ചാമ്പ്യൻസ് ലീഗ് ജയവുമായി അത്ലറ്റികോ, വമ്പൻ ജയവുമായി ടോട്ടനവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയം ക്ലബ് യൂണിയനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്. ഉഗ്രൻ ഫോമിലുള്ള യൂലിയൻ ആൽവരസ്, കോണർ ഗാലഹർ, യോറന്റെ എന്നിവർ സ്പാനിഷ് ക്ലബിന് ആയി ഗോളുകൾ നേടി. അതേസമയം ടോട്ടനം കോപ്പൻഹേഗനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ബ്രണ്ണൻ ജോൺസൻ, വിൽസൻ ഒഡോബർട്ട് എന്നിവർ 51 മിനിറ്റിനുള്ളിൽ അവർക്ക് ആയി 2 ഗോളുകൾ നേടി. എന്നാൽ 57 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടനം 10 പേരായി ചുരുങ്ങി.

എന്നിട്ടും 64 മത്തെ മിനിറ്റിൽ സ്വന്തം പോസ്റ്റിൽ നിന്നു അവിശ്വസനീയം ആയ ഒരു സ്പ്രിന്റിന് ഒടുവിൽ അതുഗ്രൻ ഗോൾ നേടിയ മിക്കി വാൻ ഡെ വെൻ ടോട്ടനം ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായി അടയാളപ്പെടുത്താവുന്ന ഗോൾ ആയിരുന്നു ഇത്. 3 മിനിറ്റിനുള്ളിൽ നാലാം ഗോളും നേടിയ പളീനിയോ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ റിച്ചാർലിസൺ ടോട്ടനത്തിന് പെനാൽട്ടി പക്ഷെ ബാറിൽ അടിച്ചു കളഞ്ഞു. അതേസമയം യുവന്റസ് സ്പോർട്ടിങ് ലിസ്ബണിനോട് 1-1 ന്റെ സമനില വഴങ്ങി. മൊണാകോ ബോഡോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോൾ ഒളിമ്പിയാകോസ് പി.എസ്.വി മത്സരവും 1-1 നു അവസാനിച്ചു. 93 മത്തെ മിനിറ്റിൽ റിക്കാർഡോ പെപി പി.എസ്.വിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

പതിനാറിൽ പതിനാറും ജയിച്ചു ബയേൺ മ്യൂണിക്! 10 പേരുമായി പാരീസിനെ വീഴ്ത്തി

സീസണിൽ കളിച്ച പതിനാറാം മത്സരത്തിലും ജയം കണ്ടു ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയം കുറിച്ച അവർ ഇന്ന് പാരീസിൽ പി.എസ്.ജിയെയും മറികടന്നു. 2-1 എന്ന സ്കോറിന് ആയിരുന്നു ബയേണിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ തലപ്പത്ത് എത്താനും ജർമ്മൻ ടീമിന് ആയി. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ലൂയിസ് ഡിയാസിലൂടെ ബയേൺ മുന്നിലെത്തി. തുടർന്ന് ഡംബേല പി.എസ്.ജിക്ക് ആയി ഗോൾ നേടിയെങ്കിലും ഇത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. അതിനു ശേഷം ഡംബേല പരിക്കേറ്റു പുറത്ത് പോയത് പാരീസിനു തിരിച്ചടിയായി. തുടർന്ന് ബ്രാക്കലയുടെ നല്ല ശ്രമം ആണെങ്കിൽ നൂയർ തടഞ്ഞു. 32 മത്തെ മിനിറ്റിൽ പാരീസ് ക്യാപ്റ്റൻ മാർക്വീനോസിന്റെ വലിയ അബദ്ധം മുതലെടുത്ത ലൂയിസ് ഡിയാസ് ജർമ്മൻ ടീമിന്റെ രണ്ടാം ഗോളും നേടി.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലൂയിസ് ഡിയാസ് ഹകീമിയെ അപകടകരമായി ഫൗൾ ചെയ്തു. ഹകീമി കണ്ണീരോടെ കളം വിട്ടപ്പോൾ ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കൊളംബിയൻ താരത്തിന് ചുവപ്പ് കാർഡ് നൽകി. രണ്ടാം പകുതിയിൽ പത്ത് പേരായ ബയേണിനു എതിരെ പാരീസ് കൂടുതൽ ആക്രമണം നടത്തി. എന്നാൽ ബയേണോ, നൂയറോ അതിൽ കീഴടങ്ങിയില്ല. നിരവധി സേവുകൾ ആണ് നൂയർ നടത്തിയത്. 74 മത്തെ മിനിറ്റിൽ പകരക്കാരൻ ലീയുടെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ ജാവോ നെവസ് നൂയറെ മറികടന്നെങ്കിലും തുടർന്ന് ഒരുപാട് പരിശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. 10 പേരായിട്ടും യൂറോപ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച ബയേൺ തങ്ങളുടെ അവിശ്വസനീയം ആയ വിജയകുതിപ്പ് തുടരുകയാണ്.

