ലോകകപ്പ് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് ഫിക്സ്ചർ ആയി

ഫിഫ ലോകകപ്പ് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് ഫിക്സ്ചർ ആയി. 48 രാജ്യങ്ങൾ യോഗ്യത നേടുന്ന ലോകകപ്പിലേക്ക് ഇതിനകം 42 രാജ്യങ്ങൾ യോഗ്യത നേടി കഴിഞ്ഞു. നിലവിൽ ഇനിയുള്ള നാലു ടീമുകൾ 16 അംഗ യൂറോപ്യൻ പ്ലെ ഓഫിൽ നിന്നും യോഗ്യത നേടുമ്പോൾ രണ്ടു ടീമുകൾ ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫിൽ നിന്നാണ് യോഗ്യത നേടുക.

നിലവിൽ പ്ലെ ഓഫ് സെമിഫൈനലിൽ ന്യൂ കാലഡോണിയ അവരുടെ നാട്ടിൽ ജമൈക്കയെ നേരിടും. തുടർന്ന് ജയിക്കുന്ന ടീം ഫൈനലിൽ ആഫ്രിക്കൻ ടീമായ ഡി.ആർ കോംഗോയെ അവരുടെ നാട്ടിൽ പ്ലെ ഓഫ് ഫൈനലിൽ നേരിടും. രണ്ടാം സെമിഫൈനലിൽ ബൊളീവിയ സുറിനെമയെ സ്വന്തം നാട്ടിൽ നേരിടും. തുടർന്ന് ഇതിൽ ജയിക്കുന്നവർ ഏഷ്യൻ പ്ലെ ഓഫ് ടീം ആയ ഇറാഖിനെ അവരുടെ നാട്ടിൽ പ്ലെ ഓഫ് ഫൈനലിൽ നേരിടും. പ്ലെ ഓഫ് ഫൈനലിൽ ജയിക്കുന്ന ടീം ആവും ലോകകപ്പിൽ എത്തുക. ഫിഫ റാങ്കിംഗിൽ മുന്നിൽ ഉള്ളത് ആണ് ഇറാഖ്, ഡി. ആർ കോംഗോ ടീമുകൾക്ക് പ്ലെ ഓഫ് ഫൈനലിലേക്ക് ബൈ നൽകിയത്.

ലോകകപ്പ് കളിക്കാൻ നൈജീരിയ ഉണ്ടാവില്ല

ഫിഫ ലോകകപ്പ് കളിക്കാൻ യോഗ്യത നേടാൻ ആവാതെ ആഫ്രിക്കൻ വമ്പന്മാർ ആയ നൈജീരിയ. ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടാനുള്ള ആഫ്രിക്കൻ പ്ലെ ഓഫ് ഫൈനലിൽ ഡി.ആർ കോംഗോയോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതോടെയാണ് വിക്ടർ ഒസിമഹൻ അടക്കമുള്ള സൂപ്പർ താരങ്ങളാൽ നിറഞ്ഞ നൈജീരിയ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തിൽ നിന്നും പരാജയപ്പെട്ടത്.

ഫ്രാങ്ക് ഒൻയെകയിലൂടെ മൂന്നാം മിനിറ്റിൽ മുന്നിൽ എത്തിയ നൈജീരിയക്ക് എതിരെ 32 മത്തെ മിനിറ്റിൽ മെച്ചക് എലിയായിലൂടെ കോംഗോ സമനില പിടിച്ചു. തുടർന്ന് 90 മിനിറ്റിലും എക്സ്ട്രാ സമയത്തും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ആദ്യ 5 പെനാൽട്ടിയിൽ ഇരു ടീമുകളും 2 വീതം പെനാൽട്ടി പാഴാക്കിയപ്പോൾ ഷൂട്ട് ഔട്ട് സഡൻ ഡെത്തിലേക്ക് നീണ്ടു. തുടർന്ന് സെമി അയായുടെ പെനാൽട്ടി കോംഗോ ഗോൾ കീപ്പർ ലക്ഷ്യം കണ്ടപ്പോൾ പെനാൽട്ടി ലക്ഷ്യം കണ്ട ചാൻസൽ ബെമ്പ കോംഗോക്ക് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് യോഗ്യത നൽകി. മാർച്ചിൽ ആണ് ഈ മത്സരം നടക്കുക.

