ദാമൻ വലയിൽ ഗോൾ നിറച്ച് സന്തോഷ് ട്രോഫിയിൽ നിന്ന് ലക്ഷദ്വീപിന്റെ രാജകീയ പടിയിറക്കം

ലക്ഷദ്വീപിന് മുന്നോട്ട് പോവാൻ അത്ഭുതങ്ങൾ സംഭവിക്കണമായിരുന്നുയിരുന്നു, പക്ഷെ ഈ ദിനം അതിനുള്ളതായിരുന്നതല്ല. മധ്യപ്രദേശിനെ മറികടന്ന് ഗ്രൂപ്പിലെ 3 മത്സരവും ജയിച്ച് മഹാരാഷ്ട്ര സന്തോഷ് ട്രോഫിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ദാമനെതിരെ ജയിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനായിരുന്നു ലക്ഷദ്വീപിന്റെ വിധി. മഹാരാഷ്ട്രക്കെതിരായ മത്സരത്തിന്റെ ക്ഷീണം മുഴുവനും മറികടക്കുന്ന പ്രകടനമായിരുന്നു ഇന്ന് ലക്ഷദ്വീപിന്റെ പിള്ളേർ പുറത്തെടുത്തത്.

മഹാരാഷ്ട്രക്കെതിരെ 5 ഗോൾ വഴങ്ങിയതിന് മറുപടിയെന്നോണം എതിരില്ലാത്ത 5 ഗോളുകളാണ് ദാമൻ വലയിൽ ദ്വീപുകാർ നിറച്ചത്. ലക്ഷദ്വീപിന്റെ മുന്നേറ്റത്തിൽ ഇത് വരെ ഗോൾ നേടാതിരുന്ന അമിനി സ്വദേശി നാസർ ഫോമിലേക്കുയർന്നപ്പോൾ ദാമനു മറുപടിയുണ്ടായിരുന്നില്ല. ഹാട്രിക്കിടിച്ച നാസറിന് പുറമെ ആദ്യകളിയിൽ മധ്യപ്രദേശിനെതിരെ ഹാട്രിക്ക് നേടിയ റഫീഖ് ടി.ഡിയും ഗോൾ കണ്ടെത്തി. ജാബിറിന്റെ വകയായിരുന്നു ലക്ഷദ്വീപിന്റെ മൂന്നാം ഗോൾ.

സന്തോഷ് ട്രോഫി യോഗ്യത നഷ്ടമായെങ്കിലും തല ഉയർത്തി പിടിച്ച് തന്നെയാണ് ദീപക് സാറിന്റെ കുട്ടികൾ അഹമ്മദാബാദ് വിടുക. ശക്തരായ മഹാരാഷ്ട്രക്ക് പകരം മറ്റൊരു ടീമായുരുന്നുവെങ്കിൽ കഥ മാറിയേനെ. ലക്ഷദ്വീപ് ഫുട്ബോളിനും പൊതുവെ സ്പോർട്സിന് തന്നെയും ഒരു പുതുവിപ്ളവത്തിന്റെ തുടക്കമായി വേണം ഈ പ്രകടനത്തെ വിലയിരുത്താൻ. ഫുട്ബോൾ അസോസിയേഷന്റെ പരിശ്രമങ്ങളും, കെ ലീഗ് അനുകരിച്ച് മറ്റ് ദ്വീപുകളിൽ നിന്നുണ്ടാവുന്ന ശ്രമങ്ങളും ശുഭസൂചനകളാണ്. കാത്തിരിക്കുക ഇന്ത്യൻ ഫുട്ബോൾ കാരണം ഇനിയും നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് ലക്ഷദ്വീപ് എന്ന് കേൾക്കാൻ പോവുന്നതെയുള്ളു, നിങ്ങളുടെ അപരിചിതത്വം കളഞ്ഞ് തയ്യാറായിരിക്കുക, കാരണം ലക്ഷദ്വീപ് വന്നത് ചുമ്മാ പോകാനല്ല പുതിയ അത്ഭുതങ്ങളുടെ പ്രതിഭകളുടെ വിസ്മയങ്ങളുടെ വിത്തുമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് പേരായി ചുരുങ്ങിയിട്ടും ലക്ഷദ്വീപിനെ വീഴ്ത്തി മഹാരാഷ്ട്ര

സന്തോഷ് ട്രോഫിയിലെ രണ്ടാം യോഗ്യത മത്സരത്തിൽ മഹാരാഷ്ട്രക്കതിരെ എതിരില്ലാത്ത 5 ഗോളിന് വീണ് ലക്ഷദ്വീപ്. മഹാരാഷ്ട്രയുടെ കരുത്തിനും പാരമ്പര്യത്തിനും മുമ്പിൽ പിടിച്ച് നിൽക്കാൻ ലക്ഷദ്വീപിന്റെ പോരാളികൾക്കാവാത്ത മത്സരം ഏകപക്ഷീയമായിരുന്നു. പെനാൾട്ടിയും, പെനാൾട്ടി രക്ഷപ്പെടുത്തലും, ചുവപ്പ് കാർഡും കണ്ട മത്സരം സ്കോർ നില കാണിക്കുന്നതിലും ആവേശം നിറഞ്ഞതായിരുന്നു.