ആൻഫീൽഡിൽ റയലിനെ തോൽപ്പിച്ചു ലിവർപൂൾ

തോൽവികൾക്ക് വിരാമം കൊടുത്തു പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരികെയെത്തിയതിന് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിർണായക ജയവുമായി ലിവർപൂൾ. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് റയൽ മാഡ്രിഡിനെ അവർ വീഴ്ത്തുക ആയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ലിവർപൂൾ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുന്നത്. മത്സരത്തിൽ റയലിനു വലിയ അവസരം ഒന്നും ലിവർപൂൾ പ്രതിരോധം നൽകിയില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ലിവർപൂൾ വിജയഗോൾ പിറന്നത്. സബോസലായുടെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ അർജന്റീനൻ താരം അലക്സിസ് മക്ആലിസ്റ്റർ ആണ് ലിവർപൂൾ വിജയഗോൾ നേടിയത്. തന്റെ പഴയ ക്ലബിന് എതിരെ വിജയം കാണാൻ പരിശീലകൻ സാബി അലോൺസോയിക്കോ പകരക്കാരനായി ഇറങ്ങിയ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിനോ ആയില്ല. നിലവിൽ നാലു ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നു 9 പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാക്‌സ് ഡൗമാൻ

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവ താരം മാക്‌സ് ഡൗമാൻ. ഇന്ന് സ്ലാവിയ പ്രാഹക്ക് എതിരായ മത്സരത്തിൽ 72 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിന് പകരക്കാരനായി എത്തിയാണ് ഡൗമാൻ ചരിത്രം എഴുതിയത്. വെറും 15 വർഷവും 308 ദിവസവും ആണ് ഇംഗ്ലീഷ് അണ്ടർ 19 താരത്തിന്റെ പ്രായം.

16 വർഷവും 18 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യൂസഫോ മൗകോക, 16 വർഷവും 68 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണയുടെ ലമീൻ യമാൽ എന്നിവരുടെ റെക്കോർഡ് ആണ് ഡൗമാൻ തകർത്തത്. കഴിഞ്ഞ ആഴ്ച ലീഗ് കപ്പ് മത്സരത്തിൽ ബ്രൈറ്റണിനു എതിരെ ആദ്യ പതിനൊന്നിൽ ഇറങ്ങിയ ഡൗമാൻ ആഴ്‌സണലിന് ആയി ആദ്യ പതിനൊന്നിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

ചാമ്പ്യൻസ് ലീഗിലെ പെർഫക്റ്റ് റെക്കോർഡ് തുടർന്ന് ആഴ്‌സണൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ലീഗ് മത്സരവും ജയിച്ചു ആഴ്‌സണൽ. ചെക് ടീം സ്ലാവിയ പ്രാഹയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ ഗോൾ വഴങ്ങാത്ത ആഴ്‌സണൽ നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതും ആണ്. ആഴ്‌സണലിനെ ശാരീരികമായി നേരിട്ട പ്രാഹക്ക് പക്ഷെ ആഴ്‌സണലിനെ തടയാൻ ആയില്ല. നിരന്തരമായ ആക്രമണത്തിന് ശേഷം സാകയുടെ കോർണറിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി നൽകി. 32 മത്തെ മിനിറ്റിൽ ഇത് ലക്ഷ്യം കണ്ട ക്യാപ്റ്റൻ ബുകായോ സാക ആഴ്‌സണലിന് മുൻതൂക്കം നൽകി.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലു എവെ മത്സരങ്ങളിൽ ആഴ്‌സണലിന് ആയി ഗോൾ നേടുന്ന ആദ്യ താരമായി ഇതോടെ സാക. രണ്ടാം പകുതി തുടങ്ങി മുപ്പതാം സെക്കന്റിൽ തന്നെ ആഴ്‌സണൽ രണ്ടാം ഗോൾ നേടി. ട്രൊസാർഡിന്റെ പാസിൽ നിന്നു പരിക്കേറ്റ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിന് പകരം മുന്നേറ്റത്തിൽ ഇറങ്ങിയ മിഖേൽ മെറീനോ മികച്ച ഫിനിഷിലൂടെ ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. 68 മത്തെ മിനിറ്റിൽ റൈസിന്റെ പാസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയ മെറീനോ ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ 15 കാരനായ ആഴ്‌സണൽ താരം മാക്‌സ് ഡൗമാൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സൃഷ്ടിച്ചു. അതേസമയം മറ്റൊരു മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫർട്ടിനു എതിരെ ഗോൾ രഹിത സമനില വഴങ്ങി.

