പാസ് പാസ് പാസ്.. പോളണ്ടിനെതിരായ മത്സരത്തിൽ ഡീപോളിന് അപൂർവ്വ റെക്കോർഡ്

ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജൻറീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ എത്തിയിരുന്നു. സൗദി അറേബ്യക്ക് എതിരായ ആദ്യ മത്സരത്തിൽ നിറംമങ്ങിയതിന്റെ പേരിൽ ധാരാളം വിമർശനം വാങ്ങിയ ഡിപോൾ ആയിരുന്നു അർജൻറീനയുടെ വിജയത്തിൽ മധ്യനിരയിൽ കളി നിയന്ത്രിച്ചത്. മത്സരത്തിൽ ഒരു അപൂർവ റെക്കോർഡും ഡീപോൾ സ്വന്തമാക്കി.

മത്സരത്തിൽ കളം നിറഞ്ഞു കളിച്ച ഡീപോൾ 137 പാസുക്കൾ ആണ് പൂർത്തിയാക്കിയത്. ലോകകപ്പ് മത്സരത്തിൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1966 മുതൽ ഒരു അർജൻറീനക്കാരൻ താരം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകിയ റെക്കോർഡ് ഇതോടെ ഡീപോളിന്റെ പേരിലായി. പ്രീക്വാർട്ടറിൽ ഓസ്‌ട്രേലിയ ആണ് അർജന്റീനയുടെ എതിരാളികൾ.

ഒരു കളിയിൽ ഇത്രയും ഫൗളുകളോ!! നെയ്മറിനെ വേട്ടയാടി സെർബിയ

സെർബിയ – ബ്രസീൽ മത്സരത്തിൽ 80ആം മിനിറ്റിൽ സൂപ്പർ താരം നെയ്മർ പരിക്ക് മൂലം കളം വിട്ടിരുന്നു. കാലിനു പരിക്കേറ്റ നെയ്മർ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. നെയ്മറിനെതിരെ നിരന്തരം ടാക്കിളുകൾ നടത്തിയിരുന്ന സെർബിയൻ ടീം മറ്റൊരു മോശം റെക്കോർഡും നേടി. ഈ ലോകകപ്പിൽ ഒരു താരം നേരിടുന്ന ഫൗളുകളുടെ എണ്ണത്തിൽ ഇപ്പോൾ നെയ്മർ ആണ് മുന്നിൽ ഉള്ളത്.

സ്‌പെയിൻ – കോസ്റ്ററിക്കാ മത്സരത്തിൽ ബാഴ്സലോണ താരം ഗവിക്കെതിരെ അഞ്ചു ഫൗളുകൾ നടത്തിയതായിരുന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള ഫൗളിലെ ഏറ്റവും മോശം കണക്ക്. എന്നാൽ ആദ്യ പകുതിയിൽ തന്നെ നെയ്മറിനെതിരെ അഞ്ചു ഫൗളുകൾ ആണ് സെർബിയൻ താരങ്ങൾ നടത്തിയത്. 80 മിനിറ്റ് കളിച്ച നെയ്മറിനെതിരെ ഏഴോളം ഫൗളുകൾ അവർ നടത്തി.

കണങ്കാലിന് പരിക്കേറ്റ നെയ്മറെ 80ആം മിനിറ്റിൽ സബ് ചെയ്തിരുന്നു. പരിക്കിന്റെ വിശദാശംങ്ങൾ ഇതുവരെ ലഭ്യമല്ല എങ്കിലും നെയ്മർ ലോകകപ്പിൽ തുടർന്നും കളിക്കും എന്നാണ് ടിറ്റെ പറഞ്ഞത്.

ഓൾഡ് ട്രാഫോഡിൽ ആന്റണിയുടെ 360 ഷോ, കയ്യടിച്ച് കാണികൾ

ഇന്നലെ ഓൾഡ് ട്രാഫോഡിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോൾഡോവൻ ക്ലബ് എഫ്‌സി ഷെരീഫിനെ എതിരില്ലത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആദ്യപകുതിയിൽ ഡാലോട്ടും രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ്, റൊണാൾഡോ എന്നിവർ നേടിയ ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം കണ്ടത്.

