അടുത്ത മൂന്ന് ക്രിക്കറ്റ് ലോകകപ്പുകളിൽ രണ്ടെണ്ണം ഇന്ത്യ ജയിക്കണം ; രോഹിത് ശർമ്മ

അടുത്ത മൂന്ന് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യ രണ്ടെണ്ണമെങ്കിലും ജയിക്കണമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ ശോഭിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മന്റ് ആവശ്യമായ അവസരങ്ങൾ നൽകുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗുമായുള്ള ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിനിടെയാണ് രോഹിത് ശർമ്മ ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.

2020ലേക്കും 2021ലെയും ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പുമാണ് ഇന്ത്യക്ക് മുൻപിലുള്ളത്.  2013ൽ ചാമ്പ്യൻസ് ലീഗ് ട്രോഫി കിരീടം നേടിയതിന് ശേഷം ഇന്ത്യ ഐ.സി.സിയുടെ ഒരു ടൂർണമെന്റും വിജയിച്ചിട്ടില്ല.  2019ലെ ലോകകപ്പിൽ 5 സെഞ്ചുറികൾ അടിച്ച് രോഹിത് ശർമ്മ മികച്ച ഫോമിൽ ആയിരുന്നെങ്കിലും ഇന്ത്യ സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ തോൽക്കാൻ കാരണം ആദ്യ അരമണിക്കൂറിൽ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ട്ടമായതാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

കടുപ്പിച്ച് പാകിസ്ഥാൻ, ഏഷ്യ കപ്പ് മാറ്റിവെച്ച് ഐ.പി.എൽ നടത്താൻ അനുവദിക്കില്ല

ഏഷ്യ കപ്പ് മാറ്റിവെച്ച് ഒരു കാരണവശാലും ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത്തരത്തിലുള്ള ഏതൊരു ശ്രമത്തെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എതിർക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വാസിം ഖാൻ പറഞ്ഞു.  നേരത്തെ പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു.

നിലവിൽ കൊറോണ വൈറസ് ബാധ മൂലം അനിശ്ചിതമായി നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ ആലോചിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് കൊറോണ വൈറസ് ബാധ പടരുന്നത് വരുതിയിലായാൽ ആ സമയത്ത് നടത്താൻ തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.

ഏഷ്യ കപ്പ് നവംബർ – ഡിസംബർ മാസത്തേക്ക് മാറ്റിവെക്കാനുള്ള ശ്രമവും നടക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഈ സമയത്ത് പാകിസ്ഥാന് സിംബാബ്‌വെയുമായും ന്യൂസിലാൻഡുമായും പാരമ്പരയുണ്ടെന്നും അതുകൊണ്ട് ഈ സമയത്ത് ഏഷ്യ കപ്പ് നടത്താൻ കഴിയില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

ധോണി ഇനി ഇന്ത്യ ജേഴ്സി അണിയില്ലെന്ന് ഹർഭജൻ സിംഗ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇനി ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിനിടെയുള്ള ചോദ്യത്തിന് മറുപടിയായാണ് ഹർഭജൻ സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് പറഞ്ഞത്. തനിക്കറിയാവുന്നിടത്തോളം ധോണി വീണ്ടും ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കില്ലെന്നും പക്ഷെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണി ഐ.പി.എൽ. തീർച്ചയായും കളിക്കുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരെ കളിച്ചതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ കൂടി ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെച്ചതോടെ ധോണിയുടെ തിരിച്ചുവരവിന് അത് തിരിച്ചടിയായിരുന്നു.

കോഹ്‍ലിയെയും രോഹിത് ശർമ്മയെയും ഇന്ത്യൻ ടീം അമിതമായി ആശ്രയിക്കുന്നെന്ന് ഹർഭജൻ സിംഗ്

ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ഓപ്പണർ രോഹിത് ശർമ്മയെയും അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. നിലവിൽ ഇന്ത്യൻ ടീമിൽ മാച്ച് വിന്നേഴ്സ് കുറവാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുമായുള്ള ലൈവ് ചാറ്റിനിടെയാണ് ഹർഭജൻ സിംഗ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.