ഗോൾ വേട്ട തുടർന്ന് മിസ്റ്റർ റോബോട്ട്! ജയം കണ്ടു മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോർൺമൗതിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ സിറ്റി അവരെ മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്കും കയറി. സീസണിൽ അവിശ്വസനീയം ആയ ഫോമിൽ കളിക്കുന്ന ഏർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകൾ ആണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. സീസണിൽ 10 കളികളിൽ നിന്നു 12 ഗോളുകൾ ഹാളണ്ട് ഇതിനകം നേടിക്കഴിഞ്ഞു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയുടെ ത്രൂ ബോളിൽ നിന്നു ഉഗ്രൻ ഗോൾ കണ്ടെത്തിയ ഹാളണ്ട് സിറ്റിയുടെ ഗോൾ വേട്ട ആരംഭിച്ചു.

എന്നാൽ 25 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ ടെയ്‌ലർ ആദംസ് ബോർൺമൗതിനായി ഗോൾ മടക്കി. 33 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ബോർൺമൗതിന്റെ ഹൈലൈൻ ചെർക്കിയുടെ പാസ് ഭേദിച്ചപ്പോൾ അനായാസം ഗോൾ നേടിയ ഹാളണ്ട് സിറ്റിക്ക് വീണ്ടും മുൻതൂക്കം നൽകി. തുടർന്ന് ഗോളിനായി ബോർൺമൗത് ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കുലുങ്ങിയില്ല. രണ്ടാം പകുതിയിൽ ഫിൽ ഫോഡന്റെ പാസിൽ നിന്നു ഗോൾ നേടിയ നിക്കോ ഒ’റെയിലി മാഞ്ചസ്റ്റർ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. ആസ്റ്റൺ വില്ലയോട് ഏറ്റ പരാജയത്തിൽ നിന്നു സിറ്റിയുടെ മടങ്ങി വരവ് ആയി ഈ ജയം. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിട്ട ശേഷം അടുത്ത ആഴ്ച രണ്ടാം സ്ഥാനക്കാർ ആയ സിറ്റി മൂന്നാമതുള്ള ലിവർപൂളിനെ ആണ് നേരിടുക.

ഒടുവിൽ ജയം കണ്ടെത്തി വെസ്റ്റ് ഹാം, ന്യൂകാസ്റ്റിലിനെ തോൽപ്പിച്ചു

248 ദിവസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ജയം കണ്ടെത്തി വെസ്റ്റ് ഹാം യുണൈറ്റഡ്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം ഒരു മത്സരം ജയിക്കുന്നത് 2024 മെയിന് ശേഷം ഇത് ആദ്യമായാണ്. പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ആദ്യ ജയം കൂടിയാണ് അവർക്ക് ഇത്. ഈ സീസണിലെ ലീഗിലെ വെറും രണ്ടാം ജയമാണ് അവർക്ക് ഇത്. മോശം തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ. നാലാം മിനിറ്റിൽ തന്നെ കൗണ്ടർ അറ്റാക്കിൽ ബ്രൂണോയുടെ പാസിൽ നിന്നു ജേക്കബ്‌ മർഫി വെസ്റ്റ് ഹാം വല കുലുക്കി.

