ലോകകപ്പ് നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ ലക്‌ഷ്യം ; രോഹിത് ശർമ്മ

ക്രിക്കറ്റ് ലോകകപ്പ് നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരു ക്രിക്കറ്റെർ എന്ന നിലയിൽ ലോകകപ്പ് നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യമെന്നും രോഹിത് ശർമ്മ പറഞ്ഞു. ലോകകപ്പ് ജയിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും ഓരോ തവണ ലോകകപ്പിന് പോവുമ്പോഴും ജയിക്കണമെന്നാണ് ആഗ്രഹമെന്നും രോഹിത് ശർമ്മ പറഞ്ഞു.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ രോഹിത് ശർമ്മ സ്വപ്നതുല്യമായ പ്രകടനം പുറത്തെടുത്തെങ്കിലും ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റ് പുറത്താവുകയായിരുന്നു. അന്ന് 9 ഇന്നിങ്സിൽ നിന്ന് 648 റൺസാണ് രോഹിത് ശർമ്മ നേടിയത്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് നേടുകയെന്നതാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യമെന്നും  അതിന് വേണ്ടി പരിശീലനം നടത്താൻ ആവശ്യമായ സമയം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇംഗ്ലണ്ടിൽ വെച്ച് ആൻഡേഴ്സണെ നേരിടുകയെന്നത് കനത്ത വെല്ലുവിളി : രഹാനെ

ഇംഗ്ലണ്ടിൽ വെച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണെ നേരിടുകയെന്നത് ബാറ്റ്സ്മാൻ എന്ന നിലയിൽ തനിക്ക് കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏതൊരു ബൗളറെ നേരിടുകയെന്നത് കടുത്ത വെല്ലുവിളിയാന്നെങ്കിലും ഇംഗ്ലണ്ടിൽ വെച്ച് ജെയിംസ് ആൻഡേഴ്സണെ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളിയാണെന്ന് രഹാനെ പറഞ്ഞു.

ജെയിംസ് ആൻഡേഴ്സണ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എല്ലാം വ്യക്തമായി അറിയുന്നത്കൊണ്ട് താരത്തെ അവിടെ വെച്ച് നേരിടുകയെന്നത് എളുപ്പമായിരുന്നില്ലെന്നും രഹാനെ പറഞ്ഞു. കൊറോണ വൈറസ് ബാധ എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ തന്റെ 6 മാസം ആയ കുട്ടിയോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നത് നല്ല കാര്യമാണെന്നും രഹാനെ പറഞ്ഞു.

കായിക രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, റോജർ ഫെഡറർ എന്നിവരാണ് തന്റെ റോൾ മോഡൽ എന്നും 2015 ഓസ്‌ട്രേലിയൻ ഓപ്പണിനിടെ റോജർ ഫെഡററെ കണ്ടത് ഒരു മികച്ച ഓർമയാണെന്നും രഹാനെ പറഞ്ഞു.

തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെയെന്ന് ഗൗതം ഗംഭീർ

തന്റെ ക്യാപ്റ്റന്മാരിൽ തനിക്ക് ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നറും ക്യാപ്റ്റനുമായ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. റെക്കോർഡുകളുടെ കാര്യം നോക്കുമ്പോൾ ധോണി മുന്നിട്ട് നിൽകുമെങ്കിലും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെ ആയിരുന്നെന്ന് ഗംഭീർ പറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ക്യാപ്റ്റൻ എന്നനിലയിൽ മികച്ചവൻ ആയിരുന്നുവെന്ന് ഗംഭീർ പറഞ്ഞു.  എന്നാൽ കൂടുതൽ കാലം ഇന്ത്യൻ ക്യാപ്റ്റൻ ആയി നിൽക്കണമെന്ന് ആഗ്രഹിച്ച വ്യക്തി അനിൽ കുംബ്ലെ ആയിരുന്നെന്നും ഗംഭീർ പറഞ്ഞു. കുംബ്ലെക്ക് കീഴിൽ വെറും ആറ് മത്സരങ്ങൾ മാത്രമാണ് തനിക്ക് കളിക്കാനായതെന്നും കുംബ്ലെക്ക് കൂടുതൽ കാലം ക്യാപ്റ്റനായി നിലകൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്നും ഗംഭീർ പറഞ്ഞു.

