സൂസി ബെയ്റ്റ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് പകരക്കാരിയായി എത്തുന്നു

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റ്സിനെ സ്വന്തമാക്കി വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസി ആയ ഹോബാര്‍ട് ഹറികെയന്‍സ്. പകരം താരമായാണ് സൂസിയെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. മുമ്പ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്, സിഡ്നി സിക്സേഴ്സ് , പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തെ ഇത്തവണ ബിഗ് ബാഷ് ഡ്രാഫ്ടിൽ ആരും സ്വന്തമാക്കിയിരുന്നില്ല.

എന്നാൽ ചില ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണ്ണമെന്റ് അവസാനത്തോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി മടങ്ങുമെന്നതിനാലാണ് ഹറികെയന്‍സ് സൂസി ബെയ്റ്റ്സിനെ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ ഡാനിയേൽ വയട്ടിന് പകരം ആണ് ബെയ്റ്റ്സ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിൽ ടീമിനൊപ്പം എത്തുക.

71 റൺസ് ജയം നേടിയെങ്കിലും സെമി കാണാതെ ആതിഥേയര്‍ക്ക് മടക്കം

പാക്കിസ്ഥാനെതിരെ 71 റൺസ് വിജയം നേടിയെങ്കിലും വനിത ഏകദിന ലോകകപ്പ് സെമി ഫൈനൽ കാണാതെ ആതിഥേയരായ ന്യൂസിലാണ്ടിന് മടക്കം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 265/8 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമേ നേടാനായുള്ളു.

126 റൺസ് നേടിയ സൂസി ബെയ്‍റ്റ്സും ബൗളിംഗിൽ അഞ്ച് വിക്കറ്റ് നേടിയ ഹന്ന റോവുമാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി നിദ ദാര്‍ 50 റൺസ് നേടിയപ്പോള്‍ ബിസ്മ മാറൂഫ് 38 റൺസ് നേടി.

പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായപ്പോള്‍ ന്യൂസിലാണ്ട് ആറാം സ്ഥാനത്താണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിലേറ്റ 3 റൺസ് തോല്‍വിയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവസാനം വരെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും വിജയം നേടാനാകാതെ പോയതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്.

9 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

വനിത ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 9 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് മഴ മൂലം 27 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 140/8 എന്ന സ്കോർ നേടിയപ്പോൾ ന്യൂസിലാണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 144 റൺസ് നേടിയാണ് വിജയം കരസ്ഥമാക്കിയത്.

68 പന്തിൽ 79 റൺസ് നേടിയ സൂസി ബെയ്റ്റ്സും 37 പന്തിൽ 47 റൺസ് നേടിയ അമേലിയ കെറും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.

സൂസി ബെയ്റ്റ്സിന് ശതകം, ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ടിനെ 275 റൺസിലൊതുക്കി ഇന്ത്യ

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ 275 റൺസ് നേടി ന്യൂസിലാണ്ട്. 106 റൺസ് നേടിയ സൂസി ബെയ്റ്റ്സിന്റെ മികവിലാണ് ന്യൂസിലാണ്ട് 48.1 ഓവറിൽ ഓള്‍ഔട്ട് ആയെങ്കിലും ഈ സ്കോര്‍ നേടിയത്.

ആമി സാത്തര്‍ത്ത്വൈറ്റ് 63 റൺസും അമേലിയ കെര്‍ 33 റൺസും നേടി. ഒരു ഘട്ടത്തിൽ 204/2 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. പിന്നീട് 71 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി.

ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി, പൂജ വസ്ട്രാക്കര്‍, രാജേശ്വരി ഗായക്വാഡ്, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വനിത ഐപിഎൽ തുടങ്ങുന്നതിനായി കാത്തിരിക്കുന്നു – സൂസി ബെയ്റ്റ്സ്

ബിസിസിഐ വനിത ഐപിഎൽ ആരംഭിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ സൂസി ബെയ്റ്റ്സ്. ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നിൽ വനിത താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ആവും ഇത്തരത്തിലൊരു ടൂര്‍ണ്ണമെന്റ് എന്നും ബെയ്റ്റ്സ് വ്യക്തമാക്കി.

ഓരോ അന്താരാഷ്ട്ര വനിത താരങ്ങളും വനിത ഐപിഎലിനെ പിന്തുണയ്ക്കുന്നവരായിരിക്കുമെന്നും മുമ്പ് ബിസിസിഐ ഐപിഎലിനിടെ വനിതകളുടെ ചലഞ്ചര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഏവരും അതിനോട് സഹകരിച്ചവരാണെന്നും ബെയ്റ്റ് കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ കരുത്ത് പരിശോധിക്കുവാനുള്ള അവസരം കൂടിയാവും ഈ ടൂര്‍ണ്ണമെന്റ് എന്നും ബെയ്റ്റ്സ് പറഞ്ഞു.

