2019ലെ ലോകകപ്പിൽ ഉപയോഗിച്ച ബാറ്റ് ലേലത്തിന് വെച്ച് കെ.എൽ രാഹുൽ

2019ലെ ലോകകപ്പിൽ ഉപയോഗിച്ച തന്റെ ബാറ്റ് അടക്കം തന്റെ ക്രിക്കറ്റ് കരിയറിൽ ഉപയോഗിച്ച നിരവധി വസ്തുക്കൾ ലേലത്തിന് വെച്ച് ഇന്ത്യൻ താരം കെ.എൽ രാഹുൽ. തന്റെ ജന്മ ദിനത്തിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലേലം നടത്തുന്ന കാര്യം കെ.എൽ രാഹുൽ അറിയിച്ചത്. താൻ മുൻപ് ഉപയോഗിച്ച ക്രിക്കറ്റ് പാഡുകൾ, ഗ്ലൗസുകൾ, ജേഴ്സികൾ എന്നിവ ഭാരത് ആർമിയുടെ സഹായത്തോടെ ലേലം ചെയ്യുമെന്നാണ് കെ.എൽ രാഹുൽ അറിയിച്ചത്.

ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ അവയർ ഫൗണ്ടേഷന് നൽകാനും കെ.എൽ രാഹുൽ തീരുമാനിച്ചിട്ടുണ്ട്. സമൂഹത്തിൽ പിന്നോക്കം നൽകുന്ന കുട്ടികൾക്ക് വിദ്യാഭാസത്തിന് സഹായം നൽകുന്ന സംഘടനയാണ് അവയർ ഫൗണ്ടേഷൻ.

മിയാൻദാദിന്റെ പരാമർശങ്ങൾ തന്റെ പിതാവിനെ വേദനിപ്പിച്ചെന്ന് ഇർഫാൻ പഠാൻ

2003-04 കാലഘട്ടത്തിൽ മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദ് തന്നെ കുറിച്ച് നടത്തിയ പരാമർശങ്ങൾ തന്റെ പിതാവിനെ വേദനിപ്പിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. അന്ന് പാകിസ്ഥാൻ പര്യടനത്തിനിടെ പരിശീലകനായിരുന്ന മിയാൻദാദ് ഇർഫാൻ പഠാനെ പോലെയുള്ള താരങ്ങൾ പാകിസ്ഥാന്റെ ഏതൊരു തെരുവിലും കാണാൻ പറ്റുമെന്ന പരാമർശമാണ് ഇർഫാൻ പഠാന്റെ പിതാവിനെ വേദനിപ്പിച്ചത്.

തുടർന്ന് പരമ്പരയിലെ അവസാന മത്സരം കാണാൻ തന്റെ പിതാവ് പാകിസ്താനിലേക്ക് വരുകയും പാകിസ്ഥാൻ ഡ്രസിങ് റൂമിൽ ജാവേദ് മിയാൻദാദിന്റെ കാണണമെന്ന് പറയുകയും എന്നാൽ താൻ അത് വേണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തന്റെ പിതാവിനെ കണ്ട ജാവേദ് മിയാൻദാദ് താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് തന്റെ പിതാവിനോട് പറയുകയും ചെയ്തു. തുടർന്ന് തന്റെ പിതാവ് മിയാൻദാദിനോട് ഒന്നും പറയാൻ വേണ്ടിയല്ല പാകിസ്ഥാനിലേക്ക് വന്നതെന്നും ഒരു മികച്ച കളിക്കാരനെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും മിയാൻദാദിനോട് പറയുകയും ചെയ്തു.

ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഓഗസ്റ്റിന് മുൻപ് തീരുമാനം ഉണ്ടാവില്ലെന്ന് ഐ.സി.സി

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനം ഓഗസ്റ്റ് മാസത്തിന് മുൻപ് ഉണ്ടാവില്ലെന്ന് ഐ.സി.സി. ലോകത്താകമാനം കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ അടുത്ത ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പും മാറ്റിവെക്കേണ്ടി വരുമെന്ന വർത്തകൾക്കിടയിലാണ് ഓഗസ്റ്റ് മാസം വരെ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവില്ലെന്ന് ഐ.സി.സി. വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം എന്നും കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ സാഹചര്യങ്ങളിൽ മാറ്റം വന്നേക്കാം എന്നും ഐ.സി.സിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. അത് കൊണ്ട് തന്നെ അടുത്ത ഓഗസ്റ്റ് മാസത്തിന് മുൻപ് ഈ കാര്യത്തിൽ തീരുമാനം എടുക്കില്ലെന്നും ഐ.സി.സിയുമായി ബന്ധപ്പെട്ട വ്യക്തി പറഞ്ഞു. നേരത്തെ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഓസ്ട്രേലിയയിൽ ആറ് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സെപ്റ്റംബർ 30ന് മാത്രമേ വിദേശ യാത്രക്കർക്ക് ഓസ്ട്രേലിയയിൽ പ്രവേശനം സാധ്യമാവൂ. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ്.

സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഇഷാന്ത് ശർമ്മ എപ്പോഴും ശ്രമിച്ചെന്ന് മുൻ ഓസ്‌ട്രേലിയൻ താരം

സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ എപ്പോഴും ശ്രമിച്ചിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ജേസൺ ഗില്ലസ്പി. ഇഷാന്ത് ശർമ്മയുടെ ചോദ്യം ചോദിക്കാനുള്ള മനസ്സും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹവും തന്നിൽ മതിപ്പുളവാക്കിയെന്നും ഗില്ലസ്പി പറഞ്ഞു. ഇഷാന്ത് ശർമ്മക്ക് തന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നുവെന്നും മുൻ ഓസ്‌ട്രേലിയൻ ബൗളർ പറഞ്ഞു.

2018ൽ ഗില്ലസ്പി സസക്സിൽ പരിശീലകനായിരിക്കുന്ന സമയത്ത് ഇഷാന്ത് ശർമ്മ അവർക്ക് വേണ്ടി കളിച്ചിരുന്നു. ഇഷാന്ത് ശർമ്മയുടെ പ്രകടനത്തിൽ സസക്സിൽ എല്ലാ താരങ്ങൾക്കും മതിപ്പ് വന്നെന്നും ഡ്രസിങ് റൂമിൽ എല്ലാവര്ക്കും ഇഷാന്ത് ശർമ്മയെ ഇഷ്ട്ടമായിരുന്നെന്നും ഗില്ലസ്പി പറഞ്ഞു. പരിശീലന സമയത്തും ഗ്രൗണ്ടിലും ഇഷാന്ത് ശർമ്മയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും താരത്തിന്റെ പ്രകടനത്തിൽ സസക്സ് യുവതാരങ്ങൾക്ക് വളരെ മതിപ്പ് ഉണ്ടായിരുന്നുവെന്നും ഗില്ലസ്പി പറഞ്ഞു.

വീഡിയോ കോൺഫറൻസിംഗിലൂടെ ബംഗാൾ ബാറ്റ്സ്മാൻമാരെ സഹായിക്കാൻ ലക്ഷ്മൺ

കൊറോണ വൈറസ് ബാധമൂലം മത്സരങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും വീഡിയോ കോൺഫെറെൻസിങ് വഴി ബംഗാൾ രഞ്ജി ട്രോഫി താരങ്ങൾക്ക് ബാറ്റിംഗ് പരിശീലനം നൽകാനൊരുങ്ങി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ താരങ്ങളുടെ വീഡിയോ കാണിച്ചുകൊണ്ടാണ് വി.വി.എസ് ലക്ഷ്മൺ ബംഗാൾ താരങ്ങൾക്ക് ഓൺലൈൻ വഴി പരിശീലനം നൽകാൻ ഒരുങ്ങുന്നത്. ഓരോരുത്തരെയും വ്യക്തിപരമായി ഓൺലൈൻ വഴി ബന്ധപ്പെട്ട് ലക്ഷ്മൺ ഇത് പ്രകാരം നിർദേശങ്ങൾ നൽകും.

കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ ബംഗാൾ സൗരാഷ്ട്രയോട് ഫൈനലിൽ തോൽക്കുകയായിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായാണ് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയിരുന്നത്. ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയെങ്കിലും ബാറ്റിംഗ് നിര പലപ്പോഴും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. വിഷൻ പ്രോഗ്രാം പ്രൊജക്റ്റ് പ്രകാരം നേരത്തെ ലക്ഷ്മണിനെ ബംഗാൾ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ട്ടാവായി നിയമിച്ചിരുന്നു.

ആറ് പന്തിൽ ആറ് സിക്സറിച്ച ബാറ്റ് മാച്ച് റഫറി പരിശോധിച്ചുവെന്ന് യുവരാജ് സിംഗ്

2007ലെ ടി20 ലോകകപ്പിനിടെ തുടർച്ചയായി ആറ് സിക്‌സറുകൾ നേടിയ ബാറ്റ് ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിന് ശേഷം മാച്ച് റഫറി പരിശോധിച്ചെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ 30 പന്തിൽ 70 റൺസ് നേടിയതിന് ശേഷമാണ് ഓസ്‌ട്രേലിയൻ താരങ്ങൾക്കും പരിശീലകനും തന്റെ ബാറ്റിൽ സംശയം തോന്നിയതെന്നും യുവരാജ് സിംഗ് പറഞ്ഞു.

