Picsart 25 11 29 23 09 12 263

തിരിച്ചു വന്നു 7 ഗോൾ ത്രില്ലർ ജയിച്ചു സണ്ടർലാന്റ്, ബ്രന്റ്ഫോർഡിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ത്രില്ലർ മത്സരത്തിൽ ബോർൺമൗതിനെ 3-2 നു വീഴ്ത്തി സണ്ടർലാന്റ് നാലാം സ്ഥാനത്ത്. 2 ഗോൾ പിറകിൽ പോയ ശേഷം തിരിച്ചു വന്നാണ് സണ്ടർലാന്റ് സ്റ്റേഡിയം ഓഫ് ലൈറ്റിൽ അവിസ്മരണീയ ജയം നേടിയത്. ഏഴാം മിനിറ്റിൽ റീബോണ്ടിൽ അമീൻ ആദിലും 15 മത്തെ മിനിറ്റിൽ മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് നിന്നു ഉഗ്രൻ ഷോട്ടിൽ നിന്നു ടെയ്‌ലർ ആദംസും നേടിയ ഗോളുകളിൽ ബോർൺമൗത് വിജയം പ്രതീക്ഷിച്ചത് ആണ്. എന്നാൽ തീർത്തും അവിസ്മരണീയ പോരാട്ടം നടത്തുന്ന സണ്ടർലാന്റിനെ ആണ് പിന്നീട് കണ്ടത്. 30 മത്തെ മിനിറ്റിൽ എൻസോ ലീ ഫീ പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കി. തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഗ്രാനിറ്റ് ഷാക്കയുടെ പാസിൽ നിന്നു ഗോൾ നേടിയ ബെർട്രാന്റ് ട്രയോരെ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

69 മത്തെ മിനിറ്റിൽ എൻസോ ലീ ഫീയുടെ പാസിൽ നിന്നു പകരക്കാരൻ ബ്രയാൻ ബ്രോബി സണ്ടർലാന്റിനു അർഹിച്ച ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ സമനില ഗോളിന് ആയുള്ള ബോർൺമൗത് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ലൂയിസ് കുക്ക് അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതും അവർക്ക് തിരിച്ചടിയായി. അതേസമയം ബ്രന്റ്ഫോർഡ് ബേർൺലിയെ 3-1 നു മറികടന്നു എട്ടാം സ്ഥാനത്തേക്ക് കയറി. സമനിലയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ 81 മത്തെ മിനിറ്റിൽ ഉഗ്രൻ ഫോമിലുള്ള ഇഗോർ തിയാഗോയുടെ പെനാൽട്ടി ഗോളിൽ ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 85 മത്തെ മിനിറ്റിൽ ഫ്ലെമിങ് പെനാൽട്ടിയിലൂടെ ഈ ഗോൾ മടക്കി. എന്നാൽ തൊട്ടടുത്ത നിമിഷം തന്റെ രണ്ടാം ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് വീണ്ടും മുൻതൂക്കം നൽകി. 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡാൻഗോ ഒട്ടാര അവരുടെ ജയവും പൂർത്തിയാക്കുക ആയിരുന്നു.

Exit mobile version