എന്നാൽ തുടർന്ന് നന്നായി കളിച്ച വെസ്റ്റ് ഹാം പോപ്പിന്റെ പോസ്റ്റിനു നേരെ നിരന്തരം ഷോട്ടുകൾ ഉതിർത്തു. 35 മത്തെ മിനിറ്റിൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലൂക്കാസ് പക്വറ്റയുടെ ഉഗ്രൻ ഷോട്ട് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാൻ ബിസാക്കയുടെ ക്രോസ് തടയാനുള്ള ബോട്ട്മാന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിലിന് വലിയ അവസരം ഒന്നും വെസ്റ്റ് ഹാം നൽകിയില്ല. ഇടക്ക് സൗചക് നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എങ്കിലും മത്സരത്തിന്റെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ പോപ്പിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് വലയിലാക്കിയ തോമസ് സൗചക് വെസ്റ്റ് ഹാം യുണൈറ്റഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ 13 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ ഇപ്പോൾ.

പരിശീലകനെ പുറത്താക്കി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം തുടക്കത്തിന് പിന്നാലെ പരിശീലകൻ വിറ്റർ പെരേരയെ പുറത്താക്കി വോൾവ്സ്. ലീഗിൽ ഇത് വരെ 10 കളികളിൽ നിന്നു ഒരൊറ്റ മത്സരവും ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ 14 കളികളിൽ ജയിക്കാൻ അവർക്ക് ആയിട്ടില്ല. കഴിഞ്ഞ സീസണിൽ ഡിസംബറിൽ ആണ് ഗാരി ഒ’നെയിലിന് പകരക്കാരനായി ആണ് പെരേര വോൾവ്സ് പരിശീലകൻ ആയി എത്തിയത്. തുടർന്ന് ടീമിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാൻ ആയ പരിശീലകനു പക്ഷെ ഈ സീസണിൽ അടിതെറ്റി.

പ്രമുഖ താരങ്ങൾ ക്ലബ് വിട്ടതും പരിശീലകനു തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധത്തിന് ഇടയിലും സെപ്റ്റംബറിൽ പരിശീലകന്റെ കരാർ വോൾവ്സ് 3 വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ തുടരുന്ന മോശം പ്രകടനം പരിശീലകന്റെ ജോലി തെറിപ്പിക്കുക ആയിരുന്നു. ഇന്നലെ ഫുൾഹമിനോട് 3-0 നു തോറ്റതിനു പിന്നാലെയാണ് വോൾവ്സ് പ്രഖ്യാപനം ഇന്നുണ്ടായത്. നിലവിൽ അണ്ടർ 21, അണ്ടർ 19 പരിശീലകർ ആവും വോൾവ്സിന്റെ പരിശീലനത്തിൽ മേൽനോട്ടം വഹിക്കുക. ലീഗിൽ നിന്നു തരം താഴ്ത്തൽ ഒഴിവാക്കാൻ വോൾവ്സ് ആരെ പരിശീലകൻ ആയി കൊണ്ടു വരും എന്ന കാര്യം നിലവിൽ വ്യക്തമല്ല.

ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി. ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെൽസി ജയം കണ്ടത്. സ്വന്തം മൈതാനത്ത് ലീഗിൽ കളിച്ച 5 കളികളിൽ ഒരൊറ്റ മത്സരത്തിൽ മാത്രം ജയിക്കാൻ ആയ ടോട്ടനം സ്വന്തം മൈതാനത്തെ അവരുടെ മോശം ഫോം തുടരുകയാണ്. നിലവിൽ ലീഗിൽ ടോട്ടനം മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തും ആണ്. ജാവോ പെഡ്രോ നേടിയ ഏക ഗോൾ ആണ് ചെൽസിക്ക് ജയം നൽകിയത്.

തുടക്കത്തിൽ തന്നെ പരിക്ക് കാരണം ലൂക്കാസ് ബെർഗ്വാളിനെ നഷ്ടമായത് ടോട്ടനത്തിനു തിരിച്ചടി ആയിരുന്നു. തുടർന്ന് ടോട്ടനം പ്രതിരോധത്തിലെ അബദ്ധം മുതലെടുത്ത കയിസെഡോ നൽകിയ പാസിൽ നിന്നു 34 മത്തെ മിനിറ്റിൽ ആണ് ജാവോ പെഡ്രോ ചെൽസിക്ക് വിജയഗോൾ സമ്മാനിച്ചത്. ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ വെറും ഒരൊറ്റ ഷോട്ട് മാത്രമാണ് ടോട്ടനം ചെൽസി പോസ്റ്റിലേക്ക് അടിച്ചത്. കഴിഞ്ഞ കളിയിൽ സണ്ടർലാന്റിനോട് തോറ്റ ചെൽസിക്ക് ഈ ജയം വലിയ ഊർജം ആണ് നൽകുക. അതേസമയം സ്വന്തം മൈതാനത്ത് ആരാധകർ കൂവലോടെയാണ് ടോട്ടനത്തെ യാത്രയാക്കിയത്.

