ജേർണലിസ്റ്റ് ജേർണലിസത്തെക്കാൾ വലുതാകുമ്പോൾ

കഴിഞ്ഞ ദിവസം ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ഒരു വാർത്ത പത്രങ്ങളിൽ വന്നു, ജേർണലിസ്റ്റ് ബോറിയ മജൂംദാറിനെ ബാൻ രണ്ടു വർഷത്തേക്ക് ബാൻ ചെയ്യാൻ പോകുന്നു. ഔദ്യാഗിക വിശദീകരണം വന്നിട്ടില്ല, പക്ഷെ ബിസിസിഐ നിയമിച്ച അന്വേഷണ കമ്മിറ്റി ബോറിയയെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി എന്നായിരുന്നു വാർത്ത.

രണ്ടു മാസം മുൻപ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയിരുന്ന വൃദ്ധിമാൻ സഹ ചെയ്ത ഒരു കൂട്ടം ട്വീറ്റുകളാണ് തുടക്കം. തന്നെ ഒരു സീനിയർ സ്പോർട്സ് ജേർണലിസ്റ്റ് ഭീഷണിപ്പെടുത്തി എന്നും, ഇത്രയും നാൾ രാജ്യത്തിന് വേണ്ടി കളിച്ച താൻ ഇത് അർഹിക്കുന്നുണ്ടോ എന്നായിരുന്നു സാഹയുടെ ചോദ്യം. ജേർണലിസ്റ്റ് അയച്ചെന്ന് പറയപ്പെടുന്ന മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടും സാഹ ഷെയർ ചെയ്തിരുന്നു.
Profile2
അത് പ്രകാരം, തനിക്കു ഇന്റർവ്യൂ തരാത്ത നിന്നെ ഞാൻ ഓർത്തു വയ്ക്കുമെന്നും, ഇത് നിന്റെ നല്ലതിനല്ലെന്നും അയാൾ ഭീഷണിപ്പെടുത്തിയെന്നും പേര് വെളിപ്പെടുത്താതെ സാഹ പറഞ്ഞു. പക്ഷെ ടെക്സ്റ്റ് മെസ്സേജിന്റെ സ്പെല്ലിങ്ങുകളും മറ്റും വച്ച് പലരും അത് ബോറിയ തന്നെ എന്ന് ഉറപ്പിച്ചിരുന്നു.

സാഹയെ പിന്തുണച്ചു പ്രമുഖ കളിക്കാരും, കളിക്കാരുടെ സംഘടനയും വന്നതോടെ ബിസിസിഐ ഒരു അന്വേഷണ കമ്മിറ്റിയെ വച്ച്. കമ്മിറ്റി മുൻപാകെ സാഹ ബോറിയയുടെ പേര് വെളിപ്പെടുത്തി. ബോറിയ സ്വയം ഒരു വീഡിയോ വഴി സമൂഹ മധ്യത്തിൽ കുറ്റം മുഴുവൻ സാഹയുടെ തലയിൽ ചാർത്താനും ശ്രമം നടത്തി. അവസാനം കിട്ടുന്ന വർത്തയനുസരിച്ചു, ബോറിയയെ കളിക്കളങ്ങളിൽ നിന്നും കളിക്കാരിൽ നിന്നും രണ്ടു വർഷത്തേക്ക് ബാൻ ചെയ്യുമെന്ന് കേൾക്കുന്നു.

ഇന്ത്യയുടെ സ്പോർട്സ് ജേർണലിസ്റ്റുകളുടെ നീണ്ട നിരയിൽ ഒരിക്കലും ആദ്യത്തെ പകുതിയിൽ എവിടെയും വരാൻ സാധ്യതയില്ലാത്ത ഒരു ജേര്ണലിസ്റ്റാണ് ബോറിയ എന്ന് ആദ്യമേ പറയേണ്ടി വരും. മൾട്ടി മീഡിയ സ്പോർട്സ് ജേർണലിസം ആദ്യമേ മനസ്സിലാക്കി എന്നത് മാത്രമാണ് ബോറിയയുടെ അഡ്വാന്റേജ്‌. പ്രധാനമായും ക്രിക്കറ്റ് കാലികളെയും, അതിലേറെ കളിക്കാരെയും റിപ്പോർട്ട് ചെയ്ത് പ്രശസ്തി നേടിയ ഒരാൾ. കളിയുടെ വിശകലനത്തെക്കാൾ, കളിക്കാരുടെ കഥകൾ എഴുതിയാണ് ബോറിയ വലുതായതു. ജേർണലിസത്തിന്റെ അർഥം തന്നെ മാറിയ ഈ കാലഘട്ടത്തിൽ എഴുത്തിനേക്കാൾ സ്ക്രീൻ പ്രെസെൻസിനു പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കി പെരുമാറി ബോറിയ മുന്നേറി.

ഇത് വഴി താൻ കളിയെക്കാളും, കളിക്കാരേക്കാളും വലുതാണ് എന്ന് തെറ്റിദ്ധരിച്ചതാണ് ഇപ്പോൾ നടന്ന സംഭവങ്ങൾക്ക് ആധാരം. ബോറിയക്കെതിരെ നടപടി എടുക്കും എന്ന് പറയുന്ന ബിസിസിഐയും ഒരു പരിധി വരെ ഇതിൽ കക്ഷിയാണ്. കളിക്കാർക്ക് കൊടുക്കേണ്ട ബഹുമാനം അവർക്കും കൊടുക്കാൻ മടിയാണല്ലോ.

ഇനിയെങ്കിലും യഥാർത്ഥ ജേർണലിസ്റ്റുകളെ തിരിച്ചറിഞ്ഞു കളി അറിയാവുന്നവരെ മനസ്സിലാക്കി അവരുടെ എഴുത്തിനു പ്രാധാന്യം കൊടുക്കുക. ഇത്തരം പുഴുക്കുത്തുകളെ തിരിച്ചറിഞ്ഞു പുറത്തു കളയുക. സാഹയെ പോലെ ഇത്രയും സീനിയർ ആയ ഒരു കളിക്കാരനാണ് ഇത് നേരിടേണ്ടി വന്നത്, അപ്പോൾ പുതിയ കളിക്കാർ ഇത്തരം ഫ്രോഡുകളിൽ നിന്ന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒന്ന് ഓർത്തു നോക്കുക.

കെ ടി എ സീനിയർ ടെന്നീസ് ടൂർണമെന്റ് അടുത്ത മാസം

തിരുവനന്തപുരം കേരള ടെന്നീസ് അക്കാദമി സംഘടിപ്പിക്കുന്ന സീനിയർ മെൻസ് ടെന്നീസ് ടൂർണമെന്റ് മെയ് 14, 15 തിയ്യതികളിൽ കുമാരപുരത്തുള്ള ടെന്നീസ് അക്കാദമിയിൽ വച്ച് നടക്കുന്നതാണ്. 30+, 40+, 50+ എന്നീ വിഭാഗങ്ങളിൽ സിംഗിൾസ് & ഡബിൾസ് കളികൾക്കായി നടക്കുന്ന ടൂർണമെന്റിൽ ട്രോഫികൾക്കു പുറമെ അൻപതിനായിരം രൂപയുടെ പ്രൈസ് മണിയുമുണ്ട്.

കേരള ടെന്നീസ് അക്കാഡമിയുടെ ഫ്ലഡ്ഡ് ലിറ്റ്, കവേർഡ്, സിന്തെറ്റിക്ക് കോർട്ടുകളിൽ നടക്കുന്ന ടൂർണമെന്റിൽ പേര് കൊടുക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 10 ആണ്. കളിക്കാൻ താല്പര്യമുള്ള ടെന്നീസ് കളിക്കാർ 9846601851 അല്ലെങ്കിൽ 7012686264 എന്നീ നമ്പറുകളിലേക്ക് പേരുകൾ വാട്സാപ്പ് ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു.