അനിൽ കുംബ്ലെ കൂടുതൽ കാലം ക്യാപ്റ്റനായി നിൽക്കുകയായിരുന്നെങ്കിൽ ഒരുപാടു റെക്കോർഡുകൾ മറികടക്കുമായിരുന്നെന്നും ഗംഭീർ പറഞ്ഞു. ഏകദിനത്തിലും(337) ടെസ്റ്റിലും(619) ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് അനിൽ കുംബ്ലെ. ടെസ്റ്റിൽ 14 തവണ അനിൽ കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്.

ടെസ്റ്റ് ടീമിൽ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് ഉനദ്കട്

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി താരം ജയദേവ് ഉനദ്കട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എക്കാലെത്തെക്കാളും വലിയ വെല്ലുവിളിയാണ് ഇന്ത്യൻ ടീമിൽ എത്താൻ വേണ്ടതെന്നും ഉനദ്കട് പറഞ്ഞു.  ഈ സീസണിൽ രഞ്ജി ട്രോഫിയിൽ 67 വിക്കറ്റുകൾ വീഴ്ത്തി ഉനദ്കട് മികച്ച ഫോമിലെത്തിയിരുന്നു. ഈ സീസണിൽ രഞ്ജി ട്രോഫി കിരീടം നേടിയ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഉനദ്കട്.

അതെ സമയം ക്രിക്കറ്റിന്റെ നിശ്ചിത ഓവർ ഫോർമാറ്റുകളിലും ഈയിടെയായി തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നുണ്ടെന്നും എല്ലാ ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരം ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉനദ്കട് പറഞ്ഞു. 2010ൽ തന്റെ 19മത്തെ വയസ്സിൽ ഇന്ത്യക്ക് വേണ്ടി നടത്തിയ ഉനദ്കട് തുടർന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. അതെ സമയം ഇന്ത്യക്ക് വേണ്ടി 7 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും ഉനദ്കട് കളിച്ചിട്ടുണ്ട്.

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീർ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് മുൻ ഇന്ത്യൻ താരം സഹീർ ഖാനും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രമുമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അതെ സമയം വളർന്നു വരുന്ന സമയത്ത് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സഹീർ ഖാൻ, വസിം അക്രം എന്നിവരെ ഇഷ്ട്ടമായിരുന്നുവെന്നും ഷമി പറഞ്ഞു.

ബൗളർമാരുടെ കാര്യത്തിൽ താൻ ഇപ്പോഴും സഹീർ ഖാന്റെ ബൗളിംഗ് ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ വരുമ്പോൾ താൻ വസിം ആക്രമിന്റെ ബൗളിംഗ് കാണാറുണ്ടായിരുന്നുവെന്നും ഷമി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പരിശീലക സംഘത്തിൽ വസിം അക്രമ ഉണ്ടായിരുന്നുവെന്നും ഇത് തനിക്ക് ഒരുപാട് ഗുണം ചെയ്‌തെന്നും ഷമി പറഞ്ഞു.

സഹീർ ഖാനോടൊപ്പം ഒരുപാട് ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസിൽ വെച്ച് സഹീർ ഖാന്റെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഷമി പറഞ്ഞു.

“സച്ചിനെ പോലെ കളിക്കാനാണ് ശ്രമം”

മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പോലെ കളിക്കാനാണ് തന്റെ ശ്രമമെന്ന് ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ. അടുത്ത് കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളിനൊപ്പം പ്രിത്വി ഷായാണ് ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത്.

ക്രിക്കറ്റിൽ തന്റെ ആരാധനാപാത്രമായ സച്ചിൻ എപ്പോഴും തന്റെ സ്വാഭാവിക ഗെയിം കളിക്കണമെന്ന് ആവശ്യപ്പെടുകയും കളിക്കുമ്പോൾ ശാന്തനായിരിക്കണമെന്ന് ഉപദേശിച്ചെന്നും പ്രിത്വി ഷാ പറഞ്ഞു. ക്രിക്കറ്റിന്റെ ദൈവം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണെന്നും പ്രിത്വി ഷാ പറഞ്ഞു.

