ഇന്നത്തെ കളികൾക്കുള്ളിലെ കളികൾ | ഖത്തർ ലോകകപ്പ്

ഇന്നത്തെ ലോകകപ്പ് കളികളിലെ രാഷ്ട്രീയം അധികം ആരും കാണാൻ സാധ്യതയില്ല. ശ്രദ്ധിച്ചാൽ തന്നെ, കൂടുതൽ പേരും കാണുക ആദ്യ കളിയിലെ പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള രാഷ്ട്രീയമാകും. അതും ഇറാനിലെ ഇപ്പോഴത്തെ ഹിജാബ് സമരങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകും. അതിനാൽ തന്നെ ടൂർണമെന്റ് സംഘാടകർ വളരെ ജാഗരൂകരാണ്. സ്റ്റേഡിയത്തിനു അകത്തു ഒരു വിധത്തിലുള്ള പ്രതിഷേധ, പ്രകോപന നടപടികളും കാണികളുടെ ഭാഗത്തു നിന്നുണ്ടാകാൻ അവർ സമ്മതിക്കില്ല. ഖത്തറിനെ സംബന്ധിച്ചു, സൗഹൃദ രാഷ്ട്രവും, അയൽ രാജ്യവുമായി ഇറാനെ പിണക്കുന്ന ഒന്നും അനുവദിക്കാൻ സാധിക്കില്ല. ആപൽഘട്ടങ്ങളിൽ ഒപ്പം നിന്ന രാജ്യം എന്ന നിലക്ക് കൂടി ഖത്തറിന് ഇറാനെ പിന്തുണച്ചേ മതിയാകൂ.

എങ്കിലും കാണികളിൽ നിന്ന്, പ്രത്യേകിച്ച് കുപ്രസിദ്ധരായ ഇംഗ്ലണ്ട് ഫാൻസിന്റെ ഭാഗത്തു നിന്നും, പ്രകടനങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഈ കളി ഇംഗ്ലണ്ടിന് ജയിച്ചേ മതിയാകൂ, എതിരാളി ഇറാൻ ആയതു കൊണ്ട് മാത്രമല്ല. ഇന്നത്തെ മൂന്നാമത്തെ കളിയിൽ തങ്ങളുടെ സഹോദരങ്ങളായ വെയ്ൽസ് അറ്റ്ലാന്റിക്കിനു അപ്പുറത്തുള്ള ബന്ധുക്കളുമായുള്ള കളിയുണ്ട്. സഹോദരങ്ങൾ എന്നൊക്കെ പറയാമെന്നേയുള്ളൂ, കിട്ടുന്ന അവസരങ്ങളിൽ ഒക്കെ, രാഷ്ട്രീയത്തിലും, കളിക്കളത്തിലും, സായ്യിപ്പുമാരുടെ ഇടയിലെ ഇന്ത്യയും പാകിസ്ഥാനുമായാണ് ഇവർ പെരുമാറാറ്.

വെയ്ൽസിനെ എതിരിടുന്നത് യുഎസ് ആയത് കൊണ്ട് ആ കളിയിൽ ആര് ജയിച്ചാലും അത് ഇംഗ്ലണ്ടിന് പ്രശ്നമാണ്. അത് കൊണ്ട് അവർക്ക് ഇറാനെതിരെ ഒരു ജയം അനിവാര്യമാണ്. ഇറാനെതിരെ തോൽക്കുന്നത് ഇംഗ്ലണ്ടിന് ഇറാൻ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ചിന്തിക്കാനും സാധിക്കില്ല. ഇറാനെ സംബന്ധിച്ചു ലോകകപ്പ് പോലൊരു അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ ശത്രു നിരയിൽ മുന്നിലുള്ള ഇംഗ്ലണ്ടിനോട് തോൽക്കുന്നത് ദേശീയ തലത്തിലും ക്ഷീണം ചെയ്യും. ഇതെല്ലാം കൊണ്ട് ആ കളി തീ പാറുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കളിത്തൂക്കം വച്ച് നോക്കുമ്പോൾ ഒരു ഇംഗ്ലണ്ട് ജയം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്, പക്ഷെ അവസാന വിസിൽ വരെ ഒന്നും പറയാൻ പറ്റില്ല.

വെയിൽസ് – യുഎസ് മത്സരത്തിൽ ഇതേ കാരണങ്ങളാൽ രണ്ട് കൂട്ടർക്കും ജയിച്ചേ മതിയാകൂ. ഇറാൻ ജയിച്ചാലും, ഇംഗ്ലണ്ട് ജയിച്ചാലും അതിനേക്കാൾ മുകളിലോ ഒപ്പമോ നിന്നില്ലെങ്കിൽ, മനസ്സുകൾ കൊണ്ടുള്ള കളികളിൽ അതൊരു ക്ഷീണമാകും. ഈ നാല് ഗ്രൂപ്പ് ബി ടീമുകൾ തമ്മിലുള്ള കളികളും അത് കൊണ്ട് കാണികൾക്കു രസകരമാകാനാണ് അവസരമൊരുക്കുന്നത്.

ഇതൊക്കെയാണെങ്കിലും, ഇന്നത്തെ രണ്ടാമത്തെ കളിയിൽ സെനഗലും നെതെർലൻഡ്സും തമ്മിലും കളി കടുക്കും. യൂറോപ്യൻ മേൽക്കോയ്മ കാണിക്കാൻ നെതെർലാൻഡ്‌സ് രണ്ടും കല്പിച്ചാകും ഇറങ്ങുക. മാനെ ഇല്ലെങ്കിലും, മറ്റ് പുള്ളി മാനുകൾ ആ കുറവ് കളിക്കളത്തിൽ കാണിക്കാതിരിക്കാൻ ശ്രമിക്കും എന്ന് തന്നെയാണ് സെനഗൽ ക്യാമ്പിൽ നിന്നും വരുന്ന വാർത്ത. മാനെയ്ക്ക് വേണ്ടിയാകും ഇന്ന് അവരുടെ കളി എന്നാണ് കേൾക്കുന്നത്. അടുപ്പിച്ചു അടുപ്പിച്ചുള്ള കളി കാണൽ കാണികളെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടാകും. പിന്നെ ജിയോ സിനിമ ഉണ്ടല്ലോ എന്ന ഒരു സമാധാനം മാത്രമാണ് ഒരു പ്രതീക്ഷ!

ടെന്നീസ് പൂരത്തിന് തയ്യാറെടുത്തു തൃശൂർ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ നാടായ തൃശൂരിൽ ഇനി വരാൻ പോകുന്നത് ടെന്നീസ് പൂരത്തിന്റെ നാളുകളാണ്. കേരളത്തിന്റെ ടെന്നീസ് തലസ്ഥാനം തൃശൂരാണ് എന്ന് അരക്കിട്ടുറപ്പിക്കാൻ തന്നെയാണ് ജില്ലാ ടെന്നീസ് അസോസിയേഷന്റെ തീരുമാനം. മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ തൃശൂരിലെ ടെന്നീസ് ആരാധകർ ഒരുക്കാൻ ഉദ്ദേശിക്കുന്നത് തീ പാറുന്ന പോരാട്ടങ്ങളാണ്. പരശുരാമൻ മഴുവെറിഞ്ഞു കടലിൽ നിന്നും ഉയർത്തിയ കേര നാടിന്റെ നദാലിനെയും ജോക്കോവിച്ചിനെയും കണ്ടുപിടിക്കാനുള്ള മത്സരങ്ങൾ കൂടാതെ, പോയ കാലത്തെ മിന്നും താരങ്ങളായ ബോർഗിന്റെയും, അഗാസിയുടെയും, മക്ൻറോയുടെയും കേരളത്തിലെ പിൻഗാമികളെ തീരുമാനിക്കാനുള്ള മത്സരങ്ങളും അടുത്ത മാസം തൃശൂർ വച്ച് നടക്കും.

ഡിസംബർ 1 മുതൽ 7 വരെ 86മത് കേരള സംസ്ഥാന വ്യക്തിഗത റാങ്കിങ് ടൂർണമെന്റ് തൃശൂർ ടെന്നീസ് അസോസിയേഷനുമായി കൈകോർത്തു കൊണ്ട്, തൃശൂർ ടെന്നീസ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു.ഒന്നാം തിയ്യതി മന്ത്രി കെ.രാജൻ ഉത്ഘാടനം നിർവ്വഹിക്കുന്ന ഈ ടെന്നീസ് മാമാങ്കത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടെന്നീസ് കളിക്കാർ പങ്കെടുക്കും എന്ന് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അറിയിച്ചു. കുട്ടികളുടെ അണ്ടർ 18 , 16 , 14 , 12 വിഭാഗങ്ങളിൽ സിംഗിൾസും ഡബിൾസും മത്സരങ്ങൾ ഉണ്ടാകും. കൂടാതെ മെൻസ് & വിമൻസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടാകും. കേരളത്തിലെ മുൻനിര ടെന്നീസ് കളിക്കാരുടെ മാത്രമല്ല, ഉയർന്നു വരുന്ന പുതുതലമുറ കളിക്കാരുടെയും പ്രകടനങ്ങൾ കാണികൾക്കു ആവേശം പകരും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നും അദ്ദേഹം അറിയിച്ചു.

