ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാക്‌സ് ഡൗമാൻ

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവ താരം മാക്‌സ് ഡൗമാൻ. ഇന്ന് സ്ലാവിയ പ്രാഹക്ക് എതിരായ മത്സരത്തിൽ 72 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിന് പകരക്കാരനായി എത്തിയാണ് ഡൗമാൻ ചരിത്രം എഴുതിയത്. വെറും 15 വർഷവും 308 ദിവസവും ആണ് ഇംഗ്ലീഷ് അണ്ടർ 19 താരത്തിന്റെ പ്രായം.

16 വർഷവും 18 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യൂസഫോ മൗകോക, 16 വർഷവും 68 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണയുടെ ലമീൻ യമാൽ എന്നിവരുടെ റെക്കോർഡ് ആണ് ഡൗമാൻ തകർത്തത്. കഴിഞ്ഞ ആഴ്ച ലീഗ് കപ്പ് മത്സരത്തിൽ ബ്രൈറ്റണിനു എതിരെ ആദ്യ പതിനൊന്നിൽ ഇറങ്ങിയ ഡൗമാൻ ആഴ്‌സണലിന് ആയി ആദ്യ പതിനൊന്നിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി 15 കാരനായ മാക്‌സ് ഡൗമാൻ

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ചു 15 കാരനായ മാക്‌സ് ഡൗമാൻ. 15 വയസ്സും 235 ദിവസവും പ്രായമുള്ള ഡൗമാൻ ലീഡ്സ് യുണൈറ്റഡിന് എതിരെ ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഈ അരങ്ങേറ്റത്തോടെ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇംഗ്ലീഷ് താരം മാറി. നിലവിൽ 15 വയസ്സും 181 ദിവസവും പ്രായമുള്ളപ്പോൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആഴ്‌സണലിന്റെ തന്നെ എഥൻ ന്വനേരിയാണ് ഈ റെക്കോർഡിന് ഉടമ.

64 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അരങ്ങേറ്റത്തിൽ ഗംഭീരമായി കളിച്ചു ഡൗമാൻ. ഷോട്ടുകൾ എടുക്കാൻ ഭയം കാണിക്കാത്ത താരം തന്റെ വേഗവും ഡ്രിബിലിങ് മികവും കൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിച്ചു. 93 മത്തെ മിനിറ്റിൽ തന്നെ ഫൗൾ ചെയ്തതിനു ടീമിന് പെനാൽട്ടി നേടി നൽകാനും ഡൗമാനു ആയി. പ്രീ സീസണിൽ ഗംഭീരമായി കളിച്ച താരം പ്രീമിയർ ലീഗ് അരങ്ങേറ്റത്തിലും തിളങ്ങിയതിനാൽ താരത്തിന് മിഖേൽ ആർട്ടെറ്റ കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് സാധ്യത. ബുകയോ സാകയും, എമിൽ സ്മിത്ത്-റോയും, മൈൽസ് ലൂയിസ്-സ്‌കെല്ലിയും, ഏഥൻ ന്വനേരിയും കാണിച്ച പാതയിലൂടെ ഹയിൽ എന്റ് അക്കാദമിയിൽ നിന്നു സൂപ്പർ താര പദവിയിലേക്ക് ഉയരാൻ ആവും ഡൗമാന്റെയും ശ്രമം.

Exit mobile version