ഇന്ത്യൻ ടീമിൽ എത്തുന്ന യുവതാരങ്ങൾ ടീമിൽ സ്ഥാനം നഷ്ട്ടപെടുന്നതിനെ കുറിച്ചാണ് കൂടുതൽ ചിന്തിക്കുന്നതെന്നും അത് കൊണ്ട് അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നും ഹർഭജൻ സിംഗ് പറഞ്ഞു.  വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കർണാടക താരം കെ.എൽ രാഹുൽ ആണെന്നും താരത്തിന്റെ 5-6 സ്ഥാനങ്ങളിലോ അല്ലെങ്കിൽ ടോപ് ഓർഡറിലോ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നത് നിരാശാജനകമെന്ന് സച്ചിൻ ടെണ്ടുൽക്കർ

കൊറോണ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നത് നിരാശാജനകമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കാണികൾ ഏതൊരു കായിക മത്സരത്തിന്റെയും അഭിവാജ്യ ഘടകമാണെന്നും ആരാധകരുടെ പ്രോത്സാഹനവും ചാന്റുകളും കായിക മത്സരങ്ങൾക്ക് ആവിശ്യമാണെന്നും സച്ചിൻ പറഞ്ഞു.

കാണികൾ ഇല്ലാത്ത സ്റ്റേഡിയത്തിൽ കളിക്കുന്നത് കളിക്കാരെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്നതാണെന്നും മത്സരത്തിന്റെ പല ഘട്ടങ്ങളിലും താരങ്ങൾ കാണികളുടെ പ്രതികരണത്തിന് അനുസരിച്ച് കളിക്കാറുണ്ടെന്നും സച്ചിൻ പറഞ്ഞു. ഒരു താരം മികച്ച ഷോട്ട് കളിക്കുകയും കാണികൾ അതിന് അനുസരിച്ച് പ്രതികരിക്കുകയും ചെയ്താൽ അത് ബാറ്റ്സ്മാന് കൂടുതൽ എനർജി നൽകുമെന്നും സച്ചിൻ പറഞ്ഞു. അതെ പോലെ ഒരു ബൗളർ മികച്ച ഒരു ഓവർ എറിയുകയും കാണികൾ അതിന് അനുസരിച്ച് പ്രതികരിക്കുകയും ചെയ്താൽ അത് ബാറ്റ്സ്മാൻ സമ്മർദ്ദം സൃഷ്ടിക്കുമെന്നും സച്ചിൻ പറഞ്ഞു.

“രോഹിത് ശർമ്മയല്ല, ധോണിയാണ് മികച്ച ഐ.പി.എൽ ക്യാപ്റ്റൻ”

ഐ.പി.എല്ലിലെ ഏറ്റവും മികച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് ധോണി ഐ.പി.എൽ കണ്ട ഏറ്റവും ക്യാപ്റ്റൻ ആണെന്ന് നെഹ്റ പറഞ്ഞത്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. കൂടാതെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് കളിച്ച മുഴുവൻ സീസണിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനും ധോണിക്കായിരുന്നു. അതെ സമയം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കൂടെ നാല് കിരീടങ്ങൾ രോഹിത് ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്.

2014ലും 2015ലും നെഹ്റ ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ധോണിക്ക് കീഴിയിലാണ് താൻ കൂടുതൽ കളിച്ചതെന്നും അതുകൊണ്ടാണ് താൻ ധോണിയെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്നും നെഹ്റ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് കീഴിൽ നെഹ്റ ഇതുവരെ കളിച്ചിട്ടില്ല.

ധോണി ഇപ്പോഴും ഇന്ത്യക്ക് വേണ്ടി കളിക്കാൻ യോഗ്യനെന്ന് മൈക്കിൾ ഹസി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇപ്പോഴും ഇന്ത്യക്ക് വേണ്ടി കളിക്കാൻ യോഗ്യനാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരവും ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായിരുന്ന മൈക്കിൾ ഹസി. എന്നാൽ ധോണിയുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് മഹേന്ദ്ര സിംഗ് ധോണിയാണെന്നും ഹസി പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ സംസാരിക്കുകയിരുന്നു ഹസി.