ഇത് കൂടാതെ ഡിസംബർ 10 , 11 തിയ്യതികളിൽ തൃശൂർ ടെന്നീസ് അസോസിയേഷൻ കേരളത്തിലുള്ള വെറ്ററൻ ടെന്നീസ് കളിക്കാർക്ക് വേണ്ടി റോജർ ഫെഡറർ സീനിയർ ചലഞ്ചും നടത്തുന്നതാണ് എന്ന് അഡ്വക്കേറ്റ് ബഷീർ അറിയിച്ചു. 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഈ ടൂർണമെന്റ് പല ഏജ്‌ ഗ്രൂപ്പുകളായി തിരിച്ചാകും നടത്തുക എന്ന് പറഞ്ഞു.

ഈ രണ്ട് ടൂര്ണമെന്റുകളും സ്പോൺസർ ചെയ്യുന്നത് DLF കമ്പനിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8589015456

ഇന്ത്യൻ ക്രിക്കറ്റിൽ വേണ്ടത് ആൾറൌണ്ട് അഴിച്ചു പണി

T20 വേൾഡ് കപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റു എന്ന് പറയുന്നതിലും ഭേദം, ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ ആധികാരികമായ വിജയം നേടി എന്ന് പറയുന്നതാകും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എടുത്ത 168 ഒരു സ്‌കോറെ അല്ല എന്ന നിലയ്ക്കാണ് ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്ത അലക്‌സും ജോസും കളിച്ചത്. ഇനിയും ഒരു 60 റണ്സ് ഉണ്ടായിരുന്നെങ്കിൽ കൂടി കളി അവർ തന്നെ ജയിച്ചേനെ. നാല് ഓവറുകൾ ബാക്കി വച്ചാണ് അവർ കളി അവസാനിപ്പിച്ചത് എന്നോർക്കണം!

ബോളർമാരെ കുറ്റം പറഞ്ഞു കൈ കഴുകാൻ രോഹിത് ശ്രമിക്കേണ്ട. ഇത്തരം ഒരു പ്രധാനപ്പെട്ട കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ, ഒരു കൂറ്റൻ സ്കോറിനായി ബാറ്റേഴ്‌സ് ശ്രമിക്കണമായിരുന്നു. 170 ഒന്നും T20 മത്സരങ്ങളിൽ ഒരു മാന്യമായ സ്‌കോർ അല്ല എന്ന് ഇത്രയും മുതിർന്ന കളിക്കാരെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. സ്വന്തം ബോളേഴ്സിന് വേണ്ടി അല്ലെങ്കിൽ കൂടി, എതിർ ടീമിലെ ബാറ്റേഴ്സിനെ സമ്മർദ്ധത്തിലാക്കാൻ, 200ൽ കുറഞ്ഞ ഒരു സ്കോറിനും ഇന്നത്തെ കാലത്ത് സാധ്യമല്ല. അതറിഞ്ഞു വേണമായിരുന്നു ഇന്ത്യയുടെ സോ കോൾഡ് ലോകോത്തര ബാറ്റിംഗ് നിര കളിക്കേണ്ടിയിരുന്നത്. അത്തരം ഒരു സ്‌കോർ വരുമ്പോൾ മാത്രമേ നമ്മുടെ ബോളേഴ്സിന് മുന്നിൽ അവർ കുറച്ചെങ്കിലും സൂക്ഷിക്കുകയുള്ളൂ.

ഇനി അതൊന്നും പറഞ്ഞിട്ടും എഴുതിയിട്ടും കാര്യമില്ല. മാറേണ്ടത് കളിയല്ല, ടീമല്ല, ഇന്ത്യൻ ക്രിക്കറ്റാണ്. ആദ്യം ബിസിസിഐ മനസ്സിലാക്കേണ്ടത്, കാശെറിഞ്ഞാൽ ലോകോത്തര ടീം ആകും എന്നായിരുന്നെങ്കിൽ ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ വേൾഡ് കപ്പിൽ ഗൾഫിലെ ടീമുകളെ കൊണ്ട് നിറഞ്ഞേനെ!

വർഷം മുഴുവൻ ക്രിക്കറ്റ് എന്ന നിലയിൽ നിന്ന് ആവശ്യത്തിന് ഇടവേളകൾ നൽകിയുള്ള ഒരു കലണ്ടറിന് രൂപം കൊടുക്കുക. ഇന്നിപ്പോൾ കളിക്കാർ ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ ഏത് രാജ്യത്താണ് തങ്ങൾ എന്നു പോലും ഓർക്കാൻ കഴിയാത്തത്ര ടൂറുകളാണ്.

അതിന്റെ കൂടെ ഐപിഎൽ സർക്കസും കൂടി ചേരുമ്പോൾ കാര്യങ്ങൾ കുഴഞ്ഞു മറിയും. ഇത്തവണ പരിക്ക് കാരണം എത്ര ഇന്ത്യൻ മുൻനിര കളിക്കാർക്ക് വേൾഡ് കപ്പിന് പോകാൻ സാധിച്ചില്ല എന്നത് കണക്ക്കൂട്ടി നോക്കണം.

ആദ്യം വേണ്ടത് ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിൽ ഒരു പരിപൂർണ്ണ അഴിച്ചുപണിയാണ്. ഇന്നത്തെ ക്രിക്കറ്റ് അറിയാവുന്നവരായിരിക്കണം അവിടെ ഇരിക്കേണ്ടത്. കളിയുടെ വ്യത്യാസം മാത്രമല്ല, കളിക്കാരുടെ വ്യത്യാസവും മനസ്സിലാക്കാൻ സാധിക്കുന്നവർ വരട്ടെ. തലയെടുപ്പിന്റെ വലിപ്പം മാത്രം നോക്കി എഴുന്നള്ളിപ്പിന് ആനയെ തിരഞ്ഞെടുക്കുന്ന കാലമൊക്കെ പോയി.

കളിക്കാർക്ക് അവകാശങ്ങൾ ഉണ്ട് എന്ന കാര്യം സമ്മതിച്ചു കൊണ്ടു തന്നെ, അവരെ കളിക്കാരായി മാത്രം കാണാൻ ബോർഡ് ശ്രമിക്കുക. അവരെ താരങ്ങളാക്കി മുതലെടുക്കാൻ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് പലപ്പോഴും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നത്. അവർ കളിക്കാരാണ് എന്ന രീതിയിൽ മാത്രം ഇടപെടുക, അതവർക്കും മനസ്സിലാകും. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന്, അതൊരു ബഹുമതിയായി കണക്കാക്കാൻ സാധിക്കണം, നേരെ തിരിച്ചാകരുത്. ലോക ഫുട്ബോളിലെ ഒന്നാം നമ്പർ ടീമായ ബ്രസീൽ, തങ്ങളുടെ വേൾഡ് കപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അവസരം കിട്ടിയ കളിക്കാർ എങ്ങനെയാണ് പെരുമാറുന്നത് എന്ന വീഡിയോ ഈ അടുത്ത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ ഇങ്ങനെയാണോ സംഭവിക്കുന്നത് എന്നു ആലോചിച്ചു നോക്കുക.

എത്ര വലിയ റെക്കോഡുകളുടെ ഉടമയാണെങ്കിലും, ഇന്ത്യൻ ടീമിന് ആവശ്യമുള്ള ഉയർന്ന നിലവാരം നിലനിർത്താത്തവരെ തിരഞ്ഞെടുക്കരുത്. അയാൾ നല്ല കളിക്കാരനാണ്, ഈ മോശം ഫോമിനെ മറികടക്കാൻ അയാൾക്ക് സാധിക്കും എന്ന സ്ഥിരം പല്ലവി ഇനി പാടില്ല. മോശം ഫോമിലുള്ള കളിക്കാരൻ പുറത്തിരിന്നു കളി മെച്ചപ്പെടുത്തി തിരികെ വരട്ടെ.

ആഭ്യന്തര ക്രിക്കറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന ഐപിഎൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാരമായി മാറിക്കഴിഞ്ഞു. ക്രിക്കറ്റിനേക്കാൾ അവിടെ ആഘോഷങ്ങൾക്കും, അലങ്കാരങ്ങൾക്കുമാണ് പ്രാധാന്യം. കളിച്ചു വളരുന്ന പുതുമുഖങ്ങൾക്ക് ഐപിഎൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതാണ് ക്രിക്കറ്റ് എന്നവർ തെറ്റിദ്ധരിച്ച്, അവരവരുടെ വിലയും നിലയും കളിക്ക് മേലെയാണ് എന്ന് ചിന്തിച്ചു പോയാൽ തെറ്റ് പറയാൻ പറ്റില്ല. പോരാത്തതിന്, പേരിന് മാത്രം അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കുന്ന നിലയിലേക്ക് താഴ്ന്ന ഐപിഎൽ, കളിക്കാരുടെ നിലവാരം മോശമാക്കാനും വഴി വച്ചു. ഐപിഎല്ലിലെ കളിമിടുക്ക് കൊണ്ട് അന്താരാഷ്ട്ര കളികളിൽ വിജയം കൈവരിക്കാൻ സാധിക്കില്ല എന്ന കാര്യം പല പ്രാവശ്യം ഇവിടെ എഴുതിയിട്ടുള്ളതാണ്, വിദഗ്ധർ സമ്മതിച്ചിട്ടുള്ളതുമാണ്. ഐപിഎൽ മുതലാളിമാർക്ക് ഇത് വെറും എന്റർടൈന്മെന്റ് മാത്രമാണ് എന്നോർക്കുക. ഇക്കാര്യത്തിൽ ഒരു ഗുരുതരമായ വായന ഉടൻ വേണ്ടതാണ് എന്ന് ബിസിസിഐ സമ്മതിക്കണം, അതിനനുസരിച്ചു കാര്യങ്ങൾ നീക്കണം.