ബീയിങ് അബ്യുസിവ് ‡ ബീയിങ് അഗ്രസീവ്

ഇന്ത്യക്കാർ അഗ്രസ്സീവ് അല്ല എന്ന പരാതി പണ്ട് ഉണ്ടായിരുന്നു. ജീവിതത്തിൽ, കച്ചവടത്തിൽ, കളിക്കളത്തിൽ എല്ലാം ഒരു തണുപ്പൻ സമീപനമാണ് നമുക്ക് ഉണ്ടായിരുന്നത്. 90കളിലാണ് ഇതിനു പതിയെ മാറ്റമുണ്ടായത്. എന്തിനു അധികം പറയുന്നു, നമ്മുടെ സർക്കാർ പോലും ആയിടക്കാണ് നമ്മുടെ എക്കൊണമി ഓപ്പൺ ചെയ്യുന്നതിന് നടപടികൾ എടുത്തു തുടങ്ങിയത്. ഇന്ത്യൻ ജനതയുടെ കാഴ്ചപ്പാട് എല്ലാ മേഖലകളിലും അതിനു ശേഷം മാറി തുടങ്ങി.

ഇത് കളിക്കളത്തിലും പ്രതിഫലിച്ചു. അടിക്കു തിരിച്ചടി എന്ന രീതിയിൽ കൊണ്ടാൽ കൊടുത്തിരിക്കും എന്ന് ദാദ ക്രിക്കറ്റ് പിച്ചിലും ഗാലറിയിലും നമുക്ക് കാണിച്ചു തന്നു. പിന്നീട് വന്ന കളിക്കാരുടെ ബോഡി ലാങ്ഗ്വേജ്‌ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ധോണി, യുവരാജ്, ഹർഭജൻ, പത്താൻ, സെവാഗ് അങ്ങനെ മിക്കവാറും എല്ലാവരും ഗ്രൗണ്ടിൽ തങ്ങളുടേതായ രീതിയിൽ അഗ്ഗ്രസ്സീവ് ആയിരിന്നു. സേവാഗിനെ പോലുള്ളവർ ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചു പോടാ പോയി പന്തെടുക്കടാ എന്ന് പറയാതെ പറഞ്ഞപ്പോൾ, യുവരാജ് തന്റെ നോട്ടം കൊണ്ടാവും എതിരാളികളുടെ മനസ്സിടിക്കുക.

പറഞ്ഞാൽ തിരിച്ചു പറഞ്ഞിരിക്കും എന്നാണു ബജ്ജിയുടെ രീതി. ധോണി തന്റെ ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ടാണെങ്കിൽ, പിന്നീട് വന്ന വിരാട് ഒരു പവർ ഹൗസ് കളിക്കാരൻ എന്ന നിലക്ക് ഗ്രൗണ്ടിൽ നിറഞ്ഞു നിന്നിരുന്ന ഒരു അഗ്ഗ്രസ്സീവ് കളിക്കാരൻ ആയിരിന്നു. ഒരിക്കൽ ധോണിയോട് ശ്രീശാന്തിന്റെ കളിക്കളത്തിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, കളിക്കാരന്റെ അഗ്ഗ്രസ്സീവ് ബിഹേവിയർ എതിർ ടീമിനെ ആയിരിക്കണം തളർത്തേണ്ടത്, അത് സ്വന്തം ടീമിന് ദോഷകരമാകരുതു!

Photo: AFP

IPL 2022 ലെ പുത്തൻ ടീമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്റെ ചെയ്തികൾ കാണുമ്പോൾ ഇതാണ് ഓർമ്മ വരിക. ഹാർദികിനെ ക്യാപ്റ്റൻ ആയി തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരിന്നു. ഒരു ടീമിനെ നയിക്കാനുള്ള ടെംപറമെന്റ് ഒരു വ്യക്തി എന്ന നിലക്ക് ഉണ്ടോ എന്ന് പലരും ചോദിച്ചു. ഏതാണ്ട് 25% കളികൾ കഴിഞ്ഞിരിക്കെ, ടീമിന്റെ പ്രകടനം കൊണ്ട് എല്ലാവരെയും ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയെങ്കിലും, ക്യാപ്റ്റൻ എന്ന നിലക്കുള്ള ഹാർദിക്കിന്റെ പെരുമാറ്റം പലരും പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു.

അഗ്രസ്സിവ് എന്ന ലേബലിൽ കളിക്കളത്തിൽ സ്വന്തം കളിക്കാരോട് പോലും പലപ്പോഴും ക്യാപ്റ്റൻ തട്ടിക്കയറുന്നത് നാം കണ്ടതാണ്. അതിൽ സായിയെ പോലുള്ള പുതിയ കളിക്കാരെന്നോ, ഷമിയെ പോലെ തഴക്കം വന്ന കളിക്കാരെന്നോ ഇല്ല. തന്റെ പ്രതീക്ഷക്കൊത്ത് നടന്നില്ലെങ്കിൽ അവരോടു സംസാരിച്ചു ടീമിന്റെ പ്ലാൻ അനുസരിച്ചുള്ള പ്രകടനം ആവശ്യപ്പെടുന്നതിന് പകരം അവരോടു പൊട്ടിത്തെറിക്കുന്ന രീതിയാണ് കണ്ടത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ സംസാരങ്ങൾ ലിപ് റീഡിങ് വച്ച് കണ്ടു പിടിക്കാൻ മിടുക്കരായ കാണികൾ, ഹാർദിക് പറയുന്ന അസഭ്യങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഇത് ഒരു നല്ല ലീഡർ എന്നല്ല ഒരു നല്ല സ്പോർട്സ്മാന് ചേർന്ന പെരുമാറ്റമല്ല. പെരുമാറ്റ ദൂഷ്യത്തിനു പണ്ട് ബിസിസിഐ ബാൻ ചെയ്ത കളിക്കാരനാണ് ഹാർദിക്. സോഷ്യൽ മീഡിയയിലെ നിറം പിടിപ്പിച്ച കഥകൾ മറക്കാം, തേർഡ് പേജിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ കണ്ടില്ലെന്നു വയ്ക്കാം, പക്ഷെ ഒരു കളിക്കാരൻ എന്ന നിലക്ക് ഗ്രൗണ്ടിൽ പെരുമാറേണ്ട ജന്റിൽമാൻ ക്രിക്കറ്റർക്കു പകരം നിലവാരം താഴ്ന്ന ഒരു മനുഷ്യനെ ഈ കളിയും കാണികളും അർഹിക്കുന്നില്ല. കളിയെ സ്നേഹിക്കുന്ന വളർന്നു വരുന്ന വലിയൊരു യുവ സമൂഹം ഇവിടുണ്ട്, ഈ കളി അവർക്കും ഭൂഷണമല്ല.

യുദ്ധത്തിന്റെ കാർമേഘം വിമ്പിൾഡണിലും

വിമ്പിൾഡൺ സെന്റർ കോർട്ടിന്റെ റൂഫ് ടോപ്പിനും തടുക്കാൻ പറ്റാത്ത ഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. കൊറോണ തട്ടി തകർത്ത സ്പോർട്സ് മേഖല പതിയെ തിരിച്ചു വരുന്ന വാർത്തകൾക്കിടയിലാണ് കഴിഞ്ഞ ദിവസം വിമ്പിൾഡൺ ഒരു കോർട്ട് കുലുങ്ങുന്ന പ്രഖ്യാപനം നടത്തിയത്. റഷ്യൻ, ബെലറൂഷിയൻ കളിക്കാരെ ഇക്കൊല്ലത്തെ ആൾ ഇംഗ്ലണ്ട് ഗ്രാസ് ലോൺ ടെന്നീസ് ടൂർണമെന്റിൽ പങ്കെടിപ്പിക്കില്ലെന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമൻ, ജാപ്പനീസ് കളിക്കാരെ ഇത് പോലെ ബാൻ ചെയ്തതിനു ശേഷം ആദ്യമായാണ് ടെന്നീസ് കളിക്കാരെ ഒരു ടൂർണമെന്റിൽ നിന്ന് വിലക്കുന്നത്. യുക്രെയിൻ യുദ്ധത്തിന്റെ പേരിലാണ് വിലക്ക്.

