ട്യൂഷലിനു ശേഷം ചെൽസിയുടെ പ്രതിരോധം യൂറോപ്പിലെ ഏറ്റവും മികച്ചത്

തോമസ് ട്യൂഷൽ ചെൽസിയുടെ ചുമതലെറ്റെടുത്ത ശേഷം ചെൽസിയുടെ പ്രതിരോധം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലാംപാർഡ് പുറത്തായ ഒഴിവിൽ 2021 ജനുവരിയിൽ ആണ് ട്യൂഷൽ ചെൽസി മാനേജർ ആവുന്നത്. ഒരു വര്ഷം കൊണ്ട് തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി ചെൽസിയെ മാറ്റാൻ ട്യൂഷലിനു കഴിഞിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കാനും ട്യൂഷലിനായി.

പ്രതിരോധത്തിലെ മികച്ച പ്രകടനം തന്നെയാണ് ട്യൂഷലിന്റെ വിജയത്തിന് പിന്നിലുള്ളത്. കഴിഞ്ഞ ഒരു വർശത്തിനുള്ളിൽ 65 മത്സരങ്ങളിൽ ആണ് ചെൽസി ട്യൂഷലിനു കീഴിൽ അണിനിരന്നത്. അതിൽ തന്നെ ഒരു മത്സരത്തിൽ 0.6 ഗോളുകൾ എന്ന നിരക്കിൽ 41 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. യൂറോപ്പിലെ ടോപ് അഞ്ചു ലീഗുകളിൽ ഏറ്റവും മികച്ച റെക്കോർഡ് ആണ് ഇത്. ഈ 65 മത്സരങ്ങളിൽ 35 മത്സരങ്ങളിലും ക്ളീൻഷീറ്റ് നേടാനും ചെൽസിക്ക് കഴിഞ്ഞിരുന്നു.

പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയം നേടിയിട്ടുള്ളത്. പരാജയങ്ങളിൽ നിന്നും പഠിക്കുന്ന ട്യൂഷൽ ശക്തമായി തിരിച്ചു വന്നു കിരീട പോരാട്ടത്തിൽ മാൻ സിറ്റിക്ക് വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് കരുതുന്നത്.

ഗോൾഡൻ ബൂട്ടുമായി ആഫ്രിക്ക ഭരിക്കുന്ന അബൂബക്കർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കാമറൂൺ ആണ്. മൂന്നു കളികളിൽ നിന്നും 7 പോയിന്റ്മായി ഒന്നാമത് നിൽക്കുമ്പോൾ അവരുടെ കുന്തമുനയാവുന്നത് 29കാരനായ വിൻസന്റ് അബൂബക്കറാണ്. കളിച്ച മൂന്നു കളികളിൽ നിന്നായി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ വിൻസന്റ് ഇതോടെ മറ്റൊരു റെക്കോർഡിന്റെ ഒപ്പമെത്തുകയും ചെയ്തു. ഒരു ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ അഞ്ചു ഗോളുകൾ അടിക്കുന്ന രണ്ടാമത്തെ മാത്രം കാമറൂൺ താരമായി മാറിയിരിക്കുകയാണ് വിൻസന്റ് അബൂബക്കർ. ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടത്തിലും ഒന്നാമതാണ് വിൻസന്റ് അബൂബക്കർ നിലവിൽ. രണ്ടാം സ്ഥാനത്തുള്ള മാലി താരം ഗബാടിഞ്ഞോ മംഗോ വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.

2006, 2008 വർഷങ്ങളിൽ നടന്ന ടൂർണമെന്റിൽ സാമുവൽ ഏറ്റു മാത്രമാണ് ഇതിനു മുൻപ് കാമറൂണിന് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുള്ളത്. ആ റെക്കോർഡിനൊപ്പമാണ് വിൻസന്റ് അബൂബക്കർ എത്തിയിട്ടുള്ളത്. നോക്ഔട് ഇതിനകം ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ, അതുകൊണ്ടു തന്നെ ഏറ്റുവിന്റെ റെക്കോർഡ് തകർത്തു സ്വന്തം പേരിലാക്കാനും വിൻസന്റ് അബൂബക്കറിന് അവസരമുണ്ട്.