മത്സര ശേഷം ഓസ്‌ട്രേലിയൻ പരിശീലകൻ തന്റെ അടുത്ത് വന്ന് ബാറ്റിൽ ഫൈബർ ഉണ്ടോ എന്നും ബാറ്റിൽ ഫൈബർ ഉപയോഗിക്കുന്നത് നിയമപരമാണോ എന്നും ചോദിച്ചെന്നും യുവരാജ് സിംഗ് പറഞ്ഞു. തുടർന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ തന്റെ ബാറ്റ് മാച്ച് റഫറി പരിശോധിച്ചോ എന്ന് ചോദിക്കുകയും തുടർന്ന് താൻ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും യുവരാജ് സിംഗ് പറഞ്ഞു. ഓസ്‌ട്രേലിയൻ പരിശീലകന് ശേഷം വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ് ആരാണ് തന്റെ ബാറ്റ് നിർമിക്കുന്നതെന്ന് ചോദിച്ചെന്നും യുവരാജ് സിംഗ് വെളിപ്പെടുത്തി.

2007ലെ ടി20 ലോകകപ്പിലാണ് യുവരാജ് സിംഗ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിൽ 6 പന്തിൽ ആറ് സിക്സറുകളിടിച്ച് ചരിത്രം സൃഷ്ട്ടിച്ചത്.

ധോണി പോയാൽ ചെന്നൈ സൂപ്പർ കിങ്‌സ് പഴയ ടീം ആവില്ലെന്ന് ഡു പ്ലെസ്സി

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ വിട്ടാൽ ടീം പഴയത് പോലെ ആവില്ലെന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസ്സി. ധോണിയുടെ ലീഡർഷിപ് അത്രയും മികച്ചതായിരുന്നുവെന്നും ഡു പ്ലെസ്സി പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിങ്‌സ് വിടുമ്പോൾ അത് ടീമിൽ വലിയൊരു വിടവ് ഉണ്ടാക്കുമെന്നും ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണി അവർക്ക് മൂന്ന് തവണ ഐ.പി.എൽ കിരീടം നേടികൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ വർഷത്തെ ഐ.പി.എല്ലിൽ കൂടി ടീമിൽ തിരിച്ചെത്താൻ ശ്രമിക്കുന്നതിനിടെയാണ് കൊറോണ വൈറസ് ബാധ മൂലം ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെച്ചത്.

ക്രിക്കറ്റ് ഇല്ലെങ്കിലും കൊറോണ കാലത്ത് വാതുവെപ്പുകാർ സജീവം

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചെങ്കിലും വാതുവെപ്പുകാർ ഈ കാലത്തും സജീവമാണെന്ന് ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ തലവൻ അലക്സ് മാർഷൽ. കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് താരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനിടെ താരങ്ങളുമായി ബന്ധം സ്ഥാപിക്കാൻ വാതുവെപ്പുകാർ ശ്രമം നടത്തുന്നുണ്ടെന്നും അലക്സ് മാർഷൽ പറഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബന്ധം ഉണ്ടാക്കി തുടർന്ന് അത് ഉപയോഗിച്ച് മത്സരം നടക്കുമ്പോൾ വാതുവെപ്പ് നടത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും ഐ.സി.സി. അഴിമതി വിരുദ്ധ സമിതി തലവൻ വ്യക്തമാക്കി. ഈ വിവരങ്ങൾ എല്ലാം എല്ലാ അംഗങ്ങളെയും താരങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ താരങ്ങളെ സമീപിക്കുന്നവരെകുറിച്ച് എല്ലാവരും ബോധവാന്മാർ ആവണമെന്നും  അലക്സ് മാർഷൽ പറഞ്ഞു.

ധോണിയും രോഹിത് ശർമ്മയും ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയേയും രോഹിത് ശർമ്മയെയും ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു. സ്റ്റാർ സ്പോർട്സ് ആണ് ഐ.പി.എൽ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്. 50 പേരടങ്ങിയ അടങ്ങിയ ജൂറിയാണ് ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.

