Picsart 25 11 01 22 56 03 713

വീണ്ടും ഒരു ക്ലീൻ ഷീറ്റ്, ജയം തുടർന്ന് ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ. ബേർൺലിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ഇന്ന് ആഴ്‌സണൽ തോൽപ്പിച്ചത്. എല്ലാ മത്സരങ്ങളിലും ആയി തുടർച്ചയായ ഒമ്പതാം ജയവും പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചാം ജയവും ആണ് ആഴ്‌സണലിന് ഇത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ഒരൊറ്റ ഗോളും പോലും വഴങ്ങാത്ത ആഴ്‌സണൽ കഴിഞ്ഞ നാലു പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ വഴങ്ങിയില്ല. ജയത്തോടെ ലീഗിൽ 10 മത്സരങ്ങളിൽ നിന്നു 25 പോയിന്റും ആയി ഒന്നാം സ്ഥാനത്ത് ആഴ്‌സണൽ തുടരുകയാണ്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ ബേർൺലി ഒരൊറ്റ ഷോട്ട് പോലും ആഴ്‌സണൽ പോസ്റ്റിലേക്ക് ഉതിർത്തില്ല.

ആദ്യ പകുതിയിൽ അതുഗ്രൻ ഫുട്‌ബോൾ ആണ് ആഴ്‌സണൽ കളിച്ചത്. പതിവ് പോലെ 14 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു തന്നെയാണ് ആഴ്‌സണൽ ഗോൾ അടി തുടങ്ങിയത്. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ പാസിൽ നിന്നു ഗ്യോകെറസ് ഹെഡറിലൂടെ ആഴ്‌സണലിന് ആയി ഗോൾ നേടി. തുടർന്ന് സാകയുടെ 2 ഷോട്ടുകൾ തടഞ്ഞ ഡുബ്രാവ്കയും, ട്രൊസാർഡിന്റെ ഷോട്ട് ഗോൾ വരയിൽ തടഞ്ഞ ബേർൺലി പ്രതിരോധവും കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു അവരെ രക്ഷിച്ചു. എന്നാൽ 35 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു ട്രൊസാർഡിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ റൈസ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ തങ്ങളുടെ മുൻതൂക്കം സംരക്ഷിച്ച ആഴ്‌സണൽ അനായാസം 3 പോയിന്റുകൾ സ്വന്തം പേരിലാക്കി.

Exit mobile version