ചരിത്രം വഴിമാറി!! പെലെയെ മറികടന്ന നെയ്മർ ബ്രസീലിന്റെ ടോപ് സ്കോറർ

ബ്രസീലിയൻ ഫുട്‌ബോളിൽ പുതു ചരിത്രം എഴുതി നെയ്മർ. ഇന്ന് 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ രണ്ട് സുപ്രധാന ഗോളുകൾ നേടി നെയ്മർ ജൂനിയർ, ബ്രസീലിനെ വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, ഒപ്പം ഇതിഹാസതാരം പെലെയെ മറികടന്ന് നെയ്മറെ സെലെക്കാവോയുടെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി ഉറപ്പിക്കുകയും ചെയ്തു.

പെലെയുടെ 78 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് ബ്രസീലിന്റെ ടോപ് സ്കോറർ പട്ടികയുടെ മുകളിൽ നെയ്മർ എത്തി. 125 മത്സരങ്ങളിൽ നിന്ന് ആണ് നെയ്മർ 79 ഗോളുകൾ തന്റെ രാജ്യത്തിനായി നേടിയത്. പരിക്ക് നിരന്തരം അലട്ടിയില്ലായിരുന്നു എങ്കിൽ നെയ്മർ എന്നേ ഈ റെക്കോർഡ് മറികടന്നേനെ. തന്റെ ഗോൾ സ്‌കോറിംഗ് വൈദഗ്ധ്യത്തിന് അപ്പുറം, രാജ്യത്തിനായി 56 അസിസ്റ്റുകളും നെയ്മർ നൽകിയിട്ടുണ്ട്‌.

ലോകത്തുള്ള എല്ലാ രാജ്യത്തും ഒരു സ്റ്റേഡിയത്തിനു പെലെയുടെ പേര് നൽകാൻ ഫിഫ നിർദേശം നൽകും

അടുത്ത് അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം പെലെക്ക് ഏറ്റവും മികച്ച ആദരവ് നൽകാൻ ഫിഫ ശ്രമം. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഉള്ള ഏതെങ്കിലും ഒരു സ്റ്റേഡിയത്തിനു പെലെയുടെ പേര് നൽകാൻ തങ്ങൾ നിർദേശം നൽകും എന്നു ഫിഫ അറിയിച്ചു.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ആണ് ഈ കാര്യം അറിയിച്ചത്. നിലവിൽ ബ്രസീലിൽ അടക്കം പല രാജ്യങ്ങളിലും നിരവധി സ്റ്റേഡിയങ്ങൾക്ക് പെലെയുടെ പേര് ഉണ്ട്. ഇത്തരം ഒരു സംഗതി പ്രാവർത്തികം ആയാൽ അത് പെലെക്ക് നൽകുന്ന ഏറ്റവും വലിയ ആദരവ് ആവും അത്.

ഫുട്ബോളിലെ ഗോൾഡൻ പ്ലെയർ (1940 – 2022 )

ഫുട്ബോൾ കളിക്കാരെ ഗോട്ട് എന്നു മുദ്രകുത്തുന്നതിനും, അത് കഴിഞ്ഞു അവരെ കട്ട്ഔട്ടുകളായി ഉയർത്തുന്നതിന് മുൻപേ കളിക്കളത്തിൽ നിറഞ്ഞാടിയ ഒരേയൊരു ലോക ഫുട്ബോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാന്റോസ് മുതൽ കോസ്മോസ് വരെയും, സാവോപോളോ മുതൽ ഭൂഗോളം മുഴുവനും നിറഞ്ഞു നിന്ന കറുത്ത മുത്ത്, പെലെ. ലോക ഫുട്ബാളിൽ ഇത്രയും അറിയപ്പെടുന്ന ഒരു കളിക്കാരൻ പിന്നീട് ഉണ്ടായോ എന്നത് തർക്കമുള്ള കാര്യമാണ്.