ടെന്നീസ് ഒരു വ്യക്തിഗത കളിയാണെന്നും, വിമ്പിൾഡൺ പോലുള്ള ടൂര്ണമെന്റുകൾക്ക് രാഷ്ട്രങ്ങളുമായും, ടെന്നീസ് അസ്സോസിയേഷനുകളുമായും ബന്ധമില്ലെന്നും, അതിനാൽ ഈ വിലക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് ലോകമെമ്പാടുമുള്ള ടെന്നീസ് കളിക്കാർ പറഞ്ഞെങ്കിലും, യുദ്ധം തുടങ്ങിയ ഉടൻ പട്ടാളത്തിൽ ചേർന്ന യുക്രെയിൻ കളിക്കാർ മറിച്ചാണ് പറഞ്ഞത്.

കളിക്കാരുടെ സംഘടനയായ ATP & WTA ഈ വിലക്കുകളെ വിമർശിച്ചിട്ടുണ്ട്. റഷ്യൻ കളിക്കാരനായ മെദ്വദേവ് ഇപ്പോൾ ലോക രണ്ടാം റാങ്ക് കളിക്കാരനാണ്, കൂടാതെ ബെലറൂസ് കളിക്കാരിയായ ആര്യനാ സാബലെങ്ക വനിതകളിൽ നാലാം റാങ്കും. ഈ ബാൻ വംശീയ വിവേചനമാണെന്നു പറയുന്നവരും ഉണ്ട്. ലോക ഒന്നാം റാങ്ക് കളിക്കാരനും, കൊറോണ സമയത്തു വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറേണ്ടി വന്ന ജോക്കോവിച് ഇതൊരു ഭ്രാന്തൻ തീരുമാനമാണ് എന്നാണു പറഞ്ഞത്.

കളി തുടങ്ങുന്ന ജൂൺ 27ന് മുൻപ് സ്ഥിതിഗതികൾ മാറിയാൽ തീരുമാനം മാറ്റിയേക്കാം എന്ന് വിമ്പിൾഡൺ പറഞ്ഞിട്ടുണ്ട്. അടുത്താഴ്ച മാഡ്രിഡിൽ നടക്കുന്ന ATP & WTA ചർച്ചകളിൽ ഈ വിഷയം ഉൾപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്.

ധോണി, എഗൈൻ ആൻഡ് എഗൈൻ!

അവസാന ഓവറിൽ ജയിക്കാൻ 17 റൺ വേണ്ടി വരിക, ആദ്യ ബോളിൽ വിക്കറ്റ് പോവുക, അടുത്ത ബോളിൽ പുതിയ ബാറ്റ്സ്മാൻ വന്നു വെറും ഒരു റൺ എടുക്കുക, ഇനിയുള്ള 4 ബോളിൽ 16 വേണ്ടി വരിക..എത്ര ഇന്റർനാഷണൽ കളിച്ച കളിക്കാരൻ ആണെങ്കിലും സുല്ലിടും. പക്ഷെ ലോകത്തിലെ ബെസ്റ്റ് ഫിനിഷർ എന്ന് അറിയപ്പെടുന്ന ധോണിക്ക് അതും വെറും ഗള്ളി ക്രിക്കറ്റ്.

ഇന്നലെ നടന്ന സിഎസ്കെ- മുംബൈ ഇന്ത്യൻസ് കളിയുടെ അവസാന ഓവർ കണ്ടവർ ആരും അത് ഒരു കാലത്തും മറക്കാൻ പോകുന്നില്ല. ഈ സീസണിലെ ഈ രണ്ടു ടീമുകളുടെയും പ്രകടനം വച്ച് നോക്കുമ്പോൾ, ഇത് തീരെ പ്രേക്ഷക താൽപ്പര്യം ഉണ്ടാകേണ്ട കളിയല്ല. പക്ഷെ ഐപിഎല്ലിലെ ഏറ്റവും ഗ്ലാമർ ഉള്ള രണ്ടു ടീമുകൾ എന്ന നിലക്ക് ഇവർ എപ്പോ കളിച്ചാലും ഗാലറികളും ടിവി റൂമുകളും നിറയും എന്ന് ഇന്നലത്തെ കളിയും കാണിച്ചു തന്നു.

ഇന്നലെ 40 ഓവർ കളി കണ്ടു DY PATIL സ്റ്റേഡിയം വിട്ട് ഇറങ്ങിയ ഒരാളും ആദ്യ 39 ഓവറുകൾ ഓർക്കാൻ സാധ്യത കുറവാണ്. അവസാന ഓവറും ധോണി എന്ന ഇതിഹാസത്തെയും മാത്രമാകും അവരുടെ മനസ്സിൽ ഉണ്ടാവുക. കളി തോറ്റ മുംബൈ ഇന്ത്യൻസ്, പോയിന്റ് ചെന്നൈക്ക് കിട്ടിയതെങ്കിലും, തങ്ങൾ ധോണിയോടാണ് തോറ്റത് എന്ന ചിന്തയിൽ ആശ്വാസം കാണുന്നുണ്ടാകും. ആ ഓവറിൽ വേറെ ഒരു കളിക്കാരനാണ് ബാറ്റ് ഏന്തിയിരുന്നതെങ്കിൽ, മുംബൈക്ക് ഈ സീസണിലെ ആദ്യ ജയം നേടാമായിരിന്നു എന്ന് രോഹിത്തിനും, സച്ചിനും, എന്തിനു കൂടുതൽ പറയുന്നു, അംബാനിക്ക് പോലും അറിയാം!

തല എന്ന് ചെന്നൈ വിളിക്കുന്ന ധോണി, ഈ വർഷം ക്യാപ്റ്റൻസി ഒഴിഞ്ഞെങ്കിലും, ടീമിന്റെ തലയായി തന്നെ തുടരുന്നു എന്ന് അവരുടെ ടീം ഫീൽഡ് ചെയ്യാൻ ഇറങ്ങുമ്പോൾ കാണാം. പുതിയതായി വന്ന ജഡേജ ഗ്രൗണ്ടിൽ പലപ്പോഴും പതറുന്ന കാഴ്ചയാണ് കാണുക. അപ്പോഴെല്ലാം ധോണിയാണ് കാര്യങ്ങൾ കൈയ്യിലെടുക്കുക. രാജ്പുത് രക്തത്തിന്റെ കാലമൊക്കെ പോയി എന്ന് ക്യാപ്റ്റനോട് ആരേലും പറഞ്ഞു കൊടുക്കണം. ബുദ്ധിക്കും വിവേകത്തിനും മുന്നിൽ ഹീറോയിസം എന്നും തോറ്റിട്ടേയുള്ളൂ.