റോബോട്ട് ആട്ടം! ഇറ്റലിയെ അവരുടെ നാട്ടിലും നാണം കെടുത്തി നോർവെ ലോകകപ്പിലേക്ക്

1998 നു ശേഷം 28 വർഷത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പ് യോഗ്യത ഔദ്യോഗികമായി ഉറപ്പിച്ചു നോർവെ. ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ട് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐ തലവന്മാർ ആയാണ് നോർവെ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നേരിട്ടുള്ള യോഗ്യതക്ക് റെക്കോർഡ് ജയം വേണമായിരുന്ന ഇറ്റലിയെ അവരുടെ നാട്ടിൽ 4-1 ആണ് നോർവെ തകർത്തത്. പ്ലെ ഓഫ് യോഗ്യത നേടാൻ ആണ് ഇറ്റലിക്ക് ആയത്. പതിവ് പോലെ അവിശ്വസനീയ ഫോമിലുള്ള ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് വലിയ ജയം ഒരുക്കിയത്. ഇരട്ടഗോൾ നേടിയ താരം 8 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നു 16 ഗോളുകൾ ആണ് നേടിയത്. ഈ സീസണിൽ 19 കളികളിൽ നിന്നു 32 ഗോളുകൾ നേടിയ ഹാളണ്ട് രാജ്യത്തിനു ആയി 48 കളികളിൽ നിന്നു 55 ഗോളുകളും പൂർത്തിയാക്കി.

11 മത്തെ മിനിറ്റിൽ ഫ്രാൻസെസ്കോ എസ്പോസിറ്റോയിലൂടെ മുന്നിൽ എത്തിയ ഇറ്റലി പക്ഷെ രണ്ടാം പകുതിയിൽ തകരുന്നത് ആണ് പിന്നീട് കണ്ടത്. 63 മത്തെ മിനിറ്റിൽ സോർലോത്തിന്റെ പാസിൽ നിന്നു അന്റോണിയോ നുസ നോർവെയുടെ സമനില ഗോൾ നേടി. 78 മത്തെ മിനിറ്റിൽ ഓസ്കാർ ബോബിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട് ടീമിന് മത്സരത്തിൽ ആദ്യമായി മുൻതൂക്കം നൽകി. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോൾ തോർസ്‌ബിയുടെ പാസിൽ നിന്നും നേടിയ ഹാളണ്ട് നോർവെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ തോർസ്‌ബിയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്-ലാർസൻ ആണ് നോർവെ ജയം പൂർത്തിയാക്കിയത്. പ്ലെ ഓഫ് കളിച്ചു ലോകകപ്പിന് എത്താൻ ആവും കഴിഞ്ഞ 2 ലോകകപ്പിലും യോഗ്യത നേടാൻ ആവാത്ത നാലു തന്നെ ലോക ജേതാക്കൾ ആയ ഇറ്റാലിയൻ ടീമിന്റെ ഇനിയുള്ള ശ്രമം.

അൽകാരാസിനെ വീഴ്ത്തി എ.ടി.പി ഫൈനൽസ് കിരീടം നിലനിർത്തി യാനിക് സിന്നർ

എ.ടി.പി ഫൈനൽസ് കിരീടം നിലനിർത്തി ലോക രണ്ടാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നർ. ടൂറിനിൽ സ്വന്തം രാജ്യക്കാരുടെ മുന്നിൽ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് സിന്നർ തന്റെ കിരീടം നിലനിർത്തിയത്. മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ ഡിന്നർ സെറ്റ് നേടി. തുടർന്ന് രണ്ടാം സെറ്റിൽ അൽകാരസിന്റെ ആറാം സർവീസിൽ ബ്രേക്ക് കണ്ടത്തിയ സിന്നർ സെറ്റ് 7-5 നു നേടി കിരീടം ഉയർത്തി.