എന്റെ ഫോട്ടോ, എന്റെ ഫുൾ ഫിഗർ എന്ന മട്ടിൽ ക്രിക്കറ്റ് ലോകത്തെ അടക്കി വാഴാമെന്നുള്ള വാശി ബിസിസിഐ ഉപേക്ഷിക്കണം. കളി മിടുക്കു മറ്റുള്ളവർക്കും കാശ് മാത്രം നമുക്കും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മറ്റുള്ള ലീഗുകളിൽ നമ്മുടെ കളിക്കാരെ കളിക്കാൻ അനുവദിക്കുക, അവർ അവിടെ പോയി മറ്റ് നാട്ടുകാരുടെ കളി മനസ്സിലാക്കട്ടെ, കളി മെച്ചപ്പെടുത്തട്ടെ. നമ്മുടെ കളിക്കാർ ഇംഗ്ലണ്ടിൽ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന്റെ ഗുണം എന്നും ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക.

ഒരു മൊത്തത്തിലുള്ള അഴിച്ചുപണിയാണ് വേണ്ടത്. സെമിയിൽ എത്തിയില്ലേ, പിന്നെന്തിന് ഇങ്ങനൊക്കെ ചെയ്യണം എന്നാണ് ചിന്തയെങ്കിൽ, എത്ര നാളായി ഒരു കപ്പ് നേടിയിട്ട് എന്നു കൂടി ആലോചിച്ചു നോക്കണം. കൂടാതെ എങ്ങനെ സെമിയിൽ എത്തി എന്നും ചിന്തിക്കണം. ഒരു പന്ത് ഒന്നിങ്ങോട്ടോ അങ്ങോട്ടോ ആയിരുന്നെങ്കിൽ തീരുമായിരുന്നു ഈ സെമി പ്രവേശനം പോലും. അത് കൊണ്ട് ഇനിയും സമയം കളയാതെ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ചിന്തിക്കുക, ബോൾ ചെയ്യുക, ബാറ്റ് വീശുക.

പത്തിന്റന്ന് പന്തുരുളും | ഖത്തർ ലോകകപ്പ്

ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി പത്ത് നാൾ മാത്രം. കൊച്ചു കേരളത്തിലെ പുള്ളാവൂർ മുതൽ, ലോക ഫുട്ബോളിന്റെ ഈറ്റില്ലമായ ലാറ്റിൻ അമേരിക്കൻ നാടുകളിലെ കവലകളിൽ വരെ കളിയാവേശം കൊടുമ്പിരി കൊണ്ടിരിക്കുന്നു.

നവംബർ 20ആം തിയ്യതി ഖത്തറിലെ അൽഖോർ നഗരത്തിലുള്ള, അറേബ്യൻ കൂടാരസാദൃശ്യമുള്ള അൽ ബയ്ത് സ്റ്റേഡിയത്തിൽ, ഇക്വഡോർ ആതിഥേയരായ ഖത്തറിനെ നേരിടുമ്പോൾ ലോകം ഒന്നിച്ചു പറയും, വിവ ഖൂറ!

ഫുട്ബോൾ എന്ന കളിയുടെ മാസ്മരിക ശക്തി ഒന്നു കൂടി വിളിച്ചോതുന്നതാകും ഈ വേൾഡ് കപ്പ്. അധിനിവേശങ്ങളുടെയും, അസ്ഥിരതയുടെയും പ്രദേശമായി അറിയപ്പെട്ടിരുന്ന പശ്ചിമേഷ്യയിലേക്ക് ലോകം മുഴുവൻ ഒഴുകി എത്തണമെങ്കിൽ, അതിൽ വലിയൊരു പങ്ക് ഈ കളിയുടെ അദൃശ്യമായ മാജിക്കിന്‌ അവകാശപ്പെട്ടതാണ്.

അദ്ഭുതകരമായ ഒരു വേൾഡ് കപ്പാണ് ഖത്തർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വരെ അവിടുത്തെ സന്നാഹങ്ങളും സൗകര്യങ്ങളും കണ്ട കളിക്കാരും, കാണികളും പറഞ്ഞത് ഖത്തറിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ്. ഇന്നേക്ക് പത്തിന്റന്ന് ഖത്തറിൽ പന്തുരുളുമ്പോൾ, അത് ലോക മഹാത്ഭുതങ്ങളിൽ ഒന്നായി ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പാണ്. കളി കഴിഞ്ഞു ലോകം തിരികെ പോകുമ്പോൾ, അത് ഈ ദേശത്തെക്കുറിച്ചും, ഈ പ്രദേശത്തെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാടും കൊണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. മനുഷ്യരാശിക്ക് ഫുട്ബോൾ നൽകുന്ന പുതിയൊരു സന്ദേശം കൂടിയാകട്ടെ ഫിഫ 2022 വേൾഡ് കപ്പ് എന്നു നമുക്ക് ആശംസിക്കാം.

സെമി കടുത്താൽ, ഫൈനൽ പൊളിക്കും

ആരും പ്രതീക്ഷിക്കാത്ത പാകിസ്ഥാനും, ഐസിസി ഉൾപ്പടെ എല്ലാവരും ആഗ്രഹിച്ച ഇന്ത്യയും, ഓസ്‌ട്രേലിയൻ സ്വപ്നങ്ങളെ തകർത്തു ഇംഗ്ലണ്ടും, ആരോടും പരാതിയില്ലാതെ ന്യൂസീലൻഡും ഇക്കൊല്ലത്തെ T20 വേൾഡ് കപ്പ് സെമിയിൽ എത്തിക്കഴിഞ്ഞു. മഴയും കൂടി കളിച്ച ആദ്യ റൗണ്ടുകളിൽ പല കളികളും ആവേശകരമായി എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് എല്ലാവരും ഇതിനോടകം സമ്മതിച്ചതാണ്. സെമിയിൽ എത്തിയ ടീമുകൾ നാലെണ്ണവും ഫാൻസിന്റെ പ്രീതി പിടിച്ചു പറ്റിയ ടീമുകൾ ആണെന്ന് മാത്രമല്ല, കടക്ക് പുറത്ത് എന്നു മറ്റ് ടീമുകളോടെ പറയാൻ അർഹതയുള്ള ടീമുകളാണ് അവയെല്ലാം.

ഇത് കൊണ്ടു തന്നെ, സെമിയിൽ കളികൾ കടുക്കും, പിച്ചിൽ പോരാട്ടം തീ പാറും, ഗാലറികളിൽ വികാരവിക്ഷോഭങ്ങൾ തിരതള്ളും. പാകിസ്ഥാൻ ന്യൂസിലാൻഡ് കളിയാണ് ആദ്യം നടക്കുന്നത്. ഇതിൽ മുൻതൂക്കം കിവികൾക്കാണെങ്കിലും, നമ്മുടെ അയൽക്കാരുടെ കളി പ്രവചനാതീതമാണ് എന്നു നമുക്കറിയാം. 11ൽ ഏത് കളിക്കാരനും ഫോമിലേക്ക് വന്നേക്കാം, അതാണ് അവരുടെ പ്ലസ് പോയിന്റ്. പക്ഷെ പാക് ടീമിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു വൻ വിജയം സാധ്യമാണെന്ന് അവർ പോലും വിശ്വസിക്കുന്നുണ്ട് എന്നു കരുതാനാവില്ല. കളി അവസാന പന്തിലേക്ക് എത്താൻ സാധ്യത കുറവാണ്. പക്ഷെ അങ്ങനെ അവസാന പന്തിലേക്ക് എത്തിയാൽ പാകിസ്ഥാൻ ജയിച്ചേക്കും, അല്ലെങ്കിൽ ലോക ക്രിക്കറ്റിലെ ജന്റിൽമൻ ടീമായ ന്യൂസിലാൻഡിന് തന്നെയാണ് വിദഗ്ധർ ഫൈനൽ സാധ്യത കൽപ്പിക്കുന്നത്.

ഇന്ത്യ നേരിടുന്നത് ഇംഗ്ലണ്ടിനെയാണ് എന്നത് നമുക്ക് കുറച്ചു ആശ്വാസം നൽകുന്നുണ്ട്. പരസ്പരം നന്നായി അറിയാവുന്ന കളിക്കാരാണ് തമ്മിൽ ഏറ്റ്മുട്ടുന്നത്. പണ്ട് ഇന്ദ്രനും ചന്ദ്രനും ഇടയിലൂടെ നടന്ന കഥകൾ പല തവണ കേട്ടിട്ടുള്ളത് കൊണ്ട്, അതൊന്നും ഈ കളിയിൽ വിലപ്പോകില്ല. കളിയുടെ അന്ന് പുറത്തെടുക്കുന്ന അടവുകൾ ആരുടേതാണ് മെച്ചം എന്നത് മാത്രമാകും വിജയിയെ തീരുമാനിക്കാൻ ഉതകുന്ന ഏക ഘടകം. കഴിഞ്ഞ കളികളിലെ പ്രകടനങ്ങൾ വച്ചു നോക്കുമ്പോൾ, ഇന്ത്യക്കാണ് മുൻതൂക്കം. ഇന്ത്യൻ മുൻനിര ബാറ്റേഴ്സും ബോളേഴ്‌സും ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇംഗ്ലണ്ട് ടീമിലാണെങ്കിൽ സ്ഥിരമായ ഒരു മാച്ച് വിന്നറുടെ അഭാവം അവരെ അലട്ടുന്നുണ്ട് താനും.

