സ്റ്റോക്സിന്റെ ശതകത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍, ഓസ്ട്രേലിയയ്ക്ക് 267 റണ്‍സ് വിജയലക്ഷ്യം

ലോര്‍ഡ്സ് ടെസ്റ്റിന്റെ അവസാന ദിവസം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ലോര്‍ഡ്സില്‍ സ്റ്റോക്സ് വീണ്ടും ഹീറോ ആയി മാറിയപ്പോള്‍ താരം തന്റെ ഏഴാം ടെസ്റ്റ് ശതകമാണ് ഇന്ന് നേടിയത്. സ്റ്റോക്സും ബട്‍ലറും ചേര്‍ന്ന് ടീമിനെ തലേ ദിവസത്തെ സ്കോറായ 96/4 എന്ന നിലയില്‍ നിന്ന് 161/5 എന്ന നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 65 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. പാറ്റ് കമ്മിന്‍സ് ആണ് ബട്‍ലറെ പുറത്താക്കിയത്. 31 റണ്‍സാണ് താരം നേടിയത്.

അതിന് ശേഷം ആറാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയോടൊപ്പം ബെന്‍ സ്റ്റോക്സ് 97 റണ്‍സ് കൂട്ടിചേര്‍ത്തു. 71 ഓവറില്‍ 258 റണ്‍സ് നേടിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍. 267 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കുവാനായി ഏറ്റവും കുറഞ്ഞത് 50 ഓവറില്‍ നിന്ന് നേടേണ്ടത്. 115 റണ്‍സുമായി സ്റ്റോക്സും 30 റണ്‍സ് നേടി ബൈര്‍സ്റ്റോയും പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടി.

Previous articleവീണ്ടും കനത്ത തോൽവി വഴങ്ങി മിനിക്കോയി, ഇത്തവണ തോൽവി അമിനിയോട്
Next articleപാലസിനെ വീഴ്ത്തി ഷെഫീൽഡ്, ആദ്യ ഹോം മത്സരത്തിൽ ജയം