റൊണാൾഡോ ഇന്നലെ സ്‌കോർ ഷീറ്റിൽ ഇടം നേടിയെങ്കിലും ചർച്ചാ വിഷയമായത് ആദ്യ പകുതിയിൽ ബ്രസീലിയൻ താരം ആന്റണി നടത്തിയ സ്‌കിൽ ആണ്. 38 ആം മിനിറ്റിൽ ആണ് ഷെരീഫിന്റെ ബോക്സിന്റെ പുറത്തു വെച്ച് ആന്റണി തന്റെ ഫുട്ബാളിങ് സ്‌കിൽ പുറത്തെടുത്തത്. 360 ഡിഗ്രി ബോൾ കൊണ്ട് തിരിഞ്ഞ ആന്റണി ഓൾഡ് ട്രാഫോഡിന്റെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തന്റെ ആ സ്കില്ലിൽ രണ്ട ഡിഫൻഡർമാരെ തന്നിലേക്ക് അടുപ്പിച്ചു “ഡികോയ്‌” ആയ ആന്റണി ഷെരീഫ് ബോക്സിൽ മികച്ച സ്‌പേസ് ആയിരുന്നു ക്രിയേറ്റ് ചെയ്‍തത്.

ആന്റണി സ്‌കിൽ ചെയ്തത് “ഷോ ബോട്ടിങ്” ആണെന്നാണ് യുണൈറ്റഡ് ലെജൻഡ് സ്‌കോൾസ് അഭിപ്രായപ്പെട്ടത്. പക്ഷെ ആരാധകർ ഇതൊന്നും വിലക്കെടുക്കുന്നില്ല, നിറഞ്ഞ കയ്യടിയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആന്റണിക്ക് നൽകുന്നത്. ഇനിയും ഇങ്ങനെയുള്ള സ്കില്ലുകൾ ഈ ബ്രസീലിയൻ താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.

“ഉപയോഗപ്രദമായ രീതിയിൽ സ്‌കിൽ ചെയ്യുന്നതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല” എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞത്. അങ്ങനെ അല്ല എങ്കിൽ ആന്റണിയെ തിരുത്തുകയും ചെയ്യുമെന്ന് ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

“ആരും ക്ലബിനെക്കാൾ മുകളിലല്ല” ഓൾഡ് ട്രാഫോഡിൽ ഫെർഗുസൺ കാലം ഓർമിപ്പിച്ച് എറിക് ടെൻ ഹാഗ്

വിഖ്യാത മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗുസൺ പറയുന്നുണ്ട് ” എന്ന് കളിക്കാർ മാനേജർക്ക് മുകളിൽ ആണെന്ന തോന്നൽ വരുന്നോ, അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതായി മാറും. മാനേജർക്ക് ക്ലബിൽ ഉള്ള നിയന്ത്രണം നഷ്ടമാവും. എന്നും ക്ലബ്ബിന്റെയും കളിക്കാരുടെയും നിയന്ത്രണം എന്റെ കൈയിൽ ആണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്” എന്ന്. ഇത് തന്നെയായിരുന്നു ഫെർഗുസൻറെ വിജയ രഹസ്യവും. കർക്കശക്കാരനായിരുന്ന ഫെർഗുസൺ ഒരു കളിക്കാരനും ക്ലബിനും തനിക്കും മുകളിൽ അല്ല എന്ന് ഉറപ്പാക്കുമായിരുന്നു. അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ് ഡേവിഡ് ബെക്കാമും റോയ് കീനും എല്ലാം. തന്റെ ഏറ്റവും മികച്ച കളിക്കാർ ആയിരുന്നിട്ടും ഒരു ദാക്ഷിണ്യവും കൂടാതെയാണ് ഫെർഗുസൺ ഇവരെ ഒഴിവാക്കിയത്.

