ് നേടി മാക്സ്വെല്‍ മടങ്ങിയെങ്കിലും ഓസ്ട്രേലിയയുടെ സ്കോര്‍ മുന്നൂറ് കടന്നിരുന്നു. സ്മിത്തുമായി ചേര്‍ന്ന് താരം 57 റണ്‍സാണ് 25 പന്തില്‍ നിന്ന് മാക്സ്വെല്‍ നേടിയത്. മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ മാര്‍നസ് ലാബൂഷാനെയെ പുറത്താക്കി സൈനിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

62 പന്തില്‍ നിന്ന് തന്റെ ശതകം നേടിയ സ്റ്റീവന്‍ സ്മിത്ത് 105 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അലെക്സ് കാറെ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.