2030 കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും


2030-ലെ നൂറാം വാർഷിക കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2010-ൽ ഡൽഹിയിൽ ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു ആഗോള കായിക മത്സരമാണിത്. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ തീരുമാനം അംഗീകരിച്ചു.


അഹമ്മദാബാദിൽ നടക്കുന്ന 2030 കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സ്, നീന്തൽ, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ്, ബോക്സിംഗ്, ക്രിക്കറ്റ് ടി20, ബാഡ്മിന്റൺ, ഹോക്കി എന്നിവ ഉൾപ്പെടെ 15 മുതൽ 17 വരെ കായിക ഇനങ്ങളാകും ഉണ്ടാകുക. 2028-ലോ 2029-ന്റെ തുടക്കത്തിലോ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷ്യ സെൻ ചാമ്പ്യൻ! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ സ്വന്തമാക്കി. ജപ്പാനീസ് താരം ടനാകയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ആണ് ലക്ഷ്യ സെൻ കിരീടത്തിൽ എത്തിയത്. ലക്ഷ്യസെനിന്റെ ഈ വർഷത്തെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണിത്.

21-15, 21-11 എന്നീ സ്കോറിനായിരുന്നു വിജയം. രണ്ട് ഗെയിമിലും തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്താൻ ലക്ഷ്യസെന്നിന് ആയി. ആദ്യ ഗെയിമിൽ ജപ്പാൻ താരത്തിന് ചെറിയ പോരാട്ടം നടത്താൻ ആയിരുന്നു എങ്കിലും രണ്ടാം ഗെയിമിൽ കളി തീർത്തും ലക്ഷ്യ സെന്നിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു ഘട്ടത്തിൽ 11 പോയിന്റിന്റെ ലീഡ് വരെ കൈവരിക്കാൻ ലക്ഷ്യ സെന്നിന് ആയി. താരത്തിന്റെ മൂന്നാൽ സൂപ്പർ 500 കിരീടമാണിത്.

ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ


ഇന്ത്യയുടെ ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. സിഡ്‌നി ഒളിമ്പിക് പാർക്കിൽ ശനിയാഴ്ച നടന്ന സെമിഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ രണ്ടാം സീഡ് താരം ചൗ ടിയെൻ ചെന്നിനെതിരെ 86 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 17-21, 24-22, 21-16 എന്ന സ്‌കോറുകൾക്കാണ് ലക്ഷ്യയുടെ ആവേശകരമായ വിജയം.

ലക്ഷ്യ സെൻ

ഈ സീസണിൽ ലക്ഷ്യയുടെ ആദ്യ സൂപ്പർ 500 കിരീടത്തിലേക്ക് താരം ഇതോടെ അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തായ്‌പേയിയുടെ ലിൻ ചുൻ-യിയും ജപ്പാനിലെ യൂഷി തനകയും തമ്മിലുള്ള സെമിഫൈനൽ വിജയിയെ ലക്ഷ്യ നേരിടും.

ഓസ്‌ട്രേലിയൻ ഓപ്പൺ 2025; സെമിഫൈനലിൽ പ്രവേശിച്ച് ലക്ഷ്യ സെൻ


സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ സെമിഫൈനലിൽ പ്രവേശിച്ചു. ലോക 14-ാം നമ്പർ താരമായ ലക്ഷ്യ സെൻ 23-21, 21-11 എന്ന സ്കോറിനാണ് വിജയിച്ചത്. കടുത്ത മത്സരം നടന്ന ആദ്യ ഗെയിമിന് ശേഷം, കൃത്യതയും വേഗതയും കൊണ്ട് ലക്ഷ്യ സെൻ രണ്ടാം ഗെയിമിൽ ആധിപത്യം സ്ഥാപിക്കുകയും സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.


നിഖത് സരീൻ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ചു


ഗ്രേറ്റർ നോയിഡയിൽ നടന്ന ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ 51 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യൻ ബോക്സർ നിഖത് സരീൻ തകർപ്പൻ തിരിച്ചുവരവ് നടത്തി. ഈ വിജയത്തോടെ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അഞ്ചാം സ്വർണ്ണമാണിത്. ഫൈനൽ പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയുടെ സുവാൻ യി ഗുവോയെ വ്യക്തമായ 5–0 എന്ന വിധിയിലൂടെയാണ് നിഖാത് പരാജയപ്പെടുത്തിയത്.

സെമിഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ഗനീവ ഗുൽസെവാറിനെതിരെ നേടിയ മാസ്റ്റർക്ലാസ് വിജയം ഉൾപ്പെടെ നിഖാതിന്റെ സ്വർണ്ണത്തിലേക്കുള്ള യാത്ര വളരെ മികച്ചതായിരുന്നു.