ഐസിസിയും, സംഘാടകരും, ഭൂരിപക്ഷം കാണികളും ആഗ്രഹിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ ഫൈനലാണ് എന്നതാണ് രസകരമായ കാര്യം. ഓരോ കൂട്ടർക്കും ആഗ്രഹിക്കാൻ ഓരോ കാരണങ്ങളുണ്ട് എന്നതും വ്യക്തമാണ്. പക്ഷെ അങ്ങനെയൊരു കളി ഫൈനലിൽ ഒത്ത് വരികയാണെങ്കിൽ, അത് മറ്റൊരു ഇതിഹാസമായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഖത്തറിൽ ഫുട്ബോൾ മാമാങ്കവുമായി കെഈഎഫ്

വേൾഡ് കപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, ഖത്തറിലുള്ള മലയാളി എഞ്ചിനിയർമാരുടെ കൂട്ടായ്മയായ കേരളൈറ്റ് എഞ്ചിനിയർസ് ഫോറം (കെഈഎഫ്) ഫുട്ബോൾ ആവേശത്തിൽ പങ്കെടുക്കുന്നു. ഖത്തറിലെ ഒട്ടുമിക്ക വേൾഡ് കപ്പ് വേദികൾക്ക് പിന്നിലും കേരളത്തിൽ നിന്നുള്ള എഞ്ചിനിയർമാരുടെ പരിശ്രമം ഉണ്ടെന്നുള്ള കാര്യം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിൽ നിന്നുള്ള ഈ വിദഗ്ധർ സ്പോർട്സ് രംഗത്തും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിട്ടുള്ളതാണ്. കെഈഎഫിന്റെ ഫുട്ബോൾ, ക്രിക്കറ്റ്, വോളി, ഷട്ടിൽ ടീമുകൾ ദോഹയിലെ ആഭ്യന്തര ടൂർണമെന്റുകളിൽ വാങ്ങിക്കൂട്ടിയ ട്രോഫികൾ അനവധിയാണ്. മലയാളികളുടെ ഇടയിൽ ടെന്നീസിന് പ്രചാരം നൽകാൻ കെഈഎഫ് ടെന്നീസ് ടീം അംഗങ്ങൾ നൽകിയ സേവനം നിസ്തുലമാണ്. ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള സ്പോർട്സ് പരിപാടികൾ നയിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് കെഈഎഫ് അംഗങ്ങളാണ്.

വേൾഡ് കപ്പിന് മുന്നോടിയായി, വേൾഡ് കപ്പ് നടത്തുന്ന ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു, കെഈഎഫ് തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി ഫുട്ബോൾ ഫീസ്റ്റ സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം ചെയർമാൻ സക്കീർ ഹുസ്സൈൻ ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പുരുഷന്മാർക്കും വനിതകൾക്കും പെനാൽറ്റി ഷൂട്ഔട്ട്, കുട്ടികളുടെ ഫുട്ബോൾ മത്സരം, ജഗ്ളിംങ് തുടങ്ങി അനവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നവംബർ 11ആം തിയ്യതി ദോഹയിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂളിലെ ഫുട്ബാൾ അരേനയിൽ വെച്ച് വൈകിട്ട് 5 മുതൽ 8 വരെയാണ് മത്സരങ്ങൾ നടക്കുക.

ഇന്ത്യൻ ക്രിക്കറ്റിലെ ദ്രവീഡിയൻ മൂവ്മെന്റ്

ഇന്ത്യയുടെ വേൾഡ് കപ്പിലെ കഴിഞ്ഞ കളികൾ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും, ഈ ടീം ഉള്ളിൽ നിന്ന് വജ്രം കൊണ്ടു ഉണ്ടാക്കിയതാണ്. പുറമെ നിന്ന് നോക്കുമ്പോൾ പല കുറവുകളും നാം കാണുമെങ്കിലും, അവരുടെ പ്രകടനത്തിൽ നിന്ന് മനസ്സിലാകുന്നത്, ഇത്ര നിശ്ചയദാർഢ്യമുള്ള ഒരു ടീം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ട് കാലമേറെയായി എന്നാണ്.

ഈ ടീം അംഗങ്ങളുടെ ശാന്തതയാണ് നമുക്ക് ആദ്യം ദൃശ്യമാവുക. പക്വത വന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായിട്ടാണ് ഇവരെ കളത്തിന് അകത്തും പുറത്തും നമുക്ക് കാണാൻ സാധിക്കുക. കാണികളോടായാലും, പത്രക്കാരോടായാലും, എതിർ ടീമിലെ കളിക്കാരോടായാലും സൗമ്യമായി പെരുമാറുന്ന ഈ ഇന്ത്യൻ ക്രിക്കറ്റ് ടീം പക്ഷെ ഉള്ളിന്റെ ഉള്ളിൽ കടുപ്പക്കാരാണ് എന്നാണ് കളികൾ കണ്ട് മനസ്സിലാക്കേണ്ടത്.

മുതിർന്ന കളിക്കാരായ വിരാട് രോഹിത് തുടങ്ങിയവരെ നാം സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ആ വ്യത്യാസം മനസ്സിലാകും. എടുത്തു ചാട്ടക്കാരായ, രക്തത്തിളപ്പുള്ള കളിക്കാരിൽ നിന്നും അവരെല്ലാം തികച്ചും അക്ഷുബ്ധത കൈവരിച്ച മനുഷ്യരായി മാറിക്കഴിഞ്ഞു. വിവാദമായേക്കാവുന്ന ചോദ്യങ്ങളെ താഴ്മയോടെ നേരിടുന്നു, കളിക്കളത്തിൽ തെറ്റ് വരുത്തുന്നവരെ ആശ്വസിപ്പിക്കുന്നു, കൂടെയുള്ള കളിക്കാരെ ചേർത്ത് പിടിക്കുന്നു, എതിരാളികളെ പുഞ്ചിരിയോടെ നേരിടുന്നു.

ടീമിലെ എല്ലാ കളിക്കാരിലും ഇതേ മാറ്റങ്ങൾ വന്നതായി കാണാം. ഇന്ത്യൻ ക്രിക്കറ്റിലെ ബാഡ് ബോയ് ആയി കണക്കാക്കിയിരുന്ന ഹാർദിക് പാണ്ഡ്യയുടെ പെരുമാറ്റം പോലും എത്ര മാറിയിരിക്കുന്നു എന്നു കാണുക. ക്രീസിൽ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹാർദിക്കിനെ സ്ലെഡ്ജ് ചെയ്യാൻ എങ്ങനെ തോന്നും എന്നാണ് എതിരാളികളുടെ പരാതി. സൂപ്പർ ഫ്രൻഡ്ലിയായ പന്തിനെ തുറിച്ചു നോക്കാൻ പോലും അവർക്ക് പറ്റുന്നില്ല. ബൗൺസർ എറിയുന്ന അക്ഷദീപിനെ നോക്കി ഒരു ചീത്ത പോലും പറയാൻ ആർക്കും തോന്നില്ല. കളിക്കാർക്കെല്ലാം സ്പിതി താഴ്‌വരകളിൽ സർവ്വവും ത്യജിച്ചു, ലളിതമായ ജീവിതം നയിക്കുന്ന ബുദ്ധസന്യാസിമാരുടെ ഒരു മട്ടും ഭാവവുമാണ്.

ചുറ്റും നടക്കുന്നതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളല്ല എന്ന മട്ടിലാണ് ടീമംഗങ്ങൾ പെരുമാറുന്നത്. എന്നാൽ, തികച്ചും അസാധ്യമായ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അവർ എങ്ങനെയാണ് നേരിട്ടത് എന്നു നോക്കൂ. പാകിസ്ഥാന് എതിരെയുള്ള കളിയിലും, ഇന്നലെ നടന്ന ബംഗ്ലാദേശിന് എതിരായ കളിയിലും, ഇന്ത്യക്കു തിരിച്ചു വരാൻ സാധിക്കും എന്ന് ആരും കരുതിയതല്ല. ആ രണ്ട് ടീമുകളുടെയും ആരാധകർ വിജയം ഉറപ്പിച്ചു ആഘോഷങ്ങൾ നേരത്തെ തുടങ്ങിയിരുന്നു, ഇന്ത്യൻ ആരാധകർ ഇനി ഒരു തിരിച്ചു വരവിന് പ്രതീക്ഷയില്ല എന്ന് തീരുമാനിച്ചു ഉറപ്പിച്ച നിലയിലായിരുന്നു. പക്ഷെ രണ്ട് കളികളിലും ഇന്ത്യൻ ടീം അക്ഷോഭ്യരായി നിന്ന്, തങ്ങളെ ഏൽപിച്ച ജോലി ഭംഗിയായി ചെയ്തു തീർത്തു. അത് കഴിഞ്ഞു ഇതൊക്കെയെന്ത് എന്ന ഭാവമായിരുന്നു ഇന്ത്യൻ ടീമിന്. കരൾ ഉറപ്പ് ഇല്ലാത്ത മനുഷ്യർക്ക് കടക്കാൻ പറ്റാത്ത സിറാത്ത് പോലെയുള്ള നൂൽ പാലം ആയിരുന്നല്ലോ ആ കളികളിൽ ഇന്ത്യക്കു കടക്കേണ്ടിയിരുന്നത്. പക്ഷെ തങ്ങളുടെ ലക്ഷ്യം എന്താണ് എന്ന തിരിച്ചറിവ് മാത്രം മുന്നിൽ കണ്ട് ഉറച്ച മനസ്സോടെ തങ്ങളെ ഏൽപ്പിച്ച ജോലി അവർ ഭംഗിയായി നിർവഹിച്ചു. അസാമാന്യ ഉൾക്കരുത്തുള്ള മനുഷ്യർക്ക് മാത്രം സാധിക്കുന്ന ഒരു കളിയാണ് ഈ ഇന്ത്യൻ ടീം നമുക്ക് വേണ്ടി കളിച്ചത്.