ബിഗ് ബാഷിലെ പരിക്ക്, സൂസി ബെയ്റ്റ്സിന് ശസ്ത്രക്രിയ ആവശ്യം

മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സിന് അവശേഷിക്കുന്ന വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സും മെല്‍ബേണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തില്‍ ഔട്ട് ഫീല്‍ഡില്‍ നിന്ന് ത്രോ നല്‍കിയ ശേഷം തന്റെ തോളിന് വേദന തോന്നിയ താരം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

താരത്തിന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയും സമാനമായ പരിക്ക് നേരിടേണ്ടി വന്നിരുന്നു. ഓസ്ട്രേലിയയിലെ സ്പെഷ്യലിസ്റ്റിനെ കണ്ട ശേഷം താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ന്യൂസിലാണ്ട് ഓപ്പണര്‍ പരിക്കേറ്റ് പുറത്ത്, ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കില്ല

ന്യൂസിലാണ്ട് ഓപ്പണര്‍ സൂസി ബെയ്റ്റ്സിന് പരിക്ക്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിയ്ക്കില്ല എന്നാണ് അറിയുന്നത്. സ്കാനിന് വിധേയായ ശേഷമാണ് താരത്തിന് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായത്. പരിക്കേറ്റുവെങ്കിലും താരം ടീമിനൊപ്പം തുടരുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ മെഡിക്കല്‍ അഡ്വൈസറര്‍മാരുമായി ആലോചിച്ച ശേഷം താരം ഉചിതമായ തീരുമാനം എടുക്കുമെന്നും റീഹാബ് നടപടികള്‍ ഇപ്പോളത്തേക്ക് ആരംഭിച്ചിട്ടുണ്ടെന്നും ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് സോ റസ്സല്‍ അറിയിച്ചു.

സൂസിയെ നഷ്ടമാകുന്നത് ടീമിന് കനത്ത നഷ്ടമാണെന്നാണ് കോച്ച് ബോബ് കാര്‍ടര്‍ വ്യക്തമാക്കിയത്. 100 ഏകദിനത്തിലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന്റെ സേവനം നഷ്ടമാകുന്നത് വലിയ തിരിച്ചടിയാണെന്നും ബോബ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും ന്യൂസിലാണ്ട് താരം സൂസി ബൈറ്റ്സുമാണ് വനിത ബിഗ് ബാഷിന്റെ ഇടയ്ക്ക് തന്നെ ഈ ടൂര്‍ണ്ണമെന്റും നടത്തുന്നതിനെതിരെ പ്രതികരിച്ചത്.

ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന വിദേശ വനിത താരങ്ങളും ബിഗ് ബാഷില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളും ഇതുമായി എത്തരത്തില്‍ പൊരുത്തപ്പെടുമെന്ന് കണ്ടറിയേണ്ടത് തന്നെയാണെന്നാണ് അലൈസ ഹീലി പറഞ്ഞത്. താരം ഇതിനെക്കുറിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 29 വരെയാണ് വനിത ബിഗ് ബാഷ് നടത്തുവാനിരിക്കുന്നത്. ഐപിഎല്‍ പ്ലേ ഓഫുകള്‍ക്ക് ഒപ്പമാണ് വനിത ടി20 ചലഞ്ച് നടത്തുവാനുള്ള ബിസിസിഐ തീരുമാനം. സത്യമാണെങ്കില്‍ ഇത് നാണക്കേടാണെന്നാണ് റേച്ചല്‍ ഹെയ്ന്‍സ് ട്വീറ്റ് ചെയ്തത്. ലോകത്തെ മുന്‍ നിര പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ട ഒന്നാണെന്നും റേച്ചല്‍ ഹെയ്ന്‍സ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

https://twitter.com/RachaelHaynes/status/1289864298705989633

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റസും തന്റെ അതൃപ്തി അറിയിച്ചു. വനിത ബിഗ് ബാഷിനും വനിത ഐപിഎലിനും ഏറ്റ വലിയ തിരിച്ചടിയാണ് ഈ തീരുമാനം എന്നാണ് ബെയ്റ്റ്സ് പറഞ്ഞത്.

തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്

വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്‍ലാന്‍ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ് 81 റണ്‍സ് വിജയം നേടിയത്. സൂസി ബെയ്റ്റ്സും അമേലിയ കെറും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ബെയ്റ്റ്സ് 47 പന്തില്‍ നിന്ന് 78 റണ്‍സും അമേലിയ കെര്‍ 54 റണ്‍സും നേടിയപ്പോള്‍ മാഡി ഗ്രീന്‍ 34 റണ്‍സ് നേടി. തായ്‍ലാന്‍ഡിനായി ചാനിഡ സുതിറുവാംഗ് 2 വിക്കറ്റ് നേടി.