2014-19 മുതൽ പോർച്ചുഗീസ് ക്ലബ് ആയ എഫ്‌സി പോർട്ടോക്ക് വേണ്ടിയും തുടർന്ന് രണ്ടു സീസണിൽ ബെസിക്ട്ടാസിനും വേണ്ടി കളിച്ച അബൂബക്കർ നിലവിൽ സൗദി അറേബ്യയൻ ക്ലബ് അൽ നാസറിന് വേണ്ടിയാണു കളിക്കുന്നത്.

ഡച്ച് ലീഗിൽ പുതിയ റെക്കോർഡ് ഇട്ട് എറിക് ടെൻ ഹാഗ്! പഴങ്കഥയായത് വാൻ ഹാലിന്റെ റെക്കോർഡ്

ഡച്ച് ലീഗിൽ പുതിയ റെക്കോർഡ് ഇട്ട് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഡച്ച് ലീഗിൽ ഏറ്റവും വേഗത്തിൽ ഒരു ക്ലബിന് വേണ്ടി 100 വിജയങ്ങൾ നേടുന്ന പരിശീലകൻ എന്ന റെക്കോർഡാണ് എറിക് ടെൻ ഹാഗ് സ്വന്തമാക്കിയത്. അയാക്സിനെ 128 മത്സരങ്ങളിൽ പരിശീലിപ്പിച്ച ടെൻ ഹാഗ് 100 മത്സരത്തിലും വിജയം കാണുകയായിരുന്നു. അയാക്സിന്റെ ഇതിഹാസ പരിശീലകൻ ലൂയിസ് വാൻ ഹാലിന്റെ റെക്കോർഡ് ആണ് ഇതോടെ തിരുത്തിയത്. വാൻ ഹാൽ 137 മത്സരങ്ങളിൽ നിന്നുമാണ് 100 വിജയങ്ങൾ സ്വന്തമാക്കിയത്.

അയാക്സിന് വേണ്ടി നൂറ് വിജയങ്ങൾ സ്വന്തമാക്കിയ റിനാസ് മിഷേൽ, ലൂയിസ് വാൻ ഹാൽ, ഫ്രാങ്ക് ഡി ബോയർ എന്നിവരുടെ പട്ടികയിലേക്കും ടെൻ ഹാഗ് എത്തി.
2017ൽ അയാക്സിന്റെ ചുമതലയേറ്റെടുത്ത ശേഷം അവരെ 2 ലീഗ് കിരീടങ്ങളിലേക്ക് നയിക്കാൻ എറിക് ടെൻ ഹാഗിന് കഴിഞ്ഞിരുന്നു. 2019ലും 2021ലും ലീഗ് ചാമ്പ്യന്മാരായപ്പോൾ 2020സീസണിൽ ലീഗിൽ മുന്നിൽ നിൽക്കുകയായിരുന്നു എങ്കിലും കൊറോണ കാരണം ലീഗ് ഉപേക്ഷിച്ചിരുന്നു. നിലവിൽ 2022-2023 സീസൺ അവസാനം വരെ ടെൻ ഹാഗിന് അയാക്‌സുമായി കരാർ ഉണ്ട്.

തനിക്ക് മുന്നിൽ ഇനിയാരുമില്ലാ! റയലിൽ ചരിത്രം കുറിച്ച് മാഴ്‌സെലോ

റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡിന് ഒപ്പമെത്തി ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോ. ഇന്നലെ നടന്നസൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി റയൽ കിരീടം നേടിയതോടെയാണ് മാഴ്‌സെലോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ സൂപ്പർ കോപ്പ അടക്കം 23 കിരീടങ്ങൾ ആണ് മാഴ്‌സെലോ റയലിനൊപ്പം നേടിയിട്ടുള്ളത്. ഇതോടെ 1953 – 71 കാലഘട്ടത്തിൽ റയലിനൊപ്പം 23 കിരീടങ്ങൾ നേടിയ ഫ്രാസിസ്കോ ഹെന്റോയുടെ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു മാഴ്‌സെലോ. 22 കിരീടങ്ങൾ നേടിയ സെർജിയോ റാമോസ് ആണ് പട്ടികയിൽ തൊട്ടടുത്തുള്ളത്.

