Jamaicatallawahs

എലിമിനേറ്ററിൽ വിജയം കുറിച്ച് ജമൈക്ക, ഇനി ഗയാനയുമായി അങ്കം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിൽ വെറും 148 റൺസാണ് നേടിയതെങ്കിലും സെയിന്റ് ലൂസിയ കിംഗ്സിനെ 115 റൺസിന് എറിഞ്ഞൊതുക്കി വിജയവുമായി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി ജമൈക്ക തല്ലാവാസ്. ഗയാന ആമസോൺ വാരിയേഴ്സ് ആണ് തല്ലാവാസിന്റെ രണ്ടാം ക്വാളിഫയറിലെ എതിരാളികള്‍.

47 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സും 15 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ മൊഹമ്മദ് നബിയും ആണ് ജമൈക്കയുടെ ബാറ്റിംഗിൽ തിളങ്ങിയത്. റീഫര്‍ 25 റൺസും നേടി. കിംഗ്സിന് വേണ്ടി ഡേവിഡ് വീസ് തന്റെ മികവ് തുടര്‍ന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ അൽസാരി ജോസഫിന് 2 വിക്കറ്റ് ലഭിച്ചു.

26 പന്തിൽ 41 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റാര്‍‍ക്കും സാധിക്കാതെ പോകുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി തല്ലാവാസ് മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ 18 ഓവറിൽ 115 റൺസിന് കിംഗ്സ് ഓള്‍ഔട്ട് ആയി. അൽസാരി ജോസഫ് കിംഗ്സിനായി 28 റൺസുമായി പുറത്താകാതെ നിന്നു.

33 റൺസ് വിജയം ജമൈക്ക നേടിയപ്പോള്‍ മൊഹമ്മദ് നബി, ഫാബിയന്‍ അല്ലന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് അമീര്‍, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version