ഈ പുതിയ തിരിച്ചറിവും വ്യക്തതയും എങ്ങനെ ഇന്ത്യൻ ടീമിന് കിട്ടി എന്ന് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്, ഒരു മനുഷ്യന്റെ അദ്ഭുതകരമായ കഴിവാണ് ഇതിനു കാരണം എന്നതാണ്. ഒരു വർഷം മുമ്പ് വരെ ശാസ്ത്രിയുടെ കീഴിൽ എന്തിനും പോന്ന, ആരെയും കൂസാത്ത ഒരു ടീം ആയിരുന്നപ്പോൾ സന്തോഷിച്ചിരുന്ന നമ്മളിൽ പലരും, തണുപ്പനായ ദ്രാവിഡ് കോച്ച് ആയി വന്നപ്പോൾ ഭയപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ ആ സന്യാസിവര്യന്റെ രീതികളാണ് ഇന്ന് നമുക്ക് സന്തോഷം നൽകുന്നത് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എടുത്തുചാട്ടവും, ധിക്കാരവും കൊണ്ട് മാത്രമേ കളികൾ ജയിക്കാൻ സാധിക്കൂ എന്നു കരുതിയിരുന്ന നമ്മളെ, സ്നേഹവും, പക്വതയും, ഫോക്കസും കൊണ്ട് ലോകം കീഴടക്കാം എന്ന് പഠിപ്പിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. സീനിയർ അംഗങ്ങളെ ഇത് മനസ്സിലാക്കിച്ചതിൽ മാത്രമല്ല, യുവതാരങ്ങളെ ഇതിന് പാകപ്പെടുത്തുക വഴി, ഭാവിയിൽ ഇന്ത്യൻ ടീം എങ്ങനെ ആയിരിക്കണം എന്നു കൂടി ദ്രാവിഡ് വരച്ചു കാട്ടുകയാണ്. ഗാന്ധിജിയുടെ നാടെന്ന ഖ്യാതിയുള്ള ഇന്ത്യക്ക്, കളിക്കളത്തിലും ആ പാത പിന്തുടരാൻ സാധിക്കുമെങ്കിൽ, ഇതിൽപരം എന്തു വലിയ സന്ദേശമാണ് ലോകത്തിനു നൽകാൻ കഴിയുക. ഈ ദ്രവീഡിയൻ നീക്കം ഇനിയും വിജയിക്കട്ടെ എന്നു ആശംസിക്കാം, മറ്റ് കളികളിലും ഈ അച്ചടക്കം വളരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

ഇനി കണക്കുകളുടെ വേൾഡ് കപ്പ്

ഓസ്‌ട്രേലിയയിൽ T20 വേൾഡ് കപ്പ് കളിക്കുന്ന ടീമുകൾ പകുതിയിലധികം കളികൾ കളിച്ചു കഴിഞ്ഞു. മുൻനിര ടീമുകളുടെ ടീം മീറ്റിങ്ങുകളിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്, പണ്ട് കളിച്ചു നടന്നിരുന്ന കാലത്ത് കണക്ക് പഠിച്ചിരുന്നെങ്കിൽ എന്നാണ്!

സെമി സാധ്യത നിലനിറുത്താൻ ഇവർക്ക് സ്വന്തം കളികൾ ജയിച്ചാൽ മാത്രം പോര, മറ്റുള്ള ചില ടീമുകൾ അവരവരുടെ കളികൾ തോൽക്കുകയും വേണം. അതും കൃത്യമായ റണ്ണുകളുടെയും വിക്കറ്റുകളുടെയും വ്യത്യാസത്തിൽ തന്നെ. അതായത്, ഇനിയുള്ള കളികൾ കണക്കിന്റേതാണ്.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഈ വേൾഡ് കപ്പ് ആദ്യ റൗണ്ടിൽ തന്നെ അവസാനിക്കുമോ എന്ന ശങ്കയിലാണ്. ഇന്ന് ഇംഗ്ലണ്ട് ന്യൂസീലൻഡിനെ തോല്പിച്ചതോടെ പരുങ്ങലിലായത് ആതിഥേയരാണ്. അവർക്ക് ഇനിയുള്ള ഒരു കളി അഫ്ഘാനിസ്ഥാനുമായാണ്. അവർ അത് ജയിക്കുയതും, ഇംഗ്ലണ്ട് ശ്രീലങ്കയോട് തോൽക്കുകയും ചെയ്താൽ, നെറ്റ് റണ് റേറ്റ് കാര്യങ്ങൾ തീരുമാനിക്കും. പക്ഷെ ഇംഗ്ലണ്ട് ശ്രീലങ്കയെ നല്ല വ്യത്യാസത്തിന് തോല്പിച്ചാൽ, ഓസ്ട്രേലിയ ബാക്കിയുള്ളവരുടെ കളികൾ നടത്തി ഈ വേൾഡ് കപ്പിൽ പങ്കാളികളായി തുടരാം.

ഇംഗ്ലണ്ടിന്റെ ഇന്ന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു ശ്വാസം വീണ്ടെടുത്തു നിൽക്കുകയാണ്. അവർക്ക് ഇനി ശ്രീലങ്കയെ തോൽപ്പിച്ചു ഓസ്‌ട്രേലിയയേക്കാൾ നല്ല റണ് റേറ്റ് എടുത്താൽ മാത്രമേ രക്ഷയുള്ളൂ.

ശ്രീലങ്കയുടെ സെമി സാധ്യത ഏതാണ്ട് കഴിഞ്ഞ മട്ടാണ്, പക്ഷെ അവരുടെ ഉന്നം മറ്റൊന്നാണ്. അവർ ഇനിയുള്ള രണ്ട് കളികളിൽ (അഫ്‌ഗാൻ & ഇംഗ്ലണ്ട്) നല്ല പ്രകടനം കാഴ്ചവച്ചു, ഗ്രൂപ്പിൽ ആദ്യ നാല് സ്ഥാനങ്ങളിൽ വരാൻ ശ്രമിക്കും. എങ്കിൽ മാത്രമേ 2024 വേൾഡ് കപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കൂ!

ഇന്ന് തോറ്റെങ്കിലും, ഗ്രൂപ്പ് ടോപ്പർമാരായ ന്യൂസീലൻഡ് ഏറെക്കുറെ സേഫ് സോണിലാണ്. ഇനി അവർക്ക് നേരിടാനുള്ളത് അയർലണ്ടിനെയാണ് എന്നത് അവർക്ക് ആശ്വാസം നൽകുന്നു.

ഗ്രൂപ്പ് രണ്ടിലെ ടോപ്പർമാരായ പ്രോട്ടീയാസും ഏതാണ്ട് സെമിയിൽ എത്തിയ മട്ടാണ്. അവർക്ക് ഇനി നേരിടാനുള്ള രണ്ട് കളികളിൽ (പാകിസ്ഥാൻ & നെതർലൻഡ്‌സ്‌) ഒന്ന് ജയിച്ചാൽ അതു ഉറപ്പിക്കാം.

ബംഗ്ലാദേശിനെ പോലെ ഒരു സ്ഥിതിവിശേഷം ഈ ലോകത്ത് ആർക്കും കൊടുക്കരുതെ എന്നാണ് ക്രിക്കറ്റ് വിദഗ്‌ദ്ധർ തലയിൽ കൈ വച്ചു പറയുന്നത്. അവർക്ക് ഇനി സെമി കാണണമെങ്കിൽ ഇന്ത്യയെയും പാകിസ്താനെയും തോല്പിക്കണം. ആരാണ് ഇത്തരം ഒരു അവസ്ഥ ആഗ്രഹിക്കുക!

ഈ ടൂർണമെന്റിൽ അത്ഭുതങ്ങൾ കാണിച്ച സിംബാബ്‌വേക്ക് ഇനിയുള്ള രണ്ട് കളികളും ജയിച്ചാൽ ഒരു പക്ഷെ സെമിയിലെത്താം. ഡച്ചുകാരുമായുള്ള കളി എളുപ്പമായാൽ കൂടി, ഇന്ത്യയുമായുള്ള കളി അവർക്ക് കടുപ്പമാകും.