ഈ ഫെഗുസൺന്റെ കാർക്കശ്യ സ്വഭാവം ഓർമിപ്പിക്കുന്ന തരത്തിലാണ് നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ നിലപാടുകൾ. അത്തരത്തിൽ ഒന്നാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരുന്നു കളി തുടങ്ങിയ റൊണാൾഡോ കളി തീരുന്നതിനു മുൻപ് തന്നെ ഗ്രൗണ്ട് വിട്ടിരുന്നു. ഇതാണ് സസ്പെൻഷനിലേക്ക് എത്തിച്ചത്. ഈ സീസണിന്റെ തുടക്കത്തിൽ റയോ വല്ലക്കാനോയുമായുള്ള ഫ്രണ്ട്ലി മത്സരത്തിലും റൊണാൾഡോ കളി തീരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടിരുന്നു.

ഒരു ക്ലബിനും മാനേജർക്കും വളരെ നിർണായകമായ സമയമാണ് പ്രീ സീസൺ മത്സരങ്ങൾ. എന്നാൽ ഇതിലൊന്നും ഭാഗമാകാതെ ഇരിക്കുകയായിരുന്നു റൊണാൾഡോ. സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ക്ലബ് വിടാൻ വേണ്ടി ശ്രമിച്ച റൊണാൾഡോ ഒരു ക്ലബുമായും കരാറിൽ ഏർപ്പെടാൻ കഴിയാതെ ഇരുന്നത് കൊണ്ടാണ് യുണൈറ്റഡിൽ തിരിച്ചെത്തിയത്. തുടർന്നങ്ങോട്ട് സ്ഥിരമായിബെഞ്ചിൽ ആയിരുന്നു റൊണാൾഡോയുടെ സ്ഥാനം. മിക്ക മത്സരങ്ങളിലും പുറത്തിരുത്തി റൊണാൾഡോയെ ടോട്ടൻഹാമിനെതിരായ നിർണായക മത്സരത്തിലും പുറത്തിരുത്തിയ ടെൻ ഹാഗ് പകരം റാഷ്‌ഫോർഡിനെ ആണ് കളിപ്പിച്ചത്. നിലവിൽ വളരെ മോശം ഫോമിലുള്ള റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തുന്നത് ടീമിന് ഗുണകരമായിട്ടാണ് ആരാധകരും കാണുന്നത്.

ഫെർഗുസണ് ശേഷം വന്ന മാനേജർമാർക്കൊക്കെ മുകളിൽ കളിക്കാർ ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു കണ്ടത്. കടുംപിടുത്തക്കാരനായിരുന്ന മൗറിഞ്ഞോ പോലും ഡ്രസിങ് റൂമിൽ പരാജയപ്പെടാൻ കാരണമായിരുന്നു ഇത്. പോഗ്ബ – മൗറിഞ്ഞോ വിഷയത്തിൽ ക്ലബ് കളിക്കാരുടെ കൂടെ നിന്നതും തിരിച്ചടിയായിരുന്നു. തുടർന്നു വന്ന ഒലെയും ഒട്ടും മാറ്റം ഇല്ലായിരുന്നു. പക്ഷെ എറിക് ടെൻ ഹാഗിൽ എത്തിയപ്പോൾ ക്ലബിന് മാനേജരുടെ കൂടെ നിൽക്കേണ്ടി വരുകയായിരുന്നു. എറിക് ടെൻ ഹാഗ് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് റൊണാൾഡോക്ക് സസ്‌പെൻഷൻ ലഭിച്ചത് എന്നാണ് വാർത്തകൾ.

ചെൽസിക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ സ്‌ക്വാഡിൽ ഉണ്ടാവില്ല. ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെടുന്നതിനും റൊണാൾഡോക്ക് വിലക്കുണ്ട്. ഒരാഴ്‌ചത്തേക്കാണ് റൊണാൾഡോയുടെ വിലക്ക്. അതുവരെ റിസർവ് ടീമിനൊപ്പം പരിശീലനം നടത്താൻ ആണ് നിർദ്ദേശം.