അവസാന ഓവറിലേക്കു വീണ്ടും വരാം. ആ ഓവറിൽ ധോണി കളിച്ച കളിയെക്കാൾ ഈ ലേഖകന് ആകർഷകമായി തോന്നിയത് ആ മനുഷ്യന്റെ ശാന്തതയാണ്. തന്റെ ടീമിന്റെ അവസാന പ്രതീക്ഷയാണ് താൻ, ആ ടീമിന്റെ ഭാരം മുഴുവൻ തന്റെ തോളിലാണ് എന്ന ഭീതിപ്പെടുത്തുന്ന വസ്തുതയെക്കാൾ, അടുത്ത പന്തിൽ എന്ത് ചെയ്യണം എന്ന ചിന്തയായിരുന്നു ആ മനസ്സിൽ. ആരും പതറിപ്പോകാവുന്ന സന്ദർഭം. ബട്ട് നോട് ധോണി. ഓരോ പന്തും അറിഞ്ഞു കളിച്ചതാണ്, അല്ലാതെ അറിയാതെ കൊണ്ട് പോയതല്ല. ആ ഓവറിലെ ധോണി നേരിട്ട ആദ്യ പന്ത് ഉനന്ദ്കട്ട് എന്ന ബോളറുടെ തലയ്ക്കു മീതെ കൂടെ സിക്സറിന് പറത്തിയപ്പോൾ വിദഗ്ധർക്ക് ഒരു കുറ്റവും ആ ഷോട്ടിനെ കുറിച്ച് പറയാൻ ഉണ്ടായിരുന്നില്ല. അടുത്ത പന്തിൽ നേരിട്ട ബൗൺസർ, തേർഡ് മാൻ ബൗണ്ടറിയിലേക്കു പായിച്ചതും അറിഞ്ഞു തന്നെ. ഇനി വേണ്ടത് രണ്ടു ബോളിൽ ആറ് റൺസ്. അടുത്ത പന്ത് ഫ്ലിക്ക് ചെയ്ത് ഓടിയപ്പോൾ, രണ്ടിൽ കുറഞ്ഞ ഒന്നും ആ മനസ്സിൽ ഉണ്ടായിരുന്നില്ല. പുതുതായി വരുന്ന യുവ കളിക്കാരിൽ എത്ര പേർക്ക് ഇങ്ങനെ ഓടാൻ സാധിക്കും! അവസാന പന്തിൽ ജയിക്കാൻ 4 റൺസ് വേണ്ട സമയത്തു ഒരുമാതിരി പെട്ട കളിക്കാരെല്ലാം സിക്സ് പായിക്കാനാകും ശ്രമിക്കുക. പക്ഷെ ധോണി ചെയ്തത് നോക്കുക, ഫീൽഡർ ഇല്ലാതിരുന്ന ബാക്‌വെർഡ് സ്‌ക്വയർ ലെഗ് ബൗണ്ടറി ലക്ഷ്യമാക്കി കൃത്യമായി പന്ത് പായിച്ചു. രോഹിത് ശർമയും കൂട്ടരും ഒന്ന് അനങ്ങാൻ പോലും സാധിക്കാതെ സ്തബ്ധരായി നിന്ന്. ഗാലറികൾ പൊട്ടിത്തെറിച്ചു, ചെന്നൈ ഫാൻസ്‌ കെട്ടിപ്പിടിച്ചു, മുംബൈ ഫാൻസ്‌ കണ്ണീരണിഞ്ഞു.

ആ ബോൾ ബൗണ്ടറി കിടന്നതിനെ കുറിച്ച് ചോദിച്ചാൽ ചിലപ്പോൾ ധോണി പറയുമായിരിക്കും, എനിക്ക് ഇത്തരം ഫിനിഷിങ് സിറ്റുവേഷൻ ഇഷ്ടമല്ല, പക്ഷെ ഫിനിഷിങ്ങിന് എന്നെ ഇഷ്ടമാണ്! കാരണം മറ്റൊരു കളിക്കാരനും ഫിനിഷിങ്ങുമായി ഇത്ര അടുത്ത ബന്ധമില്ല. ഈ കളി തന്നെ നോക്കൂ, ഒരു ഓവറിൽ ചെയ്യേണ്ടത്, തല 4 ബോളിൽ തീർത്തു!

ശരത് കുമാർ നമ്പ്യാർ മെമ്മോറിയൽ ഐടിഎഫ് സീനിയർ ടെന്നീസ് ചാമ്പ്യൻഷിപ്പ് മെയ് 23 മുതൽ

ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശരത് കുമാർ നമ്പ്യാർ മെമ്മോറിയൽ ഐടിഎഫ് സീനിയർ ടെന്നീസ് ചാംപ്യൻഷിപ് മെയ് 23 മുതൽ 27 വരെ നടക്കുന്നതാണ്. ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ ക്ലേ കോർട്ടുകളിൽ നടക്കുന്ന ടൂർണമെന്റ് ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെയും, ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെയും അംഗീകൃത ഇവന്റ് ആണ്.

പുരുഷന്മാർക്ക് 35+, 40+, 50+, 60+ എന്നീ വിഭാഗങ്ങളിലായും, വനിതകൾക്ക് 35+ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടക്കുക. ഡബിൾസിലും സിംഗിൾസിലും പങ്കെടുക്കാൻ കളിക്കാർക്ക് അവസരമുണ്ട്. ഒന്നര ലക്ഷം രൂപ പ്രൈസ് മണിയുള്ള ടൂർണമെന്റിൽ പങ്കെടുക്കാൻ ഒരു ടെന്നീസ് ക്ലബ്ബിന്റെയും അംഗമാകണം എന്നില്ല എന്നതാണ് ഒരു പ്രത്യേകത. കളിക്കാർക്ക് ഐടിഎഫ് IPIN & AITA റെജിസ്ട്രേഷൻ മാത്രം മതി. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫികളും കൂടാതെ ITF പോയിന്റുകൾ നേടാനും അവസരമുണ്ട്.

അകാലത്തിൽ അന്തരിച്ച യുവ ടെന്നീസ് പ്ലെയർ ശരത് കുമാറിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് ഈ ടൂര്ണമെന്റിനെ പിന്തുണക്കുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മെയ് 17ന് മുൻപായി പേര് കൊടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് ഡയറക്ടർ ശ്രീ ആർ. പ്രകാശിനെ 9447077011 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

കേരളത്തിലെ ടെന്നീസ്, ഇപ്പോഴും ലവ് ആളിൽ തന്നെ!

രണ്ട വർഷം മുന്നേ, 2020 ജനുവരിയിൽ പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും പ്രതിഭകള്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കാനുമുള്ള പദ്ധതിയായി കാസർഗോഡ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ തന്നെ ആദ്യത്തെ ടെന്നീസ് കോർട്ട് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇപ്പോൾ ആ കോർട്ടിന്റെ സ്ഥാനത്തു ഒരു പുല്ലു വളർന്നു നിൽക്കുന്ന, ആരും തിരിഞ്ഞു നോക്കാത്ത, കളിക്കാൻ പറ്റാത്ത ഒരു പറമ്പാണ്.

സംസ്ഥാനത്തു ടെന്നീസ് കളിയോടുള്ള അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണിത്. ടെന്നീസ് ലോകത്തിലെ തന്നെ ജനപ്രിയമായ കളികളിൽ ഒന്നാണ്. ചരിത്രപരമായി ദക്ഷിണേന്ത്യയിലും വളരെ പ്രചാരമേറിയ കളികളിൽ ഒന്നായിരുന്നു ടെന്നീസ്. ഇന്ത്യക്കു വേണ്ടി കളിച്ച പല കളിക്കാരും ചെന്നൈ ബാംഗ്ലൂർ എന്നിവിടങ്ങളിൽ കളിച്ചു വളർന്നവരാണ്. എങ്കിലും കേരളത്തിൽ ടെന്നിസിനു യാതൊരു വിധ മുന്നേറ്റവും നേടാൻ കഴിഞ്ഞിട്ടില്ല.

TVM Tennis club
Ceedit: Instagram

ഇതിനു ഒരു പ്രധാന കാരണം കളിക്കാനുള്ള കളിക്കളങ്ങളുടെ ലഭ്യത ഇല്ലായ്മയാണ്. ടെന്നീസ് കേരളത്തിൽ ആദ്യ കാലങ്ങളിൽ കളിച്ചിരുന്നത് ബ്രിട്ടീഷുകാരും, രാജകുടുംബാംഗങ്ങളും മാത്രം ആയിരിന്നു. കളിക്കളങ്ങൾ സാധാരണ ജനങ്ങൾക്ക് എത്തിപ്പെടാവുന്ന ഇടങ്ങളിൽ ആയിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ടെന്നീസ് കോർട്ട് തന്നെ മുണ്ടക്കയത്തെ തോട്ടം മേഖലയിൽ ആയിരിന്നു എന്ന് പറയപ്പെടുന്നു, അതും അവിടത്തെ ക്ലബ്ബിനു കീഴിൽ.