2007ൽ റയലിൽ എത്തിയ മാഴ്‌സെലോ 5 ലാലിഗ കിരീടങ്ങൾ, 2 കോപ്പ ഡെൽ റേ , 5 സൂപ്പർ കോപ്പ, 4 ചാമ്പ്യൻസ് ലീഗ്, 3 യുവേഫ സൂപ്പർ കപ്പ്, 4 ക്ലബ് ലോകകപ്പ് എന്നിവ മാഴ്‌സെലോ റയലിന്റെ കൂടെ നേടിയിരുന്നു. നിലവിൽ റയലിന്റെ ക്യാപ്റ്റൻ കൂടെയായ മാഴ്‌സെലോ പക്ഷെ ഇപ്പോൾ റയൽ ടീമിൽ സ്ഥിര സാന്നിധ്യമല്ല. തന്റെ മികച്ച ഫോമിലേക്ക് തിരിചു വരാനുള്ള കഠിന പ്രയത്നത്തിൽ ആണ് മാഴ്‌സെലോയുള്ളത്. ഫൈനൽ മത്സരത്തിൽ 86ആം മിനിറ്റിൽ പകരക്കാരനായാണ് മാഴ്‌സെലോ ഇറങ്ങിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തോൽവിക്ക് പിറകെ വാറിനെതിരെ സ്റ്റീവൻ ജെറാഡ്

ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി ഏറ്റു വാങ്ങി ആസ്റ്റൺ വില്ല പുറത്തായിരുന്നു. തോൽവിക്ക് ശേഷം വാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല മാനേജരും മുൻ ലിവർപൂൾ താരവുമായിരുന്ന സ്റ്റീവൻ ജെറാഡ്. വാർ ചെക്ക് ചെയ്യാൻ വളരെയധികം സമയം എടുക്കുന്ന്നു, അത് മൂലം ധാരാളം സമയം നഷ്ടപ്പെടുന്നു എന്നാണ് ജെറാഡ് പറയുന്നത്. എന്നാൽ തോൽവിക്ക് കാരണം വാർ ആണെന്ന് ജെറാഡ് പറഞ്ഞില്ല.

ആദ്യ പകുതിയിൽ മക്‌ടോമിനായ് നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 50ആം മിനിറ്റിൽ ഡാനി ഇങ്സ് ഒരു ഗോൾ മടക്കിയിരുന്നു. പക്ഷെ നാല് മിനിറ്റോളം വാർ ചെക്ക് ചെയ്ത ശേഷം ഗോൾ നിഷേധിക്കുകയായിരുന്നു. വാർ ഉള്ളപ്പോൾ അവർ ഒരു തീരുമാനം എടുക്കുമ്പോൾ അത് അംഗീകരിക്കണം. അത് മാറ്റാൻ ഒന്നും ചെയ്യാനില്ല. നിർഭാഗ്യത്തെയും റഫറിമാരെയും കുറ്റപ്പെടുത്തുക എന്നതാണ് എളുപ്പവഴി, ഞങ്ങൾ അത് ചെയ്യില്ല” ജെറാഡ് പറഞ്ഞു.

മാനേജർ ആയി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ലിവർപൂൾ ലെജൻഡ് ആയ ജെറാഡ് ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടത്.

 

ബ്രെന്റ്‌ഫോർഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് പുതിയ തിയ്യതിയായി

ബ്രെന്റ്‌ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ബ്രെന്റ്‌ഫോർഡിന്റെയും പ്രീമിയർ ലീഗ് മത്സരം പുനഃക്രമീകരിച്ചു. ആദ്യം മത്സരം ഡിസംബർ 14 ന് ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും യുണൈറ്റഡ് സ്ക്വാഡിൽ COVID-19 പിടിപെട്ടതിനാൽ മത്സരം മാറ്റി വെക്കുകയായിരുന്നു. പുതിയ ഷെഡ്യൂൾ പ്രകാരം ജനുവരി 19നു ആയിരിക്കും മത്സരം നടക്കുക. ഇന്ത്യൻ സമയം 20നു പുലർച്ചെ 1.30നു ആയിരിക്കും മത്സരം.