ഫുട്ബോൾ ഒരു ലോക കായിക വിനോദമായി വളരാൻ വരെ കാരണമായ ഒരാളെ, പിന്നീടുള്ള മികച്ച കളിക്കാരുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. മൂന്ന് ലോക കപ്പ് നേടിയ മറ്റൊരു കളിക്കാരനെ ചൂണ്ടിക്കാണിക്കാൻ ആകില്ല എന്നത് തന്നെ പെലെയുടെ ഔന്നത്യം വിളിച്ചു പറയുന്നു. ടെലിവിഷൻ, കളികളെ പിന്തുടരുന്നതിനു മുൻപേ കളിച്ചു തുടങ്ങിയത് കൊണ്ട് പെലെയുടെ കളി ജനം കാണാതെ പോയില്ല. പെലെ കളിക്കുന്ന ദിവസങ്ങളിൽ ബ്രസീൽ നഗരങ്ങൾ അവധി പ്രഖ്യാപിക്കാറുണ്ടായിരുന്നു എന്നത് ഇന്ന് നമുക്ക് അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കൂ. ആ കളിക്കാരൻ കളിക്കുന്നുണ്ടെങ്കിൽ, പിറ്റേ ദിവസത്തെ പത്രങ്ങളിൽ മുൻപേജിൽ സ്ഥലം നേരത്തെ മാറ്റി വയ്ക്കുമായിരുന്നു. പെലെയുടെ സിസ്സർ കട്ട് കയറാത്ത മുൻപേജുള്ള ഒരു പത്രവും ഈ ലോകത്തുണ്ടാകില്ല. ആ നിശ്ചല ചിത്രങ്ങളിലൂടെയാണ് നമ്മളിൽ ഭൂരിഭാഗവും പെലെ എന്ന കളിക്കാരനെ അറിഞ്ഞതും, അദ്ദേഹത്തിന്റെ കളികളിൽ ആവേശം കൊണ്ടതും.

പെലെ ഒരു ബ്രസീലിയൻ കളിക്കാരൻ എന്നതിലുപരി, എല്ലാ നാട്ടുകാരുടെയും കളിക്കാരനായിട്ടാണ് ലോകം കരുതി വന്നിരുന്നത്. കടലാസ്സ് പന്തും, സോക്സ് കുത്തി നിറച്ച തുണി പന്തുകളും, ബബ്ലൂസ് നാരങ്ങ കൊണ്ടും വരെ കളിച്ചു വളർന്ന സാവോപോളോയിലെ ദരിദ്ര കുടുംബത്തിലെ ആ ബാലൻ, ലോക കായിക മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന കളിക്കാരനായി, അതും ഇന്നത്തെയത്ര വാർത്താമാധ്യമങ്ങൾ ഇല്ലാത്ത കാലത്ത്. തെരുവുകളിൽ കളിച്ചു നടന്നു, പിന്നീട് ഫിഫയുടെ നൂറ്റാണ്ടിന്റെ കളിക്കാരനും, ഒളിമ്പിക് കമ്മിറ്റിയുടെ നൂറ്റാണ്ടിലെ കായിക താരവും, ടൈം മാഗസിനിലെ ലോകത്തെ 100 പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായും വളർന്ന പെലെയുടെ ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞ ഒന്നായിരുന്നില്ല.

പക്ഷെ, ലോക ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും നീണ്ട കാലം, അതായത് കളിച്ചു തുടങ്ങിയ കാലം മുതൽ, കളി നിറുത്തി കഴിഞ്ഞു മരണം വരെയും ഫുട്ബോൾ സംബന്ധിച്ചുള്ള ചർച്ചകളിൽ പരാമർശിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല. സാങ്കേതിക വിദ്യയുടെ സഹായത്താലും, ശാരീരിക ക്ഷമതയുടെ ശക്തിയാലും ഈ മനോഹര കളി പെലെയുടെ നാളുകളേക്കാൾ വളരെ മുന്നോട്ട് പോയി എന്ന കാര്യത്തിൽ സംശയമില്ല. പുത്തൻ താരങ്ങൾ ഒരുപാട് ഫുട്ബോൾ കളങ്ങളിൽ നിന്ന് ഉയരുകയും ചെയ്തു. അവർക്ക് ഗോൾഡൻ ബൂട്ടുകളും, ഗോൾഡൻ പന്തുകളും നൽകി നമ്മൾ ആദരിക്കുകയും ചെയ്തു. എന്നിരുന്നാൽ, ലോക ഫുട്ബാളിൽ ഗോൾഡൻ പ്ലെയർ എന്ന് അന്നും, ഇന്നും, എന്നും വിളിക്കാൻ അർഹനായ ഒരേ ഒരു കളിക്കാരൻ പെലെ എന്ന എഡ്സൺ ആരാന്റസ് ഡോ നാസിമെന്റോ മാത്രമാണ്. ഫുട്ബോൾ ലോകവും കായിക ലോകവും ഒരുപോലെ ഈ മന്ത്രികനോട് കടപ്പെട്ടിരിക്കുന്നു എന്ന് തീർച്ചയായും പറയാവുന്നതാണ്. നന്ദി പെലെ, താങ്കളുടെ കളിയടക്കത്തിനും ഫുട്ബോളിനും.