മേസൺ ഗ്രീൻവുഡ് പോലീസ് കസ്റ്റഡിയിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് സസ്‌പെൻഷനും

റേപ് ആരോപണ വിധേയനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെ ഗ്രേയ്റ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഗ്രീൻവുഡിന്റെ കാമുകി താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഇൻസ്ഗ്രാമിൽ പോസ്റ്റുമായി വന്നത്. താരം തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന തരത്തിൽ “നോക്കൂ മേസൺ ഗ്രീൻവുഡ്‌ എന്താണ് എന്നോട് ചെയ്തതെന്ന്” എന്ന് പറഞ്ഞായിരുന്നു വിഡിയോകളും ഫോട്ടോസുമടക്കം ഇര പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം തന്നെ ഗ്രേയ്റ്റർ മാഞ്ചസ്റ്റർ പോലീസ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ രാത്രിയോടെ മേസൺ ഗ്രീൻവുഡിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നത്. “20 വയസ്സുള്ള ഒരാളെ ബലാത്സംഗത്തിനും ആക്രമണത്തിനും കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും” എന്നായിരുന്നു പോലീസ് സ്ഥിരീകരണം.

അതെ സമയം താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും വിലക്കിയിട്ടുണ്ട്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗ്രീൻവുഡ്‌ പരിശീലനത്തിലോ മത്സരത്തിലോ പങ്കെടുക്കില്ല എന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞത്.

താരത്തെ ഇൻസ്റാഗ്രാമിലും ട്വിറ്ററിലും ക്രിസ്റ്റിയാനോ റൊണാൾഡോയും ഡേവിഡ് ഡി ഹെയയും അടക്കമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇതിനകം അൺഫോളോ ചെയ്തു കഴിഞ്ഞു.

വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ 2021 അവാർഡ്, നമ്മുടെ ശ്രീജേഷ് ബഹുദൂരം മുന്നിൽ

വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ 2021 അവാർഡിനു വേണ്ടിയുള്ള വോട്ടെടുപ്പിൽ മലയാളിയായ പിആർ ശ്രീജേഷ് ബഹുദൂരം മുന്നിൽ. ജനുവരി പത്തിന് തുടങ്ങിയ ഓൺലൈൻ വോട്ടെടുപ്പ് ജനുവരി 31നു അവസാനിക്കും, നിലവിലെ വോട്ടുകൾ അനുസരിച്ചു ശ്രീജേഷ് മറ്റുള്ള എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞ വര്ഷം നടന്ന ഒളിമ്പികിൽ ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കലത്തിലേക്ക് നയിച്ചതാണ് ശ്രീജേഷിനെ പട്ടികയിൽ ഉൾപെടുത്താൻ കാരണം. ഇന്ത്യക്ക് വേണ്ടി 240 മത്സരങ്ങളിൽ ഏറെ വല കാത്ത ശ്രീജേഷ് ഈ അവാർഡ് വിജയിക്കുകയാണെങ്കിൽ അവാർഡ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഹോക്കി താരമായി മാറും. 2020ൽ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ റാണി റാംപാലും ഈ അവാർഡ് നേടിയിരുന്നു.

24 പേരാണ് നിലവിൽ അവാർഡിനായി മത്സരിക്കുന്നത്. ശ്രീജേഷിന് ഇതുവരെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിന്റെ ആൽബർട്ടോ ലോപസിനു അറുപത്തയ്യായിരം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ചു ശ്രീജേഷ് തന്നെ അവാർഡ് നേടും എന്നാണ് കരുതപ്പെടുന്നത്.

ശ്രീജേഷിന് വേണ്ടി ഈ ലിങ്കിൽ വോട്ട് രേഖപ്പെടുത്താം: http://bit.ly/3JVT8yV

ചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റ് പ്രീക്വാർട്ടർ അവസാനിക്കാനാവുകയാണ്. ടൂർണമെന്റ് ഫേവറൈറ്റുകൾ ആയിരുന്ന അൾജീരിയയും ഘാനയും നൈജീരിയയും എല്ലാം പുറത്തായികഴിഞ്ഞു. അതെ സമയം ടൂർണമെന്റിലെ റഫറിമാർക്കതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ എല്ലാം. മോശം റഫറീയിങ് ആണ് ടൂർണമെന്റിൽ ഉടനീളം എന്നാണ് ആരോപണം. ചുവപ്പു കാർഡുകളുടെ ആധിക്യം തന്നെയാണ് പ്രധാന കാരണമായി പറയുന്നത്. ഘാനയുടെ ഇതിഹാസ താരം മൈക്കിൽ എസിയാൻ വരെ റഫറിമാർക്കെതിരെ രംഗത്തെത്തിയിരുന്നു.