വിജയവഴിയിൽ തിരിച്ചെത്തി പാലസും ബ്രൈറ്റണും, വോൾവ്സ് വീണ്ടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് വഴങ്ങിയ പരാജയത്തിനു ശേഷം വിജയവഴിയിൽ തിരിച്ചെത്തി ക്രിസ്റ്റൽ പാലസ്. ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച പാലസ് ലീഗിൽ ഏഴാം സ്ഥാനത്തേക്കും കയറി. മുപ്പതാം മിനിറ്റിൽ ലെർമയുടെ പാസിൽ നിന്നു മറ്റെറ്റ നേടിയ ഗോളും 51 മത്തെ മിനിറ്റിലെ കോളിൻസിന്റെ സെൽഫ് ഗോളും ആണ് പാലസിനു ജയം നൽകിയത്. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ബ്രൈറ്റണും ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. ലീഡ്സിനെ എതിരില്ലാത്ത 3 ഗോളിന് ആണ് ബ്രൈറ്റൺ തകർത്തത്. ഡീഗോ ഗോമസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡാനി വെൽബക്ക് ആണ് ബ്രൈറ്റണിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.

അതേസമയം പത്താം ലീഗ് മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ഫുൾഹാമിനു എതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് അവർ തോറ്റത്. വെറും 2 സമനിലയും ആയി ലീഗിലെ അവസാന സ്ഥാനക്കാർ ആയ വോൾവ്സ് ലീഗിൽ എട്ടാം പരാജയം ആണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണിലും ആദ്യ 10 മത്സരങ്ങളിൽ വോൾവ്സിന് ഒരു മത്സരം പോലും ജയിക്കാൻ ആയിരുന്നില്ല. ഇമ്മാനുവൽ ചുവപ്പ് കാർഡ് കണ്ടു 10 പേരായി ചുരുങ്ങിയ വോൾവ്സിന് എതിരെ റയാൻ സെസനിയോൻ, ഹാരി വിൽസൻ എന്നിവർ ആണ് ഗോൾ നേടിയത്. ഫുൾഹാമിന്റെ മൂന്നാം ഗോൾ യെർസൻ മൊസ്ക്വരയുടെ സെൽഫ്‌ ഗോൾ ആയിരുന്നു. മോശം പ്രകടനങ്ങൾ തുടരുന്ന വോൾവ്സിന് എതിരെ നിലവിൽ ആരാധകരും വലിയ പ്രതിഷേധം ആണ് ഉയർത്തുന്നത്.

വീണ്ടും ഒരു ക്ലീൻ ഷീറ്റ്, ജയം തുടർന്ന് ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ. ബേർൺലിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ഇന്ന് ആഴ്‌സണൽ തോൽപ്പിച്ചത്. എല്ലാ മത്സരങ്ങളിലും ആയി തുടർച്ചയായ ഒമ്പതാം ജയവും പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചാം ജയവും ആണ് ആഴ്‌സണലിന് ഇത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ഒരൊറ്റ ഗോളും പോലും വഴങ്ങാത്ത ആഴ്‌സണൽ കഴിഞ്ഞ നാലു പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ വഴങ്ങിയില്ല. ജയത്തോടെ ലീഗിൽ 10 മത്സരങ്ങളിൽ നിന്നു 25 പോയിന്റും ആയി ഒന്നാം സ്ഥാനത്ത് ആഴ്‌സണൽ തുടരുകയാണ്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ ബേർൺലി ഒരൊറ്റ ഷോട്ട് പോലും ആഴ്‌സണൽ പോസ്റ്റിലേക്ക് ഉതിർത്തില്ല.