കാൽക്കുലേറ്ററിന്റെ ആവശ്യം ഏറ്റവും കൂടതലുള്ളത് പാകിസ്ഥാനാണ്. ഇന്ത്യയുമായും സിംബാബ്‌വെയുമായും തോറ്റതോടെ അവരുടെ സ്ഥിതി കുഴപ്പത്തിലാണ്. ആദ്യം നെതർലൻഡ്‌സ്‌ സിംബാബ്വേയെ തോല്പിക്കണം. പിന്നെ അവർ സ്വയം ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനെയും തോല്പിക്കണം. അതും കഴിഞ്ഞു സിംബാബ്വേ ഇന്ത്യയെ തോല്പിക്കണം. എന്നിട്ട് ഇന്ത്യയുമായി റണ് റേറ്റ് താരതമ്യം ചെയ്ത് തീരുമാനിക്കണം. ഇത്തവണ ടിവി സെറ്റുകളെക്കാൾ മുൻപേ കാൽക്കുലേറ്ററുകൾ ആകും തകർക്കപ്പെടുക!

ഇന്ത്യയെ സംബന്ധിച്ച് സെമിയിലെത്താൻ കുറച്ചു കൂടി എളുപ്പമാണ് കാര്യങ്ങൾ. നാളത്തെ ബംഗ്ലാദേശുമായുള്ള കളിയും, ഞായറാഴ്ചത്തെ സിംബാബ്‌വെയുമായുള്ള കളിയും ജയിക്കണം. കൂടാതെ പാകിസ്ഥാൻ ഒരു കളിയെങ്കിലും തോൽക്കണം.

അതായത്, വരുന്ന നാലഞ്ചു ദിവസങ്ങൾ കണക്കിലെ കളികൾ കൊണ്ടു വേൾഡ് കപ്പ് ചർച്ചകൾ നിറയുമെന്ന് ഉറപ്പ്‌. ഇനിയുള്ള ദിവസങ്ങളിൽ സ്വന്തം ടീമുകളെ കൂടാതെ മറ്റ് ടീമുകളെ കൂടി പിന്താങ്ങാൻ ഫാൻസ് തയ്യാറാകേണ്ടി വരും. പക്ഷെ, അപ്പോഴും ഇന്ത്യയും പാകിസ്ഥാനും എതിർച്ചേരിയുടെ തോൽവിയാകും ആഗ്രഹിക്കുക എന്നത്, വേൾഡ് കപ്പിലെ വാശി ഒട്ടും കുറക്കില്ല എന്ന സന്തോഷത്തിലാണ് സ്പോണ്സർമാർ.

പാകിസ്ഥാനെ തോൽപ്പിച്ചു വിരാട്

വേൾഡ് കപ്പിലെ ഇന്ത്യയുടെ ആദ്യ മാച്ചിൽ വിരാട് പാകിസ്ഥാനെ തോൽപ്പിച്ചു. എംസിജിയിലെ ഒരു ലക്ഷം കാണികൾക്കിടയിൽ, രണ്ടാമത്തെ ഡെക്കിൽ ഇരുന്നു കളി കണ്ട സുഹൃത്ത് മെസ്സേജ് അയച്ചു. അടുത്ത മെസ്സേജ് എനിക്ക് വായിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, ടിവിയിൽ കളി കണ്ടു കൊണ്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണ് തുടച്ചു ഞാൻ സുഹൃത്തിന്റെ മെസ്സേജ് വായിച്ചു, ഞാൻ കരയുകയാണ്, പിന്നീട് വിളിക്കാം.

ഇന്ന് പാകിസ്താനെതിരെ ഇന്ത്യ ജയിച്ച കളി കണ്ട എല്ലാ ഇന്ത്യക്കാരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകും. കളി ജയിച്ചത് കൊണ്ടല്ല, എങ്ങനെ ആ കളി കോഹ്ലി ജയിപ്പിച്ചു എന്നത് കൊണ്ട്. കോഹ്ലിയുടെ കണ്ണുകളും നിറഞ്ഞിരുന്നു എന്ന് നമ്മൾ കണ്ടു.

നാളത്തെ പത്രങ്ങളിലെ തലക്കെട്ടുകൾ അതിശയോക്തി നിറഞ്ഞതാകും എന്ന് കരുതുന്നില്ല. വീരൻ വിരാട്, വീരാടി വിരാട്, വില്ലാളി വീരൻ വിരാട് എന്നിങ്ങനെയുള്ള തലക്കെട്ടുകൾ കണ്ടാൽ അത്ഭുതം തോന്നാൻ വഴിയില്ല. വിരാട് കോഹ്ലി അതെല്ലാം അർഹിക്കുന്നത് തന്നെയാണ്. ആദ്യ 10 ഓവറിൽ 50ൽ താഴെ മാത്രം റണ് എടുത്തു 4 വിക്കറ്റും കളഞ്ഞു നിൽക്കുന്നിടത്തു നിന്നാണ് അടുത്ത പത്തോവറിൽ 110 റണ്സ് എടുത്തു ഹാർദിക്കിനോടൊപ്പം ഇന്ത്യയുടെ ഒരേയൊരു കൂട്ടുകെട്ട് പടുത്തുയർത്തി വിരാട് ഇന്ത്യയെ വിജയിപ്പിച്ചത്. ഓരോ ഘട്ടത്തിലും ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നു റണ്ണുകളുടെ എണ്ണം കണ്ട് എല്ലാവരും തോൽവി പ്രതിക്ഷിച്ചിരുന്നപ്പോൾ, വിരാട് മാത്രമാണ് വിജയത്തിനായി അവസാനം വരെ പോരാടിയത്.

കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായി ഈ മുൻ ക്യാപ്റ്റനെ എഴുതി തള്ളിയിരുന്ന എല്ലാവരും ഇന്ന് ആ മനുഷ്യനെ വാഴ്ത്തുന്ന തിരക്കിലാകും. ഒരവസരത്തിൽ ഈ കളിക്കാരനെ അപമാനിക്കാൻ ശ്രമിച്ച ബിസിസിഐ അംഗങ്ങൾ അഭിനന്ദനങ്ങൾ ട്വീറ്റ് ചെയ്യുന്നുണ്ടാകും.

ഇന്ത്യയുടെ എക്കാലത്തെയും ക്രിക്കറ്റ് കളിക്കാരിൽ മുൻപന്തിയിൽ വിരാട് കോഹ്ലിയുടെ പേര് എന്നുമുണ്ടാകും. ഈ ഒരു കളി കാരണം മാത്രമല്ല അതു, പക്ഷെ ഇന്നത്തെ കളി ആ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. ഷൈജു ദാമോദരന്റെ പഴയ കമന്ററി കടമെടുത്ത് നമുക്ക് പറയാം, ദിസ് ഇസ് വൈ ദിസ് മാൻ ഈസ് കോൾഡ് കിംഗ്‌!

ആരാധകർക്കും വേണം സ്പോർട്സ്മാൻ സ്പിരിറ്റ്

ഫുട്ബാളിനെ കുറിച്ചു വായിച്ചു തുടങ്ങിയ കാലം മുതൽ കേൾക്കുന്ന പദമാണ് ഹൂളിഗൻസ്. ഇത് ആദ്യകാലങ്ങളിൽ ഇംഗ്ളണ്ടിലെ ഫുട്ബാൾ ആരാധകർക്കിടയിലെ പ്രശ്നക്കാരെ ഉദ്ദേശിച്ചാണ് കേട്ടിട്ടുള്ളത്.

ഇംഗ്ലണ്ട് ഫുട്ബാൾ ആരാധകർ എന്നു പറയുമ്പോൾ തന്നെ, ഇംഗ്ലണ്ട് ദേശീയ ഫുട്ബോളിന്റെ ആരാധകരായ ഇംഗ്ലീഷ്‌കരാണ് ഇതിൽ പെടുന്നത്. യൂറോപ്പിൽ ഇംഗ്ലീഷ് ടീം കളിക്കുമ്പോഴും, വേൾഡ് കപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ട് കളിക്കുമ്പോഴും ഇവർ വന്ന് കള്ള് കുടിച്ചു സ്റ്റേഡിയത്തിന് പുറത്തും അകത്തും കൂത്താടി രാജ്യത്തിനും ഈ സുന്ദര കളിക്കും ചീത്തപ്പേരുണ്ടാക്കുക പതിവായിരുന്നു. പല ക്ളബ്ബ്കളുടെ ആരാധകരും ഇതേ പോലെ പെരുമാറി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിനെതിരെ കളിക്കാരും, ക്ളബ്ബ്കളും ശക്തമായി രംഗത്തു വന്നിട്ടും വലിയ കാര്യമുണ്ടായിട്ടില്ല. പിന്നെ ഇത്തരം കുഴപ്പക്കാരെ തിരഞ്ഞു പിടിച്ചു ബ്ലാക്ക് ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു പതിവ്. അത്തരക്കാർക്ക് പിന്നീട്‌ സ്റ്റേഡിയത്തിന് അകത്തു പ്രവേശിക്കാനോ, വേൾഡ് കപ്പിനായി വിദേശത്തേക്ക് യാത്ര ചെയ്യാനോ സാധിക്കാതെയായി.

ഇന്ത്യയിൽ ആരാധകരെ കൊണ്ടുള്ള ശല്യം ഇത് വരെ പൊതുവെ സോഷ്യൽ മീഡിയയിൽ മാത്രമായിരുന്നു. ഫുട്ബാളിന് അത്രകണ്ട് ആരാധകർ ഇല്ലാത്തത് കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ കുത്തകയായിരുന്നു അവിടത്തെ ശുംഭത്തരങ്ങൾ. വല്ലപ്പോഴും ഇന്ത്യ തോൽക്കുന്ന കളികളിൽ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും എറിഞ്ഞു ശല്യമുണ്ടാക്കും എന്നല്ലാതെ റിയൽ ലൈഫിൽ ഹൂളിഗൻസ് എന്ന് വിളിക്കാൻ മാത്രം കുഴപ്പക്കാർ ആയിരുന്നില്ല അവരും.