ആദ്യപകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയ മഹാരാഷ്ട്ര തുടക്കം മുതലെ അക്രമണത്തിലായിരുന്നു. ആദ്യഗോളിന് ശേഷം വഴങ്ങിയ പെനാൾട്ടി ലക്ഷദ്വീപ് ഗോൾ കീപ്പർ അണ്ടർ 21 താരം കവരത്തി സ്വദേശി രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ടിൽ ഗോളടിച്ച് മഹാരാഷ്ട്ര 2-0 ത്തിന് മുന്നിലെത്തി. അതിന് പിറകെ ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ ബോക്സിന് പുറത്ത് ലക്ഷദ്വീപിന് ലഭിച്ച സുവ്വർണ്ണാവസരം ഫൗളിലൂടെ തടഞ്ഞ മഹാരാഷ്ട്ര കീപ്പർ ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് ഒട്ടും ചോരാത്ത മഹാരാഷ്ട്രയെയാണ് പിന്നത്തെ മണിക്കൂറിൽ കണ്ടത്. രണ്ടാം പകുതിയിൽ 3 ഗോൾ കൂടിയടിച്ച അവർ 10 ഷോട്ടാണ് മത്സരത്തിനുടളമായി ലക്ഷദ്വീപ് ഗോൾ മുഖത്തേകുയർത്തത്.

വമ്പൻ പാരമ്പര്യവും, 3 തവണ ചാമ്പ്യന്മാരുമായ, ഐ.എസ്.എൽ ടീമുകളായ മുംബൈയുടേതും, സൂപ്പർ ലീഗിലെ തന്നെ ഏറ്റവും പ്രഫഷണലായ പൂനെയുടെയും, ഖാലിദ് ജമീൽ ഉയര്‍ത്തെണീപ്പിച്ച ഐ ലീഗ് ടീം മുംബൈ സിറ്റിയുടെ നാട്ടുകാർക്കെതിരെ 5 ഗോളിന് തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ലക്ഷദ്വീപ് നിന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ദാമൻ ദിയു 2-1 നു ജയം കണ്ടു. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നതിനാൽ തന്നെ ലക്ഷദ്വീപിന്റെ സ്വപ്നങ്ങൾക്കിനി നേരിയ സാധ്യത മാത്രമാണുള്ളത്. എന്നാൽ 13 നു നടക്കുന്ന മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയിച്ച് തലയുയർത്തി പിടിച്ച് അഹമ്മദബാദ് വിടാൻ തന്നെയാവും ദീപക് സാറിന്റെ പിള്ളേരുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം തിരുത്താൻ കുഞ്ഞന്മാർ, ഇത് ലക്ഷദ്വീപ്

ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നൊക്കെ നാം പറയാറില്ലേ, അതെ ചരിത്രം അവർ വീണ്ടും വീണ്ടും രചിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ കാണികൾക്ക്‌ അത്രത്തോളം പെട്ടെന്ന് അവഗണിക്കാനാവാത്ത ഒരു പേരായി അവർ മാറാൻ അത്രത്തോളം സമയമെടുക്കുമെന്ന് കരുതാൻ വയ്യ. 77 വർഷത്തെ പാരമ്പര്യമുണ്ട് സന്തോഷ് ട്രോഫിയെന്ന ഇന്ത്യയിലെ ഒരു കാലത്തെ ഏറ്റവും മികച്ച ടൂർണമെന്റിന്. സ്വാതന്ത്രത്തിന് മുമ്പ് 1941 ൽ തുടങ്ങിയ സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് 1956 ൽ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായി രൂപീകൃതമായ ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി സ്വാധീനിമറിയിക്കുന്നത്.

ആദ്യ കളിയിൽ കരുത്തരായ തമിഴ്നാടിനെ വിറപ്പിച്ച ദ്വീപുകാർ മൂന്നാം മത്സരത്തിൽ തെലുങ്കാനയെ വീഴ്ത്തി ചരിത്രം രചിച്ചപ്പോൾ തരച്ച് നിന്നത് ഇന്ത്യ മൊത്തമായിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു, കഴിഞ്ഞ തവണ വഴിക്ക് വച്ച് കോച്ചിനെ കണ്ടത്തിയ ദ്വീപുകാർ പക്ഷെ ഇത്തവണ ഒരുങ്ങി തന്നെയായിരുന്നു. ദീപക്ക് സാറിനെ കോച്ചായി വച്ച് വലിയൊരു സെലക്ഷൻ ക്യാമ്പ് വച്ച് ലക്ഷദ്വീപ് ടീമിനെ വാർത്തെടുത്ത് സന്തോഷ് ട്രോഫിക്കായി ഒരുങ്ങി. പക്ഷെ കാത്തിരുന്നത് 3 തവണ ചാമ്പ്യന്മാരായ മഹാരാഷ്ട്രയും, മധ്യപ്രദേശും, ദാമൻ ദിയുവും അടങ്ങിയ കടുത്ത ഗ്രൂപ്പായിരുന്നു. പക്ഷെ ടീം സെലക്ഷനിടെ വന്ന ഓഖിക്കും പോലും തോൽപ്പിക്കാനാവാത്ത ദ്വീപുകാരെ ഭയപ്പെടുത്താൻ അതൊന്നും മതിയാവുമായിരുന്നില്ല.