കഴിഞ്ഞ 9 മത്സരങ്ങളിൽ ഇത് രണ്ടാം തവണയാണ് സിന്നർ അൽകാരാസിനെ തോൽപ്പിക്കുന്നത്. തുടർച്ചയായ 15 മത്തെ ജയം ആയിരുന്നു സിന്നറിന് ഇത്. കഴിഞ്ഞ എ.ടി.പി ഫൈനൽസിലും ഒരു സെറ്റ് പോലും നഷ്ടമാവാതെ കിരീടം ഉയർത്തിയ സിന്നർ ഈ തവണയും ഒരു സെറ്റ് പോലും നഷ്ടമാവാതെയാണ് കിരീടം ഉയർത്തിയത്. ഇൻഡോർ കോർട്ടിൽ അസാധ്യ മികവ് പുലർത്തുന്ന സിന്നർ ഇൻഡോർ ഹാർഡ് കോർട്ടിൽ തുടർച്ചയായ 31 മത്തെ ജയം ആണ് കുറിക്കുന്നത്. കരിയറിലെ 24 മത്തെ കിരീടം ആണ് സിന്നറിന് ഇത്. തോറ്റെങ്കിലും ലോക ഒന്നാം നമ്പറിൽ അൽകാരാസ് തുടരും.

ആദ്യം ഞെട്ടിയെങ്കിലും ജയത്തോടെ ലോകകപ്പ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചു ഫ്രാൻസ്

ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ അസർബൈജാനെ 3-1 നു തോൽപ്പിച്ചു ഫ്രാൻസ്. ഇതിനകം യോഗ്യത നേടിയതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഫ്രാൻസ് ഇറങ്ങിയത്. നാലാം മിനിറ്റിൽ സ്വന്തം മൈതാനത്ത് അസർബൈജാനു സ്വപ്ന തുടക്കം ആണ് റെനറ്റ് ദാദാഷോവ് നൽകിയത്. ഗോൾ വഴങ്ങിയെങ്കിലും ഫ്രാൻസ് പതറിയില്ല.

17 മത്തെ മിനിറ്റിൽ മലോ ഗുസ്റ്റയുടെ പാസിൽ നിന്നു ജീൻ ഫിലിപ്പ് മറ്റെറ്റ ഫ്രാൻസിന് ആയി സമനില ഗോൾ നേടി. 30 മത്തെ മിനിറ്റിൽ ഗുസ്റ്റയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ അക്ലിലോചെ ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കവും നൽകി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് സെൽഫ്‌ ഗോൾ കൂടി ആയതോടെ ഫ്രാൻസ് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഫ്രാൻസ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും അസർബൈജാൻ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുക ആയിരുന്നു.

ഹാരി കെയിൻ ഇരട്ടഗോളിൽ അൽബാനിയയെ വീഴ്ത്തി ഇംഗ്ലണ്ട്

ഫിഫ ലോകകപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ അൽബാനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഇംഗ്ലണ്ട്. ഗ്രൂപ്പ് കെയിൽ കളിച്ച 8 മത്സരവും ജയിച്ച ഇംഗ്ലണ്ട് സമ്പൂർണ ആധിപത്യം ആണ് ഗ്രൂപ്പിൽ പുലർത്തിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാർ ആയ അൽബാനിയ ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ ആദ്യ 74 മിനിറ്റുകൾ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടിയ അൽബാനിയ ഇടക്ക് അവസരങ്ങളും സൃഷ്ടിച്ചു.

എന്നാൽ 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബുകയോ സാകയുടെ കോർണറിൽ നിന്നു ലഭിച്ച അവസരം ഹാരി കെയിൻ ഗോൾ ആക്കി മാറ്റി. തുടർന്ന് 82 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരൻ മാർക്കോസ് റാഷ്ഫോർഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അവരുടെ ജയം പൂർത്തിയാക്കി. സീസണിൽ ക്ലബിനും രാജ്യത്തിനും ആയി 28 മത്തെ ഗോൾ ആയിരുന്നു ഉഗ്രൻ ഫോമിലുള്ള കെയിന് ഇത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെർബിയ ലാത്വിയയെ 2-1 നു തോൽപ്പിച്ചു.

ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടി ഉക്രൈൻ

ഗ്രൂപ്പ് ഡിയിലെ ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടി ഉക്രൈൻ. 7 പോയിന്റ് വീതം ഉണ്ടായിരുന്ന ഉക്രൈൻ, ഐസ്ലാന്റ് പോരാട്ടം പ്ലെ ഓഫ് സ്പോട്ടിനുള്ള ഇരു ടീമുകളുടെയും ജീവൻമരണ പോരാട്ടം തന്നെ ആയിരുന്നു. ഐസ്ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഉക്രൈൻ മറികടന്നത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിൽ നേരിയ മുൻതൂക്കം ഉക്രൈനു ആയിരുന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി.

