എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് വെംബ്ലിയിൽ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ടെൻ ഹാഹ് പെപിന്റെ ടീമിനെ വീഴ്ത്തിയത്. ടീനേജ് താരങ്ങളായ ഗർനാചോയും മൈനോയും ആണ് യുണൈറ്റഡിനായി വലകുലുക്കിയത്.

ഇന്ന് നീണ്ടകാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫസ്റ്റ് ചോഴ്സ് സെന്റർ ബാക്കുകളുമായി ഇറങ്ങിയ മത്സരമായിരുന്നു. വരാനെയും ലിസാൻഡ്രോയും ഡിഫൻസിൽ വന്നതു കൊണ്ട് തന്നെ യുണൈറ്റഡ് മികച്ച രീതിയിൽ ഇന്ന് മത്സരം ആരംഭിച്ചു. മുൻ മത്സരങ്ങളിലെ പോലെ എതിരാളികൾക്ക് ഏറെ അവസരം നൽകുന്ന ഒരു യുണൈറ്റഡിനെ അല്ല ഇന്ന് കണ്ടത്. കളിയിൽ അവർ 30ആം മിനുട്ടിൽ ആണ് മുന്നിൽ എത്തുന്നത്.
ഒരു ലോംഗ് ബോൾ മാഞ്ചസ്റ്റർ സിറ്റി ഡിഫൻസും അവരുടെ ഗോൾ കീപ്പറും തമ്മിൽ ഒരു ആശയകുഴപ്പത്തിനു കാരണമായി. ഗ്വാർഡിയോൾ ഗോൾകീപ്പർ ഒർട്ടേഗയ്ക്ക് ആയി ഹെഡ് ചെയ്ത് കൊടുത്ത് പന്ത് എന്തിയത് ഗർനാചോയുടെ കാലിൽ. മുന്നിൽ ഒഴിഞ്ഞ പോസ്റ്റ്. 19കാരന് പിഴച്ചില്ല. യുണൈറ്റഡ് 1-0ന് മുന്നിൽ.
39ആം മിനുട്ടിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ടീമിന്റെ ഒരു മനോഹരമായ നീക്കമാണ് ഗോളിൽ എത്തിയത്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പകരം വെക്കാൻ കഴിയാത്ത ഒരു ചീകി പാസ് കോബി മൈനൂ വലയിൽ എത്തിച്ചു. മറ്റൊരു 19കാരൻ. സ്കോർ 2-0.
ആദ്യ പകുതിയിൽ കളി 2-0ൽ യുണൈറ്റഡിന് അനുകൂലമായി നിന്നു. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 59ആം മിനുട്ടിൽ വാൽക്കറിന്റെ ഷോട്ട് ഒനാന സേവ് ചെയ്യുകയും ചെയ്തു. സ്കോഎ ർ 2-0ൽ തുടർന്നു.

പരിക്ക് കാരണം ലിസാൻഡ്രോ കളം വിടേണ്ടി വന്നത് യുണൈറ്റഡിന് തിരിച്ചടിയായി. യുണൈറ്റഡ് റാഷ്ഫോർഡിനെയും ലിസാൻഡ്രോയെയും പിൻവലിച്ച് ഹൊയ്ലുണ്ടിനെയും ഇവാൻസിനെയും കളത്തിൽ ഇറക്കി.
അവസാനം സിറ്റി സമ്മർദ്ദം ഉയർത്തി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. ഡോകുവിലൂടെ 86ആം മിനുട്ടിൽ സിറ്റി ഒരു ഗോൾ മടക്കി. പെനാൾട്ടി ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടാണ് സിറ്റിക്ക് ഗോൾ നൽകിയത്. സ്കോർ 2-1.
കളി ആവേശകരമായ അന്ത്യ നിമിഷങ്ങളിലേക്ക് കടന്നു. സിറ്റി തുടരെ തുടരെ യുണൈറ്റഡ് ബോക്സിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിക്കാനായി ലിൻഡെലോഫിനെയും മൗണ്ടിനെയും കളത്തിൽ ഇറക്കി. പതറാതെ യുണൈറ്റഡ് വിജയം ഉറപ്പിക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 13ആം എഫ് എ കപ്പ് കിരീടമാണ് ഇത്. ഈ വിജയം എറിക് ടെൻ ഹാഗിന് തന്റെ ജോലി നിലനിർത്താനും സഹായകമാകും. രണ്ട് സീസണിൽ നിന്ന് ടെൻ ഹാഗിന്റെ യുണൈറ്റഡിലെ രണ്ടാം കിരീടമാണിത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ലീഗ് കപ്പും ടെൻ ഹാഗിനു കീഴിൽ നേടിയിരുന്നു.