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ തമാശകളും മണ്ടത്തരങ്ങളും ഏറെക്കുറെ വേൾഡ് കപ്പ് കാലങ്ങളിൽ മാത്രം, റോഡ് അരികിലെ ഫ്ലെക്സുകളിലും, കവലയിലെ ചായക്കടയിലെ ചർച്ചകളിലും ആയി ഒതുങ്ങാറുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെ തർക്കങ്ങൾ അങ്ങോട്ടും കുടിയേറിയിരുന്നു എങ്കിലും, പരിധി വിട്ട കളികൾ അവിടെയും ഉണ്ടായിരുന്നില്ല. പക്ഷെ മലബാറിലെ സെവൻസ് ഫുട്ബോൾ സീസണിൽ കാര്യങ്ങൾ ചിലപ്പോൾ കൈവിട്ട് പോകാറുണ്ട്, പക്ഷെ അവരാരും പൊതുയിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.

നമ്മുടെ കളിക്കളങ്ങൾ ക്ലബ്ബ്കൾ കയ്യടക്കി തുടങ്ങിയതോടെ ഇതിനെല്ലാം കുറെ മാറ്റങ്ങൾ അടുത്ത കാലത്തായി കണ്ടു വരുന്നുണ്ട്. ഐപിഎൽ, ഐഎസ്എൽ എന്നീ ലീഗുകൾ വന്നതോടെ, പണ്ട് വിദേശ രാജ്യങ്ങളിലെ ക്ളബ്ബ്കളിലെ രണ്ടാംതരം ആരാധകരായ നമ്മുടെ നാട്ടുകാർക്ക് വലിയ ആശ്വാസമായി. സ്വന്തമായി ഒരു ക്ലബ്ബും, നേരിട്ട് കാണാൻ കുറെ കളികളും കിട്ടിയതോടെ തങ്ങളുടെ വിധേയത്വം കൊണ്ട് ചാർത്താൻ ഒരിടം കിട്ടിയ സന്തോഷത്തിലായിരുന്നു അവർ.

ഇത്തരം കാണികളുടെ സത്യസന്ധവും ആത്മാർത്തവുമായ ആരാധന ക്ളബ്ബ്കളുടെ ആവശ്യം കൂടിയായിരുന്നു. അത് അവരുടെ കച്ചവട താൽപര്യങ്ങളുടെ ഭാഗമായിരുന്നു. ആരാധകരെ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബ്കൾ പുതിയ വഴികൾ തേടിയപ്പോൾ, കുറെയേറെ ആരാധകർക്ക് ഇതൊരു ഹരമായി മാറി, പിന്നെയത് ജീവിതത്തിന്റെ ഭാഗമായി മാറി. തങ്ങളും ക്ലബ്ബിലെ ഒരു അംഗമാണെന്നും, തങ്ങൾക്കും അതിൽ അവകാശമുണ്ടെന്നും എന്ന ചിന്തയിലേക്ക് അതു വളർന്നു.

ഇതോടെ ക്ളബ്ബ്കളുടെ ജയപരാജയങ്ങൾ അവരുടേത് കൂടിയാണെന്ന ഒരു മിഥ്യാബോധം അവരിൽ വളർന്ന് വന്നു. ജയങ്ങളിൽ അമിതമായി ആഹ്ലാദിച്ചപ്പോൾ തന്നെ, പരാജയങ്ങൾ നേരിടാൻ മാനസ്സികമായി അവർക്ക് സാധിക്കാതെ വന്നു. പരാജയപ്പെട്ട ടീമിന്റെ ആരാധകരോട് സംസാരിക്കാൻ ചെന്ന ജേർണലിസ്റ്റുകളോട് തട്ടിക്കയറുന്ന കാണികളെ നമ്മൾ കണ്ട് തുടങ്ങിയത് അങ്ങിനെയാണ്. ഇവർ ഒരു കൂട്ടമായി മാറി, വലിയൊരു സാമൂഹിക പ്രശ്നമാകാൻ അധികം സമയം വേണ്ട.

അതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. എതിർ ടീമിന്റെ കളിക്കാരനായ സുഹൈറിന് എതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയ മുദ്രാവാക്യങ്ങളും മുളയിലേ നുള്ളേണ്ടതാണ്. അത് അതിരു വിട്ടാൽ പിന്നെ, കളിഭാഷയിൽ പറഞ്ഞാൽ, പിന്നീട് ഡിഫണ്ട് ചെയ്യാൻ പറ്റാതാകും. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ആരാധകനെ മറ്റൊരു കളിക്കാരന്റെ ആരാധകൻ കൊലപ്പെടുത്തിയ വാർത്ത നടുക്കുന്നതായിരുന്നു. ഇത്തരമൊരു നിലയിലേക്ക് നമ്മുടെ ആരാധകർ എത്താതിരിക്കാൻ ശ്രമിക്കണം, കളി ആസ്വാദനം ഒരു സാമൂഹിക പ്രശ്നമായി മാറാതെ ആരോഗ്യകരമായി മത്സരം പിന്തുടരാൻ അവരെ പ്രാപ്തരാക്കാൻ ക്ലബ്ബ്കൾക്ക് കഴിയണം. ആരാധകക്കൂട്ടങ്ങളുടെ നേതൃത്വവും ഇക്കാര്യത്തിൽ പക്വതയോടെ പെരുമാറേണ്ടിയിരിക്കുന്നു, അതിനുള്ള സ്പോർസ്മാൻ സ്പിരിറ്റ് അവർ കാട്ടേണ്ടിയിരിക്കുന്നു. ഹൂളിഗൻസിനോടും ഊളന്മാരോടും പറയണം, കടക്ക് പുറത്ത്!

പാപികളുടെ പീപ്പി

ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നത് ജാലവിദ്യയിൽ കുറഞ്ഞ ഒന്നുമല്ലായിരുന്നു. പറയുമ്പോൾ എല്ലാം പറയണമല്ലോ, കഴിഞ്ഞ കൊല്ലത്തെ ഐഎസ്എല്ലിൽ എവിടെ നിറുത്തിയോ, അവിടെ നിന്നു തന്നെ ഇവാൻ ആശാനും പുതിയ സീസണ് തുടങ്ങിയ കാഴ്ചയാണ് കണ്ടത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൊണ്ടു തിങ്ങി നിറഞ്ഞ സ്റ്റേഡിയം തങ്ങളുടെ ടീമിന് ആവേശോജ്വലമായ വരവേൽപ്പാണ് നൽകിയത്. ഭീമൻ ബാനറുകളും, മെക്സിക്കൻ തിരകളും, ചെണ്ടമേളവും കൊണ്ടു ഗാലറികൾ ആവേശ കൊടുമുടി കയറി. ഇതിനെ സാധൂകരിച്ചു കൊണ്ടുള്ള കളിയാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ആദ്യം മുതൽ തന്നെ പുറത്തെടുത്തത്. ഒന്നിന് പിറകെ ഒന്നായി എതിരാളികളുടെ ഗോൾ പോസ്റ്റിലേക്ക് ലുലയും കൂട്ടരും ഇരച്ചു കയറിയപ്പോൾ, ആഘോഷം ഗാലറികളിലേക്കും പടർന്നു.

ഗോൾ രഹിതമായ ഒന്നാം പാദത്തിന്‌ ശേഷം രണ്ടാമത്തെ പകുതിയിൽ കളി തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി, ഈസ്റ്റ് ബംഗാൾ തളർന്നു കഴിഞ്ഞിരുന്നു. ഉശിരൻ ഫുട്ബാൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് ടീം മാത്രമായിരുന്നില്ല അതിന് കാരണം, ഒരു നിമിഷം പോലും നിറുത്താതെയുള്ള ഗാലറിയിലെ മഞ്ഞപ്പടയുടെ ആർപ്പുവിളികളും ബംഗാൾ ടീമിന്റെ മനോവീര്യം തകർത്തിരുന്നു. അതിന്റെ പ്രതിഫലനമാണ് ഫൈനൽ സ്കോറിലും കണ്ടത്.

പക്ഷെ ഒരു കാര്യം കൊണ്ടു ഒരു കൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആളുകളുടെ മനം മടുപ്പിച്ചു. സംഘാടകർ നിരോധിച്ചിരുന്ന പീപ്പി കുറെയേറെ കാണികൾ സ്റ്റേഡിയത്തിന് അകത്തേക്ക് ഒളിപ്പിച്ചു കടത്തിയിരുന്നു. കളിയുടെ തുടക്കം മുതൽ അവസാനം വരെ നിറുത്താതെയുള്ള ഇവരുടെ പീപ്പിയൂതൽ യഥാർത്ഥ ആരാധകർക്ക് അരോചകമായി മാറി. എന്തിന് അധികം പറയുന്നു, ആർപ്പ് വിളികളെ പോലും പലപ്പോഴും കടത്തി വെട്ടിയ ഈ പീപ്പി ശബ്ദം, ടിവിയിൽ കളി കണ്ടിരുന്നവർക്കും ബുദ്ധിമുട്ടായി മാറി. ഇന്നലത്തെ കളിയിൽ ആകെയുണ്ടായ ഒരു കറുത്ത പാട്, അല്ലെങ്കിൽ അപശബ്ദം ചിലരുടെ നിരുത്തരവാദപരമായ ഈ പ്രകടനം മാത്രമായി.