നിരന്തരം ഐസ്ലാന്റ് ഗോൾ കീപ്പറെ അവസാന നിമിഷങ്ങളിൽ ഉക്രൈൻ പരീക്ഷിച്ചെങ്കിലും ഐസ്ലാന്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. 83 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡർ ഗോൾ ആക്കി മാറ്റിയ അലക്‌സാണ്ടർ സുബ്കോവ് ഉക്രൈനു നിർണായക മുൻതൂക്കം നൽകി. തുടർന്ന് സമനിലക്ക് ആയി ഐസ്ലാന്റ് നിരന്തരം മുന്നേറ്റം നടത്തി. ഇതിനിടയിൽ 93 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഒലസ്കി ഉക്രൈൻ ജയം ഉറപ്പിക്കുക ആയിരുന്നു. താരത്തിന്റെ ഷോട്ട് ഐസ്ലാന്റ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു.

ട്രോയി പാരറ്റ്!!! ഐറിഷ് വിപ്ലവം! പ്ലെ ഓഫ് യോഗ്യത നേടി അയർലൻഡ്!

അവിശ്വസനീയം ആയ രീതിയിൽ ഫിഫ ലോകകപ്പ് പ്ലെ ഓഫ് സ്പോട്ട് സ്വന്തമാക്കി റിപ്പബ്ലിക് ഓഫ് അയർലൻഡ്. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 2-0 നു തോൽപ്പിച്ച അവർ ഇത്തവണ ഹംഗറിയിൽ ഹംഗറിയെ 3-2 എന്ന സ്കോറിന് മറികടന്നു ആണ് ലോകകപ്പ് യോഗ്യതക്ക് ആയുള്ള പ്ലെ ഓഫ് സ്പോട്ട് സ്വന്തമാക്കിയത്. ഗ്രൂപ്പ് എഫിൽ പ്ലെ ഓഫിന് ആയി സമനില മാത്രം മതിയായിരുന്ന ഹംഗറിയെ മറികടന്ന അയർലൻഡ് 10 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാർ ആയാണ് പ്ലെ ഓഫ് യോഗ്യത സ്വന്തമാക്കിയത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയിന്റ് മാത്രം ഉണ്ടായിരുന്ന അയർലൻഡ് അക്ഷരാർത്ഥത്തിൽ അത്ഭുതം ആണ് കഴിഞ്ഞ 2 മത്സരങ്ങൾ കാണിച്ചത്. പോർച്ചുഗലിനു എതിരെ ഇരട്ടഗോൾ നേടിയ ട്രോയി പാരറ്റ് നേടിയ ഹാട്രിക് ആണ് അയർലൻഡിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

മൂന്നാം മിനിറ്റിൽ തന്നെ സബസലോയുടെ പാസിൽ നിന്നു ഡാനിയേൽ ലൂക്കസ് നേടിയ ഗോളിൽ ഹംഗറി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ പതിനഞ്ചാം മിനിറ്റിൽ പെനാൽട്ടി ഗോളിലൂടെ പാരറ്റ് അയർലൻഡിന് സമനില ഗോൾ സമ്മാനിച്ചു. 37 മത്തെ മിനിറ്റിൽ കെർകസിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോൾ നേടിയ ബർണബാസ് വാർഗ ഹംഗറിയുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. തുടർന്ന് അയർലൻഡ് മുന്നേറ്റങ്ങൾ തടഞ്ഞ ഹംഗറി ലോകകപ്പ് പ്ലെ ഓഫ് ഏതാണ്ട് ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 80 മത്തെ മിനിറ്റിൽ ഫിൻ അസാസിന്റെ പാസിൽ നിന്നു ഗോൾ നേടിയ പാരറ്റ് ഐറിഷ് പടക്ക് പ്രതീക്ഷ നൽകി. സമനില മതി ആയിരുന്ന ഹംഗറി അതിനായി പ്രതിരോധ കോട്ടയും കെട്ടി. എന്നാൽ ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ലോങ് ബോളിൽ നിന്നു ലിയാം സ്കൽസിന്റെ ഹെഡർ പിടിക്കാൻ ഹംഗേറിയൻ ഗോൾ കീപ്പർ കയറി വന്നപ്പോൾ അവസരം മുതലാക്കി ഗോൾ നേടിയ പാരറ്റ് അയർലൻഡിന് സ്വപ്ന വിജയം സമ്മാനിക്കുക ആയിരുന്നു. ഐറിഷ് ചരിത്രത്തിൽ സ്വന്തം നാട്ടിൽ നിന്ന് പുറത്ത് ഒരു താരം അവർക്ക് ആയി ഹാട്രിക് നേടുന്നതും ഇത് ആദ്യമായാണ്. ഈ മികവ് തുടർന്ന് പ്ലെ ഓഫ് ജയിച്ചു ലോകകപ്പ് യോഗ്യത നേടാൻ ആവും അയർലൻഡ് ശ്രമം ഇനി.

