Picsart 25 11 02 01 09 03 244

ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി. ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെൽസി ജയം കണ്ടത്. സ്വന്തം മൈതാനത്ത് ലീഗിൽ കളിച്ച 5 കളികളിൽ ഒരൊറ്റ മത്സരത്തിൽ മാത്രം ജയിക്കാൻ ആയ ടോട്ടനം സ്വന്തം മൈതാനത്തെ അവരുടെ മോശം ഫോം തുടരുകയാണ്. നിലവിൽ ലീഗിൽ ടോട്ടനം മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തും ആണ്. ജാവോ പെഡ്രോ നേടിയ ഏക ഗോൾ ആണ് ചെൽസിക്ക് ജയം നൽകിയത്.

തുടക്കത്തിൽ തന്നെ പരിക്ക് കാരണം ലൂക്കാസ് ബെർഗ്വാളിനെ നഷ്ടമായത് ടോട്ടനത്തിനു തിരിച്ചടി ആയിരുന്നു. തുടർന്ന് ടോട്ടനം പ്രതിരോധത്തിലെ അബദ്ധം മുതലെടുത്ത കയിസെഡോ നൽകിയ പാസിൽ നിന്നു 34 മത്തെ മിനിറ്റിൽ ആണ് ജാവോ പെഡ്രോ ചെൽസിക്ക് വിജയഗോൾ സമ്മാനിച്ചത്. ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ വെറും ഒരൊറ്റ ഷോട്ട് മാത്രമാണ് ടോട്ടനം ചെൽസി പോസ്റ്റിലേക്ക് അടിച്ചത്. കഴിഞ്ഞ കളിയിൽ സണ്ടർലാന്റിനോട് തോറ്റ ചെൽസിക്ക് ഈ ജയം വലിയ ഊർജം ആണ് നൽകുക. അതേസമയം സ്വന്തം മൈതാനത്ത് ആരാധകർ കൂവലോടെയാണ് ടോട്ടനത്തെ യാത്രയാക്കിയത്.

Exit mobile version