സംഘാടകർക്കും കളിക്കാർക്കും എന്നപോലെ കാണികൾക്കും ചില ചുമതലകൾ ഉണ്ടെന്ന് തിരിച്ചറിയണം. ഇന്ത്യയിൽ തന്നെ എല്ലാവരും അത്ഭുതപ്പെടുന്ന തരത്തിലുള്ള മഞ്ഞപ്പട ആരാധകർ ഇത് മനസ്സിലാക്കി, ഇതിനെതിരെ ബോധവൽക്കരണം നടത്തണം. ഇനിയും ഇത് ആവർത്തിച്ചു ചീത്തപ്പേര് ഉണ്ടാക്കാതെ നോക്കണം, പാപികളുടെ പീപ്പിയെ പടിക്ക് പുറത്താക്കണം.

പത്തേമാരിയിലെ മമ്മൂട്ടിയും ഇന്ത്യൻ ഫുട്ബാളും

2023 സീസണിലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ വച്ചു നടക്കും. ഇതിനായുള്ള കരാർ ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനും സൗദി അധികാരികളും കഴിഞ്ഞ ദിവസം ഒപ്പ് വച്ചു.

ഇന്ത്യൻ യുവ കളിക്കാർക്ക് കൂടുതൽ ഉയരങ്ങളിൽ എത്തിപ്പിടിക്കാനുള്ള സ്വപ്നം കാണാനും, സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളെ ഫുട്ബോളുമായി അടുപ്പിക്കാനും ആണത്രേ ഈ നീക്കം. ആദ്യമായി ചോദിക്കട്ടെ, ആർ യൂ സീരിയസ്?

ഇന്ത്യയിൽ ഫുട്ബോൾ പ്രചരിപ്പിക്കുകയും, ഈ കളിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സൗദിയിൽ ഫുട്ബാൾ മത്സരം നടത്തേണ്ട കാര്യമെന്താണ്! ഇന്ത്യയിലെ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ എല്ലാ കാലത്തും മോശമായിരുന്നു എന്നു അവകാശപ്പെട്ടൽ അതിൽ തർക്കം ഉണ്ടായേക്കാം. പക്ഷെ അക്കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം AIFF ന്റേതാണ് എന്നു പറഞ്ഞാൽ അതിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.

നമുക്ക് ഈ തീരുമാനം ഒന്ന് പരിശോധിച്ചു നോക്കാം. കളി കാണാൻ ആളുകൾ എത്താത്തതാണോ ഇവർക്ക് പ്രശ്നം? ഹബീബി, കം ടു മലപ്പുറം! കേരളത്തിൽ, പ്രത്യേകിച്ചു മലബാർ പ്രദേശത്തു നിങ്ങൾ സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്തി നോക്കൂ, സ്റ്റേഡിയം നിറഞ്ഞു കവിയും. കഴിഞ്ഞ തവണയും കൂടി നമ്മൾ ഇത് കണ്ടതാണല്ലോ. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും കേരള സർക്കാർ ചെയ്തു തരും. ഫുട്ബാൾ കളിയെ അറിയുന്ന, കളി ശ്വാസത്തിലും കോശത്തിലും കൊണ്ട് നടക്കുന്ന മലയാളികളെ കളിയാക്കുന്ന നടപടിയായി ഇത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ ഓപ്പനിങ് ഗെയിം ഈ അധികാരികൾ വന്നൊന്ന് കണ്ട് നോക്ക്, ഫ്രീ ടിക്കറ്റ് കിട്ടുന്നതല്ലേ. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള കാണികൾ ഇന്ന് വാട്ടർ അതോറിറ്റിയുടെ സ്റ്റോക്ക് യാർഡായിരുന്ന ആ പഴയ മൈതാനത്തു ഒത്ത്കൂടും, ഈ മനോഹര കളിക്കായി.

യുവ ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനവും, പരിചയവും ലഭിക്കാൻ സൗദിയിലെ ഈ കളികൾ കൊണ്ട് സാധിക്കുമെന്നാണ് മറ്റൊരു വാദം. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്? അവിടെ പോയി നമ്മുടെ ടീമുകൾ പരസ്പരമാണ് കളിക്കുക, ഇവിടെ കളിച്ചാലും അത് തന്നെയാണ് സംഭവിക്കുക. ഇനി അതല്ല, അവിടെ ഗ്രൗണ്ടുകൾ മെച്ചപ്പെട്ടതാണ്, സൗകര്യങ്ങൾ കൂടുതലുണ്ട് എന്നാണെങ്കിൽ, മിസ്റ്റർ, അത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കലാണ് നിങ്ങളുടെ ജോലി!

ഇനി ഈ വാദങ്ങളെല്ലാം സമ്മതിച്ചു കൊടുത്താൽ തന്നെ, എന്ത് കൊണ്ടാണ് സൗദി തിരഞ്ഞെടുത്തത്? ജിസിസിയിൽ തന്നെ ചെന്നെത്താൻ ഏറെ ബുദ്ധിമുട്ടും, സാംസ്കാരികമായി ഒട്ടേറെ നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് സൗദി. നമ്മുടെ കളിക്കാരും, സപ്പോർട്ട് സ്റ്റാഫും അടങ്ങിയ വലിയ ഒരു സംഘത്തെ അങ്ങോട്ട് അയക്കുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കണം. അവിടത്തെ സാംസ്കാരിക നിബന്ധനകൾ അനുസരിച്ചു ഒരു മാസത്തോളം അവിടെ കഴിയുന്നത് യുവ കളിക്കാർക്ക് ഉത്തമമായ ഒരു അനുഭവമാണോ എന്നും ആലോചിച്ചു നോക്കണം. അങ്ങനെ അയക്കണം എന്നുണ്ടെങ്കിൽ തന്നെ എന്തു കൊണ്ട് താരതമ്യേന സൗഹൃദപരമായ അന്തരീക്ഷമുള്ള ദുബായിലേക്കോ ഖത്തറിലേക്കോ ആയിക്കൂടാ? ഖത്തറിൽ ഈ വർഷം നടക്കുന്ന വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ നമ്മുടെ കുട്ടികൾ കളിച്ചു സന്തോഷിക്കട്ടെ എന്ന് കരുതാമായിരുന്നില്ലേ?

ഇന്ത്യൻ ഫുട്ബാളിന് പുതിയ ആഭ്യന്തര ലീഗുകൾ വന്നതിൽ പിന്നെ ഒരു ഉണർവ്വ് ഉണ്ടായിട്ടുണ്ട്. അതിൽ ഈ അസ്സോസിയേഷനുകൾക്ക് വലിയ പങ്കില്ല. ഇനി വേണ്ടത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളാണ്, കൂടുതൽ കളിക്കളങ്ങളാണ്, കൂടാതെ നമ്മുടെ കളിക്കാർക്ക് കളിപരിചയം കൂടാനായി കുറഞ്ഞ പക്ഷം ഏഷ്യൻ ക്ലബ്ബ്കളുമായി കളിക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ്. അതിനായി നമ്മുടെ ടീമുകൾക്ക് വേണ്ട പിന്തുണ നൽകുക, അതിന് വേണ്ട കരാറുകൾ ജിസിസി അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പിടുക. അല്ലാതെ ഇന്ത്യൻ കാണികളുടെ മനസ്സിൽ ഇപ്പോഴും രാജകീയ പരിവേഷമുള്ള സന്തോഷ് ട്രോഫിയെ കടൽ കടത്തുകയല്ല വേണ്ടത്.

ഈ കരാറിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. പക്ഷെ സൗദിയിലെ പുതിയ നയങ്ങൾ വിരൽ ചൂണ്ടുന്നത് ഇത് അവരുടെ ഓപ്പൺ പോളിസിയുടെ ഭാഗമായുള്ള പദ്ധതിയാണെന്നാണ്. അടച്ചു പൂട്ടിയ ഒരു രാജ്യം എന്ന നിലയിൽ നിന്നും ഒരു തുറന്ന സമൂഹമെന്ന നിലയിലേക്കുള്ള സമീപനത്തിന്റെ പരസ്യം എന്ന നിലയ്ക്കാകും ഈ ടൂർണമെന്റ് നടത്തുക. ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്ന സൗദിക്ക് ഒരു പുതിയ മുഖം നൽകാനുള്ള ശ്രമം കൂടിയാകും ഇതു. AIFF നെ സംബന്ധിച്ചു ഇതൊരു ചാകരയാണ്. സാമ്പത്തിക ഞെരുക്കം നേരിടുന്ന അവർ ഇത് നല്ലൊരു അവസരമായി കണ്ടു, അത്ര തന്നെ. കുടുംബം രക്ഷപ്പെടാനായി മൂത്തമോനെ ഗൾഫിലേക്ക് കയറ്റി വിടുന്ന പോലെയാണ് ഇത്. അവസാനം, എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി തിരികെ വരുന്ന, സ്വന്തമായി ഒന്നും സമ്പാദിക്കാത്ത ഗൾഫുകാരന്റെ ഗതിയാകുമോ ഇന്ത്യൻ ഫുട്ബാളിനും!

Exit mobile version