Picsart 25 11 29 22 48 56 547

ഇഞ്ച്വറി സമയത്ത് ജയിച്ചു കയറി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം കണ്ടു
ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് എതിരായ പരാജയത്തിന് ശേഷം കളിക്കാൻ ഇറങ്ങിയ ബയേണിനെ സെന്റ് പൗളി തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. ആറാം മിനിറ്റിൽ ആന്ദ്രസിന്റെ ഗോളിൽ ബയേൺ മത്സരത്തിൽ പിറകിൽ പോയി. തുടർന്ന് നിരന്തരം ആക്രമിക്കുന്ന ബയേണിനെ ആണ് മത്സരത്തിൽ കണ്ടത്. 44 മത്തെ മിനിറ്റിൽ ബയേണിന്റെ സമനില ഗോൾ പിറന്നു.

ലൂയിസ് ഡിയാസിന്റെ പാസിൽ നിന്നു റാഫേൽ ഗുരേയിരോ ആണ് അവരുടെ സമനില ഗോൾ നേടിയത്. തുടർന്നു വിജയഗോളിന് ആയുള്ള ബയേണിന്റെ ശ്രമങ്ങൾ 90 മിനിറ്റും കടന്നു. 93 മത്തെ മിനിറ്റിൽ ഒടുവിൽ കിമ്മിച്ചിന്റെ ക്രോസിൽ നിന്നു മികച്ച ഗോളിലൂടെ ലൂയിസ് ഡിയാസ് ബയേണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി എതിർ ടീം ഗോൾ കീപ്പർ കയറി വന്നത് മുതലാക്കിയ നിക്കോളാസ് ജാക്സൻ 96 മത്തെ മിനിറ്റിൽ ബയേണിന്റെ 3-1 ന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ ഇപ്പോൾ ബഹുദൂരം മുന്നിലാണ് ബയേൺ.

Exit mobile version