ബാറ്റിംഗിലും ചാനിഡയാണ് തായ്‍ലാന്‍ഡിനായി തിളങ്ങിയത്. താരം 36 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സോര്‍നാരിന്‍ ടിപ്പോച്ച് 21 റണ്‍സ് നേടി. ന്യൂസിലാണ്ട് ബൗളിംഗ് നിരയില്‍ ലെയ്ഗ് കാസ്പെറെക്, ലിയ തഹുഹു എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

അവസാന പന്തില്‍ വിജയവുമായി ന്യൂസിലാണ്ട്, രണ്ടാം മത്സരത്തിലും പരാജയം, ഇന്ത്യയ്ക്ക് ടി20 പരമ്പരം നഷ്ടം

വനിത ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനോട് പരാജയം. രണ്ടാം മത്സരത്തിലും ഇന്ത്യ പിന്നോക്കം പോയതോടെയാണ് പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ഇന്ന് ന്യൂസിലാണ്ട് 4 വിക്കറ്റ് ജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് അവസാന പന്തില്‍ വിജയം കുറിയ്ക്കകുയായിരുന്നു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ന്യൂസിലാണ്ടിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ കേറ്റി മാര്‍ട്ടിനെ അടുത്ത പന്തില്‍ മാന്‍സി ജോഷി പുറത്താക്കിയെങ്കിലും അധികം പതറാതെ ന്യൂസിലാണ്ട് ലക്ഷ്യം അവസാന പന്തില്‍ മറികടന്നു.

വിജയികള്‍ക്കായി സൂസി ബെയ്റ്റ്സ് 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്‍ത്‍വൈറ്റ് 23 റണ്‍സ് നേടി. ഇന്ത്യയ്ക്കായി രാധ യാധവും അരുന്ധതി റെഡ്ഢിയും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ജെമീമ റോഡ്രിഗസും സ്മൃതി മന്ഥാനയും മാത്രമാണ് തിളങ്ങിയത്. ആദ്യ മത്സരത്തിലേത് പോലെ കൂട്ടുകെട്ട് പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റിംഗിനു താളം തെറ്റുകയായിരുന്നു. സ്മൃതി 36 റണ്‍സ് നേടിയപ്പോള്‍ ജെമീമ 72 റണ്‍സ് നേടി പുറത്തായി. 53 പന്തില്‍ നിന്നാണ് ജെമീമയുടെ ഇന്നിംഗ്സ്. ന്യൂസിലാണ്ടിനായി റോസ്മേരി മൈര്‍ രണ്ട് വിക്കറ്റ് നേടി.

ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍

പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനു ആശ്വാസ ജയം. ഇന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 29.2 ഓവറില്‍ വിജയം കുറിച്ച് ന്യൂസിലാണ്ട് പരമ്പരയിലെ ആശ്വാസ ജയം കണ്ടെത്തി. 52 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 24 റണ്‍സ് നേടി. 44 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ന്യൂസിലാണ്ടിനായി അന്ന പീറ്റേര്‍സണ്‍ നാലും ലിയ തഹാഹു മൂന്നും വിക്കറ്റ് നേടി. അമേലിയ കെറിനു രണ്ട് വിക്കറ്റും ലഭിച്ചു.

ന്യൂസിലാണ്ടിനായി സൂസി ബെയ്റ്റ്സ്, ആമി സാറ്റെര്‍ത്‍വൈയ്റ്റ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. സൂസി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ ആമി 66 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 30 ഓവറിനുള്ളിലാണ് ന്യൂസിലാണ്ട് എ്ട്ട വിക്കറ്റ് വിജയം ഉറപ്പിച്ചത്.

പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മെഗാന്‍ ഷട്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെ 145 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് ഓസ്ട്രേലിയയുടെ വിജയം. ഷട്ട് 4 ഓവറില്‍ 15 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 77 റണ്‍സുമായി സൂസി ബെയ്റ്റ്സ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോററായി. 52 പന്തില്‍ നിന്നാണ് സൂസി ഈ സ്കോര്‍ നേടിയത്. മറ്റു താരങ്ങളില്‍ നിന്ന് റണ്‍സ് വരാതിരുന്നതും ന്യൂസിലാണ്ടിനു തിരിച്ചടിയായി.

അലീസ ഹീലി(57), എല്‍സെ വില്ലാനി(50*) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 18.5 ഓവറില്‍ നിന്ന് വിജയം നേടുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

Exit mobile version