പിന്നീട് വന്ന ടെന്നീസ് കോർട്ടുകളും പ്രധാന ജില്ലകളിലെ ക്ലബ്ബ്കളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഇവിടങ്ങളിൽ കളിക്കാനും, കളി പഠിക്കാനും അതാത് ക്ലബ്ബ്കളിലെ അംഗങ്ങൾക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ. 1990കളിൽ എറണാകുളത്ത് സർക്കാർ ഉടമസ്ഥതയിലുള്ള റീജിയണൽ സ്പോർട്സ് സെന്റർ ഉയർന്നു വന്നെങ്കിലും, അവിടത്തെ നാല് കോർട്ടുകളും അവിടെ ആജീവനാന്ത അംഗത്വം എടുത്തവർക്കു മാത്രമായി. പൊതുജനങ്ങൾക്ക് ആ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കിൽ പരിചയമുള്ള ഒരു അംഗം കൂടെ വേണം. ചില സ്വകാര്യ ക്ലബ്ബ്കൾ ഫീസ് വാങ്ങി കോർട്ട് ഉപയോഗിക്കാൻ കൊടുക്കുന്നുണ്ട് എന്നുള്ളത് മറക്കുന്നില്ല, പക്ഷെ പൊതുവെ കേരളത്തിലെ ടെന്നീസ് കളി സ്വകാര്യ വൻകിട ക്ലബ്ബ്കളെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നതു. വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ചില ടെന്നീസ് അക്കാഡമികൾ ഈ അടുത്ത കാലത്തായി ചുരുക്കം ചില ജില്ലകളിൽ തുറന്നിട്ടുണ്ടെങ്കിലും, അവയും വിരലിൽ എണ്ണാവുന്നത്ര മാത്രം.

നമ്മുടെ അയൽസംസ്ഥാനങ്ങളായ കർണ്ണാടകയെയും തമിഴ്നാടിനെയും വച്ച് തട്ടിച്ചു നോക്കുമ്പോൾ ടെന്നീസ് കോർട്ടുകളുടെയും, കളിക്കാരുടെയും എണ്ണത്തിൽ നമ്മൾ വളരെ പുറകോട്ടാണ്. കേരളത്തിലെ പല ജില്ലകളിലും ഒരു കോർട്ട് പോലും ഇല്ല എന്ന് പറയുമ്പോൾ കാര്യങ്ങളുടെ കിടപ്പു മനസ്സിലാകും.

എവിടെയെല്ലാം ടെന്നീസ് കോർട്ടുകൾ തുറന്നിട്ടുണ്ടോ അവിടെയെല്ലാം കളിയെ സ്നേഹിക്കുന്നവർ വളരെ ആവേശപൂർവ്വം മുന്നോട്ട് വന്നിട്ടുണ്ട്. ടെന്നീസ് കോച്ചിങിനായി വരുന്ന കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം കണ്ടാൽ, ഇവരൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു എന്ന് ചോദിച്ചു പോകും. ഏതൊരു കളിയും മെച്ചപ്പെടണം എങ്കിൽ കൂടുതൽ പങ്കാളിത്തവും മത്സരങ്ങളും ആവശ്യമാണ്. അതിനു കൂടുതൽ കൂടുതൽ കളിക്കാർ കളിക്കളത്തിലേക്കു വന്നേ മതിയാകൂ. ഇപ്പോഴത്തെ നിലയിൽ നമ്മുടെ സംസ്ഥാനത്തു നിന്ന് പുറത്തു പോയി മത്സരിക്കാൻ ഒന്നോ രണ്ടോ പേരെ കാണൂ, അതും അത്ര ജയ സാദ്ധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ.

പേരിനൊരു കേരള ടെന്നീസ് അസോസിയേഷൻ ഉണ്ടെങ്കിലും, കാര്യമായ ബഡ്‌ജറ്റ്‌ ഒന്നും ഇല്ലാത്തതു കൊണ്ട് ടെന്നിസിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനൊന്നും അവരെ കൊണ്ട് ആകുന്നില്ല. ജില്ലാ തല അസ്സോസിയേഷനുകൾക്കു ചില ലോക്കൽ ടൂർണമെന്റുകൾ നടത്താൻ പറ്റുന്നുണ്ട് എന്നല്ലാതെ കളിയെ മുന്നോട്ടു കൊണ്ട് പോകാൻ തീരെ സാധിക്കുന്നില്ല. കഴിഞ്ഞ കൊല്ലം നടത്തിയ പ്രവർത്തനങ്ങൾ ഇക്കൊല്ലവും നടത്തുന്നു എന്ന് മാത്രം. സംസ്ഥാനത്തെ ടെന്നീസ് അസ്സോസിയേഷനുകളെ കുറിച്ച് പൊതുവെ പറയുന്ന ഒരു തമാശ, പുതിയ കമ്മിറ്റി ചാർജ്ജ് എടുക്കുമ്പോൾ മാത്രമാണ് ഈ അസ്സോസിയേഷനുകളെ കുറിച്ചുള്ള വാർത്ത പത്രത്തിൽ വരിക എന്നാണ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരണമെങ്കിൽ സർക്കാർ ശക്തമായി ടെന്നീസിന്റെ കാര്യത്തിൽ ഇടപെടണം. സർക്കാർ ചിലവിൽ, അല്ലെങ്കിൽ സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളുടെ CSR ഫണ്ടുപയോഗിച്ചു കൂടുതൽ ടെന്നീസ് കോർട്ടുകൾ എല്ലാ ജില്ലകളിലും കൊണ്ട് വരണം. കഴിയുമെങ്കിൽ ഇവ സർക്കാർ സ്‌കൂളുകളോട് ചേർന്ന് വേണം നിർമ്മിക്കുവാൻ. അതാകുമ്പോൾ വിദ്യാർത്ഥികൾക്കും, സ്‌കൂൾ സമയം കഴിഞ്ഞു പൊതുജനങ്ങൾക്കും ഇവ ഉപയോഗിക്കാം. സ്‌കൂൾ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ, കോർട്ടിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഈ കോർട്ടുകൾ അറ്റകുറ്റ പണികൾ നടത്തി കൊണ്ട് പോവുകയും ചെയ്യാം. കേരള ടെന്നീസ് അസ്സോസിയേഷൻന്റെ സാങ്കേതിക പരിജ്ഞാനം ഇക്കാര്യത്തിൽ സർക്കാരിന് ലഭ്യമാക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുകളും ഇതിനു ഉപയോഗപ്പെടുത്താം. സർക്കാർ സ്പോർട്സ് വകുപ്പും മന്ത്രിയും ഇതിനായി മുന്നിട്ടിറങ്ങണം. ഒരു ടീം ഉണ്ടാക്കി മുന്നോട്ടു പോയില്ലെങ്കിൽ ഒരു സെറ്റ് പോലും ജയിക്കാൻ പറ്റില്ല എന്ന് മാത്രമല്ല, കേരളത്തിൽ ടെന്നീസ് കളിക്ക് ഭാവി ഉണ്ടാകില്ല എന്നും നിസ്സംശയം പറയേണ്ടി വരും.

ആടാരാകും! ഖത്തറിൽ കാത്തിരിക്കുന്നത് മെസ്സിയുടെയും റൊണാൾഡോയുടെയും ലാസ്റ്റ് ഡാൻസ്

ആട് 2 ജയസൂര്യയുടെ സിനിമയുടെ പേരാണ്. പക്ഷെ ഈ കൊല്ലം ഇതിനു മറ്റൊരു അർത്ഥം കൈ വരും. ഖത്തറിൽ ഇക്കൊല്ലം നടക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സര പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കി കാണാൻ. റൊണാൾഡോയും മെസ്സിയും തങ്ങളുടെ അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും വേൾഡ് കപ്പിന് തയ്യാറെടുക്കുമ്പോൾ, എക്കാലത്തും ഉത്തരമില്ലാതെ തുടർന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ആരാണ് കളിയിലെ കേമൻ?

കേരളത്തിലെ ഫ്ലെക്സ് ബോർഡുകളിൽ തുടങ്ങി, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ വൻകരകളിൽ കൂടാതെ ഖത്തറിലെ സൂക്കുകളിലെ ബക്കാലകളിൽ വരെ ഇന്ന് ചൂടേറിയ ചർച്ചയുടെ വിഷയമാണ് ഇത്. കഴിഞ്ഞ നാല് ഫിഫ കപ്പുകളുടെ കണക്കെടുത്താൽ രണ്ടു പേരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. മെസ്സി 19 കളികളിൽ നിന്ന് 6 ഗോളുകൾ നേടിയപ്പോൾ, ക്രിസ്ത്യാനോ 17 കളികളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്.