2017ൽ തന്റെ 17മത്തെ വയസ്സിൽ ദുലീപ് ട്രോഫിയിൽ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി പ്രിത്വി ഷാ മാറിയിരുന്നു. നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് പ്രിത്വി ഷാ മറികടന്നത്.

കോവിഡ്-19 മഹാമാരിക്ക് ശേഷം ജീവിതം വ്യത്യസ്തമായിരിക്കുമെന്ന് വിരാട് കോഹ്‌ലി

ലോകത്താകമാനം പടർന്ന കോവിഡ്-19 മഹാമാരിക്ക് ശേഷം എല്ലാവരുടെയും ജീവിതം വ്യത്യസ്തമായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അതെ സമയം കൊറോണ വൈറസ് ബാധ ആളുകളെ കൂടുതൽ അനുകമ്പ ഉള്ളവരാക്കി മാറ്റിയത് ഇതിന്റെ ഒരു നല്ല വശമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും ആളുകൾ കൂടുതൽ നന്ദി കാണിക്കുന്നുണ്ടെന്നും എന്നാൽ ഈ പ്രതിസന്ധി കഴിഞ്ഞാലും തുടർന്നും നന്ദി കാണിക്കണമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. കൊറോണ വൈറസ് ബാധ ഞമ്മളിൽ ആരും വ്യത്യസ്തരല്ലെന്ന് കാണിച്ചു തന്നെന്നും ആരോഗ്യമാണ് എല്ലാം എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

ഒരു വെബ്‌സൈറ്റുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ ക്ലാസ്സിനിടെയാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയും കോവിഡ്-19 മഹാമാരിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.

സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് പനേസർ

മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് സ്പിൻ ബൗളർ മോണ്ടി പനേസർ. തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കറിനെ 4 തവണ പുറത്താക്കിയ ബൗളറാണ് പനേസർ.

ആ കാലഘട്ടത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് ആയിരുന്നെന്നും പനേസർ പറഞ്ഞു. കൂടാതെ ആർക്കും തകർക്കാൻ പറ്റാത്ത പ്രതിരോധം ഉള്ള രാഹുൽ ദ്രാവിഡ് ഒരു മതിൽ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. എന്നാൽ മികച്ച ബാറ്റ്സ്മാൻ എപ്പോഴും സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. സച്ചിൻ സെറ്റ് ആയി കഴിഞ്ഞാൽ സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്നും പനേസർ പറഞ്ഞു.

കൂടാതെ ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർദ്ധനയും താൻ നേരിട്ട താരങ്ങളിൽ മികച്ചവരായിരുന്നെന്ന് പനേസർ പറഞ്ഞു.

അടുത്ത ഒരു വർഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയില്ലെന്ന് ഷൊഹൈബ് അക്തർ

ലോകം മുഴുവനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ അടുത്ത 12 മാസത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധ എത്ര കാലം തുടരുമെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ എത്ര പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും പോലും അറിയില്ലെന്നും അക്തർ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ ലോകത്ത് ഒരു സ്ഥലത്തും ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഒരു വർഷത്തേക്ക് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ ഒന്നും നടക്കില്ലെന്നും ഒരു വർഷം കൂടെ കൊറോണ വൈറസ് ബാധ ഞമ്മളെ ബുദ്ധിമുട്ടിക്കുമെന്നും അക്തർ പറഞ്ഞു. കൊറോണ വൈറസ് ബാധ കഴിഞ്ഞ് ഞമ്മള് ശക്തരായി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അക്തർ പറഞ്ഞു.

ക്രിക്കറ്റ് എന്നത് ആൾക്കാരുമായി സമ്പർക്കമുണ്ടാവുന്ന മത്സരം ആണെന്നും പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമം ഐ.സി.സി പാസാക്കുന്നതിന് താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും അക്തർ പറഞ്ഞു.

ഇന്ത്യയുമായി പരമ്പര നടത്താനുള്ള എല്ലാ സാധ്യതകളും തേടി ഓസ്ട്രേലിയ

ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നടത്താൻ എല്ലാ സാധ്യതകളും തേടി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. കൊറോണ വൈറസ് ലോകത്താകമാനം പടർന്ന സാഹചര്യത്തിൽ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കേണ്ടി വന്നിരുന്നു. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ നടത്താനുള്ള ശ്രമങ്ങളും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്. നേരത്തെ പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്.