https://twitter.com/oyewole_agboola/status/1486111410417451009

ടൂർണമെന്റിൽ ഇതുവരെ 13 താരങ്ങൾ ആണ് ചുവപ്പ് കാർഡ് പുറത്തായത്. കഴിഞ്ഞ നാല് ടൂർണമെന്റുകളിൽ മുഴുവൻ പുറത്തെടുത്ത ചുവപ്പ് കാർഡുകളുടെ ആകെ തുകയാണ് ഇത്. കഴിഞ്ഞ ദിവസം നടന്ന കാമറൂൺ – കേപ് വെർഡെ മത്സരത്തിൽ പോലും രണ്ടു തവണയാണ് കേപ് വെർഡെ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു പുറത്തായത്. ടൂർണമെന്റിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ചുവപ്പ് കാർഡുകളുടെ എണ്ണം ഇനിയും കൂടെയുമെന്നുറപ്പാണ്.

ഡാനി വെൽബേക് രക്ഷക്ക്, ലെസ്റ്ററിനെതിരെ സമനിലയുമായി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിഡ്ടേബിൾ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റി – ബ്രൈറ്റൺ പോരാട്ടം സമനിലയിൽ. ലെസ്റ്ററിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. പന്ത് കൈവശം വെച്ചു കളിച്ച ബ്രൈറ്റൺ പക്ഷെ അവസരങ്ങൾ ഉണ്ടാകിയെങ്കിലും ഗോളിലേക്ക് എത്തിക്കാനാവാതെ കുഴങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെസ്റ്റർ ഗോൾ നേടി മുന്നിൽ എത്തി. ഡാകയിലൂടെയാണ് ലെസ്റ്റർ 46ആം മിനിറ്റിൽ മുന്നിൽ എത്തിയത്.

മത്സരം ലെസ്റ്റർ സിറ്റി സ്വന്തമാക്കും എന്ന നിലയിലാണ് ഡാനി വെൽബേക് ബ്രൈറ്റണിന്റെ രക്ഷക്കെത്തിയത്. അവസാന നിമിഷങ്ങളിൽ ഗോൾ നേടി ടീമിനെ രക്ഷിക്കുന്ന വെൽബേക് വീണ്ടും ബ്രൈറ്റണെ ഓപ്പമെത്തിച്ചു. 82ആം മിനിറ്റിൽ ആയിരുന്നു വെൽബെക്കിന്റെ ഗോൾ. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാഞ്ഞതാണ് ഇരു ടീമുകൾക്കും വിനയായത്.

30 പോയിന്റുമായി ബ്രൈറ്റൺ ഒൻപതാം സ്ഥാനത്തും 26 പോയിന്റുമായി ലെസ്റ്റർ പത്താം സ്ഥാനത്തുമാണ്. ലെസ്റ്റർ 2 മത്സരങ്ങൾ കുറവാണ് കളിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗിൽ റെക്കോർഡുകൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വഴിയേ.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം അവസ്ഥയിലൂടെയാണ് ടീം കടന്നു പോവുന്നത് എങ്കിലും പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ്. ഇന്നലെ നടന്ന ബ്രെന്റ്ഫോഡിന് എതിരായ മത്സരത്തോടെ പുതിയ ഒരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ വിജയിച്ച റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിൽ തന്നെയാണ്, എന്നാൽ 300 എവേ മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി മാറി ചുവന്ന ചെകുത്താന്മാർ.

ഇന്നലെ ബ്രെന്റഫോഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ യുണൈറ്റഡ് തങ്ങളുടെ 300മത്തെ എവേ വിജയമായിരുന്നു സ്വന്തമാക്കിയത്. 1992ൽ പ്രീമിയർ ലീഗ് തുടങ്ങിയതിന് ശേഷം ഇതുവരെ 567 പ്രീമിർ ലീഗ് എവേ മത്സരങ്ങൾ ആണ് യുണൈറ്റഡ് കളിച്ചിട്ടുള്ളത്. അതിൽ 300 എണ്ണം വിജയിച്ചപ്പോൾ 122 എണ്ണം പരാജയപ്പെടുകയും 146 മത്സരങ്ങൾ സമനിയിൽ കലാശിക്കുകയും ചെയ്തു. 964 ഗോളുകൾ അടിച്ചപ്പോൾ 618 ഗോളുകൾ യുണൈറ്റഡ് വഴങ്ങുകയും ചെയ്തു.