കൂടാതെ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പവും മുരളി വിജയ്ക്കൊപ്പവും ബാറ്റ് ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും ഹസി പറഞ്ഞു. ധോണിയെ പോലെ സാഹചര്യങ്ങളെ മനസ്സിലാക്കുന്ന ഒരു താരത്തെ താൻ കണ്ടിട്ടില്ലെന്നും എപ്പോഴൊക്കെ സിക്സ് അടിക്കണമെന്ന് ധോണിക്ക് അറിയാമെന്നും ഹസി പറഞ്ഞു.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നീട്ടിവെച്ചതോടെ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്റർനാഷണൽ കരിയർ തുടരുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകൻ കൂടിയാണ് ഹസി.

“ടി20 ലോകകപ്പ് നീട്ടിവെച്ച് ഐ.പി.എൽ ഒക്ടോബറിൽ നടത്തണം” : ബ്രെണ്ടൻ മക്കല്ലം

ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടത്തേണ്ട ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ഒക്ടോബറിൽ നടത്തണമെന്ന് മുൻ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബ്രെണ്ടൻ മക്കല്ലം. ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചാൽ ടി20 ലോകകപ്പ് നടക്കേണ്ട ഒക്ടോബർ- നവംബറിൽ മാസത്തിൽ ഐ.പി.എൽ നടത്താൻ കഴിയുമെന്നും മക്കല്ലം പറഞ്ഞു.

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചാൽ അടുത്ത വര്ഷം നടക്കേണ്ട വനിതാ ലോകകപ്പും നീട്ടിവെക്കേണ്ടി വരുമെന്നും മക്കല്ലം പറഞ്ഞു. 16 ടീമുകളുടെ താരങ്ങെളയും സപ്പോർട്ടിങ് സ്റ്റാഫിനെയും ടെലിവിഷൻ സംപ്രേഷകരെയും ഈ സമയത്ത് എത്തിക്കുക എളുപ്പമാവില്ലെന്നും ഓസ്ട്രേലിയ കാണികൾ ഇല്ലാതെ ലോകകപ്പ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ബ്രെണ്ടൻ മക്കല്ലം പറഞ്ഞു.

അതെ സമയം ആ സമയത്ത് ഇന്ത്യയിൽ വെച്ച് ഐ.പി.എൽ നടത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും ഐ.പി.എൽ നടത്താൻ എളുപ്പമായിരിക്കുമെന്നും മക്കല്ലം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകൻ കൂടിയാണ് ബ്രെണ്ടൻ മക്കല്ലം.

” ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിനെ പറ്റിയുള്ള തീരുമാനം ജൂലൈയിൽ മാത്രം”

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിനെ തീരുമാനം ജൂലൈ മാസത്തിൽ മാത്രമായിരിക്കുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് മേധാവി ഡേവിഡ് വൈറ്റ്. നിലവിലെ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഗവൺമെന്റുമായി ചേർന്ന് നേരത്തെ തീരുമാനിച്ച പ്രകാരം ഒക്ടോബർ- നവംബർ മാസത്തിൽ ടൂർണമെന്റ് നടത്താനുള്ള ശ്രമത്തിലാണെന്നും ഡേവിഡ് വൈറ്റ് പറഞ്ഞു.