ഇത്തരത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നിർത്തിവെച്ചാൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് കനത്ത നഷ്ട്ടം ഉണ്ടാവുന്നത് കണക്കിലെടുത്താണ് പരമ്പര നടത്താനുള്ള പുതിയ സാധ്യതകൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തേടുന്നത്.  2020-21 ക്രിക്കറ്റ് സീസൺ തുടങ്ങാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും സി.ഇ.ഓ കെവിൻ റോബർട്സ് വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരയിലെ മത്സരങ്ങൾ ഒരേ വേദിയിൽ നടത്താനുള്ള സാധ്യതകളും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയൻ ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബർട്സ് പറഞ്ഞു. ഡിസംബറിലെ ഇന്ത്യൻ പര്യടനത്തിന് മുൻപ് ഓസ്ട്രേലിയയിൽ വെച്ച് തന്നെയാണ് ടി20 ലോകകപ്പും നടക്കുന്നത്.

പാകിസ്ഥാനെതിരെ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് യുവരാജ് സിംഗ്

2011 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. മൊഹാലിയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ 29 റൺസ് തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചിരുന്നു. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ ജയം മുൻപിൽ കണ്ടിരുന്നുവെന്നും അന്ന് സച്ചിൻ ടെണ്ടുൽക്കർ പാകിസ്ഥാൻ താരങ്ങൾ 4 തവണ പുറത്താക്കുന്നതിൽ രക്ഷപെടുകയും ചെയ്‌തെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് സച്ചിൻ 85 പന്തിൽ 87 റൺസ് എടുത്ത് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചിരുന്നു.

കൂടാതെ തന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയിലെ ഗ്രൗണ്ട് തനിക്ക് ഭാഗ്യമില്ലാത്തത് ആണെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് മൊഹാലിയിൽ പാകിസ്ഥാനെതിരെ കളിച്ചപ്പോൾ താൻ ആദ്യ പന്തിൽ തന്നെ പുറത്തായെന്നും യുവരാജ് സിംഗ് പറഞ്ഞു. താൻ മൊഹാലിയിലെ ഹോം ഗ്രൗണ്ടിൽ തന്നെയാണ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതെന്നും തന്റെ കാൽമുട്ടും കൈക്കും പൊട്ടലേറ്റതും ഈ ഗ്രൗണ്ടിൽ വെച്ച് തന്നെയാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

ഐ.പി.എൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി രോഹിത് ശർമ്മ മാറും

ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ഇന്ത്യൻ താരം രോഹിത് ശർമ്മ മാറുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.  കൂടാതെ കഴിഞ്ഞ 12 ഐ.പി.എൽ സീസണുകളിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

രോഹിത് ശർമ്മ നാല് തവണ ഐ.പി.എൽ കിരീടം നേടിയെന്നും ക്യാപ്റ്റൻസി എന്നാൽ കിരീടം നേടുകയെന്നതാണെന്നും ഗംഭീർ പറഞ്ഞു.രോഹിത് ശർമ്മയുടെ കരിയർ അവസാനിക്കുമ്പോൾ ഐ.പി.എൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആവുമെന്നുംരോഹിത് ശർമ്മ കരിയർ അവസാനിക്കുമ്പോൾ 6-7 ഐ.പി.എൽ കിരീടങ്ങൾ രോഹിത് ശർമ്മയുടെ പേരിൽ ഉണ്ടാവുമെന്നും ഗംഭീർ പറഞ്ഞു.

അതെ സമയം മുൻ ഇന്ത്യൻ താരവും നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറും ഗൗതം ഗംഭീറിന്റെ ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയിൽ കെവിൻ പീറ്റേഴ്‌സൺ, ഡാനി മോറിസൺ, സഞ്ജയ് ബംഗാർ എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.

അതെ സമയം ചർച്ചയിൽ പങ്കെടുത്ത കെവിൻ പീറ്റേഴ്സണും ഡാനി മോറിസണും മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനെ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് മൂന്ന് ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.

Exit mobile version