പാലസിനെ വീഴ്ത്തി ഷെഫീൽഡ്, ആദ്യ ഹോം മത്സരത്തിൽ ജയം

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി ആദ്യ ഹോം മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങി ഷെഫീൽഡ് യുണൈറ്റഡ്. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് അവർ മത്സരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അവർ പക്ഷെ ഇത്തവണ മികച്ച പ്രതിരോധത്തിലൂടെ പാലസിനെ വരിഞ്ഞു മുറുക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ ഏറെ നാളായി കളിക്കുന്ന പാലസിന് മുൻപിൽ ഷെഫീൽഡ് പതറും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും പാലസ് ആക്രമണത്തെ ഷെഫീൽഡ് മികച്ച രീതിയിൽ തന്നെ തടയുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. സാഹ മടങ്ങി എത്തിയത് പാലസിന്റെ ആക്രമണത്തിൽ കാര്യമായി പ്രകടമാവാതെ നോക്കാൻ ഷെഫീൽഡിനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഷെഫീൽഡ് ഗോൾ നേടി. 47 ആം മിനുട്ടിൽ ക്ലോസ് റേഞ്ച് ഷോട്ടിൽ നിന്ന് ജോണ് ലൻഡ്‌സ്‌ട്രാം ആണ് ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിൽ പിറന്ന ആദ്യ ഗോൾ നേടിയത്. ഇന്നത്തെ ഗോളോടെ ഇംഗ്ലണ്ട് ഫുട്‌ബോളിൽ ടോപ്പ് 4 ഡിവിഷനിലും ഗോൾ എന്ന നേട്ടവും ലൻഡ്‌സ്‌ട്രാം പൂർത്തിയാക്കി. ഗോൾ വഴങ്ങിയിട്ടും പാലസ് ആക്രമണത്തിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നത് ഷെഫീൽഡിന് കാര്യങ്ങൾ എളുപ്പമാക്കി. മത്സരസത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം പിന്നീടും പുലർത്തിയ ഷെഫീൽഡ് തങ്ങളുടെ ആദ്യ ഹോം മത്സരം അങ്ങനെ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

Previous articleസ്റ്റോക്സിന്റെ ശതകത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍, ഓസ്ട്രേലിയയ്ക്ക് 267 റണ്‍സ് വിജയലക്ഷ്യം
Next articleവാര്‍ണര്‍ക്ക് വീണ്ടും പരാജയം, നാല് ഇന്നിംഗ്സുകളിലായി നേടിയത് 18 റണ്‍സ്