നിലവിൽ ടൂർണമെന്റിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ടൂർണമെന്റ് മാറ്റിവെക്കുന്നത് സംബന്ധിച്ച അവസാന തീരുമാനം ജൂലൈയിൽ മാത്രമേ ഉണ്ടാവു എന്നും ഡേവിഡ് വൈറ്റ് പറഞ്ഞു. കൊറോണ വൈറസ് ബാധ ലോകത്താകമാനം ബാധിച്ചതോടെ നിരവധി കായിക മത്സരങ്ങൾ നിർത്തിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി ടി20 ക്രിക്കറ്റ് ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനുള്ള ശ്രമങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇന്ത്യൻ താരങ്ങൾ സെഞ്ചുറി നേടിയത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയെന്ന് ഇൻസമാം

താൻ കളിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ സെഞ്ചുറി നേടിയത് വ്യക്തിഗത നേട്ടങ്ങൾ വേണ്ടിയാണ് മുൻ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ്. പേപ്പറിൽ ഇന്ത്യൻ താരങ്ങൾ മികച്ചവരെയിരുന്നെവെന്നും എന്നാൽ 30-40 റൺസ് എടുക്കുന്ന പാകിസ്ഥാൻ താരങ്ങൾ ടീമിന് വേണ്ടിയാണ് കളിച്ചതെന്നും ഇൻസമാം പറഞ്ഞു. അതെ സമയം ഇന്ത്യൻ താരങ്ങൾ 100 റൺസ് നേടിയാലും അത് അവരുടെ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും ടീമിന് വേണ്ടിയായിരുന്നില്ലെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

ഇതായിരുന്നു രണ്ട് ടീമുകളും തമ്മിലുള്ള വിത്യാസമെന്നും ഇൻസമാം പറഞ്ഞു. മുൻ പാകിസ്ഥാൻ താരം റമീസ് രാജയുമായുള്ള അഭിമുഖത്തിനിടെയാണ് ഇൻസമാം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പാകിസ്ഥാന് വേണ്ടി 120 ടെസ്റ്റ് മത്സരങ്ങളും 378 ഏകദിന മത്സരങ്ങളും 1 ടി20 മത്സരവും ഇൻസമാം കളിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ പോയി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാത്തിരിക്കുകയാണെന്ന് രോഹിത് ശർമ്മ

താൻ ഓസ്ട്രേലിയയിൽ പോയി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരായ പരമ്പര മികച്ചതായിരിക്കുമെന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചുവരുന്നത് മത്സരത്തിന്റെ ഗതി മാറ്റുമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഈ വരുന്ന ഡിസംബർ മാസത്തിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം.

കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. 71 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. എന്നാൽ ആ സമയത്ത് പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല.

“ഒരു ടീമെന്ന നിലയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ബൗളർമാരും ബാറ്റ്സ്മാൻമാരും മാനസികമായി മികച്ച രീതിയിലാണ് ഉള്ളത്. ഈ പരമ്പരക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. ഈ പരമ്പര നടക്കുകയാണെങ്കിൽ അത് ഒരു മികച്ച പാരമ്പരയാവും” രോഹിത് ശർമ്മ പറഞ്ഞു.

പന്ത് ചുരണ്ടൽ വിവാദത്തിൽ മുഴുവൻ ഓസ്‌ട്രേലിയൻ താരങ്ങളും ഉൾപെട്ടിട്ടുണ്ട് : ഫ്ലിന്റോഫ്

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഴുവൻ ഓസ്‌ട്രേലിയൻ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം ഫ്ലിന്റോഫ്. അതെ സമയം ഇതിന്റെ ഉത്തരവാദിത്തം സ്റ്റീവ് സ്മിത്ത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്ലിന്റോഫ് പറഞ്ഞു.

മുഴുവൻ ടീമും ഉൾപ്പെടാതെ പന്ത്‌ ചുരണ്ടൽ നടക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഒരു ബൗളർ എന്ന നിലയിൽ ആരെങ്കിലും ഒരു ചുരണ്ടിയ പന്ത് നൽകിയാൽ അത് വളരെ അനായാസം തിരിച്ചറിയാൻ പറ്റുമെന്നും എന്നാൽ എല്ലാവർക്കും വേണ്ടി സ്റ്റീവ് സ്മിത്ത് കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്ലിന്റോഫ് പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ഐ.സി.സി വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. സ്റ്റീവ് സ്മിത്തിന് അന്ന് ഒരു വർഷത്തേക്കാണ് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.

Exit mobile version