1975നു ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റ്‌ഫോർഡും ഒരു മത്സരത്തിൽ ഏറ്റുമുട്ടന്നത്. കഴിഞ്ഞ സമ്മറിൽ പ്രീ സീസൺ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. മത്സരം ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ കലാശിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധി; ആഴ്‌സണൽ – ലിവർപൂൾ മത്സരം മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നാളെ നടക്കേണ്ട ആഴ്‌സണൽ – ലിവർപൂൾ മത്സരം മാറ്റിവെച്ചു. ജനുവരി ആറിന് എമിറേറ്റ്സിൽ നടക്കേണ്ടിയിരുന്ന ഇഎഫ്എൽ കപ്പ് സെമി ഫൈനലിലെ ആദ്യ പാദ മത്സരമാണ് ലിവർപൂൾ സ്‌ക്വാഡിൽ കൊറോണ പിടിപെട്ടതിനെ തുടർന്ന് മാറ്റിവെച്ചത്.

ജനുവരി ആറിന് എമിറേറ്റ് സ്റ്റേഡിയത്തിൽ ആദ്യ പാദ മത്സരവും ജനുവരി പതിമൂന്നിന് രണ്ടാം പാദ മത്സരം ആൻഫീൽഡിലും ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ നാളത്തെ മത്സരം മാറ്റി വെച്ചതിനാൽ ആദ്യ പാദം ആൻഫീൽഡിൽ ജനുവരി പതിമൂന്നിന് ആയിരിക്കും അരങ്ങേറുക. മാറ്റി വെച്ച മത്സരം ജനുവരി ഇരുപതിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ രണ്ടാം പാദമായി നടക്കും.

ന്യൂസിലാൻഡിൽ ചരിത്രം കുറിച്ച് ബംഗ്ളാ കടുവകൾ, തിരുത്തിയത് ന്യൂസിലൻഡിന്റെ പതിനൊന്ന് വർഷത്തെ റെക്കോർഡ്

ബേ ഓവൽ ടെസ്റ്റിൽ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ന്യൂസിലാണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 169 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 42/2 എന്ന സ്കോര്‍ നേടി 8 വിക്കറ്റ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്. 40 റൺസായിരുന്നു ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ന്യൂസിലാൻഡ് മണ്ണിൽ വിജയം നേടുന്ന ആദ്യത്തെ ഏഷ്യൻ ടീമായി മാറിയിരിക്കുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തുന്നതും.

2011 ജനുവരിയിൽ പാകിസ്ഥാനോട് ഏറ്റ തോൽവിക്ക് ശേഷം ഒരു ഏഷ്യൻ ടീമിനോട് പോലും ന്യൂസിലാൻഡ് ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. ഈ മികച്ച റെക്കോർഡ് ആണ് ബംഗ്ലാദേശ് ഇന്ന് തിരുത്തിയത്. 19 മത്സരങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഒരു തോൽവി ഏറ്റുവാങ്ങിയത്.

2011ലെ പാകിസ്ഥാനോടുള്ള തോൽവിക്ക് ശേഷം ശ്രീലങ്കയോട് ആറു മത്സരങ്ങൾ, പാക്സിതാനോട് അഞ്ച്, ഇന്ത്യ, ബംഗ്ലാദേശ് എന്നീ ടീമുകളോട് നാല് മത്സരങ്ങൾ വീതം കളിച്ചിരുന്നു എങ്കിലും ഒരു മത്സരം പോലും ന്യൂസിലാൻഡ് പരാജയപ്പെട്ടിരുന്നില്ല.

ഹോം ഗ്രൗണ്ടാണത്രെ ഹോം ഗ്രൗണ്ട്!! ഓൾഡ് ട്രാഫോഡിൽ ഗോളടിക്കാനാവാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

വോൾവ്‌സിനെതിരായ മത്സരം എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി വോൾവ്‌സ് ഓൾഡ് ട്രാഫോഡിൽ ഒരു വിജയം നേടിയതിനു പുറമെ ഹോം ഗ്രൗണ്ടിൽ ഗോളടിക്കാനാവാതെ യുണൈറ്റഡ് കളിക്കാർ വലയുന്നതും ചർച്ചയാവുകയാണ്.