എന്നാൽ ടീമെന്ന നിലയിൽ കഴിഞ്ഞ നാലു വേൾഡ് കപ്പിൽ അർജന്റീന രണ്ട് തവണ ക്വാർട്ടറും ഒരു തവണ ഫൈനൽസിലും കളിച്ചപ്പോൾ, റൊണാൾഡോ ടീമിൽ വന്ന ശേഷം ഒരു തവണ സെമി കളിച്ചു എന്നതൊഴിച്ചാൽ കാര്യമായ മുന്നേറ്റം പോർച്ചുഗലിന് നേടാൻ സാധിച്ചിട്ടില്ല. പക്ഷെ റൊണാൾഡോ കളിക്കുന്നതിനു മുൻപ് ലോക കപ്പ് ചരിത്രത്തിൽ 3 തവണ മാത്രമേ ടീം ക്വാളിഫൈ ചെയ്തിട്ടുള്ളൂ എന്നത് ഓർക്കേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ക്ലബ് ഫുട്ബാളിൽ ഇവർ തമ്മിൽ മുഖത്തോടു മുഖം വരാൻ സാദ്ധ്യതകൾ ഇല്ലാതിരുന്നതു കൊണ്ട് രണ്ട് പേരുടെയും കളിക്കളത്തിലെ പ്രകടനങ്ങൾ താരതമ്യം ചെയ്യുക പ്രായാസമായിരിന്നു. അത് കൊണ്ട് തന്നെ അതിനു സാധ്യതയുള്ള ഖത്തർ വേൾഡ് കപ്പ് വേദി ഇവരുടെ ആരാധകർ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഒരു വശത്ത്, ഏത് ടീമാകും മരുഭൂമിയിൽ വച്ച് നടക്കുന്ന ആദ്യ വേൾഡ് കപ്പിൽ കപ്പുയർത്തി ആറാടുക എന്ന് ചർച്ച ചെയ്യുമ്പോൾ, മറു വശത്ത് ആടാരാകും എന്നാണു തർക്കം!

ടീമുകളുടെ ബലാബലം വച്ച് നോക്കുമ്പോൾ, അർജന്റീന എന്നും ഒരു പവർ ഹൗസ് ടീമായിരുന്നപ്പോൾ, പോർച്ചുഗൽ വേൾഡ് കപ്പിന് വന്നിരുന്നത് തന്നെ റൊണാൾഡോയുടെ ചുമലിലേറിയാണ്. അത് കൊണ്ട് തന്നെ മെസ്സിയെക്കാൾ എന്നും റൊണാൾഡോക്ക് കൂടുതൽ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. നല്ലൊരു ടീം ആയിട്ട് കൂടി, മെസ്സിയെ പോലൊരു കളിക്കാരൻ നയിച്ചിട്ടു കൂടി കപ്പുയർത്താൻ സാധിച്ചിട്ടില്ല എന്നത് അർജന്റീനക്ക് നാണക്കേട് തന്നെയാണ്. ഇത്തവണ ടീമുകളുടെ ലൈൻ അപ്പ് വച്ച് നോക്കുമ്പോൾ കൂടുതൽ ശക്തർ പോർച്ചുഗൽ ആണെന്ന് നിസ്സംശയം പറയാം. അർജന്റീന മെസ്സിയുടെ ബലത്തിലാണ് ഖത്തറിലേക്ക് വരുന്നത്. യുറോപിയൻ ലീഗിലെ അനുഭവ സമ്പത്തുമായി വരുന്ന പോർച്ചുഗൽ എന്ത് കൊണ്ടും ഒരു പടി മുന്നിലാണ് എന്നത് റൊണാൾഡോക്ക് അനുകൂല ഘടകമാണ്.

പക്ഷെ 2022 ഫിഫ കപ്പിനുള്ള ഗ്രൂപ്പുകൾ തിരിച്ചപ്പോൾ അർജന്റീന താരതമ്യേന എളുപ്പമുള്ള സി ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ H ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ കടക്കാൻ പരിശ്രമിക്കേണ്ടി വരും. ആദ്യ റൗണ്ടുകളിൽ ഇവരുടെ രണ്ട് പേരുടെയും ബൂട്ടുകൾ പല തവണ വല ചലിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ മിക്കവാറും അടുത്ത റൗണ്ടിലെ പ്രകടനം തീരുമാനിക്കും ആരാണ് ആട്, ആരാണ് കപ്പ് ഉയർത്തുക എന്ന്. മുൻപ് പറഞ്ഞ പോലെ കപ്പിൽ മുത്തമിടാൻ കിട്ടുന്ന അവസാന അവസരം എന്ന നിലക്ക് രണ്ട് പേരും ഇനിയൊരു കളിയില്ല എന്ന മട്ടിലാകും പന്ത് തട്ടുക. ഇവർ തമ്മിലുള്ള ഈ അനൗദ്യോഗിക മത്സരം ഖത്തർ വേൾഡ് കപ്പ് കാണികൾക്കു നല്ലൊരു വിരുന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

പപ്പുവേട്ടൻ പണ്ട് പറഞ്ഞത് പോലെ, ആട് ആരെന്നു നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും, കളിക്കളത്തിലെ കളി കാണിക്കും ആരാടാകുമെന്നു..!

കളിയഞ്ചിലും തോറ്റു മുംബൈ ഇന്ത്യൻസ്

IPL ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങിയ നാൾ മുതൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്. ഏറ്റവും ഗ്ലാമറസ് ആയ ടീമായി ഇന്നും കണക്കാക്കപ്പെടുന്ന ടീം. തുടക്കത്തിൽ നയിക്കാൻ ക്രിക്കറ്റ് ദൈവം സച്ചിൻ, ടീമിന്റെ ഉടമസ്ഥനായി സാക്ഷാൽ അംബാനി, ടീമിനൊപ്പം എന്നും ഗ്രൗണ്ടിൽ ഉണ്ടാകുന്ന നിത, അത് കൊണ്ട് ഒക്കെ തന്നെ ഏറ്റവും കൂടുതൽ ബോളിവുഡ് താരങ്ങൾ പിന്തുണക്കുന്ന ടീം, ഇതൊന്നും പോരാഞ്ഞു ഇന്ത്യയിലെ എല്ലാ ദേശങ്ങളിലും നിന്നുള്ള ആരാധകരും. ടീമിന്റെ ഇമേജിനൊപ്പം നില്ക്കാൻ ഏറ്റവും കൂടുതൽ തവണ IPL ട്രോഫി ഉയർത്തിയെന്ന റെക്കോർഡും.

ഇതൊക്കെയാണെങ്കിലും, 2022 IPL തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും മുംബൈ ടീം ഇത് വരെ ഒരു കളിയും ജയിച്ചില്ല എന്നത് ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് വിദഗ്ധരെയും കുറച്ചൊന്നുമല്ല കുഴക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താത്ത ടീം ഉടമസ്ഥർ ഇത്തവണത്തെ IPL ലേലത്തിൽ വരുത്തിയ പിഴവുകളാണ് ഇതിനു കാരണം എന്നാണു ആരാധകരുടെ പക്ഷം.

പരിക്ക് മൂലം കളിക്കാൻ പറ്റാത്ത ജോഫ്ര ആർച്ചറെ മറക്കുന്നില്ല, എങ്കിലും ഒരു ശക്തമായ ടീമിനെ തിരഞ്ഞെടുക്കാൻ മാനേജമെന്റിനു കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ. രോഹിത്, ബുംറഹ്, ജോഫ്ര, സൂര്യകുമാർ, പൊള്ളാർഡ്, ഇഷാൻ എന്നിവരെ കഴിഞ്ഞാൽ പിന്നീട് കളത്തിൽ പ്രതിഭ തെളിയിച്ചവർ ചുരുക്കം. അതിൽ തന്നെ പൊള്ളാർഡ് ഒക്കെ ഇനിയും ഈ ഫോർമാറ്റിൽ അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷ വേണ്ട.

അഞ്ചാമത്തെ തോൽവിക്ക് ശേഷം പത്രക്കാരോട് സംസാരിക്കവെ കോച്ച് മഹേല പറഞ്ഞത്, ഇനിയുള്ള കളികളിൽ രോഹിത് ശർമ്മ ശക്തമായി തിരിച്ചു വരും എന്നാണു. അതായതു ടീം ഇപ്പോഴും ഹിറ്റ്മാൻ ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചു ഇരിപ്പാണ്! 20 / 20 കളികൾ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ചു ജയിക്കാൻ സാധിക്കില്ല എന്ന് ഇപ്പോഴും മുംബൈ മാനേജ്‌മന്റ് തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. രോഹിത്തിൽ ഇത്ര വിശ്വാസം ഉണ്ടായിട്ടും, ബോളർമാരുടെ ചിലവിൽ ബാറ്റേഴ്സിനെ കുത്തി നിറച്ചാണ് പ്ലെയിങ് 11 തിരഞ്ഞെടുക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെ! ടീം ഇന്ത്യയുടെ മെയിൻ ബോളറായ ബുംറ എന്ന ഒറ്റയാൾ പട്ടാളത്തിലാണ് ടീമിന്റെ ബോളിങ് പ്രതീക്ഷകളും. ബാക്കിയുള്ളവർ ഇവർക്കൊപ്പം ഒന്ന് നിന്ന് കൊടുത്താൽ മതി, കളി ജയിച്ചു പോരും എന്ന് എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു എന്നത് ക്രിക്കറ്റ് അഫിഷ്യൻഡോസിനെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.

കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത ജയം മാനേജ്മെന്റിനെ മടിയന്മാരാക്കി എന്ന് വേണം കരുതാൻ. അല്ലെങ്കിൽ സച്ചിൻ, സഹീർ എന്നീ മുൻകാല പ്രതിഭകൾക്ക് പുതുതായി ഒന്നും ശ്രമിക്കാൻ ഉള്ള താൽപ്പര്യ കുറവ്. എന്ത് തന്നെയായാലും, കളിക്കളത്തിൽ ഇനി ഒരു തിരിച്ചു വരവ് വേണമെങ്കിൽ മുംബൈ ഇന്ത്യൻസ് അടിമുടി മാറേണ്ടി ഇരിക്കുന്നു. ടീം ലൈൻ അപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ ഇനി പറ്റില്ലെങ്കിലും, അടവുകൾ മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള ധൈര്യം ടീം മാനേജ്‌മന്റ് കാണിക്കുമോ എന്ന് കാത്തിരുന്നു കാണാം.

2022 വേൾഡ് കപ്പ് അഥവാ മലയാളി കപ്പ്

ഒരിക്കൽ ഖത്തർ അംബാസ്സഡറുടെ വീട്ടിലെ വിരുന്നിൽ നാട്ടിൽ നിന്നുള്ള പെട്രോളിയം ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ചുമതലയുടെ ഭാഗമായി പങ്കെടുക്കാൻ അവസരമുണ്ടായി. പല തവണ സ്ഥാനപതിയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഖത്തറിലെ പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമുള്ള ഒരു വിരുന്നിൽ പങ്കെടുത്തത്. വിരുന്നു മേശക്കു ചുറ്റും ഇരുന്നപ്പോൾ സംസാരം വളരെ സരസമായിരിന്നു. അന്നത്തെ നമ്മുടെ അംബാസ്സഡർ, ഡോ ജോർജ് ജോസഫ്, മലയാളിയായതു കൊണ്ട് കേരളത്തെക്കുറിച്ചും സംസാരമുണ്ടായി. കൂട്ടത്തിലുള്ള ഒരു യുവ ഖത്തറി ഉദ്യോഗസ്ഥൻ രസകരമായ ഒരു കഥ പറയുകയുണ്ടായി. അറബ് നാടുകളിൽ മഴക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താറുണ്ട്. സർക്കാർ പറയുന്ന ദിവസം സ്വദേശികളും വിദേശികളും ആ പ്രാർത്ഥനകളിൽ പങ്കെടുക്കും. അങ്ങനെ ഒരിക്കൽ മഴയ്ക്ക് വേണ്ടി രാജ്യം പ്രാർത്ഥിച്ചു, അതിന്റെ അടുത്ത ദിവസം കേരളത്തിൽ നല്ല മഴ ലഭിച്ചു എന്നാണ് കഥ. ഖത്തറിൽ തദ്ദേശീയരെക്കാൾ മലയാളികളാണ് കൂടുതൽ എന്ന് പ്രത്യേകം പറയേണ്ടല്ലോ!

2022 ഫിഫ വേൾഡ് കപ്പ് ഈ വർഷം നവംബറിൽ ഖത്തറിൽ തുടങ്ങുമ്പോഴും ഏറ്റവും അധികം സന്തോഷിക്കുക മലയാളികളാകും. ഖത്തറിൽ ഉള്ള മലയാളികളും നാട്ടിൽ ഉള്ളവരും. ഇപ്പോൾ തന്നെ ടിക്കറ്റ് വാങ്ങി കൂട്ടിയ ആളുകളിൽ ഖത്തറിൽ താമസിക്കുന്ന മലയാളികളാണ് കൂടുതൽ എന്ന് ശ്രുതിയുണ്ട്. സ്വന്തം നാട്ടിൽ വേൾഡ് കപ്പ് നടക്കുന്ന ഉത്സാഹത്തോടെയാണ് അവിടുള്ളവർ ടിക്കറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നാട്ടിൽ നിന്നുള്ളവരും 4 മണിക്കൂർ യാത്ര ചെയ്തു വേൾഡ് കപ്പ് മത്സരങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ്. താമസിക്കാൻ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും വീടുകൾ ഉണ്ട് എന്നതാണ് നാട്ടിൽ ഉള്ളവർക്ക് സന്തോഷം നൽകുന്നത്. അടുപ്പക്കാരുടെ വീടുകളിൽ തങ്ങി കളി കാണുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിൽ കൂടി, ചിലവ് കുറച്ചു കളി കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ദേശം എന്ന നിലക്ക്, നമ്മൾ മലയാളികൾക്ക് ഇതിലും അടുത്തായി വേൾഡ് കപ്പ് എത്തിപ്പെടും എന്ന് കരുതാൻ പറ്റില്ല. അത് കൊണ്ട് തന്നെ ഇത് ഒരു സുവർണ്ണാവസരമായി കണക്കാക്കി കളിയെ സ്നേഹിക്കുന്നവർ മറ്റ് എപ്പോഴത്തേക്കാളും കൂടുതലായി നാട്ടിൽ നിന്ന് ഖത്തർ ലക്ഷ്യമാക്കി പറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഒരു പരസ്യത്തിൽ ബഹിരാകാശ റോക്കറ്റ് കാണുമ്പോൾ, ഇതിനെത്ര മൈലേജ് കിട്ടും എന്ന് ചോദിക്കുന്ന മലയാളിയെ കണ്ടത് ഓർത്തു പോകുന്നു. ഒരൊറ്റ യാത്രയിൽ ഒന്നിൽ കൂടുതൽ കളി കാണാൻ സാധിക്കും എന്നതും മലയാളികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ കാര്യമാണ്. കഴിഞ്ഞ തവണ റഷ്യയിൽ വേൾഡ് കപ്പ് നടന്നപ്പോൾ, സ്റ്റേഡിയങ്ങൾ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരമുണ്ടായിരുന്നു. എന്നാൽ നൂറ്റിച്ചില്ലാൻ കിലോമീറ്റർ തെക്കു വടക്കും, അതിലും കുറവ് ദൂരം കിഴക്ക് പടിഞ്ഞാറും വിസ്തീർണ്ണമുള്ള ഖത്തറിൽ വേൾഡ് കപ്പിനായി ഒരുക്കിയിട്ടുള്ള 8 സ്റ്റേഡിയങ്ങൾ തമ്മിൽ കൂടി വന്നാൽ 40 കിലോമീറ്റർ മാത്രമേ ദൂരമുള്ളു. ഈ വേദികൾ എല്ലാം തന്നെ മെട്രോ വഴി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യാത്രയും വളരെ എളുപ്പമാകും.