പാരിസ് ഒളിമ്പിക്സിൽ റൗണ്ട് ഓഫ് 16-ൽ ചൈനയുടെ സ്വർണ്ണ മെഡൽ ജേതാവ് വു യുവിനോട് തോറ്റ് നിരാശയോടെ മടങ്ങിയ നിഖാതിന് ഈ വിജയം ഒരു പ്രധാന നാഴികക്കല്ലാണ്. നിഖതിനൊപ്പം മറ്റ് ഇന്ത്യൻ വനിതാ ബോക്സർമാരായ മീനാക്ഷി ഹൂഡ, പ്രീതി പവാർ, അരുന്ധതി, നുപുർ ഷിയോറാൻ എന്നിവരും സ്വർണം നേടി, ആഗോള വേദിയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.

ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ


ഓസ്‌ട്രേലിയൻ ഓപ്പൺ 2025-ൽ ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ശക്തമായ മുന്നേറ്റം നടത്തി. ചൈനീസ് തായ്‌പേയിയുടെ ചി യു ജെനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ വിജയിച്ച് ലക്ഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 21-17, 13-21, 21-13 എന്ന സ്കോറുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം.


ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിൻ്റെ സസ്പെൻഷൻ റദ്ദാക്കി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ
ഈ വർഷത്തെ പ്രധാന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതിന് മുൻപ് ഭാരം കുറയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിൻ്റെയും ജൂനിയർ ഗുസ്തി താരം നേഹ സംഗ്‌വാൻ്റെയും സസ്പെൻഷൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) പിൻവലിച്ചു.

ഇതോടെ ഇരു താരങ്ങൾക്കും വരാനിരിക്കുന്ന പ്രോ റെസ്ലിംഗ് ലീഗ് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും.
ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അനുവദനീയമായ ഭാരത്തേക്കാൾ കൂടുതൽ ഭാരം ഉണ്ടായതിനെ തുടർന്നാണ് അമാൻ സെഹ്‌രാവത്തിന് സസ്പെൻഷൻ ലഭിച്ചത്. ബൾഗേറിയയിൽ നടന്ന ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ സമാനമായ വിഷയത്തിൽ നേഹ സംഗ്‌വാനും വിലക്ക് നേരിട്ടിരുന്നു.

താരങ്ങളുടെ മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളുടെ റെക്കോർഡുകൾ ഡബ്ല്യു.എഫ്.ഐയുടെ അച്ചടക്ക സമിതി പരിശോധിക്കുകയും, ഈ വീഴ്ചകളിൽ ഇരു കായികതാരങ്ങളും ഖേദം പ്രകടിപ്പിച്ചതും ഭാവിയിൽ അച്ചടക്കം പാലിക്കാമെന്ന് ഉറപ്പ് നൽകിയതും സമിതി പരിഗണിച്ചു. ശിക്ഷാ നടപടികളിൽ ഇളവ് നൽകാനുള്ള സമിതിയുടെ ശുപാർശ ഡബ്ല്യു.എഫ്.ഐ. പ്രസിഡൻ്റ് സഞ്ജയ് കുമാർ സിംഗ് അംഗീകരിച്ചു. എന്നാൽ, ഭാരം സംബന്ധിച്ചോ അച്ചടക്ക സംബന്ധമായോ ഭാവിയിൽ എന്തെങ്കിലും വീഴ്ചകൾ ആവർത്തിച്ചാൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് സെമി ഫൈനലിൽ

ലോക 9-ാം നമ്പർ താരം ലോഹ് കീൻ യൂവിനെ 21-13, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് 2025 ലെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. മുൻ ലോക ചാമ്പ്യനായ സിംഗപ്പൂർ താരത്തെ അനായാസം നേരിട്ടുള്ള ഗെയിമുകളിൽ മറികടക്കാൻ ലക്ഷ്യ സെന്നിന് ആയി. ഏഷ്യൻ സർക്യൂട്ട് പുനരാരംഭിച്ചതിനുശേഷം ലക്ഷ്യയുടെ ആദ്യത്തെ സൂപ്പർ 500 സെമിഫൈനൽ സ്ഥാനമാണ് ഇത്.

ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ


കുമമോട്ടോ: കുമാമോട്ടോ ജപ്പാൻ മാസ്റ്റേഴ്സ് 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗപ്പൂരിന്റെ ജിയ ഹെങ് ജാസൺ ടെഹിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മികച്ച ഫോമോടെയും കളിച്ച ഏഴാം സീഡായ ലക്ഷ്യ സെൻ, റൗണ്ട് ഓഫ് 16-ൽ 21-13, 21-11 എന്ന സ്കോറിനാണ് വിജയിച്ചത്.

ആദ്യ റൗണ്ടിൽ ജപ്പാന്റെ കോക്കി വതനാബെയെ പരാജയപ്പെടുത്തിയതിന് ശേഷം ടൂർണമെന്റിൽ ലക്ഷ്യ സെൻ നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്.
ക്വാർട്ടർ ഫൈനലിൽ സിംഗപ്പൂരിന്റെ ലോ കീൻ യ്യുവും ജപ്പാന്റെ ഷോഗോ ഒഗാവയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെൻ നേരിടുക.