കഴിഞ്ഞ സീസണിൽ ആകെ മൂന്ന് മത്സരങ്ങളിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരങ്ങളിൽ ഗോൾ അടിക്കാതെ ഇരുന്നത്. എന്നാൽ സീസൺ പകുതി ആയപ്പോഴേക്കും ഇതുവരെ 4 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ വിട്ടു പോയിരിക്കുന്നു.

ആസ്റ്റൺ വില്ല, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, വോൾവ്‌സ് എന്നീ ടീമുകൾക്കതിരെയുള്ള മത്സരങ്ങളിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ആയിട്ട് പോലും ഒരു ഗോൾ പോലും നേടാതെയിരുന്നത്. നാല് മത്സരങ്ങളിലും യുണൈറ്റഡ് വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. സൂപ്പർ താരം ക്രിസ്റ്റിയാനൊ റൊണാള്ഡോയുൾപ്പടെയുള്ള താരങ്ങൾ ഈ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്നലത്തെ മത്സരത്തിൽ ആകെ രണ്ടു ഷോട്ടുകൾ മാത്രമായിരുന്നു ഓൺ ടാർഗെറ്റിലേക്ക് അടിക്കാൻ യുണൈറ്റഡ് താരങ്ങൾക്ക് കഴിഞ്ഞത്. ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ മോശം ഫോമും യുണൈറ്റഡിന് തലവേദനയാണ്.

തീരുമാനങ്ങൾ എതിരാവുന്നു, റഫറിക്കെതിരെ ടൂഹലും അസ്പ്ലിക്വേറ്റയും

ഇന്നലെ നടന്ന ചെൽസി – ലിവർപൂൾ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആവേശത്തിനും പോരാട്ട വീര്യത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് പിന്നിലേക്ക് പോയ ചെൽസി എന്നാൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില കരസ്ഥമാക്കുകയായിരുന്നു. എന്നാൽ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ചെൽസി മാനേജർ തോമസ് ടൂഹലും ക്യാപ്റ്റൻ അസ്പ്ലിക്വേറ്റയും.

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെയാണ് വിവാദപരമായ തീരുമാനം ആന്തണി ടൈലർ എടുത്തത്. പതിനഞ്ചാം സെക്കന്റിൽ അസ്പ്ലിക്വേറ്റയെ കൈ കൊണ്ട് മുഖത്തു ഇടിച്ച മാനേക്ക് റെഡ് കാർഡ് കൊടുക്കാത്തത് ആണ് ചെൽസി മാനേജരെയും ക്യാപ്റ്റനെയും ചൊടിപ്പിപ്പിച്ചിരിക്കുന്നത്. മാനേക്ക് റെഡ് കാർഡ് കൊടുത്തിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു എന്ന് ഇവർ പറയുന്നു. എന്നാൽ റഫറി ആന്തണി ടൈലർ മാനേക്ക് മഞ്ഞ കാർഡ് നൽകുകയായിരുന്നു.

“മത്സരം തുടങ്ങി അഞ്ച് സെക്കന്റ് ആണെകിൽ പോലും റെഡ് കാർഡ് നൽകേണ്ട ഫൗൾ ആണെങ്കിൽ റെഡ് കാർഡ് നൽകുക തന്നെ വേണം, വ്യക്തമായ ഫൗൾ ആയിരുന്നു അത്” – അസ്പ്ലിക്വേറ്റ പറഞ്ഞു. സമാനമായ അഭിപ്രായം ആയിരുന്നു ട്യുഷലും പങ്കു വെച്ചത്. അസ്പ്ലിക്വേറ്റക്ക് എതിരായ ഫൗൾ വാർ ചെക് ചെയുക പോലും ചെയ്തില്ല എന്ന് ടൂഹൽ പറഞ്ഞു.