എവേ വിജയങ്ങളുടെ എണ്ണത്തിൽ ചെൽസിയാണ് രണ്ടാമതുള്ളത്, 259 വിജയങ്ങളാണ് ചെൽസിയുടെ പേരിൽ ഉള്ളത്. ആഴ്‌സണൽ 246 വിജയങ്ങൾ, ലിവർപൂൾ 239 വിജയങ്ങൾ, മാഞ്ചസ്റ്റർ സിറ്റി 188 വിജയങ്ങൾ – എന്നീ ടീമുകൾ ആണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

മെസ്സിയില്ലാതെ അർജന്റീന; ബ്രൈറ്റൺ താരം മാക് അലിസ്റ്റർ ടീമിൽ

ചിലിക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള 31 അംഗ ടീമിനെ അർജന്റീന പ്രഖ്യാപിച്ചു. കോച്ച് ലയണൽ സ്‌കളോണി പ്രഖ്യാപിച്ച ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിൽ നിന്നും കഴിഞ്ഞയാഴ്‌ച മുക്തനായ മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. അതേസമയം യുവന്റസ് താരം ഡിബാല ടീമിലേക്ക് തിരിച്ചെത്തി

ബ്രൈറ്റൺ മധ്യനിരയിലെ താരം അലക്സിസ് മാക് അലിസ്റ്ററിനെ ടീമിൽ ഉൾപ്പെടുത്തി. ബ്രൈറ്റണ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ദേശീയ ടീമിലേക്ക് വഴി തെളിയിച്ചത്. മെസ്സിക്ക് പുറമെ റൊമേറോ, നിക്കോ ഡൊമിൻഗ്വസ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

 

സീരി എയിൽ നിന്നും ഏഴു താരങ്ങൾക്കാണ് ടീമിൽ ഇടം നൽകിയത്. ഡിബാലക്ക് പുറമെ ലൗതരോ മർട്ടിനെസ്, ലൂക്കാസ് മർട്ടിനെസ്, നിക്കോളാസ് ഗോണ്സാലസ്, ഹുവാൻ മുസ്സോ, മൊലിന, ടുകു കൊറെയ എന്നിവരാണ് ടീമിൽ സീരി എയിൽ നിന്നും ഇടം നേടിയത്.

ഈ മാസം 28ന് ചിലിക്കെതിരെയും ഫെബ്രുവരി 2നു കൊളംബിയക്കെതിരെയും ആണ് അർജന്റീനയുടെ മത്സരങ്ങൾ. അർജന്റീന ഇതിനകം ലോകകപ് യോഗ്യത നേടിയിട്ടുണ്ട്.

 

റഫറീയിങ്ങിൽ ഇനി വനിതാ വിപ്ലവം! ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ചരിത്രം കുറിച്ച് സലീമ മുകൻസാങ

റുവാണ്ടയുടെ സലീമ മുകൻസാങ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ചരിത്രം കുറിച്ചിരിക്കുയാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ വനിതാ റഫറിയായിരിക്കുകയാണ് സലീമ മുകൻസാങ എന്ന 35 വയസുകാരി. ഇന്നലെ നടന്ന സിംബാബ്‌വെ – ഗിനിയ മത്സരമാണ് സലീമ നിയന്ത്രിച്ചത്. മികച്ച രീതിയിൽ മത്സരം നിയന്ത്രിച്ച സലീമ കടുത്ത തീരുമാനങ്ങൾ എടുക്കുകയും കളിക്കാർക്ക് ആറു മഞ്ഞ കാർഡുകൾ നൽകുകയും ചെയ്തു.