പെലെ ഇനിയില്ല, ഒരു ഇതിഹാസം കൂടെ വിടവാങ്ങി!!!

ബ്രസീൽ : ഫുഡ്ബോൾ പ്രേമികളെ എല്ലാം സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് സാവോ പോളൊയിൽ നിന്നും വരുന്നത്.

ഏറേ നാളായി കാൻസർ ചികിത്സയിലായിരുന്ന ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരിന്നു. ഏതാണ്ട് ഒരു മാസത്തോളമായി ആശുപത്രി വാസത്തിലായിരുന്നു പെലെ‌. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബാംഗങ്ങൾ പുറത്ത് വിട്ട വാർത്തകൾ ഒന്നും ശുഭകരമായിരുന്നില്ല. പ്രാർത്ഥനകളുമായി ബ്രസീലും, മുഴുവൻ ഫുട്ബോൾ പ്രേമികളും കാത്തിരുന്നത് പെലെയുടെ തിരിച്ചുവരവിനായിരുന്നു.

മൂന്ന് തവണ ലോക കിരീടം നേടിയ പെലെയുടെ പേരിലുള്ള റെക്കോർഡുകൾ നിരവധിയാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച‌ കായിക താരങ്ങളിലൊരാളായ പെലെയുടെ വിയോഗം ലോകത്തെയാകെ വിങ്ങലിലാക്കിയിരിക്കുകയാണ്.

ഇതിഹാസത്തിന് ആദരാഞ്ജലികൾ !!

പെലെയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നു എന്ന് ആശുപത്രി

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ഈ ക്രിസ്മസ് ആശുപത്രിയിൽ ചെലവഴിക്കുമെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ ടീമും കുടുംബവും അറിയിച്ചു. ക്യാൻസർ ബാധിതനായ പെലെയുടെ ക്യാൻസർ കൂടുതൽ വഷളാകുന്നതായി ആശുപത്രി അറിയിച്ചു‌ 82 കാരനായ പെലെക്ക് വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനയുമായി ബന്ധപ്പെട്ട് കൂടുതൽ പരിചരണം ആവശ്യമാണെന്ന് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി പറഞ്ഞു.

എന്നാൽ പെലെ തീവ്രപരിചരണത വിഭാഗത്തിൽ അല്ല ഉള്ളത് എന്നും ആശുപത്രി പറഞ്ഞു. പെലെയെ ഈ കഴിഞ്ഞ നവംബർ 29ന് ആയിരുന്നു സാവോ പോളോയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. നേരത്തെ പെലെ ഇന്റസീവ് കെയറിൽ ആണെന്നും വെന്റിലേറ്ററിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ വാർത്തകൾ കുടുംബവും ആശുപത്രിയും നിഷേധിച്ചിരുന്നു.

പെലെക്ക് ശേഷം ഗാവി, സ്പാനിഷ് യുവതാരത്തിനു പുതിയ നേട്ടം കൂടി.

ഖത്തർ ലോകകപ്പിൽ സ്പാനിഷ് ടീമിന് ആയി പ്രീ ക്വാർട്ടർ കളിക്കാൻ ഇറങ്ങിയ ഗാവി പുതിയ നേട്ടം കുറിച്ചു. ഫുട്‌ബോൾ രാജാവ് പെലെക്ക് ശേഷം ലോകകപ്പ് നോക്ക് ഔട്ട് ഘട്ടത്തിൽ ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി.

നിലവിൽ 18 വർഷവും 123 ദിവസവും പ്രായമുള്ളപ്പോൾ ആണ് ഗാവി മൊറോക്കോക്ക് എതിരെ കളിക്കാൻ ഇറങ്ങിയത്. 1958 ലോകകപ്പ് ഫൈനൽ കളിക്കാൻ ഇറങ്ങുമ്പോൾ പെലെക്ക് 17 വർഷവും 249 ദിവസവും മാത്രം ആയിരുന്നു പ്രായം. നേരത്തെ പെലെക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഗാവി മാറിയിരുന്നു.