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷണം ബിരിയാണിയാണ് എന്ന് ഒരു റിപ്പോർട് നമ്മൾ കണ്ടിരുന്നു. ഖത്തറിനെ സംബന്ധിച്ചും ഇത് എല്ലാ അർത്ഥത്തിലും ശരിയാണ്. മൊത്തത്തിലുള്ള റെസ്റ്റോറന്റുകളുടെ എണ്ണമെടുത്താൽ കൂടുതലും ഇന്ത്യൻ റെസ്റ്റോറന്റുകളാകും. അതിൽ തന്നെയും 90 ശതമാനവും കേരള ഹോട്ടലുകളാകും. രാവിലെ തന്നെ പുട്ടും കടലയും, ദോശയും, അപ്പവും കിട്ടിയാൽ മലയാളിക്ക് അതില്പരം ആനന്ദം മറ്റൊന്നില്ല. അതായത്, ഭക്ഷണ കാര്യത്തിലും ഒട്ടും പേടിക്കേണ്ട എന്ന്.

മറുനാട്ടിൽ വച്ച് വഴി ചോദിക്കാൻ ഭാഷ ഒരു പ്രശ്നമാണ് എന്ന് ഖത്തറിൽ വരുന്ന മലയാളി കാണികൾ ഉത്കണ്ഠപ്പെടേണ്ട. അറബി വേഷം ധരിക്കാത്ത ആരോട് വേണമെങ്കിലും ധൈര്യമായിട്ടു “നാട്ടിൽ എവിടെയാ..?” എന്ന് ചോദിക്കാം. നാട്ടിലെ പോലെ ഭാഷ അടിച്ചേൽപ്പിക്കുന്ന പദ്ധതി ഒന്നുമില്ലെങ്കിലും, ഉത്തരേന്ത്യനും, ശ്രീലങ്കനും കൂടാതെ പാകിസ്ഥാനിക്ക് പോലും മലയാളം അറിയാം! കൂടാതെ വേൾഡ് കപ്പ് വേദികളിലും മറ്റ് പ്രധാനയിടങ്ങളിലും സന്ദർശകരെ സഹായിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന വോളന്റിയർമാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

ഇതെല്ലാം കൊണ്ട് തന്നെ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് മലയാളികൾക്ക് ഒരു സ്വന്തം ടൂർണമെന്റ് ആകാനാണ് സാധ്യത. ഗാലറിയിൽ ഇത്തവണ ഉയരുന്ന മുദ്രാവാക്യങ്ങളിൽ കൂടുതലും മലയാളത്തിലേക്കും! നിറയാൻ കാത്തിരിക്കുന്ന അത്ഭുത സ്റ്റേഡിയങ്ങൾ, അറബ് ആതിഥേയത്വം, മാസ്മരിക കളികൾ എല്ലാം ഒരു സ്വപ്ന തുല്യമായ അനുഭൂതിയാകും നൽകുക. കളി നടക്കുന്ന 30 ദിവസത്തേക്ക് ഖത്തറാകും ഗോഡ്സ് ഓൺ കൺട്രി!

ബ്ലാസ്റ്റേഴ്‌സ് മൺസൂൺ | Fanzone

ISL വീണ്ടും കൊച്ചിയിലേക്ക്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റ തിരിച്ചടിയിൽ  സങ്കടപ്പെട്ടിരുന്ന കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കിട്ടുന്ന രണ്ടാമത്തെ സന്തോഷ വാർത്തയാണ് ഇത്. ആദ്യത്തേത് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയതായിരുന്നു, 2025 വരെ കോച്ച് ഇവാനുമായി കരാർ ഒപ്പിട്ടത്.

ഇക്കൊല്ലം കൊച്ചിയിൽ കളി നടത്തിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഇതിലും ഭേദപ്പെട്ട കളി കാഴ്ച വച്ചേനെ എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ആരാധകർ. അങ്ങനെ നോക്കുമ്പോൾ, ആശാന്റെ കീഴിൽ നമ്മുടെ ടീം അടുത്ത സീസണിൽ കണക്കു തീർക്കും എന്ന് തന്നെയാണ് അവർ കരുതുന്നത്.

വർഷങ്ങളോളം മുള ഗ്യാലറികളിൽ തിങ്ങിയിരിന്നു മികച്ച ഫുട്ബോളിനെ പിന്തുണച്ചിരുന്ന കേരളത്തിലെ കാണികളുടെ പിന്തുടർച്ചക്കാർ ഇനിയും ആത്മവിശ്വാസം കൈ വിട്ടിട്ടില്ല. സീസൺ അനുസരിച്ചു ടീമുകൾക്ക് മാറി മാറി പിന്തുണ നൽകിയിരുന്ന ആരാധകരാണ് പണ്ട് കേരളത്തിൽ ഉണ്ടായിരുന്നത്. ആകെ ഒരു ആശ്വാസം സന്തോഷ് ട്രോഫി ടീമായിരുന്നു. കേരളം മൊത്തം ആ ടീമിന് പിന്നിൽ അണിനിരക്കുമായിരിന്നു.

പിന്നീട് വന്ന ടിവി പ്രക്ഷേപണം ആസ്വാദകരെ കടലിനു അക്കരേക്ക് കൊണ്ട് പോയി യുറോപിയൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, സൗത്ത് അമേരിക്കൻ ലീഗുകളെ പരിചയപ്പെടുത്തി. അപ്പോഴും ഓരോരുത്തർ അവരവരുടെ ഇഷ്ട ടീമുകളെ തിരഞ്ഞെടുത്തു. കേരളം മൊത്തം അപ്പോഴും ഒരു ടീമിന് പിന്നിൽ അണിനിരന്നില്ല. വേൾഡ് കപ്പു കാലങ്ങളിലെ ഫ്ലെക്സുകൾ ആ കഥ ലോകം മുഴുവൻ എത്തിക്കാറുമുണ്ട്.

ISL ലീഗിൽ അധികം ശോഭിക്കാൻ പല വർഷങ്ങളിലും കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന് പക്ഷെ ആരാധകരുടെ കാര്യത്തിൽ ഒരിക്കലും പിറകിൽ നിൽക്കേണ്ടി വന്നിട്ടില്ല. ലീഗിൽ ഏറ്റവും അധികം ഫാൻസ്‌ ഉള്ളതും, ഏറ്റവും നല്ല ഫാൻസ്‌ ഉള്ളതും ബ്ലാസ്റ്റേഴ്സിന് തന്നെ. മാനേജ്‌മെന്റിന്റെ കഴിവ് കേടു കൊണ്ട് പല സീസണുകളിലും കളി പാളിയപ്പോഴും ആരാധകർ ഒറ്റക്കെട്ടായി കൊമ്പന് പിന്നിൽ നിന്നിരുന്നു.

കഴിഞ്ഞ സീസണിൽ അവർക്കു അതിനുള്ള പ്രതിഫലവും കിട്ടി. കപ്പ് ഉയർത്തിയില്ലെങ്കിലും, ശക്തമായ കളി കാഴ്ചവെച്ചു ടീം ഫാൻസിനു നന്ദി പറഞ്ഞു.

അങ്ങനെയുള്ള ഒരു സമയത്തു, ടീമിനെ അറിയുന്ന ഒരു കോച്ചിനെ കിട്ടുകയും, ഹോം ഗ്രൗണ്ടിലേക്ക് കളി തിരികെ വരികയും ചെയ്യുന്നതിലും വലുതായി ആരാധകർക്ക് സന്തോഷിക്കാൻ മറ്റെന്തുണ്ട്. വരാൻ പോകുന്നത് തങ്ങളുടെ ടീമിന്റെ നാളുകളാണ് എന്ന് അവർ വിശ്വസിക്കുന്നു.

കൊച്ചിയിലെ ഫുട്ബാൾ ആരാധകരിൽ മുന്നിലുള്ള വിവേകേട്ടൻ പറഞ്ഞ പോലെ, “ഇറ്റ് വിൽ ബി എ ബ്ലാസ്റ്റേഴ്‌സ് മൺസൂൺ സീസൺ ഇൻ ISL”.  മണ്സൂണിലും വലിയൊരു സീസൺ നമുക്കില്ലല്ലോ!

Exit mobile version