ജപ്പാൻ മാസ്റ്റേഴ്സ്: ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ; ജപ്പാൻ താരത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു


ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് 2025-ന്റെ പ്രീ-ക്വാർട്ടർ ഫൈനലിലേക്ക് അനായാസം മുന്നേറി. റൗണ്ട് ഓഫ് 32-ൽ ജപ്പാന്റെ തന്നെ കോക്കി വാതനബെയെയാണ് സെൻ കീഴടക്കിയത്. 21-12, 21-16 എന്ന സ്‌കോറിനാണ് സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് വിജയം സ്വന്തമാക്കിയത്. വെറും 39 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരം സെന്നിന്റെ മികച്ച ഫോമും കോർട്ടിലെ ആധിപത്യവും വ്യക്തമാക്കുന്നതായിരുന്നു. രണ്ടാം ഗെയിമിൽ ഒരവസരത്തിൽ 14-15 എന്ന നിലയിൽ ലക്ഷ്യ സെൻ പിന്നിലായിരുന്നെങ്കിലും, പിന്നീട് ശക്തമായി തിരിച്ചെത്തി അവസാനത്തെ എട്ട് പോയിന്റുകളിൽ ഏഴെണ്ണവും നേടി വിജയം ഉറപ്പിച്ചു.


ചൈന ഓപ്പൺ സ്‌ക്വാഷ്: അനഹത് സിംഗ് പ്രീ-ക്വാർട്ടറിൽ


ഇന്ത്യയുടെ മുൻനിര സ്‌ക്വാഷ് താരമായ അനഹത് സിംഗ്, ഷാങ്ഹായിൽ നടക്കുന്ന പി.എസ്.എ. ഗോൾഡ് ടൂർ ഇവന്റായ ചൈന ഓപ്പൺ 2025-ന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസ് റൗണ്ട് ഓഫ് 32-ൽ ഈജിപ്തിന്റെ മെന ഹമീദിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (11-6, 11-8, 11-3) അനഹത് പരാജയപ്പെടുത്തിയത്.
കാനഡൻ വിമൻസ് ഓപ്പണിലെ സെമിഫൈനൽ പ്രകടനമടക്കം അടുത്തിടെയായി അന്താരാഷ്ട്ര സ്‌ക്വാഷ് വേദിയിൽ മികച്ച മുന്നേറ്റമാണ് അനഹത് കാഴ്ചവെക്കുന്നത്. വെറും 17 വയസ്സ് മാത്രമുള്ള അനഹത് പി.എസ്.എ. വേൾഡ് ടൂറിൽ അതിവേഗം ശ്രദ്ധ നേടുകയാണ്. ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ഈജിപ്ഷ്യൻ താരം സനാ ഇബ്രാഹിമിനെയാണ് അടുത്ത റൗണ്ടിൽ (റൗണ്ട് ഓഫ് 16) അനഹത് നേരിടുക.

10 മീറ്റർ എയർ പിസ്റ്റളിൽ ലോക ചാമ്പ്യനായി സമ്രത് റാണ ചരിത്രം കുറിച്ചു


കെയ്‌റോ: ഷൂട്ടിംഗ് ലോകത്തിന് അഭിമാനമായി കർണാലിൽ നിന്നുള്ള 20-കാരനായ സമ്രത് റാണ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യനായി ചരിത്രത്തിൽ ഇടംനേടി. കെയ്‌റോയിൽ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യൻഷിപ്പിൽ (ISSF World Championships) മികച്ച ഏകാഗ്രതയോടെയും കൃത്യതയോടെയും ഷൂട്ട് ചെയ്ത റാണ, 243.7 പോയിന്റുമായി സ്വർണം കരസ്ഥമാക്കി. 243.3 പോയിന്റ് നേടിയ ചൈനയുടെ ഹു കൈയെ നേരിയ വ്യത്യാസത്തിനാണ് റാണ പരാജയപ്പെടുത്തിയത്. ഈ വ്യക്തിഗത വിജയത്തിലൂടെ ഇന്ത്യയ്ക്ക് ടീം ഗോൾഡും നേടാനായി, ഇത് രാജ്യത്തിന് ഇരട്ടി മധുരമായി.


ഈ വർഷം ആദ്യം ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിനുള്ള യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട സമ്രത് റാണയുടെ ഈ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. വാശിയേറിയ ഫൈനലിൽ ഇന്ത്യയുടെ തന്നെ മറ്റൊരു ഷൂട്ടറായ വരുൺ തോമർ 221.7 പോയിന്റുമായി വെങ്കലം നേടി. ഇതോടെ, ലോക ചാമ്പ്യൻഷിപ്പിൽ ഒരേ പിസ്റ്റൾ ഇനത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് പോഡിയം പങ്കിടുന്ന ആദ്യ സന്ദർഭമായി ഇത് മാറി.


റാണ, തോമർ, ശ്രാവൺ കുമാർ എന്നിവർ ചേർന്ന് നേടിയ 1754 പോയിന്റാണ് ഇറ്റലിയെയും ജർമ്മനിയെയും പിന്നിലാക്കി ഇന്ത്യയ്ക്ക് ടീം സ്വർണം നേടിക്കൊടുത്തത്. സമ്രത് റാണയുടെ ഈ വിജയത്തോടെ മെഡൽ പട്ടികയിൽ ചൈനയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു.

Exit mobile version