ആദ്യ പകുതിയിൽ അതുഗ്രൻ ഫുട്‌ബോൾ ആണ് ആഴ്‌സണൽ കളിച്ചത്. പതിവ് പോലെ 14 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു തന്നെയാണ് ആഴ്‌സണൽ ഗോൾ അടി തുടങ്ങിയത്. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ പാസിൽ നിന്നു ഗ്യോകെറസ് ഹെഡറിലൂടെ ആഴ്‌സണലിന് ആയി ഗോൾ നേടി. തുടർന്ന് സാകയുടെ 2 ഷോട്ടുകൾ തടഞ്ഞ ഡുബ്രാവ്കയും, ട്രൊസാർഡിന്റെ ഷോട്ട് ഗോൾ വരയിൽ തടഞ്ഞ ബേർൺലി പ്രതിരോധവും കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു അവരെ രക്ഷിച്ചു. എന്നാൽ 35 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു ട്രൊസാർഡിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ റൈസ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ തങ്ങളുടെ മുൻതൂക്കം സംരക്ഷിച്ച ആഴ്‌സണൽ അനായാസം 3 പോയിന്റുകൾ സ്വന്തം പേരിലാക്കി.

ബോക്സിങ് ഡേയിൽ ഒരൊറ്റ മത്സരം മാത്രം, വലിയ മാറ്റവും ആയി പ്രീമിയർ ലീഗ്

ഇംഗ്ലീഷ് ഫുട്‌ബോളിലെ വലിയ പാരമ്പര്യം ആയ ക്രിസ്തുമസ് കാലത്തെ ഫെസ്റ്റീവ് മത്സരങ്ങളിൽ മാറ്റവും ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മറ്റ് ലീഗുകൾ ക്രിസ്തുമസ് കാലത്ത് ഇടവേള എടുക്കുമ്പോൾ ആ സമയത്ത് മത്സരങ്ങൾ നടത്തുന്ന പ്രീമിയർ ലീഗ്, ക്രിസ്തുമസ് കഴിഞ്ഞ അടുത്ത ദിവസം ബോക്സിങ് ഡേയിൽ നടത്തുന്ന മത്സരങ്ങളിൽ ആണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ബോക്‌സിങ് ഡേയിൽ എല്ലാ ടീമുകളുടെയും മത്സരം സംഘടിപ്പിക്കുക എന്ന പതിറ്റാണ്ടുകളുടെ ശീലമാണ് ലീഗ് ഇത്തവണ നിർത്തുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം മാത്രമാണ് ബോക്സിങ് ഡേ ദിവസം നടക്കുക. മറ്റ് മത്സരങ്ങൾ ഡിസംബർ 27 ശനിയാഴ്ച, 28 ഞായറാഴ്ച ദിവസങ്ങളിൽ ആവും നടക്കുക.

യൂറോപ്യൻ മത്സരങ്ങൾ കൂടിയതിനാൽ വീക്കെൻഡുകൾക്ക് ഇടയിൽ ബോക്സിങ് ഡേയിൽ കൂടി കളിക്കുന്നത് താരങ്ങളുടെ ജോലി ഭാരം കൂട്ടും എന്നതിനാൽ ആണ് ഈ തീരുമാനം എന്നാണ് പ്രീമിയർ ലീഗ് പറഞ്ഞത്. കലണ്ടറിൽ വീക്കെൻഡ് ആണെങ്കിൽ ആണ് ബോക്സിങ് ഡേ മത്സരങ്ങൾ തിരിച്ചു വരിക എന്നാണ് പ്രീമിയർ ലീഗ് തീരുമാനം. അടുത്ത കൊല്ലം ശനിയാഴ്ച ദിവസമാണ് ബോക്സിങ് ഡേ എന്നതിനാൽ എല്ലാ മത്സരങ്ങളും അന്ന് തന്നെ ആവും നടക്കുക. ഫെസ്റ്റീവ് ദിവസം ആയതിനാൽ തന്നെ പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ ആകർഷിക്കാൻ ടിവി ബ്ലാക്ക് ഔട്ട് ശീലം ഡിസംബർ 26,27,28 ദിവസങ്ങളിൽ തുടരുന്നതിനാൽ ബ്രിട്ടനിൽ അന്നത്തെ ദിവസത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലും നിയന്ത്രണം ഉണ്ടാവും.

Exit mobile version