മറ്റുള്ള മാച്ച് ഒഫിഷ്യൽസും വനിതകൾ തന്നെയായിരിക്കും എന്നായിരുന്നു CAF തിങ്കളാഴ്ച പറഞ്ഞിരുന്നത് എങ്കിലും മറ്റു രണ്ടു പുരുഷ റഫറിമാരുടെ കൂടെ മാച് ബാളും പിടിച്ചു കൊണ്ടാണ് സലീമാ മത്സരം നിയന്ത്രിക്കാൻ എത്തിയത്. മത്സരത്തിൽ സിംബാബ്‌വെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയിച്ചിരുന്നു.

വീണ്ടും ഗോളടിക്കാൻ മറന്ന് പോട്ടറാശാന്റെ ബ്രൈറ്റൺ! ചെൽസിയെ വിറപ്പിച്ച സമനിലയുമായി സീഗൾസ്

ഗോൾ പോസ്റ്റ് ഇല്ലാത്ത ഒരു ഫുട്ബോൾ മത്സരം നടക്കുകയെങ്കിൽ വിജയി ബ്രൈറ്റൺ തന്നെയായിരിക്കും എന്നത് വീണ്ടും തെളിയിച്ച് ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ ചെൽസിക്കെതിരെയാ പ്രീമിയർ ലീഗ് മത്സരത്തിലും അത് തന്നെയാണ് കണ്ടത്. എന്നിരുന്നാലും ശക്തരായ ചെൽസിയെ സമനിലയിൽ കുരുക്കാൻ ഗ്രഹാം പോട്ടറിനും സംഘത്തിനുമായി. ഇന്ത്യൻ സമയം പുലർച്ചെ 1.30നു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സാമ്‌നയിൽയിൽ പിരിയുകയായിരുന്നു. നീൽ മൗപേയും ട്രോസാർഡും ഇല്ലാതെ പകരം ഡാനി വെൽബെക്കും സ്റ്റീവൻ അൾസറ്റെയും ഉൾപ്പെടുത്തിയാണ് ഗ്രഹാം പോട്ടർ ടീം ഇറക്കിയത്.

ശക്തരായ ചെൽസിക്കെതിരെ വ്യക്തമായ മേധാവിത്തതോടെയാണ് ബ്രൈറ്റൺ മത്സരം തുടങ്ങിയത്. ആദ്യ നിമിഷം മുതൽ ഗോൾ ചാൻസുകൾ ക്രിയേറ്റ് ചെയ്തു കളിച്ച ബ്രൈറ്റൺ പക്ഷെ ഗോൾ അടിക്കാനാവാതെ കുഴങ്ങി. മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ബ്രൈറ്റൺ ഗോൾ കീപ്പർ സാഞ്ചസ് വരുത്തിയ ഒരു പിഴവിൽ നിന്നും ഹകീം സീയെച് ഗോൾ നേടി 27ആം മിനിറ്റിൽ ചെൽസിയെ മുന്നിൽ എത്തിച്ചു. കാന്റെയുമായി വൺ റ്റു പാസ് കളിച്ച സീയെച് പോസ്റ്റിലേക്ക് ഷോട്ട് എടുത്തതും ഗോൾ കീപ്പറുടെ പിഴവിൽ പന്ത് ഗോളിലേക്ക് കയറി. ആദ്യ പകുതിയിൽ ചെൽസി മുന്നിൽ.

രണ്ടാം പകുതിയിൽ സമനില ഗോളിനായി പൊരുതിയ ബ്രൈറ്റൺ അറുപതാം മിനിറ്റിൽ തിരിച്ചടിച്ചു. മാക് അലിസ്റ്റർ എടുത്ത ഒരു മികച്ച കോർണറിൽ, ഒരു ഫ്രീ ഹെഡർ ആദം വെബ്സ്റ്ററിന്റെ വക. ഗോൾ. സ്‌കോർ 1-1. തുടർന്ന് സമനില പൂട്ട് പൊട്ടിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല.

സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിലും ബ്രൈറ്റൺ ചെൽസിയെ സമനിയിൽ തളച്ചിരുന്നു. നിലവിൽ 21 മത്സരങ്ങളിൽ നിന്നും 29 പോയിന്റോടെ ബ്രൈറ്റൺ ലീഗ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അതെ സമയം 23 മത്സരങ്ങളിൽ നിന്നും 44 പോയിന്റോടെ ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

 

Exit mobile version