റൊണാൾഡോ ഇല്ലാതെ 9 ഗോൾ അടിച്ചു പോർച്ചുഗൽ ലോകകപ്പിലേക്ക്

ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു പോർച്ചുഗൽ. സസ്‌പെൻഡ് ചെയ്യപ്പെട്ട ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ പോർട്ടോയിൽ അർമേനിയയെ ഒന്നിനെതിരെ 9 ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ 13 പോയിന്റുകളും ആയി ഗ്രൂപ്പ് ജേതാക്കൾ ആയി ലോകകപ്പിന് നേരിട്ടുള്ള യോഗ്യത അവർ ഉറപ്പിച്ചു. കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പോർച്ചുഗൽ അർമേനിയയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.

റെനാറ്റോ വീഗയിലൂടെ ഏഴാം മിനിറ്റിൽ ഗോൾ വേട്ട തുടങ്ങിയ പോർച്ചുഗലിനു എതിരെ 18 മത്തെ മിനിറ്റിൽ അർമേനിയ സമനില ഗോൾ കണ്ടെത്തി. എന്നാൽ തുടർന്ന് കണ്ടത് പോർച്ചുഗീസ് പടയോട്ടം ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ ഗോൺസാലോ റാമോസിന്റെ ഗോൾ, ജാവോ നെവസിന്റെ ഇരട്ടഗോൾ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽട്ടി ഗോൾ എന്നിവയിലൂടെ പോർച്ചുഗൽ 5-1 നു മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് തന്റെ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ 81 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജാവോ നെവസ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 92 മത്തെ മിനിറ്റിൽ കോൻസിയാസോ ആണ് പോർച്ചുഗീസ് ജയം പൂർത്തിയാക്കിയത്.

പരിക്ക് കാരണം ഗബ്രിയേൽ ബ്രസീൽ ക്യാമ്പ് വിട്ടു

ആഴ്‌സണലിന്റെ ബ്രസീലിയൻ പ്രതിരോധതാരം ഗബ്രിയേൽ മഹഗലാസ് ദേശീയ ക്യാമ്പ് വിട്ടു. ഇന്നലെ ആഴ്‌സണലിന്റെ തന്നെ ഹോം ഗ്രൗണ്ട് ആയ എമിറേറ്റ്‌സിൽ നടന്ന ബ്രസീൽ സെനഗൽ സൗഹൃദ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ടുണീഷ്യക്ക് എതിരെ ഫ്രാൻസിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഗബ്രിയേൽ കളിക്കില്ല. താരത്തിന് തുടയിൽ പരിക്ക് സ്ഥിരീകരിച്ച ബ്രസീൽ താരത്തിന് പകരം ആരെയും ടീമിലേക്ക് വിളിച്ചിട്ടില്ല.

സീസണിൽ ഉഗ്രൻ ഫോമിലുള്ള താരത്തിന്റെ പരിക്ക് ഇതിനകം പരിക്കുകൾ വേട്ടയാടുന്ന ആഴ്‌സണലിന് ആശങ്കയാണ്. താരത്തിന്റെ പരിക്ക് ഗുരുതരമാവരുത് എന്നാവും ആഴ്‌സണൽ പ്രതീക്ഷിക്കുന്നത്. നിലവിൽ താരം അടുത്ത ആഴ്ച നടക്കുന്ന നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടനത്തിന് എതിരെ കളിക്കില്ല എന്നാണ് സൂചന. നേരത്തെ മറ്റൊരു ആഴ്‌സണൽ പ്രതിരോധ താരമായ റിക്കാർഡോ കാലഫിയോരിയും ഇറ്റാലിയൻ ടീമിൽ നിന്നു ആഴ്‌സണലിലേക്ക് തിരിച്ചു വന്നിരുന്നു. നിലവിൽ താരത്തിന് പരിക്കില്ലെന്നാണ് ക്ലബ് നടത്തിയ ടെസ്റ്റുകൾ സൂചിപ്പിക്കുന്നത്.

ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പിന് അന്ത്യം, യൂണിയൻ ബെർലിനോട് സമനില

സീസണിൽ റെക്കോർഡ് കുറിച്ച ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പിന് അന്ത്യം. സീസണിൽ കളിച്ച 16 കളികളും ജയിച്ച അവരെ യൂണിയൻ ബെർലിൻ 2-2 എന്ന സ്കോറിന് സമനിലയിൽ പിടിക്കുക ആയിരുന്നു. ബെർലിനിൽ നടന്ന മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും 27 മത്തെ മിനിറ്റിൽ അവർ സീസണിൽ ആദ്യമായി ബുണ്ടസ് ലീഗയിൽ ഒരു മത്സരത്തിൽ പിറകിൽ പോയി. ഡാനിലോ ഡോഹെകിയാണ് ബയേണിന്റെ വലയിൽ പന്ത് എത്തിച്ചത്.

എന്നാൽ 38 മത്തെ മിനിറ്റിൽ സ്റ്റാനിസിച്ചിന്റെ പാസിൽ നിന്നു അവിശ്വസനീയം ആയ ആങ്കിളിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് അവർക്ക് സമനില ഗോൾ നൽകി. രണ്ടാം പകുതിയിൽ 83 മത്തെ മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ അവസരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ ഡാനിലോ ഡോഹെകി ബയേണിനെ വീണ്ടും ഞെട്ടിച്ചു. പരാജയം മുന്നിൽ കണ്ട ബയേണിനെ പക്ഷെ ടോം ബിച്ചോഫിന്റെ ക്രോസിൽ നിന്നു 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഹാരി കെയിൻ രക്ഷിക്കുക ആയിരുന്നു. സീസണിൽ ലീഗിലെ 13 മത്തെ ഗോൾ ആയിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന് ഇത്. നിലവിൽ 10 മത്സരങ്ങൾക്ക് ശേഷം ലീഗിൽ 6 പോയിന്റ് മുന്നിൽ ഒന്നാമത് തുടരുകയാണ് ബയേൺ.

ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ സമനിലയിൽ പിടിച്ചു ഖരാബാഗ്, വിയ്യറയലിന് തോൽവി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം മത്സരത്തിൽ ചെൽസിയെ സമനിലയിൽ തളച്ചു അസർബൈജാൻ ടീം ആയ ഖരാബാഗ്. ചെൽസിക്ക് ഒപ്പം എല്ലാ അർത്ഥത്തിലും സമാസമം പിടിച്ചു നിന്ന അവർ അർഹിച്ച സമനില ആണ് നേടിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ എസ്റ്റവയുടെ ഗോളിൽ ചെൽസി ആണ് മുന്നിൽ എത്തിയത്. 29 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ആൻഡ്രഡയുടെ ഗോളിൽ അസർബൈജാൻ ടീം സമനില ഗോൾ നേടി. 39 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാർക്കോ ജെൻകോവിച് ഖരാബാഗിനു ആദ്യ പകുതിയിൽ തന്നെ മുൻതൂക്കവും നൽകി.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സാൻഡ്രോ ഗർനാചോ ചെൽസിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് വിജയഗോളിന് ആയി ചെൽസി ശ്രമിച്ചെങ്കിലും ഖരാബാഗ് പ്രതിരോധം ഗോൾ വഴങ്ങിയില്ല. നിലവിൽ നാലു മത്സരങ്ങൾക്ക് ശേഷം 7 പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്. അതേസമയം മറ്റൊരു മത്സരത്തിൽ സ്പാനിഷ് ടീം വിയ്യറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സൈപ്രസ് ടീം പഫോസ് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം നേടി. 46 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഡെറിക് ലക്കസൻ ആണ് ചരിത്ര ഗോൾ നേടിയത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും വിയ്യറയലിനു പക്ഷെ പരാജയം ഒഴിവാക്കാൻ ആയില്ല.

Exit mobile version