സീസണിൽ ആദ്യം ലിവർപൂളും ചെൽസിയും ഏറ്റുമുട്ടിയപ്പോൾ ആന്തണി ടൈലർ തന്നെയായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. ആ മത്സരത്തിൽ ചെൽസി താരം റീസ് ജെയിംസിന് റെഡ് കാർഡ് കൊടുത്തതും അസ്പ്ലിക്വേറ്റ എടുത്തു പറഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസിന് ഓൾഡ് ട്രാഫോഡിൽ ചരിത്ര ജയം

ഒടുവിൽ ക്രിസ്റ്റൽ പാലസിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒരു വിജയം. പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു ക്രിസ്റ്റൽ പാലസ് ഓൾഡ് ട്രാഫോഡിലെ തങ്ങളുടെ 28 വർഷത്തിന് ശേഷമുള്ള ആദ്യ വിജയം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാലസ് യുണൈറ്റഡിനെ തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ യുണൈറ്റഡിന്റെ പ്രതിരോധത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തു ജോർദാൻ ആയൂ 31ആം മിനിറ്റിൽ പാലസിന്റെ പട്ടിക തുറന്നു. മധ്യ നിരയിൽ നിന്നും മികച്ച മുന്നേറ്റങ്ങൾ പുറത്തെടുക്കാൻ വിഷമിച്ച യുണൈറ്റഡ് ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയാണ് കളിച്ചത്. മാര്ഷ്യലിനെ വീഴ്ത്തിയതിന് പെനാൽറ്റി അനുവദിക്കാതിരുന്നതും യുണൈറ്റഡിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ മകറ്റാമിനായിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റാഷ്‌ഫോർഡ് നഷ്ടപ്പെടുത്തുകയും കൂടെ ചെയ്തതോടെ യുണൈറ്റഡിന്റെ കാര്യം കഷ്ടത്തിലാക്കി. 88ആം മിനിറ്റിൽ ഡാൻ ജെയിംസ് മനോഹരമായ ഒരു ഗോളിലൂടെ യുണൈറ്റഡിനെ ഒപ്പം എത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടെ തിരിച്ചടിച്ചു പാലസ് വിജയം സ്വന്തമാക്കി. പാട്രിക് വാൻ അൻഹോളോട് ആണ് ഗോൾ നേടിയത്.

കോപ്പയിൽ ചരിത്രനേട്ടത്തിനർഹനായി പെറുവിന്റെ ഗുറെറോ

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങി എങ്കിലും പെറുവിന്റെ സ്‌ട്രൈക്കർ പാവ്ലോ ഗുറെറോ കോപ്പ അമേരിക്കയിലെ 90 വർഷത്തിന് ശേഷം അപൂർവ്വമായൊരു നേട്ടത്തിനർഹനായിരിക്കുകയാണ്. ഫൈനലിൽ നേടിയ ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ മൂന്നു ഗോളുകൾ നേടിയ ഗുറെറോ ആണ് ടോപ് സ്‌കോറർ. ബ്രസീലിന്റെ എവർട്ടനും നേടിയത് മൂന്ന് ഗോളുകൾ ആയിരുന്നു.

ടൂർണമെന്റിലെ ടോപ് സ്‌കോറർ പദവി സ്വന്തമാക്കിയ ഗുറെറോ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. 2011, 2015 ടൂര്ണമെന്റുകളിലും ടോപ് സ്‌കോറർ പദവി നേടിയത് ഗുറെറോ ആയിരുന്നു. 1923, 1924, 1927 എന്നീ വർഷങ്ങളിൽ നടന്ന കോപ്പയിൽ ടോപ് സ്‌കോറർ പദവി നേടിയ ഉറുഗ്വേയുടെ പെഡ്രോ പെട്രോണിന്റെ നേട്ടത്തിനൊപ്പമാണ് ഗുറെറോ എത്തിയിരിക്കുന്നത്. 2011ൽ മൂന്നാം സ്ഥാനക്കാരായ പെരുവിന് വേണ്ടി 5 ഗോളുകൾ ഗുറെറോ നേടിയപ്പോൾ 2015ലും നാല് ഗോളുകൾ നേടി പെറുവിനെ മൂന്നാം സ്ഥാനത്തെത്തിച്ചു.

Exit mobile version