പെലെയുടെ നില ആശങ്കയിൽ, ചികത്സയോട് പ്രതികരിക്കുന്നില്ല

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നില കൂടുതൽ ഗുരുതരം ആയത് ആയി റിപ്പോർട്ടുകൾ. കീമോതെറാപ്പിയോട് പെലെ നിലവിൽ പ്രതികരിക്കുന്നില്ലെന്നും വേദന കുറക്കാനായി താരത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത് ആയും ആണ് റിപ്പോർട്ടുകൾ.

ക്യാൻസർ പെലെയുടെ ശ്വാസകോശം, കരൾ എന്നിവയെ വലിയ രീതിയിൽ ആണ് ബാധിച്ചത്. നിലവിൽ ക്യാൻസറിന് ആയി പെലെക്ക് ആയി ഒരു ചികത്സയും നൽകാൻ ആവില്ല എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ റിയോയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഫുട്‌ബോൾ രാജാവിന് ആയി പ്രാർത്ഥനയോടെയാണ് ആരാധകർ.

പെലെ ആശുപത്രിയിൽ, നില മോശമാണ് എന്നും റിപ്പോർട്ടുകൾ

ഫുട്‌ബോൾ ഇതിഹാസം പെലെയെ ബ്രസീലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യവും മോശമാണ് എന്നും റിപ്പോർട്ടുകൾ. നിലവിൽ പെലെയുടെ ആരോഗ്യം ഓരോ നിമിഷം കൂടുമ്പോൾ വഷളാവുക ആണെന്നാണ് റിപ്പോർട്ട്.

82 കാരനായ പെലെ കാൻസർ ചികത്സയിൽ ആയിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ടൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തിരുന്നു. നിലവിൽ ഹൃദയ സംബന്ധമായ പ്രശ്നം കാരണം ആണ് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പെലെയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പെലെ ആശുപത്രി വിട്ടു

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെല ആശുപത്രി വിട്ടു. ട്യൂമറിനും മൂത്രനാളിയിലെ അണുബാധയും കാരണം രണ്ടാഴ്ച ആയി അദ്ദേഹം സാവോപോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 81-കാരനായ ഇതിഹാസ താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മൂത്രാശയ അണുബാധയിൽ നിന്ന് താരം മോചനം നേടി എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോളൻ ട്യൂമറിന് ചികിത്സ അദ്ദേഹം തുടരും‌. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കണ്ടെത്തിയ ട്യൂമറിന് കീമോതെറാപ്പിക്ക് വേണ്ടി ഫെബ്രുവരി 13 ന് ആയിരുന്നു പെലെ ആശുപത്രിയിൽ വീണ്ടും അഡ്മിറ്റ് ആയത്.

നെയ്മറിന്റെ ഡൈവിങ് ന്യായീകരിക്കാനാവാത്തത്- പെലെ

ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ കളിക്കളത്തിൽ നടത്തുന്ന ഡൈവിങ്ങുകൾ ന്യായീകരിക്കാനാവില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം പെലെ. 2018 ലോകകപ്പിൽ നെയ്മറിന്റെ ഇത്തരം നടപടികൾ ഏറെ വിമർശങ്ങൾക്ക് വിധേയമായിരുന്നു. ബ്രസീലിയൻ പത്രത്തോട് സംസാരിക്കവെയാണ് ഫുട്‌ബോൾ ഇതിഹാസം നെയ്മറിനെ കുറിച്ച് വിമർഷനാത്മക നിരീക്ഷണങ്ങൾ നടത്തിയത്‌.

ഫുട്‌ബോൾ കളിക്കുന്നതിന് അപ്പുറം നെയ്മർ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുക എന്നത് പ്രയാസമാണ്, നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയിൽ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫുട്‌ബോൾ ദൈവം നിനക്ക് ധാരാളം കഴിവുകൾ തന്നു, എന്തിനാണ് അവയെ ഇങ്ങനെ സങ്കീർണമാക്കുന്നത് എന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി.

വിമർഷിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താൻ പെലെ മറന്നില്ല. എംബപ്പേയേക്കാൾ മികച്ച കളിക്കാരനാണ് നെയ്മർ, എംബപ്പേയേക്കാൾ പരിപൂർണ്ണമായ കളിക്കാരനാണ് നെയ്മർ എന്നും പെലെ നിരീക്ഷിച്ചു.

Exit mobile version