ചെന്നൈ സൂപ്പർ കിങ്സിനെ 11 സീസണിൽ നയിച്ചതിൽ 10 തവണ പ്ലേ ഓഫിൽ എത്തിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നു. കൂടാതെ മൂന്ന് തവണ ചെന്നൈ സൂപ്പർ കിങ്സിന് ധോണി കിരീടവും നേടി കൊടുത്തിട്ടുണ്ട്. 2013ൽ ക്യാപ്റ്റൻ ആയതിന് ശേഷം നാല് തവണ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചതാണ് രോഹിത് ശർമ്മയെ ധോണിക്കൊപ്പം മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലേഴ്‌സിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മലിംഗയാണ്.  മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കുന്തമുനയുമായ ഷെയ്ൻ വാട്സൺ ആണ് ഏറ്റവും മികച്ച ഓൾ റൗണ്ടർ.

ഇന്ത്യൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമായ വിര കോഹ്‌ലിയാണ് ഐ.പി.എൽ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ. 177 ഐ.പി.എൽ മത്സരങ്ങൾ കളിച്ച വിരാട് കോഹ്‌ലി 5412 റൺസുമായി ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ്.

ധോണിക്ക് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് എളുപ്പമാവില്ലെന്ന് അസ്ഹർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാവില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ. ധോണിക്ക് എന്താണ് നിലവിൽ വേണ്ടതെന്ന് ധോണിക്ക് മാത്രമേ വിവരിക്കാൻ കഴിയു എന്നും തീരുമാനങ്ങൾ എല്ലാം ധോണിയുടെ വ്യക്തിപരം ആണെന്നും അസ്ഹർ പറഞ്ഞു.

കുറെ കാലത്തെ ഇടവേളക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് തിരികെ വരുകയെന്നത് എളുപ്പമല്ലെന്നും അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലെക്ടർമാർ ധോണിയെ പ്രകടനം കൂടെ നോക്കുമെന്നും അസ്ഹർ പറഞ്ഞു. എത്ര വലിയ താരമായാലും മത്സരം പരിചയം ഒരു പ്രധാന കാര്യമാണെന്നും കുറച്ച മത്സരങ്ങൾ കളിക്കേണ്ടത് അനിവാര്യമാണെന്നും അസ്ഹർ പറഞ്ഞു. പരിശീലനം നടത്തുന്നതും ഒരു മത്സരം കളിക്കുന്നതും തമ്മിൽ നല്ല വ്യതാസം ഉണ്ടെന്നും അസ്ഹർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ എത്താനുള്ള ധോണിയുടെ ശ്രമം ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെച്ചതോടെ പ്രതിസന്ധിയിലായിരുന്നു.

ജവഗൽ ശ്രീനാഥിന് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് പൊള്ളോക്ക്

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥിന് അർഹിച്ച അംഗീകാരം ലഭിച്ചിട്ടിട്ടില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക്. തന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു ശ്രീനാഥ് എന്നും പൊള്ളോക്ക് പറഞ്ഞു. മുൻ ഫാസ്റ്റ് ബൗളർമാരായ മൈക്കിൾ ഹോൾഡിങ്ങും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡും തമ്മിലുള്ള ചർച്ചക്കിടയിലാണ് ഷോൺ പൊള്ളോക്ക് ശ്രീനാഥിന് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് പറഞ്ഞത്.

തന്റെ കാലഘട്ടത്തിലെ മികച്ച ബൗളറുടെ പട്ടിക തിരഞ്ഞെടുക്കാൻ പറഞ്ഞ സമയത്താണ് പൊള്ളോക്ക് ശ്രീനാഥിന്റെ പേര് പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ശ്രീനാഥ് 236 വിക്കറ്റും 229 ഏകദിന മത്സരങ്ങളിൽ 315 വിക്കറ്റും ശ്രീനാഥ് നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 1991 – 2003 കാലഘട്ടത്തിലാണ് ശ്രീനാഥ് കളിച്ചത്.

‘ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റൻ’

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനത്തിന് എതിരെ പറയുക പ്രയാസമാണെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. സ്റ്റാർ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് കെവിൻ പീറ്റേഴ്‌സൺ ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ പ്രകടനം മികച്ചതാണെന്ന് പീറ്റേഴ്‌സൺ പറഞ്ഞത്.

മഹേന്ദ്ര സിങ് ധോണിയുടെ കീഴിലാണ് ഇന്ത്യ 2007ൽ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയത്. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ 2010ലും 2011ലും 2018ലും ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലാണ് ധോണിയുടെ സ്ഥാനം.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ധോണിയുടെ ശ്രമത്തിനിടെയാണ് കൊറോണ വൈറസ് മൂലം ഐ.പി.എൽ മാറ്റിവെച്ചത്.

Exit mobile version