അതിനുദാഹരണമായിരുന്നു ഇന്ന് ലക്ഷദ്വീപ് മധ്യപ്രദേശിനെതിരെ കാഴ്ച്ച വച്ചത്. ഒരിക്കലും പരിചയമില്ലാത്ത കാലാവസ്ഥയിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയത്തിൽ വലിപ്പം കൊണ്ട് പോലും പേടിപ്പിക്കാവുന്ന മധ്യപ്രദേശിനെതിരെ ദ്വീപുകാർ തങ്ങളുടെ തനത് ഫുട്ബോൾ പുറത്തെടുത്തപ്പോൾ ഞെട്ടിയത് മധ്യപ്രദേശ് മാത്രമായിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ആരാധകർ തന്നെയായിരുന്നു. ഇരു പകുതികളിലായി നേടിയ മറുപടിയില്ലാത്ത 5 ഗോളിന് ദീപക് സാറിന്റെ പിള്ളേര് മധ്യപ്രദേശിനെ കണ്ടം വഴി ഓടിച്ചു. ദ്വീപുകാർക്കായി ഷഫീഖ് ടി.ഡി ഹാട്രിക്ക് നേടിയപ്പോൾ, അണ്ടർ 21 താരം ഷഫീഖ് K രണ്ട് ഗോളുകൾ നേടി തുടക്കം ആഘോഷമാക്കി.

മത്സരത്തിനുടനീളം വ്യക്തമായ ആധിപത്യം കാണിച്ച ലക്ഷദ്വീപ് ടീം മികച്ച അക്രമഫുട്‌ബോളാണ് പുറത്തെടുത്തത്. മത്സരത്തിൽ 13 തവണ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ച അവർ ആദ്യപകുതിയിൽ 31, 39, 42 മിനിറ്റുകളിലെ ഗോളുകളിലൂടെ 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ പരുക്കൻ കളിക്ക് മുതിർന്ന മധ്യപ്രദേശിനെതിരെ അച്ചടക്കം സൂക്ഷിച്ച ലക്ഷദ്വീപിനുള്ള സമ്മാനമായിരുന്നു രണ്ടാം പകുതിയിൽ 78, 82 മിനുറ്റുകളിൽ പിറന്ന ഗോളുകൾ. ദീപക് സാറിന് കീഴിൽ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ മികച്ച തയ്യാറെടുപ്പോടെ ഇറങ്ങിയ ടീം മികച്ച ഒത്തൊണക്കമാണ് മത്സരത്തിനുടനീളം പുലർത്തിയത്. ടീമിലെ പരിചയസമ്പന്നനായ ഷഫീഖ് ടി.ഡിയും, യുവതാരം ഷഫീഖ് കെയും മിന്നും ഫോമിലേക്കുയർന്നതാണ് ടീമിന് മെച്ചമായത്.

അടുത്ത പതിനൊന്നിന് മൂന്ന് തവണ ചാമ്പ്യന്മാരായ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ എതിരാളികൾ. മഹാരാഷ്ട്രക്കെതിരെയും സമാനമായ പ്രകടനം പുറത്തെടുത്ത് നടോടെ സന്തോഷ് ട്രോഫിയിലേക്ക് യോഗ്യത നേടലാവും ദീപക് സാറിനും സംഘത്തിന്റേയും ലക്ഷ്യം. കഴിഞ്ഞ യൂറോയിലും, ലോകകപ്പ് യോഗ്യതയിലൂടെയും വലിപ്പം ഒന്നുമല്ലെന്ന് തെളിയിച്ച കുഞ്ഞന്മാരായ ഐസ്ലാന്റും, പ്രീമിയർ ലീഗ് നേടി ലോകത്തെ ഞെട്ടിച്ച ലെസ്റ്റർ സിറ്റിയും, ഐ ലീഗ് ചാമ്പ്യന്മാരായ വടക്ക് കിഴക്കിന്റെ സ്വന്തം ഐസ്വാളും മുമ്പിൽ നിൽക്കുമ്പോൾ 70, 000 ത്തിൽ താഴെ ആളുകളുള്ള ലക്ഷദ്വീപിനും സ്വപ്നം കാണാം, പക്ഷെ അവരങ്ങത് യാഥാർത്ഥ്യമാക്കിയാൽ ഞെട്ടരുത് കാരണം ഇത് ലക്ഷദ്വീപാണ്, ദ്വീപിനെ മൊത്തം വിഴുങ്ങാൻ വന്ന ‘ഓഖി’ ചുഴലികാറ്റിലും കുലുങ്ങാത്ത ലക്ഷദ്വീപ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version