80 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ 266 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പാക്കിസ്ഥാനെ 186 റണ്‍സിനു ഓള്‍ഔട്ട് ആക്കി 80 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ മൂന്നാം ശതകത്തിനു തൊട്ടടുത്തെത്തി പുറത്തായെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ 266/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിനു ഉസ്മാന്‍ ഖവാജയെയും ആറോവറിനുള്ളില്‍ ഷോണ്‍ മാര്‍ഷിനെയും(14) നഷ്ടമായ ശേഷം ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 47 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയാണ് ഓസ്ട്രേലിയയ്ക്ക് അടുത്തതായി നഷ്ടമായത്. 90 റണ്‍സില്‍ ആരോണ്‍ ഫിഞ്ച് പുറത്താകുമ്പോള്‍ 188/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.

ഗ്ലെന്‍ മാക്സ്വെല്‍ 55 പന്തില്‍ നിന്ന് 71 റണ്‍സുമായി റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. അലെക്സ് കാറെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 50 ഓവറില്‍ നിന്ന് 266/6 എന്ന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി 46 റണ്‍സ് നേടിയ ഇമാം-ഉള്‍-ഹക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇമാദ് വസീം(43), ഉമര്‍ അക്മല്‍(36), ഷൊയ്ബ് മാലിക്(31) എന്നിവരും ശ്രമിച്ചു നോക്കിയെങ്കിലും 44.4 ഓവറില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റ് നേടിയ ആഡം സംപയാണ് ടീമിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാരനായി മാറിയത്. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.